Tuesday 4 February 2014

വികൃതിക്കണ്ണന്‍

യ്യോ! ഉണ്ണീനെ ഉറുമ്പ് കടിച്ചെ..! 


കണ്ണന്‍ ഉറക്കത്തില്‍ നിന്നും ചാടി എണീറ്റു! ഇല്ലാത്ത ദേഷ്യം മുഖത്ത് വരുത്തി അമ്മ അരികെ....! അമ്മേടെ കുളിയൊക്കെ കഴിഞ്ഞിരിക്ക്ണൂ.. കാച്ചെണ്ണടെ മണവും മുടിയിലെ തുളസിക്കതിരും കണ്ടാല്‍ അറിയാം. 

യെന്താമ്മേ? കൊറച്ച് നേരം കൂടി....! ഇന്ന് ഈസ്‌കൂള്‍ ഇല്ല്യല്ലോ? കണ്ണന്‍ മുഖം വീര്‍പ്പിച്ചു.

മ്മ്മ്മ്മ്മം.. അമ്മ ഒന്ന് ഇരുത്തി മൂളി! സംഗതി മനസ്സിലായി കണ്ണന്. കുറ്റബോധത്തോടെ ട്രൌസര്‍ തപ്പിനോക്കി! കിടക്കവിരിയിലും നനവുണ്ട്! അപ്പൊ ഉറുമ്പ് കടിച്ചതല്ല!

അമ്മ പിച്ച്യെതാ ല്ലേ! അമ്മ്യോട് എത്രാശ്യം പറഞ്ഞ്ണ്ട്, ഉണ്ണീനെ രാത്രി മൂത്രോഴിക്ക്യാന്‍ വിളിക്കാണ്ട്യെല്ലേ?

ഹഹഹ.... അമ്പടാ കള്ളക്കണ്ണാ.... ഇപ്പൊ കുറ്റം അമ്മയ്ക്കായോ?

തണുത്ത കൈകള്‍ കൊണ്ട് രണ്ടു കവിളുകളും ചേര്‍ത്ത്‌ പിടിച്ച് നെറ്റിയില്‍ ഒരു മുത്തം കൊടുത്തു. ട്രൌസര്‍ താഴെക്കൂര്‍ത്തി അലാസ്റ്റിക് പോയ കുഞ്ഞു ജെട്ടി കുഞ്ഞിക്കുമ്പെടെ മോളിലെക്ക് കേറ്റി അരയിലെ കറുത്ത ചരടില്‍ അറ്റം ഒന്ന് മടക്കി ഇട്ടുകൊടുത്തു.

ഹും! തൊള്ള നാറീട്ട് വയ്യ! വേം പോയി പല്ല്വേച്ചേ..! ദേ.. ബ്രഷുമ്മേ കോള്‍ഗേറ്റ് ആക്കി വെച്ചിട്ടുണ്ട്. വാ..! അമ്മ വാരിയെടുത്ത് വാഷ്ബേസിനരികെ കസേരയില്‍ കയറ്റി നിറുത്തി.

അയ്യോ! ദോശ കരിഞ്ഞിണ്ടാവും! വെള്ളത്തീ കളിക്ക്യാണ്ടേ വേം പല്ല്വേച്ചു വാ ട്ടോ.. അമ്മ അടുക്കളയിലേക്കൊടി.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം വെച്ചിട്ടുണ്ട്. ഊരിപ്പോയ ജെട്ടി ഒരു കൈ കൊണ്ട് വലിച്ച് കേറ്റി കണ്ണാടിയില്‍ ഒന്ന് എത്തിനോക്കി. കണ്ണന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുടിയുടെ കുറച്ചേ കാണാമായിരുന്നുള്ളൂ. ഇപ്പൊ കഴുത്ത് വരെ കാണാം. അമ്മ ഇടക്ക് പറേണ പോലെ പോത്ത് പോലെ വലുതായോ? കുറച്ച് അഹങ്കരമോക്കെ തോന്നി. പൈപ്പ്‌ തുറക്കാതിരിക്കാനാണ് ബക്കറ്റില്‍ വെള്ളം. കണ്ണന്‍ തുറന്നാല്‍ പിന്നെ നാലാള്‍ക്ക് കുളിക്കാനുള്ള വെള്ളം പൂവും എന്നാണ് അമ്മേടെ പറച്ചില്‍.

