Sunday 17 January 2016

ഒരു യാത്ര!


കുളി കഴിഞ്ഞു. ഒരുങ്ങി അത്തറും പൂശി അയാള്‍ യാത്രക്ക് തയ്യാറായി. നെഞ്ചു തകരുമാറ് ഉയര്‍ന്ന നിലവിളികള്‍ അയാള്‍ക്ക് പിന്നില്‍ അകന്നുപോയി.

ജനക്കൂട്ടത്തിന് മുകളിലൂടെ ഒരു അപ്പൂപ്പന്‍താടി കണക്കെ ഒഴുകി നീങ്ങി. ആകെ മൂടി കെട്ടിയിരുന്നത് കൊണ്ട് ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെങ്കിലും റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളുടെയും ആളുകളുടെയും ബഹളം കേള്‍ക്കാമായിരുന്നു. എല്ലാറ്റിലുമുപരി ആരോ ചൊല്ലിക്കൊടുക്കുന്ന, ബാക്കിയെല്ലാവരും ഏറ്റു ചൊല്ലുന്ന ദിഖ്റും! ഏറ്റു ചൊല്ലുന്ന പല ശബ്ദങ്ങളിലെയും ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു.

ദിഖ്‌ര്‍ നിശബ്ധമായത്തോടെ പള്ളിയിലെത്തിയെന്നു അയാളറിഞ്ഞു. ഇനി അധിക സമയം ഇല്ല. പള്ളിക്കാട്ടിലെവിടെയോ കൈക്കോട്ടുകള്‍ മണ്ണില്‍ ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടുവോ? കഴിഞ്ഞ മാസം മൂത്താപ്പാടെ മയ്യിത്തിന്റെ കൂടെ അയാളും വന്നിരുന്നു ആ പള്ളിക്കാട്ടില്‍.

എല്ലാവരും നിസ്ക്കാരത്തിന് മുന്നോടിയായി അംഗ ശുദ്ധി വരുത്തുന്ന തിരക്കിലാണ്. ആരൊക്കെയോ തിരക്ക്‌ കൂട്ടുന്നുണ്ട്.

"എല്ലാവരും എത്തിയോ?" ഇമാം ആയിരിക്കണം.

"ഒന്ന് രണ്ടാളും കൂടി ഉസ്താദേ.." ആരോ വിളിച്ചു പറഞ്ഞു.

ഉസ്താദ് മയ്യിത്തിനു വേണ്ടി നമസ്ക്കരിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. നിസ്കാരം കഴിഞ്ഞതോടെ മയ്യിത്ത് കട്ടില്‍ പള്ളിക്കാട്ടിലെക്ക് ഒഴുകി നീങ്ങി. നിതാന്തമായ ഉറക്കത്തിനുള്ള ഇടം തയ്യാറായിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കി ഖബര്‍ വെട്ടുന്ന ഗഫൂറിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.

"നേരം വൈകിവന്ന ആരെങ്കിലും കാണാത്തതായുണ്ടോ? ഇനി വൈകിക്കണ്ട."

മുഖത്തെ തുണി നീങ്ങിയതോടെ അയാള്‍ ആര്‍ത്തിയോടെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. സൂക്തങ്ങള്‍ ചൊല്ലുന്നത്തിനിടെ ഉയര്‍ന്നു കേട്ട തേങ്ങലുകള്‍ അയാളുടെ കാതില്‍ വന്നലച്ചു! മുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അയാളുടെ കണ്‍ തടങ്ങളില്‍ വീണു പൊട്ടിച്ചിതറി. മുഖം പിന്നെയും മറച്ചു.

"ഒരാള്‍ ഇറങ്ങി നിന്നേ... ആ തോര്‍ത്ത് ഇട്ട് വട്ടം പിടിച്ചോ! പതുക്കെ ..പതുക്കെ!"

വെള്ളത്തുണിയില്‍ പൊതിഞ്ഞ ആ ശരീരം ഖബറില്‍ പതുക്കെ ഇറക്കി വെച്ചു. അറബി സൂക്തങ്ങളുടെ മുഴക്കം ഉച്ചത്തിലായി. പലക നിരത്തി വിടവില്‍ മണ്ണ് തേച്ചു പിടിപ്പിക്കയയിരിക്കണം.

പലകയുടെ മുകളില്‍ മണ്ണ് വാരിയിടുന്ന ശബ്ദം. കൂടി നിന്നവര്‍ കണ്ണീരോടെ വിട ചൊല്ലുകയായിരിക്കണം.

"ആ മണ്ണ് വെട്ടി എടുത്തേ.. രണ്ടു മൈലാഞ്ചി കൊമ്പും പൊട്ടിച്ചോ.." ഗഫൂറിന്റെ ശബ്ദം ദിഖ്‌റിനും മുകളിലായി മുഴങ്ങി. ശക്തിയില്‍ മണ്ണ് വീഴുന്ന ശബ്ദം.
എല്ലാം കഴിഞ്ഞു. കാലടി ശബ്ദങ്ങള്‍ അകന്നകന്നുപോയി. ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. ചീവിടിന്റെയും അന്തിമയങ്ങും നേരം ചേക്കേറുന്ന പക്ഷികളുടെയും അല്ലാതെ. അവസാനം അതും നിലച്ചു.

തന്റെ ചുറ്റിലും എന്തോ ശബ്ദം കേള്‍ക്കുന്നുവോ? ആരുടെയോ കാല്‍പ്പെരുമാറ്റം, നീളമേറിയ വസ്ത്രങ്ങള്‍ കാറ്റില്‍ ഉലയുന്ന ശബ്ദം. ചാട്ടവാറടി മുഴക്കം. പാമ്പുകളുടെ സീല്‍ക്കാരം ..........!

തോന്നലല്ല! ആരൊക്കെയോ ഉണ്ട് തന്റെ ചുറ്റിലും! അനിവാര്യമായ വിധിയെ കാത്ത് ... കാതോര്‍ത്ത് ....അയാള്‍ കിടന്നു.

Sunday 12 July 2015

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ..

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ..
ഇത്തിരി നേരം ഇരിക്കണേ ..."

ചില ഗാനങ്ങളുടെ ഈരടികള്‍ റിവൈന്റ് ചെയ്യാതെ തന്നെ മനസ്സില്‍ തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരിക്കും. അന്ന് ആ ഗാനമായിരുന്നു.

മനസ്സിലെന്നോ മുള പൊട്ടി പടര്‍ന്ന ഒരു ഭയം അകാരണമായി അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. എല്ലാറ്റിനും മുകളില്‍ നേരിയ ഒരാവരണം പോലെ! അതുകൊണ്ട് തന്നെ ഇപ്പോള്‍ അയാള്‍ക്ക് ഭയമാണ്! ഇരുട്ടിനെ, ഹൃദയമിടിപ്പിനെ, ഉറക്കത്തെ....

യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ഇടക്കിടെയുള്ള ടെലെഫോണ്‍ വിളികളിലും അവള്‍ ഓര്‍മ്മിപ്പിച്ചിരുന്നു. മുറിയില്‍ ഒറ്റക്ക് കിടക്കരുത്! ആരെയെങ്കിലും കൂട്ടിന് വിളിക്കണം. നിസ്സാരമായി തള്ളിയെങ്കിലും ഇടയ്ക്കിടെ അയാളും ഓര്‍ത്തിരുന്നു. ഒന്ന് കുഴഞ്ഞു വീണാല്‍ .. വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ആരുമില്ല. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് അയാളും ഒരു ശുഭാപ്തി വിശ്വാസിയായി.

പ്രാര്‍ഥനയില്‍ മുഴുകി. അല്ലെങ്കിലും മരണ ഭയമോ ബുദ്ധിമുട്ടോ മറ്റു കഷ്ടപ്പാടുകളോ വരുമ്പോഴല്ലേ ഒരാള്‍ ദൈവത്തിലേക്ക് കൂടുതലായി അടുക്കുന്നത്. ഒരാപത്തില്‍ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞാല്‍ മനപ്പൂര്‍വം മറക്കുകയും ചെയ്യും. ഇരുട്ടിനെ ഭയമായിരുന്നത് കൊണ്ട് മുറിയില്‍ വെളിച്ചം ഉണ്ടായിരുന്നു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് എപ്പോഴോ അയാള്‍ ഉറങ്ങി.

പൊടുന്നനെ മുറിയിലെ വിളക്കണഞ്ഞു. കട്ട പിടിച്ച ഇരുട്ടില്‍ ആരുടെയോ കാലടി ശബ്ദം അടുത്തു വരുന്നത് പോലെ തോന്നി. ശക്തമായ ഒരു വെളിച്ചം എങ്ങു നിന്നോ മുറിയില്‍ കടന്ന് വന്നു. ഞെട്ടിയെണീറ്റ്‌ തുറന്ന കണ്ണുകള്‍ വെളിച്ചത്തിന്‍റെ ശക്തിയില്‍ മഞ്ഞളിച്ചു. കണ്ണുകളില്‍ പിന്നെയും ഇരുട്ട് കയറി. മരവിച്ച ശരീരവുമായി കണ്ണുകള്‍ ഇറുകെ അടച്ചു. ശ്വാസഗതികള്‍ നിയന്ത്രണാതീതമായി. ഹൃദയമിടിപ്പ് പെരുമ്പറ പോലെ മുഴങ്ങി.

വരണ്ടുണങ്ങിയ ചുണ്ടുകളും തൊണ്ടയും ഒന്ന് നനയ്ക്കാന്‍ കയ്യെത്തും ദൂരത്തുള്ള വെള്ളം നിറച്ച കുപ്പി കിട്ടിയെങ്കില്‍ എന്നാശിച്ചു. പക്ഷെ അയാള്‍ക്ക് അനങ്ങാന്‍ വയ്യായിരുന്നു. ശരീരം തണുത്തുറഞ്ഞിരുന്നു എങ്കിലും അയാള്‍ വിയര്‍ത്ത് കുളിച്ചിരുന്നു.