അമ്മ വരുന്നുണ്ടോയെന്ന് ഇടങ്കണ്ണിട്ട് നോക്കി പൈപ്പ്‌ മെല്ലെ തുറന്നു കൊല്‍ക്കുഴിഞ്ഞു. ബ്രഷ് ഒന്ന് നനച്ചപ്പോഴേക്കും പേസ്റ്റ് ഊര്‍ന്ന് വാഷ്ബേസിനില്‍ വീണു. ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി തോണ്ടി വീണ്ടും ബ്രഷില്‍ തന്നെ തേച്ചു.

വായില് അലിഞ്ഞു വന്ന കോള്‍ഗേറ്റിന്റെ മധുരം മെല്ലെ നുണഞ്ഞിറക്കി! അമ്മ കണ്ടാ അപ്പ കിട്ടും ചന്തിക്ക്! കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും തേച്ച് ബ്രഷിലൂടെ ഒലിച്ചുവരുന്ന പേസ്റ്റ് വാഷ്ബേസിനില്‍ ഇറ്റ് വീഴുന്നത് നോക്കി നിന്നു കണ്ണന്‍. ഏട്ടനാണ് പറഞ്ഞത് കോള്‍ഗേറ്റിന്റെ പത ഇറക്ക്യാല്‍ നല്ല കളറ് വെക്കുംന്ന്‍!

കണ്ണാ...മതി വേം വാ....! അമ്മക്കറിയാം കണ്ണന്‍ വെള്ളത്തില് കളിക്ക്യാന്ന്‍. അച്ഛന്‍ പല്ലുതെക്കുമ്പോ ശബ്ധമുണ്ടാക്കുന്നത് പോലെ അഞ്ചാറ് വട്ടം കാര്‍ക്കിച്ച് തുപ്പി പല്ലുതേപ്പ് അവസാനിപ്പിച്ചു!

ദോശ ചുടുന്ന തിരക്കിലാണമ്മ. അമ്മേടെ സാരിത്തുമ്പില്‍ മുഖം തുടച്ച് താടിക്ക് കയ്യും കൊടുത്ത് സ്വന്തം കുഞ്ഞിപ്പലകമേല്‍ ഇരുന്നു. എന്തോ വെട്ടി വിഴുങ്ങി അടുക്കളത്തിണ്ണമേല്‍ കേറി ഇരുന്നു മുഖം മിനുക്കുന്ന അപ്പുപ്പൂച്ച കണ്ണനെ കണ്ട് ചാടിയിറങ്ങി കാലില്‍ മുഖമുരുമ്മി. അമ്മ കൊടുക്കുന്ന പാലില്‍ കുറച്ച് തനിക്ക്‌ ഉള്ളതാണെന്ന് അപ്പുപ്പൂച്ചക്ക് അറിയാം.

പാലുകുടി കഴിഞ്ഞ് അമ്മ കാണാതെ നേരെ സ്റ്റോര്‍ റൂമിലേക്ക്‌ നടന്നു. വലിയ ഭരണിയില്‍ നിന്നും കുറച്ച് പഞ്ചാരയെടുത്ത്‌ കയ്യില്‍ ചുരുട്ടിപ്പിടിച്ചു. മറ്റേ കയ്യില്‍ ഒരു പിടി ഗോതമ്പും.