അശരീരി പോലെ അയാളാ ശബ്ദം കേട്ടു. "ഹേ മനുഷ്യാ .. ഞാന്‍ മരണത്തിന്റെ മാലാഖ. ഭൂമിയിലെ നിന്റെ സമയം കഴിഞ്ഞിരിക്കുന്നു. എല്ലാം ഇട്ടെറിഞ്ഞ്‌ വെറും കയ്യോടെ പോകാന്‍ തയ്യാറായിക്കോളൂ!"

പുതുമണ്ണിന്റെ ഗന്ധം അയാളുടെ നാസാരന്ദ്രങ്ങളിലേക്ക് അരിച്ചു കയറി. പള്ളിപ്പറമ്പിലെ നനഞ്ഞ മണ്ണില്‍ കൈക്കോട്ടുകള്‍ ആഞ്ഞുപതിച്ചു. മറ്റു ഖബറുകള്‍ക്കരികെ നിന്നിരുന്ന മൈലാഞ്ചിക്കൊമ്പുകള്‍ കാറ്റില്‍ ആടിക്കളിച്ചു. ചെവിയില്‍ ചാട്ടവാറടികള്‍ മുഴങ്ങി. പാമ്പുകളും പഴുതാരയും മറ്റു ഇഴജന്തുക്കളും അയാളുടെ വരവിനായി അക്ഷമയോടെ നിന്നു.

"കൊതി തീര്‍ന്നില്ല! കുറച്ചു സമയം കൂടി....?"

"ഇല്ല! എനിക്കതിന് അധികാരമില്ല. ഇതിനു മുന്നൊരു തവണ ഞാന്‍ വന്നിരുന്നു. പക്ഷെ നീ ഭാഗ്യവാനായിരുന്നു. ഞാന്‍ തിരിച്ചുപോയി. ഇത്തവണ തെറ്റ് പറ്റില്ല. പോകാം!"

തലയിണ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. അപ്പോഴേക്കും ഹൃദയത്തെ വരിഞ്ഞുകെട്ടി തൊണ്ടയില്‍ എന്തോ മുറുകാന്‍ തുടങ്ങി. നെഞ്ച് വളച്ചു ശക്തിയായി ശ്വാസം ആഞ്ഞുവലിച്ചു എങ്കിലും പരാജയപ്പെട്ടു. കണ്ണുകള്‍ പതുക്കെ മേലോട്ട് മറിഞ്ഞു. ചുരുട്ടിപ്പിടിച്ച കൈകാല്‍ വിരലുകള്‍ പതുക്കെ നിവര്‍ന്നു ... പിന്നെ നിശ്ചലമായി!

ശരീരത്തില്‍ നിന്നെന്തോ അപ്പൂപ്പന്‍ താടി പോലെ പറന്ന് കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ പാറി നടന്നു.

ഞാന്‍ മരിച്ചു! 

Friday 24 April 2015

ഓപ്പറേഷന്‍ അല്‍ തൊരപ്പ

"പണ്ടാറടങ്ങാന്‍ ഈ തൊരപ്പനെക്കൊണ്ട് തോറ്റൂലോ റബ്ബേ?"
ചിരകിക്കഴിഞ്ഞ നാളികേരത്തിന്റെ ചിരട്ട പറക്കുംതളിക പോലെ ചെവിക്കരികിലൂടെ പാഞ്ഞുപോയി!
പഞ്ചായത്തിന്റെ "ജലനിധി"ലൂടെ വരുന്ന വെള്ളം എക്സ്റ്റന്‍ഷന്‍ ഹോസിട്ട് കിണറ്റിലേക്ക് പൂഴ്ത്തി വെള്ളം ചോര്‍ത്തുകയായിരുന്ന ഞാന്‍ ആ അശരീരി കേട്ട് ഒന്ന് ഞെട്ടി! "തൊരപ്പാ" ന്നോ? ഹേയ്! എന്നെ ആവാന്‍ സാദ്ധ്യതയില്ല! ഞാന്‍ തിരക്കില്‍ ആണെന്ന് അറിയാലോ?
"ന്താ പ്പോ പ്രശനം?"
"ഒന്ന് നോക്ക്യേ ന്നൂം നിങ്ങള്! തറെടെ നാല് ഭാഗോം മാന്തി വെച്ചേക്ക്ണൂ. എപ്ലാണാവോ പെര്യൊക്കെ കൂടി ഇടിഞ്ഞ് പൊളിഞ്ഞ് താഴേക്ക് വീഴാ?"
പിന്നേ... ഒരു തൊരപ്പന്‍ നാല് കുഴി കുത്ത്യാ വീടിപ്പോ വീഴാമ്പോവല്ലേ? തെങ്ങിന്റെ കടയ്ക്കല്‍ നിന്നും ഇച്ചിരെ മണ്ണെടുത്ത് ആ കുഴി മൂട്യാ പോരെ? അവള്‍ക്ക് നല്ല ഉന്നം ആണെന്ന് അറിയാവുന്നത് കൊണ്ട് കയ്യകലത്തില്‍ നിന്ന് എന്നോട് തന്നെ പറഞ്ഞു.
തുരപ്പ നിന്തിരുവടികള്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച സ്ഥലത്തേക്ക് കൈക്കോട്ടും എടുത്ത് നടന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കാണാന്‍ ഹാപ്പിയായി പോണ മന്ത്രിടെ കൂടെ തിക്കിത്തിരക്കി നടക്കുന്ന ചോട്ടാ നേതാക്കളെ പോലെ വില്ലേജ് ഓഫീസില്‍ നിന്നും മതില് ചാടിവന്ന പൂച്ചകള്‍ നെലോളിച്ചുകൊണ്ട് കൂടെക്കൂടി. തമിഴ് സിനിമയിലെ മരണ സീനില്‍ നെഞ്ചത്തടിച്ചു കരയണ അമ്മാള്മാരെപ്പോലെണ്ടാരുന്നു ആ കരച്ചില്‍. മീന്‍ നന്നാക്കിയ വേസ്റ്റും വെള്ളവും കൊണ്ട് കളയാന്‍ ആണെന്ന് വിചാരിച്ചിട്ടുണ്ടാവും!
തരക്കേടില്ലാത്ത കുഴികള്‍! പള്ളിപ്പെരുന്നാളിന് ട്യൂബ് ലൈറ്റ് കുഴിച്ചിടാന്‍ പാകത്തില്‍ കൃത്യമായ വലിപ്പത്തിലും അകലത്തിലും. മതിലിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ഫ്യൂസായ സിഎഫെലും കുപ്പികളും തല്ലിപ്പൊട്ടിച്ചു കുഴിക്കുള്ളില്‍ ഇട്ട് മതില് പണിക്കായി മാറ്റി വെച്ച പാറപ്പൊടിയും സിമന്റും ഇട്ട് നല്ലൊരു തേമ്പും തേമ്പി കുറച്ചകലെ നിന്നും വീക്ഷിച്ച് "ആല്‍മസംതൃപ്തി" വരുത്തി!
"അതേയ്! രണ്ട് കറി വേപ്പിന്റില ങ്ക്ട് പൊട്ടിച്ചോ! ആഹാ.. സിമന്റൊക്കെ ഇട്ടാ? അപ്പൊ ഈ പണിയൊക്കെ അറിയാലെ?"
ഒന്ന് മേപ്പാട്ട് പൊങ്ങി! വല്ലാണ്ടെ അഹങ്കരിച്ചാല്‍ ഇനി ലീവ് കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് പോകണ്ട! ഇവിടെ ഈ സിമന്റിടുന്ന പണി എടുത്താല്‍ ഡൈലി 750 രൂപേം ചെലവും കിട്ടും എന്നായിരിക്കും അവള്‍ടെ അടുത്ത ഡയലോഗ്! "ഓ.. ഇതൊക്കെ എന്ത്" എന്നുള്ള ഒരു സ്മൈലി ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത് കറി വേപ്പില പൊട്ടിക്കാനായി നീങ്ങി!
പിറ്റേ ദിവസം മക്കള്‍ക്ക് സ്കൂള്‍ ഇല്ലാത്തത് കൊണ്ട് നേരം വൈകിയാണ് എണീറ്റത്. തൊട്ടടുത്ത അമ്പലത്തില്‍ നിന്നും "കൌസല്യ സുപ്രജാ.." കേള്‍ക്കുന്നു! ഇതെന്തത്ഭുതം? പ്രഭാത വന്ദനം പത്തുമണിക്കോ? ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി പ്രിയതമയുടെ സ്വന്തം കൃതിയായ "തുരപ്പസ്തുതി"യുടെ റെക്കോര്ഡ് ആണ്.
അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റി നേരെ ഓടി! ഭംഗിയില്‍ സിമന്റും ചാന്തും ഇട്ട സ്ഥലം തലേ ദിവസത്തെക്കാള്‍ ഭംഗിയിലും വലിപ്പത്തിലും പുനര്‍നിര്‍മ്മാണം നടത്തി വെച്ചിരിക്കുന്നു "നായിന്റെ മോന്‍ തുരപ്പന്‍"! കുഴിയില്‍ കുത്തിനിറച്ച കുപ്പിച്ചില്ലുകള്‍ കൊണ്ട് ഒന്നാന്തരം ഒരു പൂക്കളവും നടുവില്‍ തൃക്കാരപ്പന് പകരം ഒരു കിസ്സാന്‍ ജാം കുപ്പിയുടെ മൂടും!
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല! "സീനാ.. കുറച്ചു ഒണക്ക മൊളക് എട്ത്തോ. ഇച്ചിരെ ചകിരീം" ചകിരിയില്‍ വെള്ളം കുടഞ്ഞ്‌ ഉണക്കമുളക് ഫില്‍ ചെയ്ത് മാളത്തിനകത്തേക്ക് കുത്തിക്കേറ്റി. പ്രകാശേട്ടന്റെ കയ്യും കാലും പിടിച്ച് മാസത്തിലൊരിക്കല്‍ കിട്ടുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ കാല്‍ ലിറ്ററോളം ഒഴിച്ച് തീ കൊടുത്തു. തീ പതുക്കെ നീറിപ്പുകഞ്ഞു തുടങ്ങി!
ഒന്ന് .. രണ്ട് .. മൂന്ന് .. നാല്!
ആകാംഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ തുമ്മല്‍! തൊരപ്പനല്ലാ.. സീന! അല്ലെങ്കില്‍ തന്നെ പുലര്‍ച്ചെ അയല്‍പക്കക്കാരെ മൊത്തം വിളിച്ചുണര്‍ത്തുന്നത് അലര്‍ജിയുടെ അസുഖമുള്ള പുള്ളിക്കാരിയാണ്. "അകത്തേക്ക് പൊക്കോ".. ചമ്മല് മറച്ച് അവളോട്‌ പറഞ്ഞു. ചങ്ക് പൊള്ളുന്ന ഒരു നോട്ടം നോക്കി അവള്‍ വേണാട് എക്സ്പ്രസ് പോലെ അകത്തേക്ക് പാഞ്ഞുപോയി! പൊകക്കല് കഴിഞ്ഞ് അകത്തേക്ക് വാ! ശരിയാക്കിതരാം എന്നൊരു ധ്വനി ആ നോട്ടത്തില്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല!
കുറച്ചു സമയത്തിനുള്ളിള്‍ എന്റെ തുമ്മലിന്റെ എക്കോ അയല്‍പ്പക്കത്ത് നിന്നും വില്ലേജാപ്പീസില്‍ നിന്നും ഉയര്‍ന്ന് തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട് വെള്ളമെടുത്ത് പുകയുന്ന തീ കെടുത്തി പ്ലിംഗനായി പതുക്കെ അകത്തേക്ക് മണ്ടി ഞാനും!
"ഓപ്പറേഷന്‍ തൊരപ്പ" മൂന്നാം ദിവസം! വടക്കാഞ്ചേരി ടൌണില്‍ പോയി ഒരു കൂട് വാങ്ങി. രാത്രി ഒരു കാല്‍ പൂള് നാളികേരം ചുട്ടതും രണ്ടു വലിയ ഉണക്ക മാന്തളും വെച്ച് നാളികേരത്തില്‍ ഒരു പാക്കറ്റ് മൊത്തം "റാറ്റ് കില്ലര്‍" തേമ്പി തൊരപ്പ ഗൃഹത്തിന് മുമ്പാകെ പൂജക്ക്‌ വെച്ചു.
രാത്രി ജനലിന്നപ്പുറത്ത് നിന്നും കന്നഡ ഇടിപ്പടത്തിലെ പോലെ സൌണ്ട് കേട്ട് ഞാന്‍ ആനന്ദ സാഗരത്തില്‍ ആറാടി! അപ്പോള്‍ തന്നെ നോക്കി ആനന്ദ നിര്‍വൃതി അടയാന്‍ എണീറ്റ എന്നെ "ചെലപ്പോ കള്ളനാവും" എന്ന് പറഞ്ഞ് പ്രിയതമ പേടിപ്പിച്ചു.
കാക്കകളുടെ കരച്ചിലാണ് അന്നത്തെ അലാറമായത്! പുറത്തേക്ക് ചെന്ന എന്നെയും കാത്ത് ശത്രുവിന്റെ ശവം കിടന്നിരുന്നു. കുറച്ചകലെ മരണ വെപ്രാളത്തില്‍ പൊളിഞ്ഞ കൂടും ... ട്രെയിന്‍ തട്ടിയ നാനോ കാറ് പോലെ!
പക്ഷെ അപ്പോഴും ചത്തുകിടന്നതിന് കുറച്ചകലെയായി വേറെ മൂന്നു കുഴികള്‍ രൂപം പൂണ്ടിരുന്നു. അതില്‍ ഏതിലോ ഒന്നില്‍ എന്നെയും നോക്കി ചിരിക്കുന്ന മറ്റൊരു തൊരപ്പനും!!!