കണ്ണനെ കണ്ടതും അലക്കുകല്ലിനരികിലെ വാഴക്കരികില്‍ ചിക്കിപ്പരത്തിക്കൊണ്ടിരുന്ന ചക്കിക്കോഴീം കുഞ്ഞുങ്ങളും ഓടിവന്നു. കയ്യില്‍ കരുതിയിരുന്ന ഗോതമ്പ് ആവുന്നത്ര ബലം പ്രയോഗിച്ച് വീശിയെറിഞ്ഞു. ഓടിവന്ന പൂവനെ കൊത്തിയാട്ടി ആറു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒരു സംരക്ഷണ വലയം തീര്‍ത്തു ചക്കി! ഏഴെണ്ണം ഉണ്ടായിരുന്നു. ഒന്നിനെ ഇന്നലെയാണ് കള്ളക്കാക്ക കൊത്തിക്കൊണ്ട് പോയത്! കണ്ണന്‍റെ വിഷമം ഇതേവരെ മാറിയില്ലെങ്കിലും ചക്കി അതൊക്കെ മറന്നൂന്ന്‍ തോന്നുന്നു.

നേരെ ചെമ്പകമരച്ചുവട്ടിലെക്ക് നടന്നു. കണ്ണന്‍റെ കയ്യിലെ മധുരം കാത്തിട്ടെന്നപോലെ ചോണനുറുമ്പും സംഘവും ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. കയ്യില്‍ ഒട്ടിപ്പിടിച്ച പഞ്ചാര കുഞ്ഞിക്കൈ കൊണ്ട് തൂത്ത് മണ്‍പുറ്റിനടുത്തെക്ക്‌ ഇട്ടുകൊടുത്തു കൈ ഒന്ന് നക്കിത്തുടച്ചു.

അമ്മുച്ചേച്ചി ഇന്നും വൈകിയെന്ന് അമ്മയുടെ പിറുപിറുക്കല്‍ കേട്ടപ്പോള്‍ മനസ്സിലായി. അമ്മിക്കല്ലിനടുത്തു ചാരി വെച്ചിരുന്ന ചൂലില്‍ നിന്നും ബലമുള്ള രണ്ടീര്‍ക്കിലി ഊരിയെടുത്ത് തൊടിയിലെക്ക് നടന്നു.

കണ്ണനാണ് മാഷ്‌! തൊടിയിലെ കൊക്കോത്തയ്യും ചെറിയ പുളിമരവും നേന്ത്രവാഴക്കന്നും കറിവേപ്പിലത്തയ്യും കുട്ടികള്‍! പഠിക്കാത്ത കുട്ടികളെ അടിക്കാനുള്ള ചൂരലാണ് ഈര്‍ക്കിലി! പുളിമരത്തിന്റെയും കറിവേപ്പിലത്തയ്യുടെയും കുറെ ഇലകള്‍ പൊഴിഞ്ഞ് താഴെ വീണു. വാഴയിലകള്‍ വിണ്ടുകീറി! വാഴത്തണ്ടുകള്‍ കണ്ണീര്‍ പൊഴിച്ചു. കൊക്കോത്തയ്യ്‌ മാത്രം പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടിയെപ്പോലെ കണ്ണന്‍ മാഷിനെ ധിക്കരിച്ചപ്പോള്‍ രണ്ടു ഈര്‍ക്കിലും പെട്ടെന്ന് തന്നെ പൊട്ടിത്തീര്‍ന്നു! അമ്മുച്ചേച്ചി മുറ്റമടിക്കാന്‍ തുടങ്ങിയിരുന്നു!! ഇനീം ഈര്‍ക്കില് എടുക്കാന്‍ ചെന്നാ ചെവിക്ക് പിടിക്കും!