Thursday 26 March 2015

വേട്ടക്കാരുടെ ആത്മകഥയില്‍ എഴുതാതെപ്പോയത്..


രാവിന്റെ അന്ത്യയാമങ്ങളില്‍പ്പോലും ആത്മാവിന്റെ ആഴങ്ങളോളം ചെന്നലക്കുന്ന ചങ്ങല കിലുക്കങ്ങള്‍. ആ ചങ്ങലക്കിലുക്കം കേട്ടാണ് ആമിനുമ്മ ഉണരാറ്! പിന്നെ ഉറക്കം വരില്ല. എങ്ങിനെ വരാന്‍? ഖുറാന്‍ സൂക്തങ്ങളും പ്രാര്ത്ഥനകളുമായി അങ്ങനെ കണ്ണ് തുറന്നു കിടക്കും, കാട്ടിലെ പള്ളിയ്ക്കല് മുക്രിക്ക ബാങ്ക് കൊടുക്കുന്നത് വരെ....!

"അല്‍ഹംദുലില്ലാഹ്....."

ഒരു നിമിഷം പായില്‍ കണ്ണടച്ചിരുന്ന്‍ ദുആ ചൊല്ലി കൈകള്‍ മുത്തി എണീറ്റു. ദേഹത്ത് എവിടെയൊക്കെയോ വേദനിക്കുന്നു! തലേന്നത്തെ കമഴ്ന്നുള്ള വീഴ്ചയുടെ ആവണം. ഓര്‍ക്കാപ്പുറത്തായിരുന്നല്ലോ പിന്നില്‍ നിന്നുള്ള ചവിട്ട്!

പിന്നാമ്പുറത്തെ വാതിലിന്റെ ക്ലാവ് പിടിച്ചു കറുത്ത ഓടാമ്പല്‍ പതിയെ എടുത്തുമാറ്റി. ഇറയത്ത്‌ തൂക്കിയിട്ട പഴയ തകരപ്പാട്ടയില്‍ നിന്നും ഉമിക്കരിയും ഈര്ക്കിലും എടുത്ത് ആമിനുമ്മ കിണറ്റിന്‍ കരയിലേക്ക് നടന്നു.

നേരം വെളുക്കുന്നേ ഉള്ളൂ. രാവിന് വെളിച്ചം നല്‍കി തളര്‍ന്ന മിന്നാമിനുങ്ങുകള്‍ കിണറ്റിനരികില്‍ വട്ടമിട്ട് പറന്നു. അകലെയെങ്ങോ ഒരു കാലന്‍ കോഴിയുടെ കൂവലിന്റെ മുഴക്കം. "റബ്ബേ...ആരുടെ മരണവിളി ആവുമോ?" 

പ്ലാവിലയില്‍ ഉമിക്കരിയും ഈര്‍ക്കിലും കിണറ്റിനരികിലെ അലക്ക്‌ കല്ലില്‍ വെച്ചു. കുടത്തില്‍ ഉണ്ടായിരുന്ന കുറച്ചു വെള്ളം തുടിയിലെക്കെറിഞ്ഞെങ്കിലും കാതു തുളയ്ക്കുന്ന ശബ്ദത്തോടെ എണ്ണ കൊടുക്കാത്ത തുടി തേങ്ങിക്കരഞ്ഞു. പല്ലുതേപ്പും വുളു എടുക്കലും കഴിഞ്ഞ് കുടത്തില്‍ വെള്ളവുമായി അടുക്കളയിലേക്ക് നടന്നു.

നിസ്കാരം കഴിഞ്ഞ് ഉമ്മറത്തെ വാതില്‍ തുറന്നു. തട്ടം കൊണ്ട് കസേരയിലെ പൊടി തട്ടി ജനലരികിലെക്ക് നീക്കിയിട്ട്  പേജുകള്‍ ഇളകിയ ഖുര്‍ആന്‍ കയ്യിലെടുത്തു. വായിച്ചു നിര്‍ത്തിയ പേജിന് അടയാളം വെച്ചിരുന്ന ഈര്‍ക്കിലി കണ്ടുതുടങ്ങിയ ചന്ദനത്തിരി മാറ്റി ഖുര്‍ആന്‍ ഒരു നിമിഷം കണ്ണോട് ചേര്ത്ത് ‌ വെച്ച് പിന്നെ വിറയാര്‍ന്ന സ്വരത്തില്‍, ഈണത്തില്‍ ഓതിത്തുടങ്ങി.

അഊദ് ബില്ലാഹി മിന ഷെയ്ത്വാനി ര്റ്ജീം 
ബിസ്മില്ലാഹി ര്റഹ്മാനി ര്റഹീം!!
യാസീന്‍....

ഒരു നിമിഷം .. ജനലിന്നപ്പുറത്തേക്ക് ഒന്ന് കാതോര്ത്തു. ഇല്ല എണീറ്റിട്ടുണ്ടാവില്ല. വീര്യമാര്‍ന്ന മരുന്നുകളുടെ മയക്കത്തില്‍ ക്ഷീണത്തോടെ മയങ്ങുന്ന ആ മകന് വേണ്ടിയാണ് തന്റെ എല്ലാ പ്രാര്‍ഥനകളും! കഴിഞ്ഞ നാല് വര്‍ഷത്തെ ജീവിത ചര്യ. യാസീനും ഖുര്‍ആന്‍ ഖത്തം ഓതലും നോമ്പും! പടച്ച റബ്ബ് തന്റെ  വിളി കേള്‍ക്കാതിരിക്കില്ല.

നേരം നന്നായി വെളുത്തിരിക്കുന്നു. ചന്ദനത്തിരി പേജിനിടയില്‍ തിരുകി ഖുര്‍ആന്‍ മടിയില്‍ വെച്ചു. ശുഷ്കിച്ച വിരലുകള്‍ കൊണ്ട് ചിതലരിച്ച ജനല്പ്പാളികളിലൊന്ന്  തുറന്നു. ഒരു രാത്രി കൊണ്ട് നെയ്ത സ്വപ്നങ്ങളുടെ വല പൊട്ടിയ ഒരു എട്ടുകാലി അവരുടെ കൈകളിലേക്ക് കയറി ഓടി മറഞ്ഞു. ഇരുള്‍ നിറഞ്ഞ ആ മുറിയിലേക്ക്‌ വെളിച്ചം മനസ്സില്ലാമനസ്സോടെ കടന്നു ചെന്നു. ചില്ല് പൊട്ടിയ കണ്ണാടി ഒന്നുകൂടി മൂക്കിലേക്ക് അമര്ത്തി  അവര്‍ എത്തി നോക്കി. കുറച്ച് സമയമെടുത്തു തറയില്‍ വളഞ്ഞു കിടന്നിരുന്ന ആ മെല്ലിച്ച ശരീരം കണ്ണില്‍ തെളിയുവാന്‍!