ചില്‍..ചില്‍..ചില്‍..! കുട്ടികളോട് മല്ലടിച്ച് തളര്‍ന്ന മാഷ്‌ തൊടിയിലെ ആന്തച്ചക്ക മരത്തിന്റെ മുകളിലേക്ക് നോക്കി! പഴുത്ത ആന്തച്ചക്ക തിന്നാന്‍ വന്ന പൂവാലനണ്ണാന്‍ കണ്ണനെ കളിയാക്കിചിരിച്ചു. ചമ്മല്‍ മറച്ച് ച്ചുച്ചുച്ചുച്ചു... ച്ചുച്ചുച്ചുച്ചു..എന്ന് പൂവാലനെ മാടിവിളിച്ച കണ്ണനെ മൈന്‍ഡ് ചെയ്യാതെ വാലുപൊക്കി എന്തോ അശ്ലീലം കാണിച്ച് ആ അഹങ്കാരി തൊട്ടടുത്ത പേരമരത്തിലെക്ക് ചാടി!

കണ്ണാ..കാപ്പി കുടിക്കാന്‍ വാ....! കുഞ്ഞ്യേ ദോശണ്ടാക്കീണ്ട്!!! അടുക്കള ജനലിലൂടെ അമ്മ വിളിച്ചുപറഞ്ഞു. കയ്യില്‍ കിട്ടിയ ഒരു കുഞ്ഞിക്കല്ലെടുത്ത് അഹങ്കാരിയായ പൂവാലന്റെ നേര്‍ക്ക് എറിഞ്ഞ് ഊരിപ്പൂവാറായ ജെട്ടിയും താങ്ങി കുഞ്ഞിക്കുമ്പ ഫുള്ളാക്കാനായി അടുക്കളയിലേക്ക് ഓടി.!!


ആഹാ....! അമ്മേടെ ഗുഡ്‌ ബോയ്‌! അപ്പടി കഴിച്ചൂലോ! ഒരു ദോശേം കൂടി തരട്ടെ? കള്ളച്ചിരിയോടെ അമ്മ! നാലെണ്ണം കൊടുത്താല്‍ പകുതിയേ കുഞ്ഞിക്കുമ്പയില്‍ എത്തൂ എന്ന് അമ്മയ്ക്കും അറിയാം!

വാതിലിന്റെ മറവില്‍ പഞ്ചസാര പറ്റിയ ദോശ നക്കുകയായിരുന്ന അപ്പുപ്പൂച്ചയെ ഇടങ്കണ്ണിട്ട് നോക്കി നിഷ്ക്കളങ്കതയോടെ കണ്ണന്‍ പറഞ്ഞു. 

വേണ്ടാമ്മേ..! ഇന്യൂം കഴിച്ചാ ഉണ്ണീടെ കുമ്പ പൊട്ടിപ്പോവും! ദേ.. നോക്ക്യേ...

ബനിയന്‍ പൊക്കി കുഞ്ഞിക്കുമ്പ ഒന്നുകൂടി വീര്‍പ്പിച്ച് കാണിച്ചു. വീര്‍പ്പിച്ച കാറ്റ്‌ റിലീസ്‌ ചെയ്തതും അലാസ്റ്റിക് പോയ ജെട്ടി അതിന്റെ പാട്ടിന് പോയി! പഞ്ചാരക്കൈ കൊണ്ട് നാണം മറച്ച കണ്ണനെ നോക്കി പൊട്ടിച്ചിരിച്ച അമ്മ പറഞ്ഞു..

വേം പോയി കഴുകിക്കോ! ഉര്‍മ്പ് കടിക്കണ്ട!!

കീ..കീ...മീങ്കാരന്‍ അയമുക്കാന്റെ മീന്‍ - ഐറ്റിയുടെ ഹോണ്‍ ചമ്മലില്‍ നിന്നും കണ്ണന്‍റെ രക്ഷയ്ക്കെത്തി.

ഓയ്‌, അതേയ്...! അയ്മുട്ട്യാക്കാനോട് പോവല്ലെന്ന് പറയോ... മീമ്മേണം ട്ടാ! ഉമ്മറത്തിരുന്ന അച്ഛന് സിഗ്നല്‍ കൊടുത്ത് അമ്മ പാത്രവുമെടുത്ത് ഗേറ്റിനരികിലെക്ക് നടന്നു.

കീ..കീം ബ്രൂം..ബ്രൂം.. കണ്ണനും വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റി സ്റ്റിയറിങ്ങില്‍ വട്ടം തിരിച്ച് കട്ടിളപ്പടിയുടെ ഹമ്പും ചാടിച്ച് അമ്മയെ ഓവര്‍ട്ടെക്ക് ചെയ്ത് പാഞ്ഞു!

ഓടീട്ടു വീഴണ്ട നിയ്യ്‌!

ഗീര്‍ മാറ്റി സ്പീഡ്‌ ഒന്ന് കുറച്ച് കാപ്പികുടി കഴിഞ്ഞ് സിഗ്രെറ്റ്‌ വലിക്ക്യാരുന്ന അച്ഛന്റെ അടുത്ത് ബ്രേക്കിട്ടു! റിവേഴ്സ് എടുത്ത് വണ്ടി പാര്‍ക്ക്‌ ചെയ്ത് ന്യൂസ്‌പേപ്പര്‍ വകഞ്ഞുമാറ്റി മടിയില്‍ കയറി ഇരുന്നു. അച്ഛന്‍ പേപ്പര്‍ മറുകയ്യില്‍ മാറ്റി പിടിച്ച് കുഞ്ഞിക്കുമ്പയടക്കം ചേര്‍ത്തുപിടിച്ചു കണ്ണനെ. ഊതിവിട്ട നീല വളയങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു എങ്കിലും കണ്ണന്‍ മടിയില്‍ കയറിയപ്പോള്‍ വലിച്ചെറിഞ്ഞ സിഗ്രെറ്റ്‌ കുറ്റി മുസാണ്ടയുടെ കടയ്ക്കല്‍ പുകയുന്നുണ്ടായിരുന്നു!

പതിവുപോലെ അച്ഛന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്‌ വെച്ച് നരച്ച രോമങ്ങള്‍ക്കായി പരതിനോക്കി. കിട്ടിയ ഒരെണ്ണം കുഞ്ഞുവിരല്‍ കൊണ്ട് വലിച്ചപ്പോള്‍ വഴുതിപ്പോയി. ഏട്ടന്‍ വലിക്കുമ്പോ കിട്ടാറുണ്ടല്ലോ എന്നോര്‍ത്ത്‌ രണ്ടുമൂന്ന് ശ്രമം കൂടി നടത്തി പരാജിതനായി ഊര്‍ന്നിറങ്ങി ഗേറ്റിലേക്ക് നടന്നു. അയലോക്കത്തെ പെണ്ണുങ്ങളൊക്കെ കൂടീട്ട്ണ്ട്..

കണ്ണനെക്കാള്‍ മുന്നേ എത്തിയ അപ്പുപ്പൂച്ച തന്റെ ഷെയറും വാങ്ങി അയല്‍വീട്ടിലെ സുന്ദരിക്കോതകളെ മൈന്‍ഡ് ചെയ്യാതെ മുരണ്ടുകൊണ്ട് മത്തിയുടെ തല കടിച്ചു വലിച്ചു.

അയ്മുപ്പാപ്പാ.. ഒരു കഷ്ണം ഐസ് തര്വോ?

അയ്യേ...ഇത് നല്ല ഐസല്ല കുട്ട്യേ, മീന്നാറും! അമ്മ്യോട് ബ്രിഡ്ജീന്ന് എടുത്തു തരാന്‍ പറ! ഇന്ന പകരം വേറൊരു സാനം ഇപ്പാപ്പാന്റെ കുട്ടിക്ക്‌.. വെള്ളം നിറച്ച് കെട്ടിവെച്ചിരുന്ന പ്ലാസ്റ്റിക്‌ കവറില്‍ തിളങ്ങുന്ന രണ്ട് കുഞ്ഞ്യേ മീങ്കുട്ടികള്‍!

കണ്ണന്റെ കണ്ണുകള്‍ വിടര്‍ന്നു. ഒരു കയ്യില്‍ ജെട്ടിയും മറുകയ്യില്‍ കവറുമായി അകത്തേക്കോടി!