"അബ്ദ്വോ....! നിയ്യ്‌ കീപ്പട്ട്ന്ന്‍ എണീച്ച് ആ കെടക്കപ്പായീല് കേറി കെട്ന്നാ!" നെന്റെ  തുണ്യോക്കെ എവ്ടെ ന്റെ  കുട്ട്യേ?"

ശബ്ദം കേട്ട് തണുത്ത തറയില്‍ തുണി ഇല്ലാതെ കമിഴ്ന്നു കിടന്ന അബ്ദു കണ്ണ് തുറന്നു. നേരം വെളുത്തെങ്കിലും കുടുസ് മുറിക്കുള്ളില്‍ ഇരുട്ട് തന്നെ. വര്ഷങ്ങളായി അയാള്‍ക്ക്  കൂട്ട് ആ ഇരുട്ടും, ആടിക്കളിക്കുന്ന കട്ടിലും, അഴുക്ക് നിറഞ്ഞ് ബലം പിടിച്ച കോസടിയും, എന്നോ ഫിലമെന്റ് പോയ ഒരു ബള്‍ബും! ജനലിലൂടെ മടിച്ച് അകത്തേക്ക് കടന്നു വന്ന കാറ്റില്‍ അയയില്‍ തൂക്കിയിട്ട, ബ്ലീച്ചിംഗ് പൌഡര്‍ ഇട്ട് മഞ്ഞച്ചു പോയ മുണ്ടും ബനിയനും തോര്ത്തും  ആടിക്കളിക്കുന്നുണ്ടായിരുന്നു.

"പ്രാന്തന് എന്തിനാപ്പോ വെളിച്ചം?" പിന്നെ.. ലൈറ്റ്‌ ഇല്ല്യാണ്ടിരിക്ക്യെന്നെ നല്ലത്! തുണീം കോണോം ണ്ടാവാറില്ല്യലോ?"

ബള്‍ബ് മാറ്റി ഇടുന്ന കാര്യം പറയുമ്പോള്‍ ജമീല അതാണ്‌ പറയാറ്!

ആമിനുമ്മ അകത്തേക്ക് എത്തിനോക്കി. തലേന്ന്‍ രാത്രിയിലെ കഞ്ഞിപ്പാത്രത്തില്‍ വന്നിരുന്ന ഒരു പാറ്റയുടെ കൊമ്പും കാലും ചിറകുമെല്ലാം ഓരോന്നായി ശ്രദ്ധയോടെ പറിച്ച് എടുക്കുകയായിരുന്നു അബ്ദു.

"ഏത്തപ്പ ഇജ്ജബ്ടെ കാട്ടണേ മാനേ?" "റബ്ബേ..! കുരുത്തക്കേട് വാങ്ങി വെക്കല്ലേ ഇജ്ജ്‌. അയിനെ വിട്ടാള ന്റെ ബ്ദ്വോ!" ഉമ്മയുടെ ശബ്ദം കേട്ട് പാറ്റയെ ഒരു കൊമ്പില്‍ പിടിച്ച് വട്ടം കറക്കി ചുമരിലേക്ക് വലിച്ചെറിഞ്ഞു!

ഒടിഞ്ഞു തൂങ്ങിയ ചിറകും മൂട്ടില്‍ നിന്നും തുറിച്ച കൊഴുത്ത മഞ്ഞ ദ്രാവകവും വലിച്ചു വലിച്ച് പാറ്റ കുറച്ചു ദൂരം വലിഞ്ഞോടി ചുമരിലിടിച്ചു നിന്നു. പതുക്കെ കയ്യെത്തിച്ചു ഒരടി കൂടി! പാറ്റ ചതഞ്ഞരഞ്ഞു! കയ്യില്‍ പറ്റിപ്പിടിച്ച കൊഴുത്ത ദ്രാവകം നിലത്ത് തേച്ചു.

ദൂരെ എങ്ങോ ഏതോ ഗുഹയില്‍ നിന്നും കേള്‍ക്കുന്ന പോലെ ഉമ്മാടെ ചിലമ്പിച്ച ശബ്ദം അബ്ദു കേട്ടു.

"ണീക്ക് കുട്ട്യേ! കട്ട്മ്മേ കേറി കിടക്ക്!" ആമിനുമ്മ പിന്നെയും ഖുര്ആന്‍ ഓതുവാന്‍ തുടങ്ങി.

അകലെ കിടന്നിരുന്ന കീറിയ കൈലി വാരിച്ചുറ്റി തറയിലെ തണുപ്പില്‍ നിന്നും ഇളകിയാടുന്ന കട്ടിലിലെ മുഷിഞ്ഞ കോസടിയിലെക്ക് കയറിക്കിടന്നു. കാലിലെ ചങ്ങല സിമന്റ് തറയില്‍ ഉരഞ്ഞ് ഉണ്ടായ അരോചകമായ ശബ്ദം അയാളുടെ പല്ലില്‍ പുളിപ്പുണ്ടാക്കി. ഭ്രാന്തമായ ഒരാവേശത്തോടെ അബ്ദു കാലിലെ ചങ്ങലയില്‍ പിടിച്ച് വലിച്ചു. മുറിവില്‍ തട്ടി ഉരഞ്ഞു ചലവും ചോരയും കലര്ന്ന കൊഴുത്ത ദ്രാവകം ഒലിക്കാന്‍ തുടങ്ങി. കൈ കൊണ്ട് തോണ്ടി നോക്കി. നേരത്തെ പാറ്റയെ കൈകൊണ്ട് ചതച്ചപ്പോള്‍ ഉണ്ടായ അതേ ദ്രാവകം!

"ഒന്ന് അടങ്ങി കെടക്കെന്റെ അബ്ദ്വോ! ഇക്കാനെ വിളിക്കണ ഉമ്മ? അമീദ്വോ.... അമീദ്വോ.."

വീടിന് മുന്നിലെ തന്റെ ചെറിയ പലചരക്ക് കടയിലിരുന്ന് ഹമീദ്‌ ഇക്കായുടെ ഓ.. കേള്‍ക്കുന്നതിന് മുന്നേ അബ്ദു നല്ല കുട്ടിയായി.

ഉമ്മാടെ ഓത്ത് കേള്‍ക്കാനില്ലല്ലോ? കസേരയില്‍ ഇരുന്നു ഉറങ്ങുന്നുണ്ടാവും! പക്ഷെ ആമിനുമ്മയുടെ മനസ്സില്‍ നാല് വര്ഷംെ മുന്നത്തെ ആ ശപിക്കപ്പെട്ട ദിനമായിരുന്നു.

"ഇതാന്നൂ വെള്ളം!"

തോളിലിരുന്ന തോര്ത്ത് ‌ കൊണ്ട് മുഖത്തെ വിയര്പ്പ്  അമര്ത്തി  തുടച്ച് ജമീല കൊടുത്ത വെള്ളം ഗ്ലാസുമായി ഹമീദ്‌ തിണ്ണയില്‍ ചാരി ഇരുന്നു.

"എ ടി എസ്സോ അങ്ങനെ എന്തോ ആണത്രേ ഉമ്മാ..! അവരാ അബ്ദൂനെ കൊണ്ടോയത്. ഓന്‍ തീവ്രവാദ്യാ ന്നാ ഓര് പറേണേ. എവ്ട്യാ ന്ന് ആര്ക്കും  അറില്ല!" ബോംബ്‌ കിട്ടിയ സ്ഥലത്തന്നെ അബ്ദൂനെ കണ്ടോര് ണ്ട് ത്രേ..! ഹമീദിന്റെ വാക്കുകളില്‍ ഭയം നിറഞ്ഞുനിന്നു.

വ്യഥയോടെ ആമിനുമ്മ പിറുപിറുത്തു. "ആരായാലും ഓരോട് പടച്ചോന് ചോയ്ക്കും. ന്റെയ കുട്ടി അങ്ങനൊന്നും ചെയ്യൂല! ഓന്‍ പാവാ.. ഓനെക്കൊണ്ട് അതൊന്നും കയ്യൂല!"

അബ്ദു പഠിക്കാന്‍ മിടുക്കനായിരുന്നു. കോലായിലുള്ള അവന്റെ മേശമേല്‍ കുറെയധികം പുസ്തകങ്ങള്‍ ഉണ്ട്. ചുവരില്‍ അവന്‍ വരച്ച ചിത്രങ്ങളും! അയല്പക്കത്തെ ഒട്ടു മിക്കവാറും കുട്ടികള്ക്ക്  ട്യൂഷന്‍ എടുത്തും പടം വരച്ചും ആണ് പഠിപ്പ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. കൂടെ അല്ലറ ചില്ലറ രാഷ്ട്രീയവും. ഒരുപാട് സൌഹൃദ വലയം ഉണ്ടായിരുന്ന അബ്ദുവിനെ നാട്ടിലുള്ളവര്ക്കും ഇഷ്ടമായിരുന്നു.

വീടിന് കുറച്ചകലെയുള്ള വായനശാലയില്‍ തന്നെയായിരുന്നു അബ്ദു കൂടുതല്‍ സമയവും. വായനശാലയുടെ ജനലിലൂടെ നോക്കിയാല്‍ കുഞ്ഞുമ്മാടെ വീടിന്റെന ഉമ്മറത്തിരുന്നു തയ്ക്കുന്ന സൈനബയെയും അവളുടെ പാല്‍ നീലാവ് പോലുള്ള പുഞ്ചിരിയും കാണാം അബ്ദുവിന്!

വായനശാലക്കടുത്താണ് പോലീസ്‌ ബോംബ്‌ കണ്ടെടെടുത്ത അടഞ്ഞു കിടക്കുന്ന ഫാക്ടറി. ബോബെക്കാരന്‍ ആസാദ്‌ ഭായിയുടെ പൂട്ടിക്കിടക്കുന്ന ആ ഫാക്ടറി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.

"ഇമ്മാ... ഇമ്മാ...!"

ജനലിന്നരികെ നിന്നും അബ്ദുവിന്റെദ വിളി കേട്ട് ആമിനുമ്മ ഓര്മ്മകയില്‍ നിന്നും ഞെട്ടി ഉണര്ന്നു .

ജനലഴികളില്‍ തല ചേര്ത്ത്  വെച്ച് അബ്ദു നില്‍ക്കുന്നു. മുഖത്തെ കറുത്ത കലകള്‍ ആദ്യമായി കാണുന്ന ഒരാളെ ഇപ്പോഴും ഭയപ്പെടുത്തും. വളര്ന്നു  ചുണ്ടിലെക്കിറങ്ങിയ മീശയും ചകിരി പോലെയുള്ള താടിയും വീട്ടിലെ കുട്ടികളെപ്പോലും അകറ്റി നിറുത്തുന്നു. 
.
"ന്ത്യെ?"

"നിയ്ക്ക്‌ ആ പാട്ടൊന്ന് പാടി തര്വോന്ന്‍?

മനസ്സിന്റെക പിരിമുറുക്കം ഇല്ലാത്ത അവസരങ്ങളില്‍ ജനലഴികളില്‍ തല ചേര്ത്തു വെച്ച് അനങ്ങാതെ നില്‍ക്കുന്ന അബ്ദുവിന്റെ മുടിയില്‍ വിറയ്ക്കുന്ന വിരലുകളാല്‍ തഴുകി അവര്‍ പാട്ട് പാടാറുണ്ടായിരുന്നു. പാടിക്കഴിഞ്ഞ് ഒരു ദീര്ഘ നിശ്വാസത്തോടെ ആമിനുമ്മ പറയും....!

ന്റെ് കുട്ടീടെ വയ്യായോക്കെ വേം മാറും! റബ്ബ് ശിഫ്യാക്കിത്തരട്ടെ..

"നിങ്ങ വെര്‍തെ വേണ്ടാത്തെനു നിക്കണ്ട ട്ടാ! എപ്ലാ ആ ചെക്കന് എളക്വാന്ന് അറീല്ല!"

ഇത്താത്തടെ ശബ്ദം കേട്ടാല്‍ കൈ പെട്ടെന്ന് പുറത്തേക്ക് വലിക്കും.

"അയിനെ കൊണ്ടോയി കുതിരവട്ടത്തോ ഊളമ്പാറേലോ ഇടാമ്പറഞാ കേക്കില്ല്യ! വെല്ല്യെ പിള്ളേര് ള്ള വീടാ! അതും വല്തായി വരണ ഒരു പെങ്കുട്ടീം".

നിറഞ്ഞ കണ്ണുകളോടെ ജനലിലൂടെ അകത്തേക്ക്‌ നോക്കിയിരുന്ന്‍ അന്ന് അവനെ പിടിച്ചു കൊണ്ടുപോയ പോലീസുകാരെ ശപിക്കും!

പാട്ട് ഇടക്ക് വെച്ച് നിന്നിരിക്കുന്നു. അബ്ദു ഉമ്മയുടെ മുഖത്തേക്ക് നോക്കി. പൊട്ടിയ കണ്ണാടി ചില്ലിനിടയിലൂടെ കണ്ണുനീര്‍ ചാലുകള്‍ തെളിഞ്ഞിരുന്നു.

"ഇനി ഉമ്മ ഓതിക്കോ! ഞാന്‍ ഇച്ചിരെ നേരം കൂടി കിടക്കട്ടെ!" ചങ്ങല കയ്യില്‍ എടുത്ത് പിടിച്ച് അബ്ദു കട്ടിലിന്നരികിലെക്ക് നടന്നു.

ഉമ്മയുടെ ഓതലും കേട്ട് മച്ചിന് മുകളിലേക്ക് നോക്കി കിടന്നു. ഓടിന്നിടയിലൂടെ കടന്നുവന്ന വെളിച്ചം നിലത്ത് ചിത്രപ്പണികള്‍ നടത്തി. നോക്കി നില്ക്കെ  പൊന്‍ വെയില്‍ ഒന്നുചേര്‍ന്ന് ഒരു ഹൂറിയായി മാറി! ചുവന്ന തട്ടം കൊണ്ട് മുഖം മറച്ച് പെങ്കുപ്പായവും കാച്ചിമുണ്ടും ഉടുത്ത് അവന്റെ സ്വന്തം ഹൂറി! ഉമ്മയുടെ ഖുര്ആനന്‍ പാരായണം ഒരു അറബി ഗാനമായി ആ ഹൂറി അതിന്നൊപ്പം ചുവടുവെച്ചു.

സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഉറക്കെ അട്ടഹസിക്കാറാണ് പതിവ്! പക്ഷെ ശബ്ദം പുറത്ത് വന്നില്ല. ആദ്യമൊക്കെ ഒരു നിയന്ത്രണവും ഇല്ലാതെ അട്ടഹസിക്കുമായിരുന്നു. ബഹളം അസഹനീയമാകുമ്പോള്‍ ഹമീക്കാനെ ബെല്‍റ്റുമായി റൂമിലേക്ക്‌ ഇത്താത്ത പറഞ്ഞു വിടും.

മുണ്ട്രാ.. മുണ്ട്രാ എന്ന് അലറിക്കൊണ്ടാണ് കട്ടിലിന്റെ കാലില്‍ ബെല്‍റ്റ്‌ ‌ കൊണ്ട് അടിക്കാറ് . ഇത്താത്തായെ ബോധ്യപ്പെടുത്താനായിരിക്കണം! ഇത്താത്ത ജനലിലൂടെ എത്തിച്ചു നോക്കിയ ഒരു ദിവസം സാമാന്യം ശക്തിയോടെ ഒരെണ്ണം നടുമ്പുറത്ത് തന്നെ കിട്ടി. അവര്‍ പോയതിനുശേഷം ഞരമ്പുകള്‍ എഴുന്നു നിന്ന ബലിഷ്ടമായ ആ കൈത്തണ്ട കൊണ്ട് കണ്ണുകള്‍ തുടച്ച്, തിണര്ത്തു  കിടക്കുന്ന ചുവന്ന പാടില്‍ ഒന്ന് തലോടി. തലയും താഴ്ത്തിയുള്ള ആ ഇറങ്ങിപ്പോക്ക്‌ കണ്ടപ്പോള്‍ എവിടെയൊക്കെയോ വിങ്ങി.

താനെന്തേ ഇങ്ങനെ ആയിപ്പോയത്? ഭ്രാന്ത്‌ ആണെന്ന് എല്ലാവരും പറയുന്നു. ചില സമയങ്ങളില്‍ ഓര്‍മ്മയില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കണ്ണുകള്‍ അടച്ചാല്‍ പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദമാണ്. അവര്‍ മുറിയിലേക്ക്‌ ഓടിക്കയറി തന്റെ കൈക്കും കഴുത്തിനും കുത്തിപ്പിടിച്ച് അലറും! "തീവ്രവാദി!!! തീവ്രവാദിയാണിവന്‍!! പിന്നെ ചങ്ങലയില്‍ പിടിച്ച് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകും! ബഹളത്തിനൊടുവില്‍ മയങ്ങി എണീറ്റാല്‍ കഴിഞ്ഞതൊന്നും ഓര്മ്മയില്‍ ഉണ്ടാകില്ല. ഒരു പക്ഷെ അത് തന്നെ ആയിരിക്കണം ഭ്രാന്ത്‌ അല്ലെ? 

ചത്ത പാറ്റയ്ക്ക് ചുറ്റും ഉറുമ്പുകള്‍ കൂട്ടം കൂടിയിരിക്കുന്നു. അന്ന് തന്നെ കൊണ്ടുപോയ പോലീസുകാരും ഇങ്ങനെയായിരുന്നു! അബ്ദു പതുക്കെ വാരിയെല്ലുകളില്‍ തടവി!!!

 ............. രണ്ട് പോലീസുകാര്‍ അബ്ദുവിനെ പിടിച്ചെഴുന്നെല്പ്പിച്ച് ചുമരിനോട് ചേര്‍ത്ത് ‌ നിര്‍ത്തി . മുകളില്‍ നിന്നും കെട്ടിത്തൂക്കിയിട്ട ഇരുമ്പുകമ്പിയില്‍ രണ്ടു കൈകളും കൂട്ടിക്കെട്ടി. അറവുകാരന്റെ കടക്ക് മുന്നിലെ ആട്ടിന്‍ തല പോലെ നാക്ക് നീട്ടി നെഞ്ചിലേക്ക് തൂങ്ങി കിടന്നിരുന്നു അവന്റെ മുഖം!

മുഖം മുഴുവനും കപ്പടാ മീശയുള്ള വേറൊരു പോലീസുകാരന്‍ കയ്യിലെ തോര്‍ത്തില്‍ പൊതിഞ്ഞ ഇരുമ്പുകട്ടി വെച്ച് കൃത്യമായി വാരിക്ക്‌ തന്നെ കൊടുത്തു ഇടി. മങ്ങിയ വെളിച്ചത്തില്‍ അയാള്‍ എങ്ങിനെ ഇത്ര കൃത്യമായി ഇടിക്കുന്നോ ആവോ? ഓരോ ഇടിക്കും പിന്നാക്കം ആടിയുലഞ്ഞ അബ്ദുവിനെ നേരെ പിടിച്ചു നിറുത്തുന്നതിനായിരുന്നു മറ്റു മൂന്നുപേര്‍.

പിന്നെയും മണിക്കൂറോളം തുടര്‍ന്ന  മര്‍ദ്ദന മുറകള്‍ കഴിഞ്ഞപ്പോള്‍ പാവം "തീവ്രവാദി" ഞരങ്ങാന്‍ പോലും വയ്യാതെ തറയിലേക്ക് കമിഴ്ന്ന് വീണു.

"സാറേ..! ഇത്രേം ദിവസായിട്ടും ഇവന്റെെ വായെന്ന് കമാന്നൊരക്ഷരം വീണില്ല! യെവന്‍ നമ്മളുദ്ദേശിച്ചവനല്ലാന്നു തോന്നണു . ഇനീം ഭേദ്യം തൊടര്‍ന്നാ ചെലപ്പോ മ്മള് തന്നെ കെട്ടിത്തൂക്കേണ്ടി വരും

"അവന്റെക മേലുള്ള മുറിവോക്കെ ഒന്ന് ഉണങ്ങട്ടെ! രണ്ടു ദിവസം കൂടി കഴിഞ്ഞ് ഇറക്കി വിട്ടേരെ!"
--------------
ഇഡലിയുടെ മണം അബ്ദു കൊതിയോടെ മൂക്കിലേക്ക് വലിച്ചു കേറ്റി. പല്ല് തേപ്പും കുളിയുമെല്ലാം അപൂര്‍വ്വമാണ്. ആഴ്ചയിലൊരിക്കല്‍ ഉമ്മ കുളിപ്പിച്ച് തരും. അപ്പോഴും നീണ്ട ചങ്ങലയുടെ ഒരറ്റം ജനലഴിയില്‍ ഉണ്ടാകും.

പാത്രങ്ങളുടെ തട്ടലും മുട്ടലും കേള്‍ക്കുന്നു. അടുക്കളയില്‍ ഇത്താത്ത ഉണ്ട്. ഇന്ന് ചിലപ്പോള്‍ വിരുന്നുകാര്‍ ആരെങ്കിലും ഉണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ആകെ വെളിച്ചം തരുന്ന ആ ജനല്‍ അടഞ്ഞുകിടക്കും. അവര്‍ വരുന്നതിനു മുന്നേ തന്നെ ഉറക്കഗുളിക തന്ന് ഉമ്മായെ നിര്ബന്ധിച്ച് ഉമ്മറത്ത് നിന്നും അകത്തേക്ക്‌ ഇരുത്തും ഇത്താത്ത.

"ഇമ്മാ.....ഇമ്മാ......." കട്ടിലില്‍ കിടന്നു തന്നെ വിളിച്ചു.

"അനക്ക് പയ്ക്ക്ണാ അബ്ദ്വോ? ചായ കുടിക്കണാ?" അകത്തേക്ക് എത്തിനോക്കി ഉമ്മ ചോദിച്ചു.

"ജമീലാ...... ചായേന്റെ  കടി ആയാ?"

'ഓ... ആയീ! അത് കഴിച്ചിട്ട് വേണല്ലോ മൈസ്രെട്ടിന് ജോലിക്ക് പൂവാന്‍! നിക്ക് നൂറുകൂട്ടം പണിണ്ടിവ്ടെ. ആകെ രണ്ടു കയ്യല്ലേ ള്ളൂ! കുട്ട്യോള് സ്കൂളീ പൂവാറായി."
സദഖല്ലാഹുല്‍ അളീം! അല്ഹംചദുലില്ലാഹ്!!! ന്റെള മോനെ കാക്കണേ റബ്ബേ..!

ഉമ്മ ഓത്ത് നിറുത്തി ഖുര്‍ആന്‍ ചുണ്ടോട് ചേര്ത്തു  മുത്തി എണീറ്റു.

ഇങ്ങള് ആ വാതിലിന്റെ അടീക്കോടെ വെച്ച് കൊട്ത്താ മതി! അകത്ത്ക്ക് പോണ്ട! ഇന്നല്ത്തെ ബാക്കി വെറ്തെ വാങ്ങിക്കൂട്ടണ്ട!

വാതില്‍ കരകര ശബ്ദത്തോടെ തുറന്നു. ഇതൊക്കെ ഇച്ചിരി ഓയില്‍ കൊടുക്കണം. ആമിനുമ്മ മനസ്സില്‍ കരുതി. ഞളുങ്ങിയ പാത്രത്തില്‍ മൂന്നിഡ്ഡലിയും മേലെ അല്പ്പം സാമ്പാറും ഒഴിച്ച് ഒരു കപ്പില്‍ കട്ടന്‍ ചായയുമായി ആമിനുമ്മ അകത്തേക്ക്‌ എത്തിനോക്കി.

"ഇമ്മാനെ ഒന്നും ചെയ്യല്ലേ ട്ടാ....! നല്ല കുട്ട്യായിട്ട് വേം ചായേം ഗുളികേം കഴിച്ചാണി! ഇന്ന് ഓള്ടെ വീട്ടീന്ന് ആരോക്ക്യോ വിരുന്ന്ണ്ട് !

പ്ലേറ്റ്‌ കട്ടിലില്‍ വെച്ച് ഗുളിക കാച്ചിമുണ്ടിന്റെ കോന്തലയില്‍ തിരുകിവെച്ചു.

ബിസ്മില്ലാഹി ര്റഹ്മാനി ര്റഹീം!!

ഇഡലി കഷണങ്ങളാക്കി സാമ്പാറില്‍ മുക്കി വായിലേക്ക് വെച്ച് തരുമ്പോള്‍ ഉമ്മാടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആദ്യമായി കാണുന്നത് പോലെ അബ്ദു സൂക്ഷിച്ചു നോക്കി! തലയില്‍ നിന്നും തട്ടം തോളിലേക്ക് വീണപ്പോള്‍ വെള്ളിക്കമ്പികള്‍, അപ്പൂപ്പന്‍ താടി പോലെ തിളങ്ങി! നെറ്റി മുഴച്ച് കരുവാളിച്ചു കിടക്കുന്നു. ശ്വാസം വലിക്കുമ്പോള്‍ പ്രാവ് കുറുകുന്ന പോലെ ശബ്ദം! ശ്വാസം ആഞ്ഞു വലിക്കുന്നത് വ്യക്തമായി കേള്‍ക്കാം.

അഴുക്ക് പുരണ്ട കൈകള്‍ കൊണ്ട് പതുക്കെ ഉമ്മയുടെ മുടിയില്‍ തലോടി. നെറ്റിയിലെ മുഴയില്‍ ഉഴിഞ്ഞ് ചുക്കിച്ചുളിഞ്ഞ കവിളത്തെ കണ്ണീര്‍ ചാലുകള്‍ വിരല്ത്തുമ്പ് കൊണ്ട് തുടച്ചുകളഞ്ഞു. ഞാന്നു കിടക്കുന്ന കാതിലെ തോടയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഒന്ന് തട്ടി. കാതും തോടയും കൂടി ഊഞ്ഞാല് പോലെ ആടി. അവന്റെ കുസൃതി കണ്ട് ആമിനുമ്മ ചിരിച്ചു, കൂടെ അബ്ദുവും. ചിരി പൊട്ടിച്ചിരിയായി! അമര്‍ത്തിപ്പിടിച്ച അട്ടഹാസം പൊടുന്നനെ നിലച്ചു.

അബ്ദുവിന്റെ തലക്കുള്ളില്‍ ഒരു അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു! നൂറു കണക്കിന് ബൂട്ടുകളുടെ ശബ്ദം! കാലിലെ ചങ്ങലയുടെ ഒരറ്റത്ത് നിന്നും ഒരായിരം വോള്‍ട്ട് വൈദ്യുതി ശരീരത്തിലൂടെ പ്രവഹിച്ചു. തലച്ചോറിനുള്ളില്‍ കിടന്നു ഒരു ഗ്രൈന്‍ഡര്‍ കറങ്ങി. ഹൃദയത്തിലെ വെടിക്കെട്ട്‌ അന്ത്യത്തിലേക്ക് അടുത്തപ്പോള്‍ തറയും കട്ടിലും ശക്തമായി വിറച്ചു. വീഴാനാഞ്ഞ അബ്ദുവിന്റെ കൈകള്‍ ഉമ്മയുടെ തട്ടത്തില്‍ മുറുക്കിപ്പിടിച്ചു.

ക്രമേണ മൂളല്‍ കുറഞ്ഞു. വെടിക്കെട്ട്‌ കഴിഞ്ഞ് നീല നിറത്തിലുള്ള പുക മാത്രമായി. ഗ്രൈന്ഡറിന്റെ കറക്കം നിലച്ചു. ഉമ്മയുടെ ചലനമറ്റ ശരീരം അവന്റെക മാറിലേക്ക്‌ കുഴഞ്ഞുവീണു. ചുണ്ടിനരികിലൂടെ ചുവന്ന ചാലൊരുക്കി രക്തം ഒഴുകിയിരുന്നു. പകുതി പൊട്ടിച്ച ഇഡലിയും പാത്രവും നിലത്ത് കിടന്നിരുന്നു.

ഉമ്മ ഒരു ഉച്ചമയക്കത്തിലെന്ന പോലെ കിടക്കുന്നു. വെറ്റില മുറുക്കിന്റെ ചോരച്ചാലുകള്‍ വായില്‍ നീന്നും ഒഴുകിയിറങ്ങുന്നു.  ഉമ്മ അറിയാതെ മെല്ലെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു കളഞ്ഞു. കഴുത്തിലെ തിണര്ത്ത  പാടില്‍ മെല്ലെ വിരലോടിച്ച് അപ്പോഴും തുറന്നിരുന്ന കണ്ണുകള്‍ കൈ കൊണ്ട് മെല്ലെ തടവി അടച്ചു. ഉമ്മയോട് ചേര്ന്ന്  കിടന്ന് കാതിനരികില്‍ ചുണ്ട് ചേര്ത്തു  വെച്ച്  അബ്ദു പാടി! ഉമ്മ പാടാറുള്ള അതേ താരാട്ടുപാട്ട്.

ആറ്റലായ പൈതലേ.. ആരംഭ പൊന്നോമലെ 
ആശയെകും ആമ്പലെ.. അല്ലാഹ് തന്ന കാതലേ..........!

അബ്ദു ഒന്നുകൂടി തലയുയര്ത്തി നോക്കി. ഇപ്പോള്‍ ഉമ്മ ശരിക്കും ഉറങ്ങിയിരിക്കുന്നു! അബ്ദു ഉമ്മയോട് ഒന്നുകൂടി ചേര്ന്ന്  കിടന്നു.

ശക്തമായ കാറ്റില്‍ തുറന്നുകിടന്ന ആ ജനല്പാളി അടഞ്ഞു! അബ്ദുവിന്റെ താരാട്ട് മൂളിപ്പാട്ടായി നേര്‍ത്തു തുടങ്ങി . ചിറകും കാലും ഇല്ലാത്ത പാറ്റയുടെ ജഡവും വഹിച്ച് ഉറുമ്പുകള്‍ ഘോഷയാത്ര തുടങ്ങിയിരുന്നു.


Tuesday 9 September 2014

അമ്മമഴക്കാറ്....!

തൊടിയിലേക്ക്‌ തുറന്ന ജാലക വാതിലിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റിനൊപ്പം അമ്പലത്തിലേക്ക് പോകുന്ന അയ്യപ്പന്മാരുടെ മന്ത്രധ്വനി മുഴങ്ങി! കൂട്ടത്തിലുള്ള കുഞ്ഞയ്യപ്പന്മാര്‍ തണുത്ത് വിറച്ച് ഉറക്കെ ശരണം വിളിക്കുന്നുണ്ടായിരുന്നു. ഭക്തിഗാനവും ചന്ദനത്തിരിയുടെ പരിമളവുമായി ആറുമണിയുടെ "കിഴക്കെപ്പറമ്പില്‍" നീണ്ട ഹോണടിച്ച് കടന്നുപോയി.

"
അയ്യോ! ഇന്യൂം കെടന്നാ ശെര്യാവില്ല്യ!" അവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച സതീശന്റെ കൈ പതുക്കെ പിടിച്ചുമാറ്റി മായ കിടക്കയില്‍ എണീറ്റിരുന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

കുളി കഴിഞ്ഞ് ഈറനായി കണ്ണന്‍റെ മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ഥിച്ചു. തലേന്നത്തെ പാത്രങ്ങള്‍ കിണറ്റിന്‍ കരയിലേക്ക് വെച്ച് ചായക്കുള്ള വെള്ളവുമായി എത്തിയ മായയെക്കണ്ട് അടുപ്പിനിരകില്‍ സുഖനിദ്രയിലായിരുന്ന അപ്പുപ്പൂച്ച അനിഷ്ടം മറച്ചുവെക്കാതെ ഒന്ന് വളഞ്ഞ് നിവര്‍ന്ന് ചാടിയിറങ്ങി!

"മാഷേ.....കിഴക്കെപ്പറമ്പില്‍" പോയീ ട്ടോ! ണീറ്റോളൂ! ദാ .. ചായ റെഡി" ആവി പറക്കുന്ന ചായ ടേബിളില്‍ വെച്ച് ചുരുണ്ടുകൂടി കിടന്നിരുന്ന സതീശനെ കുലുക്കി വിളിച്ചു.

"അമ്മടെ അടുത്തൊന്നു പോണം! നിയ്യ്‌ പോരുന്നോ?" പുതപ്പ് തലയില്‍ നിന്നും മാറ്റി സതീശന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.

"അപ്പ മാഷ്‌ ന്ന് ഇസ്കൂളീ പോണില്ല്യെ?"

"ഇല്ല്യാ. ശങ്കരമേനോന്‍ മാഷെ വിളിച്ച് പറയാം."

"മ്മ്മം...നട്ടപ്പാതിരക്ക് ഉറക്കത്തീന്ന് എണീറ്റ് വെള്ളം കുടിക്കണ കണ്ടപ്പ നിരീച്ചു. നിയ്ക്കും വരാര്ന്നൂ! ഇന്ന് മോള് ഹോസ്റ്റലീന്ന് വരൂലെ?"

'അത് ശര്യാലോഞാന്തന്നെ പോയ്‌ വരാം"

അഴിഞ്ഞുപോയ കൈലി മുറുക്കി കുത്തി സതീശന്‍ എണീറ്റു. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് കൊല്‍ക്കുഴിഞ്ഞു ജനലിലൂടെ തുപ്പി. ചായഗ്ലാസ്‌ എടുത്ത്‌ ചുണ്ടോടു ചേര്‍ത്തുവെച്ചു.

"ബ്രഷില്‍ പേസ്റ്റ് തേച്ച് വടക്കിനീല് വെച്ചട്ട്ണ്ട്. തോര്‍ത്തും സോപ്പും!" അടുക്കളയിലേക്ക് പോകും വഴി മായ വിളിച്ചുപറഞ്ഞു.

മുറ്റത്ത്‌ കാല്‍പ്പെരുമാറ്റം കേട്ട് മായ ജനലിലൂടെ എത്തിനോക്കി. അമ്പിയമ്മയാണ്!

അമ്പ്യമ്മ എത്ത്യോഈ നാള്യെരം ഒന്ന് ചിരകി തന്നിട്ട് മുറ്റം അടിച്ചാ മതിട്ടോ! വേഗായ്ക്കോട്ടേ. മാഷ്ടെ കുളി കഴ്യാറായി."

കുളിമുറിയില്‍ നിന്നും ഉയര്‍ന്ന ശബ്ദ കോലാഹലങ്ങള്‍ നേര്‍ത്തിരുന്നു. മാഷ്‌ പല്ല് തേക്കുമ്പോള്‍ അങ്ങനെയാണ്! ബഹളം കേട്ടാല്‍ ആരൊക്കെയോ ചേര്‍ന്ന് വഴക്കുണ്ടാക്കുന്ന പോലെ തോന്നും!

കുളിമുറിയുടെ തകരവാതില്‍ വെള്ളം വീണു തുരുമ്പ് പിടിച്ച വിജാഗിരിയുടെ ശബ്ദത്തിനൊപ്പം തുറന്നു.

"അമ്പ്യമ്മേ! മ്മ്ടെ ഗോപാലനോട് വരാമ്പറഞ്ഞിട്ട് ആളെ കാണാല്ല്യാല്ലോആ വാതില് എപ്ലാണാവോ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാ?"

"അവനിപ്പ ഒന്നിനും നേരല്ല്യ ന്‍റെ മായക്കുഞ്ഞേ! ആ പെണ്ണിന്‍റ പിന്നാല്യെന്ന്യാ എപ്ലും. പുതുമോട്യേല്ലെഎത്രെമ്പോരം ആള്‍ക്കാരാ വീട്ടില് അന്വേഷിച്ച് വരണെ. അയ്നെങ്ങന്യാഒരു പണി കിട്ട്യാ മുഴോനാക്കാണ്ടേ പോര്വേല്ലേ?"

"ന്നാലും അമ്പ്യമ്മ അവനോട് ഒന്ന് ഇത്രടം വരെ വരാന്‍ പറയ്‌!" അല്ലെങ്കി മാഷ്‌ അങ്ക്ട് വരുംന്ന് പറഞ്ഞാ മതി"

"ഞാ പറഞ്വോക്കാം! ചിരകിയ നാളികേരം അടുപ്പിന്‍ തിണ്ണയില്‍ വെച്ച് ആയമ്മ കിണറ്റിന്‍ കരയിലേക്ക് നടന്നു.

"മായേ... ഷര്‍ട്ട്?"

"ഷര്‍ട്ടും മുണ്ടും കര്‍ച്ചീഫും കട്ടിലുമ്മേണ്ട് മാഷേ..." കുറ്റിയില്‍ നിന്നും ആവി പറക്കുന്ന പുട്ട് കുത്തി പാത്രത്തിലേക്കിടുന്നതിനിടയില്‍ മായ അടുക്കളയില്‍ നിന്നും വിളിച്ച് പറഞ്ഞു.

കാപ്പികുടി കഴിഞ്ഞ് വസ്ത്രം മാറി ഉമ്മറത്ത് വന്നിരുന്ന സതീശന്‍ അകലെ നിന്നും ബസിന്‍റെ ഹോണടി കേട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ഞാന്‍ ഇറങ്ങി ട്ടോ!”.  

"ആആആ .. വേം കേറ് .. വേം കേറ്..

ഡാ.. വാസ്വോ! ധൃതി പിടിക്കണ്ട. കുട്ട്യോള് കേറട്ടെ!

ഓഓ... ആയ്ക്കോട്ടെ ശ്രീരേട്ടാ..! പോട്ടെ റൈറ്റ്‌!" ഡബിള്‍ ബെല്ലടിച്ച് കിളി മുന്നിലെ വാതിലില്‍ തൂങ്ങിക്കിടന്നു.

സ്കൂള്‍ സമയം ആയതുകൊണ്ട് ബസ്സില്‍ നല്ല തിരക്കാണ്. തമാശകള്‍ പറഞ്ഞ്നിറഞ്ഞ ചിരിയുമായി മദ്ധ്യവയസ്കനായ കണ്ടക്ടര്‍ അവര്‍ക്കിടയിലൂടെ ഊളിയിടുന്നു. കുട്ടികളാണ് കൂടുതലും. ശ്രീധരന്‍ വളരെക്കാലമായി ആ ബസ്സില്‍ കണ്ടക്ടര്‍ ആണ്.

"എന്താണ്ടാ ചെക്കാ നെന്‍റെ ബാഗില്ചക്ക്യോ?" നീട്ടിപ്പിടിച്ച കുഞ്ഞിക്കയ്യിലെ ചില്ലറ പെറുക്കിയെടുത്ത് ശ്രീധരന്‍ അവനോട് ചോദിച്ചു. പുഴുപ്പല്ലും കാണിച്ച് നാണത്തോടെ അവന്‍ ചിരിച്ചു.

"സതീശന്‍ മാഷേ.. ഈ കുട്ടിക്കൊരങ്ങനെ ആ ഗ്യാപ്പില്‍ക്ക് നിര്‍ത്തിക്കോഎപ്ലും മോന്തേം കുത്തി വീഴ്ച്ച്യാ!" കേട്ടതും വളരെക്കാലമായി പരിചയമുള്ള പോലെ ആ കൊച്ചുമിടുക്കന്‍ സീറ്റിനിടയില്‍ കടന്ന് മടിയില്‍ ഇരിപ്പുറപ്പിച്ചു.

നീല റിബ്ബണുകള്‍ കൊണ്ട് മുടിയുടെ രണ്ട് വശത്തും "ബട്ടര്‍ഫ്ലൈ" കെട്ടിയ സുന്ദരിക്കുട്ടി മാഷെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ആ ഹെയര്‍സ്റ്റൈലിന് "കൊമ്പ് കുലുക്കും പശൂമ്പ" ന്നാണ് അമ്മു മോള് പറഞ്ഞിരുന്നത് ... സതീശന്‍ ഓര്‍ത്തു.

"മോളുടെ ബാഗിങ്ങ് താ! മാഷ്‌ പിടിച്ചോളാം.

നാണത്തോടെ നിന്ന അവളുടെ മുതുകില്‍ നിന്നും ബാഗെടുത്ത് സീറ്റിനോട് ചേര്‍ന്ന് വെച്ചു. നല്ല ഭാരമുണ്ട്!

"നോക്കണ്ട മാഷേ! ഒരു പൈനഞ്ചു കിലോ ങ്കിലും ണ്ടാവും. ഇപ്പ ഈ കുഞ്ഞുമക്കക്ക് പഠിക്കണെന്റൊപ്പം ജീവിത ഭാരം താങ്ങാള്ള ട്രൈനിങ്ങും കൂട്യാ കിട്ടണേ.. നമ്മട്യെക്കെ കാലത്ത്‌ രണ്ട് നോട്ടുബുക്ക്‌ നടു മടക്കി പിടിച്ചാ കഴിഞ്ഞു!" ഞാ നടു മടക്കിപ്പിടിച്ചുകണ്ടക്ട്രായി. നിങ്ങള് മടക്കാണ്ടേ പിടിച്ചോണ്ട് മാഷും ആയി" ശ്രീധരന്‍ പിന്നെയും ചിരിച്ചു. കൂടെ അയാളും.

ബസ്സ്‌ എല്‍പി സ്കൂളിന് അരികില്‍ പരമാവധി ചേര്‍ത്ത് നിര്‍ത്തി. എല്ലാ കുഞ്ഞുങ്ങളും ഇറങ്ങിയതിന് ശേഷം ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി!

കുറച്ചു നേരത്തിന് ശേഷം ബസ്സ്‌ ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി.

"ഇച്ചിരെ താംസണ്ടാവും ട്ടോ മാഷെ! കൂടെ വന്നാ ഓരോ കാലിച്ചായ അടിക്ക്യാം" ശ്രീധരന്‍ തോളില്‍ കിടന്ന ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ചുകൊണ്ട് പറഞ്ഞു.

"ഞാവ്ടെ ഇരുന്നോള! നിങ്ങള് പോയിവാ..."

കാന്റീനില്‍ നിന്നും എണ്ണ പലഹാരങ്ങളുടെ മണത്തോടൊപ്പം ഒരു പഴയ മലയാള ഗാനത്തിന്റെ ശീലുകള്‍ കാറ്റില്‍ ഒഴുകിയെത്തി.

കണ്ണുമടച്ച് സീറ്റിലേക്ക്‌ ചാരിയിരുന്ന സതീശന്റെ മനസ്സ് ത്രായിക്കര തറവാട്ടിലെത്തി! സിംഹപ്രതിമയുള്ള പടിപ്പുര കടന്നാല്‍ നിരനിരയായി നില്‍ക്കുന്ന പുളിമരങ്ങളാണ്. കാറ്റില്‍ പൊഴിഞ്ഞുവീഴുന്ന കുഞ്ഞു ഇലകള്‍ കട്ടിയുള്ള ഒരു പച്ച പരവതാനി പോലെ കാണാം. കൊഴിഞ്ഞുവീണ കുഞ്ഞുപുളികള്‍ പെറുക്കാന്‍ കുട്ടികള്‍ എത്തും. മധുരം കലര്‍ന്ന പുളിയാണതിന്!

ജോലികിട്ടി പട്ടണത്തിലേക്ക്‌ പോകുമ്പോള്‍ അമ്മയെയും കൂടെ കൊണ്ടുപോകാന്‍ തുനിഞ്ഞതാണ്. എത്രയും നിര്‍ബന്ധിച്ചിട്ടും അച്ഛന്റെ അസ്ഥിത്തറയുള്ള ആ വീട് വിട്ടു എങ്ങോട്ടും പോകാന്‍ അമ്മ തയ്യാറായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും അമ്മക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട്. പശുവും കോഴികളും തൊടിയിലെ നാനാജാതി മരങ്ങളെയും വിട്ട് അമ്മ എങ്ങോട്ടെക്കും ഇല്ലത്രേ. അമ്മക്ക് എല്ലാറ്റിനും വിലാസിനിക്കുഞ്ഞമ്മ മാത്രം മതി. ചെറിയച്ചന്‍ പണ്ടെങ്ങോ അവരെ ഉപേക്ഷിച്ച് നാടുവിട്ടതാണ്.

തനിക്കേറെ ഇഷ്ടമുള്ളതേങ്ങ അരച്ച് വെച്ച കുമ്പളങ്ങക്കറിയും കടുമാങ്ങാ അച്ചാറും കൂട്ടിയുള്ള ഊണ്. വടക്കിനിയിലെ തണുത്ത തറയില്‍ അമ്മയുടെ മടിയില്‍ തലവെച്ചുള്ള ഉച്ചമയക്കം. ഇടതൂര്‍ന്ന മുടിയിലൂടെ അമ്മയുടെ കൈവിരലുകള്‍ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കും. നെറ്റിയിലെ ചന്ദനക്കുറിയും ചിരിമായാത്ത മുഖവും മനസ്സില്‍ കുളിര് പടര്‍ത്തിയപ്പോള്‍ സ്വപ്നത്തിലെന്ന പോലെ അമ്മയുടെ ഗന്ധം അയാളെ തഴുകി കടന്നുപോയി. അമ്മയിപ്പോള്‍ എന്ത് ചെയ്യുകയാവും?

"ആഹാ! ഒറങ്ങ്വന്നാ പൂവല്ലേ മാഷേ?" ശ്രീധരന്‍റെ ശബ്ദം മാഷെ ത്രായിക്കരയില്‍ നിന്നും തൃശൂരിലെക്ക് എത്തിച്ചു. സീറ്റില്‍ കിടന്ന തോര്‍ത്തെടുത്ത് ചില്ലുകള്‍ തുടച്ചു വൃത്തിയാക്കി ഡ്രൈവര്‍. ടയറിന്നടിയില്‍ വെച്ച മരക്കട്ട എടുത്ത് ഫ്രണ്ട്‌ സീറ്റിനടിയിലേക്ക് തള്ളിവെച്ചു കിളിച്ചെക്കന്‍.

ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി. തിരക്ക്‌ കുറവായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. വീശിയ തണുത്ത കാറ്റില്‍ സതീശന്റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു. പിറകില്‍ നീട്ടി വളര്‍ത്തിയ മുടിയില്‍ തലോടിയ കാറ്റിന്റെ കൈകള്‍ അമ്മയുടെ മൃദുവായ വിരലുകള്‍ പോലെ തോന്നിച്ചു.

"സ്ഥലെത്തീട്ടോ മാഷേ..!" ശ്രീധരന്‍ പതുക്കെ സതീശന്റെ മുതുകില്‍ തട്ടിക്കൊണ്ട് പറഞ്ഞു. "മാഷ്‌ റിട്ടേണ്‍ ട്രിപ്പില് ണ്ടാവ്വോലോ ല്ലേ?" സതീശന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.


ബസ്സിറങ്ങി മുക്കിലെ പലചരക്ക് കടയിലേക്ക് നടന്നു. കടക്കാരന്‍ പതിവ് മുറുക്കാന്‍ പൊതി തയ്യാറാക്കി വെച്ചിരുന്നു. പൈസയെടുത്ത് കൊടുത്ത് ബാക്കി വാങ്ങിക്കാതെ ഇറങ്ങി നടന്നു.

ചാരിയിട്ടിരുന്ന പടിപ്പുര വാതില്‍ മെല്ലെ തള്ളി നീക്കി സതീശന്‍ അകത്തേക്ക്‌ നടന്നു. ഉണങ്ങിക്കരിഞ്ഞ പുളിയിലകളില്‍ അമര്‍ന്ന കാല്‍പ്പെരുമാറ്റം കേട്ട് വീടിനടുത്തുള്ള ചായ്പ്പില്‍ നിന്നും കുഞ്ഞമ്മ ഇറങ്ങിവന്നു.

"ആരാത്കുട്ടനാ?" പുരികത്തിന് മുകളില്‍ കൈ വെച്ച് അവര്‍ ചോദിച്ചു. പ്രായമേറെ ആയിരിക്കുന്നു.

"മ്മ്മ്മ്മ്മ്മം.." അയാള്‍ ഒന്ന് മൂളി. മുറുക്കാന്‍ പൊതി കുഞ്ഞമ്മയുടെ കയ്യിലേക്ക്‌ കൊടുത്തു. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് വിറയ്ക്കുന്ന കൈകളോടെ അവര്‍ നീട്ടിയ തീപ്പെട്ടി വാങ്ങി പതുക്കെ തെക്കിനിയിലെക്ക് നടന്നു.

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് കത്തിച്ച് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

"കുട്ടാ... അമ്മടെ മോന്‍ എത്ത്യോ? ന്യിക്ക് തോന്നി നിയ്യ് ഇന്ന് വരുംന്ന്!" അമ്മയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നെങ്കിലും ഈറനായ കണ്ണുകള്‍ മുന്നിലെ കാഴ്ച്ചയെ മറച്ചിരുന്നു.

"ദാ വരുന്നമ്മേ...” കണ്ണുനീരില്‍ കുതിര്‍ന്ന കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തിത്തുടച്ച്‌ അമ്മയുടെ അസ്ഥിത്തറയ്ക്കരികിലെക്ക് സതീശന്‍ മെല്ലെ നടന്നു!

വീശിയ കാറ്റില്‍ അച്ഛനുമമ്മയ്ക്കും തണലായി നിന്ന ആ വലിയ മാവില്‍ നിന്നും ഒരില അടര്‍ന്ന് അമ്മയുടെ അസ്ഥിത്തറയിന്മേല്‍ വീണു. നനുനനെ ചാറിയ മഴക്കൊപ്പം ആ ഇലക്ക് മുകളില്‍ അയാളുടെ കണ്ണുനീരും!