അവനൊരു ട്രൌസര്‍ ഇട്ടുകൊടുത്തൂടെ മാളൂ...! ഉമ്മറത്തിരുന്ന അച്ഛന്‍ അമ്മയോട്..

അതില് കെടന്ന് മുള്ളീതാ, കുളിപ്പിച്ച് കഴിഞ്ഞ് മാറ്റി കൊടുത്തോളാം.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം എടുത്ത് മീന്‍ കുഞ്ഞുങ്ങളെ അതില്‍ ഇട്ടു. സ്വാതന്ത്യ്രം ലഭിച്ച അവര്‍ ആ ഓറഞ്ചു സാമ്രാജ്യത്തില്‍ നീന്തിത്തുടിച്ചു. മീങ്കുട്ടികള്‍ രാവിലെ എന്തേലും കഴിച്ചിട്ടുണ്ടാവ്വോ? കണ്ണന്‍ അടുക്കളയിലേക്ക് നടന്നു.

അയ്യോ! ദോശ ഇട്ടുകൊടുക്കല്ലേ കണ്ണാ.. ഉപ്പിട്ടത് കഴിച്ചാ അവറ്റ്വോള് ചാവുംത്രേ! അമ്മ റവ തരാം! പുഴേല് കെടന്ന മീനല്ലേ? നമ്മടെ ക്ലോറിന്‍ വെള്ളം അവറ്റൊള്‍ക്ക് പറ്റില്ല്യ. എത്രെ നേരം ണ്ടാവ്വ്വോ ആവോ?

രണ്ടുമൂന്നു തരികള്‍ തിന്ന് തീറ്റ നിറുത്തിയ മീങ്കുട്ടികളില്‍ ഒരെണ്ണം പെട്ടെന്ന് തന്നെ ചത്തു മലച്ചു. മറ്റേത് ഗതി കിട്ടാതെ അലഞ്ഞ് നടന്ന് ബാക്കി വന്ന റവക്കും കറുത്ത് നീണ്ട മീന്‍ കാഷ്ടങ്ങള്‍ക്കുമൊപ്പം ബക്കറ്റിനടിയില്‍ വിശ്രമിച്ചു. കണ്ണനും ഉഷാറൊക്കെ പോയി!

പതുക്കെ കിണറ്റിന്‍കരയിലേക്ക് നടന്നു. എന്ത്യേ കണ്ണാ? മീന്‍ ചത്തുപോയോ? മ്മ്മ്മ്മ്മ്മം...കണ്ണില്‍ വെള്ളം നിറച്ച് കണ്ണന്‍ മൂളി..!

അമ്മ്വേച്ച്യേയ്...ഇന്നലെ ഉണ്ണിക്ക് പീപ്ലീം, വാച്ചും, പമ്പരോം തോപ്പീം ണ്ടാക്കിത്തരാന്ന് പറഞ്ഞിട്ട്??

ഇതൊന്ന് തീര്‍ന്നോട്ടെ ട്ടോ! അമ്മ്വേച്ചി ണ്ടാക്കി തരാലോ!

കുഞ്ഞുമുഖത്തെ കാര്‍മേഘം മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍ പാത്രം കഴുകല്‍ മതിയാക്കി അമ്മ്വേച്ചി എണീറ്റു കണ്ണനേം കൊണ്ട് തൊടിയിലെക്ക് നടന്നു. ഉയരംകുറഞ്ഞ പ്ലാവിലെ കൊമ്പിന്ന്‍ പ്ലാവിലയും നിലം മുട്ടിക്കിടക്കുന്ന ചെന്തങ്ങിന്റെ ഓലമേല്‍ നിന്ന് ഓലയും ഈര്ക്കിലിയും പൊട്ടിച്ച് വരാന്തയില്‍ വന്നിരുന്നു.

അമ്മ്വേച്ചിടെ കരവിരുതില്‍ കണ്ണന്‍ വാച്ച്, മോതിരം, പമ്പരം ഒക്കെ സ്വന്തമായുള്ള ഒരു മുതലാളീം കൂടെ പീപ്ലീം തൊപ്പീം വെച്ച "പോലീസ്‌കാരമ്മാരും" ആയി!!

അടുക്കളയില്‍ കയറി അമ്മ ചപ്പാത്തി വേഗത്തില്‍ പരത്താനുപയോഗിക്കുന്ന "പീവീസി" പൈപ്പിന്റെ കഷണോം (ലാത്ത്യാ..!) എടുത്ത്‌ പതുക്കെ മുറിയില്‍ കടന്നു. ഡ്രസ്സിംഗ് ടേബിളില്‍, പണ്ട് രവിമാമന്‍ ഗള്‍ഫീന്ന് വരുമ്പോ കൊണ്ടന്ന കുക്കീസ്‌ ബിസ്ക്കറ്റ്ന്‍റെ പാത്രം തുറന്നു. അതിലാണ് അമ്മ കണ്മഷി വെച്ചിരിക്കുന്നത്. പ്ലാ

വിലത്തൊപ്പി തലയില്‍ തിരുകി കണ്മഷിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഒന്ന് തോണ്ടി വിചാരിച്ചപോലെ വന്നില്ലെങ്കിലും മൂക്കിന് താഴെ മീശ പോലത്തെ ഒരു സാധനം വരച്ചു! ബാക്കി വന്ന കണ്മഷി അമ്മ ചെയ്യുന്നത് പോലെ മുടിയില്‍ തേച്ചു.

ഇപ്പൊ രാവിലെ തന്നെ അയലോക്കത്തെ സുക്വേട്ടന്റെ വീട്ടില്‍ പലിശ പിരിക്കാന്‍ വരുന്ന അണ്ണാച്ചിടെ മോന്ത പോലെ ആയി! സില്‍മേല് കണ്ട പോലെ വലത്തെ കയ്യില്‍ "പീവീസി ലാത്തി" പിടിച്ച് ഇടത്തെ കൈവെള്ളയില്‍ അടിച്ച് രണ്ടുപ്രാവശ്യം റൂമിനുള്ളില്‍ ഉലാത്തി! കുഞ്ഞിക്കുമ്പ മുന്നിലേക്കും കുഞ്ഞിച്ചന്തി പിന്നിലേക്കും മാക്സിമം തള്ളി കണ്ണാടിയുടെ മുന്നില്‍ ഒന്ന് ഞെളിഞ്ഞു നിന്നു. ഇടയ്ക്കിടെ അപ്പൂപ്പന് ഗ്യാസ്‌ വരുമ്പോ ഉള്ള സൌണ്ട് പോലെ ഗംഭീര മൂളലും!

ഉള്ള മീശയില്‍ തൃപ്തനാവാതെ ഉരുട്ടിപ്പിരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛനും അമ്മേം പിന്നില്‍ വന്നു നിന്നത് ശ്രദ്ധിച്ചില്ല! അടക്കിനിര്‍ത്താനാവാതെ രണ്ടാളും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കൈ തട്ടി മീശ മുഖമാകെ പരന്നു! നാണവും സങ്കടവും ദേഷ്യവും ഒക്കെക്കൂടി കരച്ചിലിന്റെ വക്കോളം എത്തിയ കണ്ണനേ അച്ഛന്‍ പൊക്കിയെടുത്ത് തോളിലേറ്റി! കള്ളപ്പിണക്കം കാണിച്ച് കുതറി എങ്കിലും അച്ഛന്‍റെ മുടിയില്‍ മുറുകെപ്പിടിച്ച് തോളില്‍ ഇരുന്ന് കണ്ണനും അവര്‍ക്കൊപ്പം ചിരിച്ചു!

അയ്യോ ന്റെ മീന്‍കറി!!!! അമ്മ അടുക്കളയിലേക്ക് ഓടി!

(Photo Courtesy - Google)

No comments: