Wednesday, 5 September 2012

ഉപ്പുമാവും കല്യാണി ടീച്ചറും....!


ബുള്ളറ്റ്‌ പാതയോരത്ത് ഒതുക്കി നിര്‍ത്തി. ആര്‍ത്തിയോടെ ഞാന്‍ പിന്നെയും  തിരിച്ചു നടന്നു, ടാറിട്ട ആ വഴിയിലൂടെ. മുപ്പത്തിയെട്ട് – നാല്‍പ്പത് കൊല്ലം മുന്നേ ട്രൌസറും, പാന്‍റും പിന്നെ മുണ്ടും വഴിമാറിയ വര്‍ഷങ്ങളില്‍ തന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ അതെ വഴി. ആദ്യത്തെ കുഞ്ഞു വഴിയല്ല ഇപ്പോള്‍, വീതി നല്ലോണം കൂട്ടിയിരിക്കുന്നു. റോഡിന്‍റെ ഒരറ്റത്താണ് മുന്നിലത്തെ മുറി പീടികയാക്കിയ മേര്യെച്ചീടെ വീട്.

രണ്ടാമത്തെ പ്രാവശ്യോം കണ്ടപ്പോ മേര്യേച്ചി സൂക്ഷിച്ചു നോക്കി! ഈ ചെക്കന് പ്രാന്തായോന്നാവും!


എന്ത്യേരാ? വല്ലോം കാണാണ്ടായാ? ഒന്നൂടെ സൂക്ഷിച്ചു നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു ആ.. നീയ്യ .. എപ്ലേ വന്നേഡാ?

കൊര്‍ച്ചീസായി! സുഖല്ലേ മേര്യെച്ചീ??

എന്തൂട്ട് സുഖം? അച്ചായന്‍ പോയ വിവരം അറിഞ്ഞില്ല്യെ നിയ്യ്‌? നെനെക്കെത്രേ പിള്ളേരട പ്പൊ?

പ്രായമായി മേര്യെച്ചിക്ക്, തലമുടിയെല്ലാം വെളുത്തിരിക്കുന്നു. കുറഞ്ഞ നേരം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കള്ടെം മരുമക്കള്‍ടേം വിശേഷങ്ങള്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി നടന്നു.

തൃശൂര്‍ ജില്ലയിലെ കുര്‍ക്കഞ്ചേരി പഞ്ചായത്തിലെ മങ്ങാട്ട് ലൈന്‍! ജനിച്ചു കളിച്ച് വളര്‍ന്ന ദേശം! ഒരുപാട് കൂട്ടുകാര്‍, കുഞ്ഞു കുഞ്ഞു വഴക്കുകള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും അങ്ങേയറ്റം സ്നേഹത്തോടെ, സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന അയല്‍വീടുകള്‍! റോഡിന്‍റെ ഒരറ്റം മുതല്‍ ഒരേ നിരയില്‍ തുടങ്ങുന്ന ഒരേപോലെയുള്ള പത്തു കുഞ്ഞ്യേ വീടുകള്‍. ആത്തുത്തെം, പാത്തുത്തെം, മേരിചെച്ചീം (വേറെ) കിടക്കക്കാരനും......! ഇപ്രത്തെ സൈഡിലും ഉണ്ട് ഒരു അഞ്ചുമുറി. അത് കഴിഞ്ഞാ തട്ടാമ്മാരുടെ, പിന്നെ രാജേട്ടന്റെ വീട്. അതിന് ശേഷമാണ് ചെറിയ ഗേറ്റും മതിലും ഉള്ള ഇളംനീല പെയിന്‍റ് അടിച്ച, ഓടിട്ട, ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട്!

ശരിക്കും ഒരു തീവണ്ടിയുടെ ബോഗി പോലെ ആയിരുന്നു ആ വീട്! കമ്പി അഴികളും നാലുപൊളി വാതിലും കടന്നാല്‍ ഉമ്മറം. ഒരു ഹാള്‍, ഹാളില്‍ നിന്നുള്ള വാതില്‍ ഒരു കുഞ്ഞ്യേ മുറിയിലേക്ക്‌, ആ വാതില്‍ അടുക്കളയിലേക്ക്‌! അവിടന്ന് നോക്കിയാല്‍ കണ്ണെത്തും ദൂരത്ത് കക്കൂസ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പിയിടാന്‍ മുട്ടുമ്പോ കല്ലെടുത്ത് കക്ഷത്ത്‌ വെച്ച് മാക്സിമം ഡിലെ ആക്കി ഓടിവന്ന് ലോകത്തെവിടേയും കിട്ടാത്ത ആശ്വാസത്തോടെ ഇതേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അനുഭൂതിയോടെ ഇരിക്കുന്ന സ്ഥലം!   മാസത്തിലൊരിക്കല്‍ ഉള്ള ബാലസുധ പ്രയോഗത്തിന്‍റെ രക്തസാക്ഷി!!! പിന്നെയും നീണ്ടുതന്നെ കിടക്കുന്നു പറമ്പ്‌!.

അപ്പുറത്താണ് ജാന്വേച്ചീടെ വീട്. നാരായണേട്ടന്‍ കരുവാന്‍ (ഇരുമ്പുപണിക്കാരൻ) ആയിരുന്നു. ഇടക്കെപ്പോഴോ ഗള്‍ഫില് പോയി ജോലിക്കിടയില്‍ വിരല്‍ മുറിഞ്ഞ് മടങ്ങി വന്നത് ഓര്‍ക്കുന്നു. ഓണമായാലും വിഷു ആയാലും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ആ ഒരു വീട് തന്നെ! വിഷുക്കട്ടയുടെയും ഓണസദ്യയുടെയും അതേ സ്വാദ് പിന്നീടൊരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം!

അത് കഴിഞ്ഞാ ഒപ്പനേടെം മുക്കന്റെം വീട്! ഒപ്പനേടെ പേര് ഗഫൂര്‍ എന്നാണെന്ന് വലുതായപ്പോ മനസ്സിലായെങ്കിലും മുക്കന്റെ ഒറിജിനല്‍ പേര് എന്തോ മനസ്സിലാക്കാന്‍ മുതിര്‍ന്നില്ല ഇത് വരെ!!!!

നാലുംകൂടിയ വഴിക്കപ്പുറമാണ് സ്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രിന്‍സിന്റെ വീട്. മെലിഞ്ഞുണങ്ങിയ ഭാരതിചേച്ചിയും പ്രിന്‍സിന്റെ ജ്യേഷ്ഠന്‍ ജയപ്രകാശും ഒരു സഹോദരിയും. പിന്നെ മാഷ്ടെ വീട്. മാഷ്ടെ വീട്ടില്‍ നിന്നാണ് കുര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ബാലസമാജത്തിന്റെ കാവടികള്‍ പുറപ്പെടുന്നത്. മാഷുടെ വീടിനെതിര്‍വശം കേശവേട്ടന്റെ വീട്. മങ്ങാട്ട് ലൈനില്‍ ഉള്ള കുട്ടികള്‍ എല്ലാം മക്കളില്ലാത്ത കേശവേട്ടന്റെ വളര്‍ത്തുമക്കള്‍! അന്നുണ്ടായിരുന്ന അപൂര്‍വം ടാക്സിക്കാറുകളില്‍ ഒന്ന് കേശവേട്ടന്റെ ആയിരുന്നു. ഇടയ്ക്കിടെ കിട്ടുന്ന മിഠായിയുടെ സ്വാദും, പമ്പരം കൊത്തിനിടയില്‍ ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കടന്നു പോയ കേശവേട്ടന്റെ കാറിന്‍റെ ടയര്‍ രണ്ടു പമ്പരം ഞങ്ങള്‍ അറിയാതെ കൊണ്ടുപോയതും, സാവധാനം പോകുന്ന കാറിന്‍റെ പിന്നിലെ ബമ്പറില്‍ അള്ളിപ്പിടിച്ച് ഓസിയില്‍ യാത്ര ചെയ്യുന്ന സമദിനെയും എങ്ങനെ മറക്കാന്‍?

റോഡ്‌ ചെന്ന് അവസാനിക്കുന്നത് പടിപ്പുരയുള്ള വീട്ടിലേക്കാണ്. തൊട്ടടുത്ത്‌ പോമറേനിയന്‍ നായും പുളിമരങ്ങളും ഉള്ള മങ്ങാട്ടെ വീടായി! ഗേറ്റ് കഴിഞ്ഞ് കുറച്ചു ദൂരം നടക്കണം മങ്ങാട്ടെ സുശീലെച്ചീടെ വീട്ടില്‍ എത്താന്‍! പാല് വാങ്ങാന്‍  പോകുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടെ അകത്ത്‌ കടക്കാറുള്ളൂ! പോമറേനിയന്‍ വന്നാല്‍ കിട്ടാവുന്ന സ്പീഡില്‍ തിരിഞ്ഞോടണ്ടേ?  

ആ പടിപ്പുരക്കുള്ളിലൂടെ ഒരെളുപ്പവഴിയുണ്ട് ഞങ്ങള്‍ പോയിരുന്ന നേഴ്സറിയിലേക്ക്‌. ഞങ്ങള്‍ അഞ്ചു സഹോദരങ്ങളെയും പഠിപ്പിച്ച ബഹുമതിക്ക്‌ രണ്ടേ രണ്ടു ടീച്ചര്‍മാര്‍ മാത്രം സ്വന്തം! നഴ്സറിയിലെ കല്യാണി ടീച്ചറും രാമാനന്ദ ലോവര്‍ പ്രൈമറി സ്കൂളിലെ അറബി അധ്യാപിക സുഹറാബി ടീച്ചറും.

കല്യാണി ടീച്ചറുടെ കൂടെ ഒരു കമലം ടീച്ചറും ഉണ്ടായിരുന്നു. ആയമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെ വാനമ്പാടി എസ്‌ ജാനകിയമ്മയാണ് മനസ്സില്‍ കടന്നു വരിക. നെറ്റിയിലെ വലിയ പൊട്ടും കോളര്‍ ഉള്ള ജാക്കറ്റും! മൂടിപ്പൊതിഞ്ഞ വെള്ള സാരിയും. എങ്കിലും കൂടുതല്‍ അടുപ്പം എല്ലാവര്‍ക്കും കല്യാണി ടീച്ചറുമായി തന്നെ!

പിന്നീട് ആ വീട് വിറ്റ് കണ്ണംകുളങ്ങരയിലെ വീട്ടില്‍ താമസിക്കുമ്പോഴും കിട്ടുമായിരുന്നു ഇടയ്ക്കിടെ ഒരു പാത്രം ഉപ്പുമാവ്‌, ടീച്ചര്‍ കുരിയച്ചിറ ഉള്ള വീട്ടിലേക്ക്‌ പോകുന്ന വഴി...!!

രാവിലെ കുട്ടികള്‍ക്ക് പാല് കുടിച്ച് ഉറങ്ങാനുള്ള സമയം ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്. ബുള്ളറ്റിന്റെ കുടുകുടു ശബ്ദം കുട്ടികളെ ശല്യപ്പെടുത്താതിരിക്കാന്‍ നഴ്സറിക്ക് മുന്നിലെ ഇടവഴിയില്‍ എത്തിയപ്പോള്‍ ഓഫ് ചെയ്തു. ഇറക്കത്തിലൂടെ പതുക്കെ ഒഴുകി നീങ്ങി അവള്‍! എലൈറ്റ്‌ ആശുപത്രിക്ക് മുന്നിലെ ബേക്കറിയില്‍ നിന്നും രണ്ടു പാക്കറ്റ്‌ മിഠായി വാങ്ങിയിരുന്നു.

ശബ്ദം കേട്ട് വാര്‍ദ്ധക്യത്തിന്‍റെ അകമ്പടിയോടെ ടീച്ചര്‍ ഇറങ്ങി വന്നു! മുഖത്ത് ക്ഷീണം ഉണ്ടെങ്കിലും പണ്ടത്തെ അതേ ചിരി! ടീച്ചര്‍ മറന്നിട്ടില്ല! കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് നിന്നു കുറച്ചുനേരം ... ഒന്നും മിണ്ടാതെ!

നിലത്ത് പായില്‍ നാലഞ്ചു കുട്ടികള്‍ കിടന്നുറങ്ങുന്നു! പണ്ടൊക്കെ ഒരു കുഞ്ഞ്യേ സ്കൂള്‍ പോലെ തന്നെയായിരുന്നു.

ഇപ്പൊ പഴെപോലെ ഒന്നൂല്ല്യാ മോനെ! ആരോഗ്യവും ഇല്ല. കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ നമ്മുടെ ഈ നഴ്സറിയൊന്നും വേണ്ട! കെയര്‍ടേക്കറും പ്ലേ സ്കൂളും മതി!

പോക്കറ്റില്‍ നിന്നും കുറച്ചു രൂപ എടുത്ത് ടീച്ചറുടെയും ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മായിയുടെയും കയ്യില്‍ നിര്‍ബന്ധിച്ച് വെച്ചുകൊടുത്തു യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ നാവില്‍ മഞ്ഞക്കളറില്‍ ഉള്ള റവ ഉപ്പുമാവിന്റെയും കടുക് പൊട്ടിച്ച് വേപ്പിലയിട്ട നുറുക്ക് ഗോതമ്പ്‌ ഉപ്പുമാവിന്റെയും രുചി!!!!

ഇനി വരുമ്പോ മക്കളേം കൊണ്ടരണം ട്ടോ.. ടീച്ചര്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു!

വലത്ത് നിന്നും നാലാമത് നിലത്ത് പുല്‍പ്പായില്‍ കിടന്നുറങ്ങിയിരുന്ന കുട്ടി ഞാനായിരുന്നു! 


സ്നേഹത്തോടെ... സിറൂസ്!

Wednesday, 13 June 2012

ഒരിക്കല്‍ക്കൂടി പ്രവാസച്ചൂടിലേക്ക് ...........!!!!


ഒന്ന് മയക്കം പിടിച്ചതെയുള്ളൂ. അലാറം അടിച്ചു. ചുറ്റിപ്പിടിച്ച കൈ പതുക്കെ എടുത്തുമാറ്റി എണീറ്റു ബാത്ത്‌റൂമിലേക്ക് നടന്നു. പിന്നില്‍ നിന്നും വിതുമ്പല്‍. അവള്‍ ഉറങ്ങിയില്ലായിരുന്നു!

കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും മക്കളും എഴുന്നേറ്റിരുന്നു. ഹായ്‌! ചക്കരക്കുട്ടികള്‍ എണീറ്റോടാ? പത്തുമണി ആയില്ലല്ലോ? തമാശ ഏറ്റില്ല! സാധാരണ പപ്പ എന്തേലും പറഞ്ഞാ മതി മക്കള്‍ കുടുകുടെ ചിരിക്കാന്‍. രണ്ടാളും അടുത്ത് വന്ന് തോളിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് പറഞ്ഞു. പപ്പ പോവണ്ട പപ്പാ....! ഹൃദയത്തില്‍ കൂര്‍ത്ത മുനയുള്ള കത്തി കുത്തിയിറക്കിയ പോലെ..............! രണ്ടാളെയും നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍ ഓരോ മുത്തം കൊടുത്ത് അയാള്‍ എണീറ്റു.

വാപ്പയും ഉമ്മയും നിസ്കാരം കഴിഞ്ഞ് ഉമ്മറത്തെ സെറ്റിയില്‍ ഇരിക്കുന്നു. എപ്പോഴും ചിരിയുള്ള വാപ്പാടെ മുഖത്ത് ദുഖത്തിന്റെ കാര്‍മേഘങ്ങള്‍! ഉമ്മ എന്തൊക്കെയോ ചൊല്ലുന്നുണ്ട്. സൂറത്ത് യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ആവാനാണ് സാധ്യത. ഉമ്മ ഒരു മാതിരിപ്പെട്ട എല്ലാ കാര്യങ്ങളും കോമ്പ്രമൈസ് ചെയ്യുന്നത് യാസീനിലൂടെ ആണ്!

ഇഷ്ടമുള്ള ചപ്പാത്തിയും ഇഷ്റ്റൂവും.. പക്ഷെ തൊണ്ടയില്‍ സിമന്‍റ് ഇട്ട് അടച്ചപോലെ. സുലൈമാനി പോലും ഇറങ്ങുന്നില്ല. മക്കളും പ്ലേറ്റില്‍ ചിത്രം വരച്ച് ഇരിക്കുന്നു. എണീറ്റ്‌ കൈ കഴുകി.   

നെഞ്ചില്‍ ഇറ്റുവീണ കണ്ണീരിന്റെ കൊടിയ ചൂടില്‍ മാറിലെ രോമങ്ങള്‍ തളര്‍ന്നു മയങ്ങി. അയാളുടെ ഓറഞ്ചു നിറമുള്ള ടീ ഷര്‍ട്ടില്‍ അവളുടെ കണ്ണീര്‍പ്പാടുകള്‍ ഭൂപടങ്ങള്‍ വരച്ചു. താടിയില്‍ പിടിച്ച് മുഖം പതുക്കെ ഉയര്‍ത്തി. മൂക്കും കവിളുകളും ചുവന്ന് തുടുത്തിരിക്കുന്നു കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ദയനീയമായി നോക്കി. പോവാതിരുന്നുകൂടെ എന്നാണോ അതിന്‍റെ അര്‍ഥം? പക്ഷെ തിരിച്ചുപോക്ക് അനിവാര്യം ആണെന്ന് അവള്‍ക്കറിയാം. ജീവിതം ഒന്ന് പച്ചപിടിച്ച് വരുന്നതേയുള്ളൂ.

ഇടറിയ ശബ്ദത്തില്‍ പതിവുപോലെ ഉപദേശങ്ങള്‍ തുടങ്ങി. എന്നും ഫോണ്‍ ചെയ്യണം. കൊളസ്ട്രോളിന്റെ ഗുളിക മുടങ്ങാതെ കഴിക്കണം. ഉപ്പും മുളകും വറുത്തതും പലഹാരങ്ങളും ഒഴിവാക്കണം. എന്നും വൈകീട്ട് നടക്കാന്‍ പോകണം. തിരിച്ചുള്ള ഉപദേശങ്ങളും.. മക്കളെ നന്നായി നോക്കണം. വാപ്പാക്കും ഉമ്മാക്കും ബുദ്ധിമുട്ടൊന്നും ഇല്ലാതെ നോക്കണം. അവരെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കണം........! മറുപടിയെല്ലാം മൂളലിലും ശക്തമായ ഒരു ആലിന്ഗനത്തിലും ഒതുക്കി നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി യാത്രാമൊഴി നല്‍കി.

ചന്നം പിന്നം ചാറുന്ന മഴയിലും വിയര്‍ത്തിരുന്നു. മനസ്സിനെ കല്ലാക്കി, ചെവികള്‍ രണ്ടും കൊട്ടിയടച്ച് പിന്നില്‍ നിന്നുയരുന്ന തേങ്ങലുകള്‍ കേട്ടില്ലെന്ന് നടിച്ച് നിറകണ്ണുകളോടെ അനുജനോടൊപ്പം കാറില്‍ കയറി. അകലുന്ന കാറിനൊപ്പം തേങ്ങലുകളും നേര്‍ത്തു. പിന്നില്‍ ഓടി മറയുന്ന വലിയ കല്‍മതിലും മരങ്ങളും.  എന്തോ എടുക്കാന്‍ മറന്നിരിക്കുന്നു. എന്തായിരിക്കും? എന്തോ ഉണ്ട്! തീര്‍ച്ച.............!

മഴ ശക്തിയാര്‍ജ്ജിച്ചു. നിശബ്ദത. അനുജന്‍റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. വൈപ്പറിന്റെ താളാത്മകമായ ശബ്ദം. അയാളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു! ഇക്കാ.. നമ്മള്  എത്തീട്ടാ..! രണ്ടു മണിക്കൂറോളം ഉറങ്ങിയോ?? മൊബൈലില്‍ അവളുടെ മൂന്ന് നാല് മിസ്സ്ഡ്‌ കോളുകള്‍ ഉണ്ടായിരുന്നു. ഇനി ഈ മിസ്സ്ഡ്‌ കോളുകള്‍ അവസാനിക്കണമെങ്കില്‍ അടുത്ത ലീവ് ആവണം.

യാന്ത്രീകമായ ചലനങ്ങളോടെ ക്യൂവില്‍. എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ ഇരുന്നു. പല ഭാവങ്ങളോടെ പല മുഖങ്ങള്‍! ആദ്യമായി ഗള്‍ഫില്‍ പോകുന്നതിന്‍റെ പകപ്പ്! ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിലര്‍! നേരെ മുന്നില്‍ ഇരുന്നിരുന്ന ചെറുപ്പക്കാരന്‍ ചെവിയില്‍ തിരുകിയ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുയാണോ അതോ ആരോടെങ്കിലും സംസാരിക്കുന്നോ? കരഞ്ഞു തളര്‍ന്ന് ഉറങ്ങുന്ന കുഞ്ഞിനെ മാറോടണച്ചു ഒരമ്മ! പരിചയമുള്ള മുഖം. ആ .. ആരാണാവോ?

അയാള്‍ മൊബൈല്‍ എടുത്ത് “മൈ ഹാര്‍ട്ട് ബീറ്റ്‌സ്” കുത്തി! ഹലോ! അപ്പുറത്ത് തേങ്ങല്‍ മാത്രം! മക്കള്‍ പിന്നെയും കിടന്നിരുന്നു. എത്തിയിട്ട് വിളിക്കാട്ടോ. എല്ലാരോടും പറഞ്ഞോ! മറുപടി മൂളല്‍ മാത്രം!

ഫ്ലൈറ്റിനുള്ളില്‍ കയറി. ഇപ്രാവശ്യം ജനലിനരികെയുള്ള സീറ്റ്‌ കിട്ടിയില്ല. ബാക്കിയുള്ള രണ്ടു സീറ്റിലും ആളെത്തി! ചെറുപ്പക്കാര്‍ തന്നെ! ഒരാള്‍ ടിപ് ടോപ്‌! പക്ഷെ ആദ്യമായി കടലിന്നക്കരെ പോകുന്നു എന്ന് കണ്ടാലെ അറിയാം. മറ്റേത് കുറച്ചു കൂടി പ്രായമുണ്ട്. കോട്ടും ടൈയും ഒക്കെ ഉണ്ടെങ്കിലും കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു. ഇനീപ്പോ കല്യാണം കഴിഞ്ഞ് പുതുമോടി വല്ലതും ആണോ?? കയ്യിലെ വി ഐ പി ബാഗ്‌ മുകളില്‍ തിരുകി വെക്കുന്നതിനിടയില്‍ ഒന്ന് നോക്കി! കുറച്ചു പുച്ഛം ഉണ്ടോ ആ നോട്ടത്തില്‍?? ആആആആആആ...! ഒതുങ്ങിയിരുന്നു കടക്കാനുള്ള വഴി തരപ്പെടുത്തിക്കൊടുക്കുന്നതിനിടയില്‍ യാത്രാമധ്യേ കൊച്ചിയില്‍ എത്തിയ മണം! ചുവന്നു കലങ്ങിയ കണ്ണുകളുടെ അര്‍ഥം പിടികിട്ടി! ഭാഗ്യത്തിന് വിന്‍ഡോ സീറ്റ്‌ ആയിരുന്നു അദേഹത്തിന്റെ! അല്ലെങ്കി ആ സ്മെല്‍ അടിച്ച് അയാള്‍ വാള് വെച്ചേനെ!!  

മുന്നേ ലോഞ്ചില്‍ കണ്ട ആ ഉമ്മയും കുഞ്ഞും അടുത്ത നിരയില്‍. വാപ്പയുടെ അടുത്തേക്ക് പോവുന്ന സന്തോഷത്തില്‍ ആയിരുന്ന അവന്‍ ഉറക്കത്തില്‍നിന്നു എണീറ്റ്‌ വലിയ വായിലെ കരച്ചില്‍ തുടങ്ങിയിരുന്നു. മിട്ടായിക്കും കളിപ്പാട്ടങ്ങള്‍ക്കും ആ കരച്ചില്‍ നിറുത്താനായില്ല! വല്ലാത്ത കരച്ചില്‍ തന്നെയായിരുന്നു. അതിനിടയില്‍ ഒരു എയര്‍ഹോസ്റ്റസ് എന്തോ സ്പ്രേ രണ്ടു കയ്യിലും പിടിച്ച് മേപ്പട്ടു തൂറ്റിച്ചു നടന്നു പോയി! ഇത് കൂടി ആയപ്പോള്‍ ആ കുഞ്ഞിന്‍റെ അസ്വസ്ഥത വര്‍ദ്ധിച്ചു എന്ന് തോന്നുന്നു. കരച്ചിലിന്റെ കൂടെ ചുമയും!

എയര്‍ഹോസ്റ്റസ്സിന്റെ കയ്യീന്ന് കിട്ടിയ ആട്ടുംകാട്ടം പോലയുള്ള രണ്ടു മിട്ടായി കൊടുത്ത് നോക്കി! എവിടെ? രണ്ടു കൈകളും ഒന്ന് വെറുതെ നീട്ടിയപ്പോള്‍ അവന്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി! ഒരു ആശ്വാസം കിട്ടിയപോലെ ആ കുഞ്ഞിക്കൈകള്‍ അയാളുടെ നേര്‍ക്ക്‌ നീണ്ടു! ഒരു നിമിഷം സംശയിച്ച ഉമ്മയുടെ കയ്യില്‍ നിന്നും അയാളുടെ കയ്യിലേക്ക് ചാടി!

മക്കളെ കുഞ്ഞുന്നാളുകളില്‍ ഇരുത്തിയിരുന്നത് പോലെ കുഞ്ഞിക്കാലുകള്‍ കുമ്പയുടെ വശങ്ങളിലെക്കിട്ട് നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി. ഒന്നുകൂടെ സുഖവും സുരക്ഷിതത്വവും തോന്നിയത് കൊണ്ടോ എന്തോ വേഗം കുഞ്ഞിക്കണ്ണുകള്‍ പൂട്ടി അവന്‍ ഉറക്കമായി! അയാളുടെ കണ്ണുകളും മെല്ലെ അടഞ്ഞു....!

മനസ്സ് വീണ്ടും നാട്ടിലെത്തി. മക്കളുടെ മുഖം തെളിഞ്ഞുവന്നു. രാത്രി ഏറെ വൈകിയാലും ഇളയമകള്‍ അയാളെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. വളര്‍ന്ന് വലുതായെങ്കിലും കെട്ടിപ്പിടിച്ച് കൂടെ കിടക്കാന്‍ തന്നെ!! ചെറുതായുള്ള “സ്വാര്‍ഥത” മൂലം അയാളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ നീക്കം കാണാതെ ആ മുഖം കടന്നല്‍ കുത്തിയത് പോലെ ആകുമെങ്കിലും പതിവുള്ള മുത്തവും ഗുഡ് നൈറ്റും പറഞ്ഞ് മനസില്ലാമനസ്സോടെ പോകും മോള്‍! പക്ഷെ പിറ്റേ ദിവസം ഉറക്കമെഴുന്നെല്‍ക്കുമ്പോ രണ്ട് മക്കളുടെയും തലയിണകള്‍ക്ക് പകരം അയാളുടെ കൈത്തണ്ടകകള്‍ കാണുമെന്ന് അവര്‍ക്കറിയാം!

തൊട്ടപ്പുറത്ത്‌ ഇരുന്ന ചെറുപ്പക്കാരനെ “കോട്ടിട്ട കള്ളുകുടിയന്‍” ഇംഗ്ലീഷ് പറഞ്ഞ് കൊല്ലുന്നു! കെണിയില്‍ പെട്ട എലിയെപ്പോലെ ചെക്കന്‍ ഞെരിപിരി കൊള്ളുന്നു!! ഇടയ്ക്കിടെ ദയനീയമായി അയാളെ നോക്കുന്നുണ്ട് പാവം! കണ്ടില്ലെന്നു നടിച്ചു! എക്സ്പീരിയന്‍സ് ആയിക്കോട്ടെ!!!

“ഇനി ഞാന്‍ എടുത്തോളാം”! ഉമ്മയുടെ ശബ്ദം കേട്ട് അവനും കണ്ണു തുറന്നിരുന്നു. വാശിയെല്ലാം മാറി നല്ല കുട്ടിയായി എയര്‍ഹോസ്റ്റസ് കൊടുത്ത പാവയുമായി ഉമ്മയുടെ മടിയില്‍ കളിച്ചിരിപ്പായി.

കള്ളുകുടിയന്‍ ഇടയ്ക്കിടെ തലക്ക് മുകളില്‍ ഉള്ള ബട്ടണ്‍ അമര്‍ത്തി എയര്‍ഹോസ്റ്റസിനെ വിളിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് വിവരങ്ങള്‍ ആരാഞ്ഞ അവരോട് വല്ലാത്ത മതിപ്പ് തോന്നി!

ഭക്ഷണം കഴിക്കുമ്പോഴും ഇംഗ്ലീഷ് പ്രഭാഷണം നിറുത്തിയിരുന്നില്ല തൊട്ടപ്പുറത്ത്, മാത്രമല്ല കത്തിയും മുള്ളും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള “കത്തിയും” നടക്കുന്നുണ്ടായിരുന്നു. ഫോര്‍ക്ക് കുത്തി ഒരു പരീക്ഷണം നടത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന രണ്ടു ചെറിയ ചിക്കന്‍ കഷണം എങ്ങോട്ടോ തെറിച്ച് പോയത് ആരെങ്കിലും കണ്ടോ എന്ന് ഒറ്റക്കണ്ണ്‍ ഇട്ടു നോക്കുന്നുണ്ടായിരുന്നു പാവം! അതും ഒരു എക്സ്പീരിയന്‍സ്!!!!!

ഇടക്ക് തല നീട്ടി അയാളോടും എന്തോ ചോദിച്ചിരുന്നു ഇന്ഗ്ലിഷില്‍! കേള്‍ക്കാത്ത പോലെ സീറ്റ്‌ ഒന്ന് കൂടി പുറകിലേക്കാക്കി ചാരിക്കിടന്ന് കണ്ണുകള്‍ അടച്ചു!

എത്താറായി എന്ന അറിയിപ്പ് കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. എയര്‍ഹോസ്റ്റസ് ഇടക്കെപ്പോഴോ കൊണ്ട് തന്ന എമ്ബാര്‍ക്കെഷന്‍ കാര്‍ഡ് വേഗം പൂരിപ്പിച്ച് പാസ്പ്പോര്ട്ടിനുള്ളില്‍ വെച്ചു. തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ പാസ്പോര്‍ട്ടും കാര്‍ഡും നീട്ടി. ചേട്ടാ ഇതുകൂടി ഒന്ന് ഫില്‍ ചെയ്ത് തരാമോ? ആദ്യായിട്ടാണെയ്! ആയ്ക്കോട്ടെ...! എഴുതി തരാലോ! താങ്ക്യൂ ചേട്ടാ!

സാറേ... പ്ലീസ്‌... ഇതും കൂടി ഒന്ന് എഴുതി തര്വോ? ചെക്കന്‍ പിന്നേം! തനിക്ക് എത്ര പാസ്പോര്‍ട്ട് ഉണ്ടെടോ?? അയ്യോ! ചേട്ടാ. ഇത് എന്റെയല്ല!! അപ്പുറത്ത് ഇരിക്കുന്ന ആ ചേട്ടന്റ്യാ. ചെറുക്കന് ചിരി അടക്കാന്‍ കഴിയുന്നില്ല. ഒന്ന് പാളി നോക്കി അയാള്‍. യ്യോ! ഇതാര്?? നമ്മടെ കോട്ടിട്ട കള്ളുകുടിയന്‍ ഇന്ഗ്ലിഷ് ചേട്ടന്‍! നമ്രമുഖനായി ഷൂവിട്ട കാലുകൊണ്ട് പ്ലെയിനിന്റെ തറയില്‍ കോലം വരക്കുന്നു!!!!! നന്ദി ചേട്ടാ...!

വെറുതെ ഒന്ന് പരതിനോക്കി ഉമ്മയെയും കുഞ്ഞിനേയും ചെറുപ്പക്കാരെയും പിന്നെ കണ്ടില്ല! വൈറ്റിംഗ് ഏരിയയില്‍ അയാളെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ച ഫിറോസിനെ നോക്കി ചിരിച്ച് പുറത്തെ ചുട്ടുപൊള്ളുന്ന പ്രവാസത്തിന്‍റെ ചൂടിലേക്ക് നടന്നു.

Wednesday, 22 February 2012

സൌദി അറേബ്യന്‍ കാണ്ഡം – പതിനൊന്ന്!


അങ്ങനെ കത്തും മറുപടിയും അതിനു മറുപടിയും ആയി ദിവസങ്ങള്‍ നീങ്ങി. ഇടയ്ക്കു ഫോണ്‍ വിളിയും. ഐ എസ് ഡി ക്ക് ഭാരം കൂടുതല്‍ ആയിരുന്നത് കൊണ്ട് “ഹുണ്ടി കാള്‍” എന്ന് വിളിച്ചിരുന്ന അനധികൃത ഫോണ്‍ വിളിയിലേക്ക് ചുവടു മാറ്റി. അറുപതു റിയാല്‍ കൊടുത്താല്‍ ഇരുപതു മിനിറ്റ്‌ വിളിക്കാം. പക്ഷെ വിളി കഴിഞ്ഞാല്‍ പലപ്പോഴും ഇലക്ഷന്‍ പ്രചരണം കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകന്റെ തൊണ്ടക്കുഴി പോലെ ആവും! പിന്നെ ശരണം കോയിന്‍ ബൂത്ത്‌ ആയി. വ്യാഴാഴ്ച രാത്രി ഒരു കുട്ടി സഞ്ചി നിറയെ കോയിന്‍ വാങ്ങി വെക്കും. വെള്ളിയാഴ്ച സുബഹി കഴിഞ്ഞാ സഞ്ചിയും താങ്ങി ബൂത്തിലേക്ക്....

കത്തെഴുതാന്‍ മേശയൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ സ്യൂട്ട്കേസ് മടിയില്‍ വെച്ച് അതിനു മുകളില്‍ വെച്ചായിരുന്നു എഴുത്ത്. രാത്രി ആ പെട്ടി കട്ടിലിന്നടിയില്‍ നിന്ന് എടുക്കുമ്പോഴേ സഹമുറിയന്‍മാര്‍ പറയുമായിരുന്നു. മ്മ്മം ..അവന്‍ “മരുന്നും പെട്ടി” എടുത്തു...

വളരെ അടുത്ത ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക് പോകുന്നു. ചീനുവിന്റെ ബര്‍ത്ത്ഡേ ആണ്! എന്തെങ്കിലും സമ്മാനം കൊടുത്തു വിട്ടാലോ? കല്യാണം കഴിയാത്തത് കൊണ്ട് കുട്ടിക്ക് സമ്മാനം ഒന്നും കൊടുത്തയക്കാന്‍ പാടില്ലെന്ന് ഒരു പക്ഷം.  അന്ന് ഫോണ്‍ ചെയ്തപ്പോ ചോദിച്ചു... എന്താ ചീനുവിനു വേണ്ടി സിറുക്ക (അങ്ങനെയാണ് എന്നെ വിളിക്ക്യാ..) കൊടുത്തയക്കണ്ടേ എന്ന്? ആദ്യമൊക്കെ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ആവശ്യം പറഞ്ഞു! ഒരു വല്യെ കത്ത് മതി എന്ന്! ഹോ...ഇതാപ്പോ ഒരു വല്യെ കാര്യം? എത്ര പേജ് വേണ്ടി വരും? ഒരു പത്തു പേജ്! മതിയോ എന്ന് ഞാന്‍.. ന്നാ ഒരു ഇരുപതു പേജ് ആയിക്കോട്ടെ എന്ന് ചീനു....

ഒരു വാശി ആയിരുന്നു....എഴുതി...ഇരുന്നെഴുതി! ഹഹഹഹ.... മുപ്പത്തി അഞ്ച് പേജ്! നമ്മളോടാ കളി! അത് ഒരു എഴുത്ത് ആയിരുന്നില്ല! എന്റെ ഹൃദയം തന്നെ ആയിരുന്നു. ഇരുപത്തി മൂന്നു വര്‍ഷത്തെ ഒട്ടു മിക്കവാറും സംഭവങ്ങള്‍ ആ കത്തിലൂടെ കടന്നു പോയി. പണ്ടത്തെ പ്രേമവും, സിഗരറ്റ്‌ വലിയും, കോളേജ്‌ ജീവിതത്തില്‍ ഒരു പ്രാവശ്യം ഉണ്ടായ “വെള്ളമടിയും” എല്ലാം...

ആദ്യത്തെ പ്രേമം! അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ മൂന്നു മൂന്നര വര്‍ഷം സൈക്കിള്‍ ചവുട്ടി കാലില്‍ തയമ്പ് വന്ന പ്രേമം! അതിനു പ്രേമമെന്നു പേരിടാമോ എന്ന് എനിക്കറിയില്ല. ഇഷ്ട്ടമാനെന്നോ അല്ല എന്നോ പറയാനാവാതെ മിഴികളിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഒരു ഇഷ്ട്ടം. അത്രേ ഉണ്ടായിരുന്നുള്ളൂ... ജീവിതം കൈപ്പിടിയില്‍ ഒതുക്കാനുള്ള തത്രപ്പാടിലും ഗള്‍ഫ്‌ ജീവിതത്തിലെ കഷ്ട്ടപ്പാടിലും മനപ്പൂര്‍വ്വം മറന്നു പോയ ഒരു ഇഷ്ട്ടം. എങ്ങിനെ ആയിരുന്നാലും ആ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പേടിക്കാതെ വീട്ടിലിരിക്കാമായിരുന്നു. കാലത്തും വൈകീട്ടും സൈക്കിളില്‍ എസ്കോര്‍ട്ട് ഉണ്ടായിരുന്നല്ലോ!

വെള്ളമടി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു! അതും ഒരു രസകരമായ കോളേജ്‌ ജീവിതത്തിന്റെ ബാക്കിപത്രം.  പ്രിന്‍സിപ്പാളിന്റെ സ്പെഷ്യന്‍ പെര്‍മിഷന്‍ വാങ്ങി ഫൈനല്‍ ഇയര്‍ ബീക്കോം ടൂറിനു കോളേജിലെ വില്ലന്മാരായിരുന്ന ഞങ്ങളെയും കൂട്ടി! ഊട്ടിയിലെ തണുപ്പില്‍ കൂട്ടുകാര്‍ ഒരു കുപ്പി സംഘടിപ്പിച്ചു കൊണ്ടായിരുന്നു.......

ആ കത്ത് കിട്ടിയപ്പോഴുണ്ടായ സന്തോഷവും അത്ഭുതവും പിന്നീട് പറഞ്ഞപ്പോള്‍ മനതാരില്‍  ഞാന്‍ തെളിഞ്ഞു കണ്ടു ആ മുഖത്ത് വിരിഞ്ഞ പൂര്‍ണ ചന്ദ്രന്‍! ഒന്ന് രണ്ടു കാര്യങ്ങള്‍, വെള്ളമടി അടക്കം പിന്നെ പാരയായി വന്നു എന്നത് തുണി ഉടുക്കാത്ത സത്യം!

കത്തുകളും മറുപടിക്കത്തുകളുമായി ദിവസങ്ങള്‍ മാസങ്ങള്‍ പെട്ടെന്ന് കടന്നു പോയി.  അഞ്ചു മുതല്‍  പത്തു പേജ് വരെ ഇങ്ങോട്ടും പത്തു മുതല്‍ ഇരുപതു പേജ് വരെ അങ്ങോട്ടും...... വലത്തോട്ടു ചരിച്ചും ഇടത്തോട്ട് ചരിച്ചും എന്‍റെ എഴുത്തിന് കൂടുതല്‍ ഭംഗി വരുത്താന്‍ പല പരീക്ഷണങ്ങളും നടത്തി നടത്തി എന്റെ മലയാളം ഹാന്‍ഡ്‌ റൈറ്റിംഗ് മനോഹരമായി മാറി!!!

അന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി കാഷ്‌ കൊടുക്കുമ്പോള്‍ ആണ് ആ “സാധനം” ഞാന്‍ കണ്ടത്! കണക്ക് കൂട്ടുന്ന മിഷ്യന്റെ ഉള്ളില്‍ ഒരു റോള് പേപ്പര്‍! കണക്ക് അടിക്കുന്നതോടൊപ്പം ആ റോള്‍ ചുരുള്‍ നിവര്‍ന്നു വരുന്നു. മണ്ടക്കുള്ളില്‍ ഒരു ബള്‍ബ്‌ കത്തി! ഒരെണ്ണം വാങ്ങിയാലോ? അവിടെ അത് ലഭ്യമല്ലാത്തത് കൊണ്ട് അടുത്തുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും വാങ്ങി ഒരു റോള് പേപ്പര്‍!

ഹഹഹ...എന്തിനാ എന്നല്ലേ? ന്റെ ചീനുവിനു കത്തെഴുതാന്‍! ആ ഒരു റോള്‍ മുഴുവനും കുനുകുനാന്നു ഇരുന്നെഴുതി. രണ്ടു സൈഡിലും....!  ആ കത്ത് കിട്ടുന്ന ദിവസം കണക്കാക്കി ഞാന്‍ ഫോണ്‍ വിളിച്ചു.. എങ്ങനെയുണ്ട് കത്ത്? സന്തോഷവും കരച്ചിലും ഒക്കെ കൂടി കലര്‍ത്തി എന്തോ മറുപടി പറഞ്ഞു.

ഇതിനിടക്കാണ് കുന്നംകുളത്ത്കാരന്‍ രവിയെട്ടന്‍ ഞങ്ങളുടെ ഇടയില്‍ വന്നു പെടുന്നത്. ഖഫീലിന്റെ അടുത്തു നിന്നും രക്ഷപ്പെട്ടു വന്ന മറ്റൊരു നിര്‍ഭാഗ്യവാന്‍. മദ്ധ്യവയസ്കനായ രവിയേട്ടന് ചെയ്യാന്‍ പറ്റിയ ജോലിയൊന്നും കമ്പനിയില്‍ ഇല്ലാതിരുന്നത് കൊണ്ട് ചുറ്റുവട്ടത്തുള്ള പത്തിരുപതു മലയാളികളെ ചേര്‍ത്ത് എല്ലാവരുടെയും സഹായത്തോടെ ഒരു മെസ്സ് തുടങ്ങി രവിയെട്ടന്‍. അത്ര കൈപ്പുന്യമുള്ള കുക്ക് ആയിരുന്നില്ലെങ്കിലും കലക്കവെള്ളത്തിലെ ചിക്കന്‍ കഷണങ്ങളില്‍ നിന്നും ഞങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മോചനം നേടി.

രാത്രി ഞങ്ങളുടെ റൂമില്‍ നിലത്ത് ബെഡില്‍ ആണ് രവിയെട്ടന്‍ കിടക്കുക. കിടക്കേണ്ട താമസം പഴയ ഫാര്‍ഗോ ലോറി സ്റ്റാര്‍ട്ട് ആക്കി നിദ്രയിലെക്കുള്ള പ്രയാണം ആരംഭിക്കും രവിയെട്ടന്‍! ചില ദിവസങ്ങളില്‍ ആള്‍ പാലക്കാട് റൂട്ടില്‍ വെച്ച് പിടിക്കും. കുതിരാന്‍ കയറ്റം എത്തുമ്പോള്‍ ഗിയര്‍ മാറലും വളച്ചൊടിക്കലും ബ്രേക്ക്‌ ചവിട്ടലുമൊക്കെ ഞങ്ങള്‍ ലൈറ്റ്‌ ഓണ്‍ ആക്കി ഇരുന്നു കാണുമായിരുന്നു. ചില ദിവസം വണ്ടി പഞ്ചര്‍ ആവുകയോ ബ്രേക്ക്‌ ഡൌണ്‍ ആവുകയോ ചെയ്യുന്ന ദിവസം ആള്‍ “കള്ളനെ പിടിക്കാന്‍” പോകും! കള്ളന്റെ പിന്നാലെ ചില മൈനര്‍ തെറികളും പറഞ്ഞാണ്  ആള്‍ വെച്ച് പിടിക്കുന്നത്‌. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് ചിരിച്ചു ചിരിച്ചു വയര് വേദനയായിരിക്കും!

അന്ന് വെള്ളിയാഴ്ച! രഹീംക്കായുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യന്‍ - സബീഷ് – വിരുന്നു വന്നത്. അവന്റെ കഷ്ട്ടകാലത്തിനു നിദ്രയിലെക്കുള്ള വണ്ടി കേടാവുകയും പകരം കള്ളനെ പിടിക്കാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്ത ദിവസമായിരുന്നു രവിയെട്ടന്‍!!!!

എല്ലാവരും കൂടിയിരുന്നു പതിവുള്ള വ്യാഴാഴ്ച സിനിമയും കണ്ടു നേരം വൈകി കിടന്ന ഞങ്ങള്‍ ഒരു അലര്‍ച്ച കേട്ടാണ് ഞെട്ടി എണീറ്റത്! അലര്‍ച്ചയോടൊപ്പം ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന രവിയേട്ടന്റെ ശബ്ദവും.  തിടുക്കത്തില്‍ ലൈറ്റ് ഓണ്‍ ചെയ്തു നോക്കിയ ഞ്ഞങ്ങള്‍ സബീഷിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു നിക്കണ രവിയെട്ടനെയാണ് കണ്ടത്. കണ്ണടച്ച് നില്‍ക്കുന്ന രവിയെട്ടന്‍ സബീഷിന്റെ കൊരവള്ളിയില്‍ ഞെക്കിപ്പിടിച്ചു സന്തോഷത്തോടെ അലറുന്നുണ്ടായിരുന്നു.... കുറെ കാലമായി നായിന്റെ മോന്‍.. കക്കുവാന്‍ നടക്കുന്നു. പോലീസിനെ വിളിയെടാ.......! ഞങ്ങള്‍ മൂന്ന് പേര്‍ കൂടിയാണ് വിറകു കൊള്ളി പോലെയുള്ള രവിയെട്ടന്റെ കൈ ബലമായി വിടുവിച്ചത്. ഒരു ഒന്നൊന്നര പിടുത്തം തന്നെ ആയിരുന്നു അത്.  രണ്ടു ദിവസത്തേക്ക് ചുമയായിരുന്നു സബീഷിനു. രവിയേട്ടന്‍റെ പ്രധാന ജോലി അവനു ചുക്ക് വെള്ളം ഉണ്ടാക്കി കൊടുക്കലും!


ഇനി നാട്ടിലേക്ക് പോവാന്‍ ഒരു മാസമേ ബാക്കിയുള്ളൂ.. എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍! കത്തുകളിലൂടെ കൈ മാറിയ സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാവാന്‍.....

ആകെ അറുപത്തി അഞ്ചു കിലോയെ ഉണ്ടായിരുന്നുള്ളൂ.. തടി കൂട്ടുവാനായി ദിവസേന പാലും മുട്ടയും കഴിച്ചു തുടങ്ങി! കൂടെ പണ്ട് ജിമ്മില്‍ പോയിരുന്ന സമയത്തെ എക്സര്‍സൈസുകളും പൊടീ തട്ടിയെടുത്തു.  പാലിന്റെയും മുട്ടയുടെയും രവിയെട്ടന്‍ ഫ്രീ ആയി തരുന്ന സ്പെശ്യലിന്റെയും പെട്ടെന്നുള്ള “ആക്രമണം” എന്‍റെ ശരീരത്തിന് ഇഷ്ട്ടപ്പെടാഞ്ഞത് കൊണ്ട് കോഴിമുട്ടകള്‍ ഒക്കെ അതെ വലിപ്പത്തില്‍ മുഖക്കുരുവായി എന്‍റെ സുന്ദര വദനത്തില്‍ നിലയുറപ്പിച്ചു. ചുരുക്കി പറഞ്ഞാല്‍ വെള്ളം വറ്റിയ കിണറ്റിലെ പാറകള്‍ പോലെ ആയി എന്‍റെ മൊഖം!

സൌദിയില്‍ ആദ്യമായി പ്രഖാപിച്ച പൊതുമാപ്പ് അനുദിനം വഷളായി വരുന്ന ആരോഗ്യവും കുറഞ്ഞു വരുന്ന കണ്ണിന്റെ കാഴ്ചയും മാത്രം കൈ മുതലായുള്ള രവിയെട്ടനെ ഹൃദയ വേദനയോടെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ ഞങ്ങളെ  പ്രേരിപ്പിച്ചു.  ജീവനോടെയുണ്ടെങ്കില്‍ എന്‍റെ കല്യാണത്തിനു വരും എന്ന് വിതുംബിക്കൊണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞ രവിയെട്ടനെ എങ്ങനെ മറക്കാന്‍?

മാര്‍ച്ച് മുപ്പതു – ഞാന്‍ നാട്ടിലേക്ക് പോകുന്ന ദിവസം! നെടുമ്പാശ്ശേരി അന്നില്ലാത്തത് കൊണ്ട് കോഴിക്കോട്ടേക്ക് ആണ് യാത്ര! കഴിഞ്ഞ ബോബെ യാത്ര മനസ്സില്‍ ഉള്ളത് കൊണ്ട് കഴിയാവുന്നതും ബോംബെയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നത് പോലും പേടിയായിരുന്നു! എയര്‍പോര്‍ടട്ടില്‍ വെച്ച് പരിചയപ്പെട്ട രണ്ടു തൃശൂരുകാരുമായി ഷെയര്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ ടാക്സി വിളിച്ചു പുറപ്പെട്ടു!

നിര്‍ഭാഗ്യവശാല്‍ എനിക്ക് എന്‍റെ സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു!!!!! ആദ്യമായി ഗള്‍ഫിലേക്ക് പുറപ്പെട്ട സ്വന്തം വീട് വാപ്പയുടെ ബിസിനസ് തകര്‍ന്നത് മൂലം നഷ്ട്ടപ്പെട്ടിരുന്നല്ലോ! ലീവിന് വന്നു തിരിച്ചു പോയ വാടക വീടിനു പകരം ഇപ്പോള്‍ വരുന്നത് സ്വന്തം വീട്ടിലേക്കാണ്! ഇക്ക പണിത വീട്!

തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപത്തുള്ള ഹോട്ടലില്‍ ഇക്ക കാത്തു നിന്നിരുന്നു.  ഇക്കയുടെ മാരുതി കാറില്‍ വീട്ടിലേക്ക്....! തൃശ്ശൂര്‍ ടൌണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ മണ്ണുത്തിക്കടുത്തുള്ള മുളയം എന്ന പ്രകൃതി സുന്ദരമായ ഗ്രാമം!

വീട്ടിലെത്തി.......................................................!

ഫോട്ടോ കടപ്പാട് - ഹരിഷ് തച്ചോടി

സൌദി അറേബ്യന്‍ കാണ്ഡം – പത്ത്!


മൂന്നു മാസത്തെ ലീവിന് വന്നതാ! ആദ്യത്തെ മാസം കഴിഞ്ഞപ്പോ തന്നെ കയ്യിലെ “ജോര്‍ജൂട്ടി” കഴിഞ്ഞു! ഉള്ളതില്‍ അഞ്ഞൂറ് കുലുവാ മാത്രം കയ്യില്‍ വെച്ച് ബാക്കി വാപ്പാടെ കയ്യില്‍ കൊടുത്തിരുന്നു. ആ വലിയ സംഖ്യ സൂക്ഷിച്ചു വെക്കാന്‍ പാവം വാപ്പ കുറെ കഷ്ട്ടപ്പെട്ടു കാണണം! എത്രയാ ഉണ്ടായിരുന്നെ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ.. ഹഹഹഹ..

കയ്യില്‍ സുനാമി ഇല്ലാത്തത് കൊണ്ട് വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിപ്പായി. അനിയന്മാര്‍ ലാര്‍ജ്‌ സ്കെയില്‍ അല്ലെങ്കിലും വലിക്കാരായത് കൊണ്ട് പുകക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. പക്ഷെ ഇക്ക വിട്ടില്ല. ആളു പോകുന്നിടത്തൊക്കെ എന്നെയും നിര്‍ബന്ധിച്ച് കൊണ്ട് പോകുമായിരുന്നു. ദുട്ട് ഇല്ലാത്തതാണ് എന്‍റെ പ്രശ്നം എന്ന് മനസ്സിലാക്കിയതിനു ശേഷം പൈസയുടെ ബുദ്ധിമുട്ടും അറിഞ്ഞില്ല. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റ്‌ അക്ഷയ പാത്രം പോലെ താനേ നിറയുമായിരുന്നു!  അതിന്റെ പിന്നിലുള്ള വെളുത്ത കൈകള്‍ ഇക്കായുടെത് തന്നെ ആയിരുന്നു. ഇടയ്ക്കു പൊന്നുമ്മയും!

കുക്കുമോളുടെ കളിയും ചിരിയും വലിയ ഒരാശ്വാസം തന്നെയായിരുന്നു. പാപ്പയുടെ വയറിന്‍മേല്‍ അങ്ങോട്ടും കാലിട്ട് നെഞ്ചോട്‌ ചേര്‍ന്ന് കിടക്കും അവള്‍. 

ഒന്നര മാസത്തിനു ശേഷം ഹൂറിയുമായുള്ള റിലേഷന്‍ ശങ്കര്‍ സിമന്‍റ് ഇട്ടു ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഒന്ന് ഒരു വളയിടല്‍ പരിപാടി. ഞങ്ങള്‍ ബന്ധുക്കളുമായി പുറപ്പെട്ടു. അവിടെയും ഒരു പാട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ഒരു കുഞ്ഞ്യേ കല്യാണം തന്നെ!

കുറെയാളുകള്‍ വന്നു പരിചയപ്പെട്ടു. ചുരുക്കം ചില മുഖങ്ങള്‍ ഒഴിച്ച് ബാക്കിയൊന്നും മനസ്സില്‍ തങ്ങി നിന്നില്ല. ബിരിയാണിയും കഴിച്ചു ഒരു പുകക്കായി പരതുമ്പോള്‍ കൂട്ട് കിട്ടി ഹൂറിയുടെ ഒരു കുഞ്ഞിപ്പയെ! പുക എടുത്തു വന്നപ്പോഴേക്കും ചായ റെഡി.

കുക്കുമോള്‍ ഉണ്ടായിരുന്നു കയ്യില്‍. ചായ്‌ കണ്ടപ്പോ മോള്‍ക്കും കുടിക്കണം ചായ. നല്ല ചൂടും. വി ഐ പി ആയത് കൊണ്ട് കാലി ഗ്ലാസ്‌ ചോദിച്ചപ്പോള്‍ വേഗം തന്നെ കിട്ടി. എനിക്കും ചായക്കാനെങ്കില്‍ അധികം ചൂടു പാടില്ല. വീട്ടില്‍ എനിക്ക് ചായ കുടിക്കാനായി ഒരു വലിയ സ്റ്റീല്‍ കപ്പ് ഉണ്ടായിരുന്നു.  ചായ ഉണ്ടാക്കിയത്തിനു ശേഷം നമ്മുടെ ചായക്കടകളില്‍ ഒക്കെ ചെയുന്നത് പോലെ ഒന്ന് വീശി അടിച്ചു മുകളില്‍ പത വരണം. എന്നാലേ ചായ്‌ ആവൂ.. മോളെ നിലത്ത് നിര്‍ത്തി ചായ ചൂടാറ്റിത്തുടങ്ങി. ഒന്ന് രണ്ടു പ്രാവശ്യം നീട്ടി അടിച്ചതിനു ശേഷം പെട്ടെന്ന് ചായയടി നിറുത്തി അങ്ങോട്ടുമിങ്ങോട്ടും നോക്കി! ഭാഗ്യം ആരും കണ്ടില്ല. കാരണം മറ്റൊന്നുമല്ല. ഈ ഇന്‍റര്‍ നാഷണല്‍ ചായയടി കണ്ടു പുയ്യാപ്ലക്ക് ഗള്‍ഫില് ചായയടിക്കല്‍ ആണെന്ന് ആരെങ്കിലും വിചാരിച്ചാലോ എന്നായിരുന്നു ഭയത്തിന്റെ മൂല കാരണം!

ഈ സമയമത്രയും എന്റെ ഹൂറിയെ ഒരു നോക്ക് കാണാനോ ഒരു വാക്ക് മിണ്ടാനോ  സാധിച്ചില്ല എന്നാ സങ്കടം തീര്‍ക്കാന്‍ എന്‍റെ ജിം മാമയുടെ സഹായം തേടി! രണ്ടാള്‍ വീതിയുള്ള മാമാടെ കൂടെ അകത്തേക്ക് ചെന്നപ്പോള്‍ തിടമ്പ് വെച്ച ആനയെ കണ്ടു വഴിയില്‍ നിന്നും ആളുകള്‍ അരികിലേക്ക് ഒതുങ്ങി മാറുന്ന പോലെ ബന്ധുക്കള്‍ വഴിയോതുങ്ങി എങ്കിലും ആരും മീറ്റിംഗ് പ്ലേസ് വിട്ടു പോവാന്‍ സന്മനസ് കാണിച്ചില്ല! എന്ത് ചെയ്യാന്‍? ഹൂറിയുടെ ബന്ധുക്കള്‍ ആ കുറച്ചു സമയത്തേക്ക് എന്‍റെ ശത്രുക്കളായി മാറി!  അത്രേം ആളുകളുടെ ഇടയില്‍ നിന്ന് എന്തൂട്ട് സംസാരിക്കാന്‍? യാത്രയും പറഞ്ഞു തിരിച്ചു പോന്നു!

അങ്ങനെ ഞാന്‍ എന്നും കിനാവിന്റെ തേരില്‍ യാത്ര തുടങ്ങി! പക്ഷെ തേരില്‍ നിന്നും യാത്ര വിമാനത്തിലേക്ക് മാറാന്‍ അധികം കാത്തു നിന്നില്ല. രണ്ടര മാസം കഴിഞ്ഞപ്പോ തിരിച്ചുള്ള വണ്ടി സ്റ്റാര്‍ട്ട് ആക്കി!

തിരിച്ചു സൌദിയിലേക്ക് പോവുമ്പോള്‍ ശനിയും ഞായറും കഴിഞ്ഞു തിങ്കള്‍ കാലത്ത് സ്കൂളില്‍ പോകാനിറങ്ങിയ കുട്ടികളുടെ മനസ്സായിരുന്നു. കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി പോകാന്‍ നേരത്ത് ഉമ്മാ എനിക്ക് പനി ഉണ്ടോന്നു നോക്ക്യേ... എന്ന് പറയുമ്പോള്‍ ഉമ്മ ചിരിച്ചു കൊണ്ട് (മൂഡ്‌ ശരിയാണെങ്കില്‍!) പനീയൊന്നും ഇല്ല എന്നും പറഞ്ഞു സാരിത്തുമ്പ് കൊണ്ട് മുഖത്തെ പൌഡര്‍ ഒന്ന് കൂടി തൂത്ത് യാത്രയാക്കുന്നതു ഓര്‍മ വന്നു.. ഇനീപ്പോ പനി വന്നാലും രക്ഷയില്ലല്ലോ? പോയല്ലേ പറ്റൂ...

പിന്നെയും ബോംബേയില്‍.. എയര്‍പ്പോര്‍ട്ട് ഫീസും അടച്ചു എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ട് വാങ്ങി നോക്കിയ മാഡം കമ്പ്യൂടരില്‍ കുറെ നേരം പരതി! ഓരോ പ്രാവശ്യവും എന്തോ ചെക്ക് ചെയ്ത് ശരിയാവാതെ വന്നപ്പോള്‍ ഒരു കുറ്റവാളിയെ പോലെ എന്റെ മുഖത്തേക്കും പാസ്പോര്ട്ടിലെക്കും മാറി മാറി നോക്കുന്നത് കണ്ടു.  പടച്ചോനെ.. ഇവിടെ ഇനി എന്താണാവോ പ്രശ്നം? അവര്‍ അടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ചു എന്തോ പറഞ്ഞു. തമിഴില്‍ ആയിരുന്നു.  അയാള്‍ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കുറച്ചകലെ നിന്നിരുന്ന ത്രീ സ്റ്റാറുകാരന്റെ അടുത്ത് പോയി അയാളെയും കൂട്ടിക്കൊണ്ടു വന്നു. കൌണ്ടറില്‍ നിന്നും ഒരു മൂലയിലേക്ക് മാറ്റി നിറുത്തി എന്നെ ചോദ്യം ചെയ്ത് തുടങ്ങി! നാട്ടില്‍ പോയി ആകെ കൂടി ചെയ്താ ഒരു കാര്യം പെണ്ണ് കാണാന്‍ പോയി എന്നതാണ്. അത് ബോംബെയില്‍ വല്ല കുറ്റമോ മറ്റോ ആണാവോ!

എപ്പോ പോയി, എപ്പോ വന്നു, എന്ന് വന്നു, എന്തിനു വന്നു എന്നാ ചോദ്യങ്ങള്‍ക്ക് ശേഷം അയാള്‍ പറഞ്ഞു... ഈ പാസ്പോര്‍ട്ട് കാണാതെ പോയതാണല്ലോ? പിന്നെ എങ്ങനെ ആ പാസ്പോര്‍ട്ടില്‍ തന്നെ ഇവിടെ എത്തി? പാസ്പോര്‍ട്ട് കാണാതായ പഴയ കഥ അദേഹത്തിന് വിവരിച്ചു കൊടുത്തു. ഈ പാസ്പോര്‍ട്ടില്‍ തന്നെയാണ് ഇവിടെ വന്നത് എന്നും പറഞ്ഞു. സംഗതി പാസ്പോര്‍ട്ട് കാണാതായപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും തിരിച്ചു കിടിയപ്പോള്‍ കമ്പ്ലൈന്റ്റ്‌ “വാപ്പസ്” ചെയ്തില്ലത്രേ! അവിടെ എത്തി ആദ്യമേ തന്നെ ആ ഇഷ്യൂ ക്ലിയര്‍ ആക്കുവാന്‍ ഉപദേശിച്ചു അദേഹം നടന്നകന്നു.

പിന്നെയും കൌണ്ടരിനടുത്തു വന്ന എന്നോട് അതെ വരെ ആംഗലേയ ഭാഷ മാത്രം സംസാരിച്ചിരുന്ന ആ പെണ്ണുമ്പിള്ള മുഖത്ത് നോക്കാതെ പറഞ്ഞു.  “കുറച്ചു അപ്പുറത്ത് പോയി ഒരു  അയ്ന്നൂറ്‌ രൂപാ നോട്ട് മടക്കി പാസ്പോര്ട്ടിനുള്ളില്‍ വെച്ച് കൊണ്ട് വരാന്‍!” അതും നല്ല ചെന്തമിഴില്‍! സാറിനോട് പറഞ്ഞു ഒക്കെ ക്ലിയര്‍ ആക്കിയല്ലോ എന്ന് പറഞ്ഞെങ്കിലും തിരിച്ചു പോണമെന്കില്‍ പറഞ്ഞത് പോലെ ചെയ്യാന്‍ പറഞ്ഞു അടുത്തയാളെ വിളിച്ചു.

കുറച്ചപ്പുറത്ത് പോയി ഒരു പച്ച നോട്ട് പാസ്പോര്ട്ടിനുള്ളില്‍ തിരുകി വെച്ച് കൊടുത്തപ്പോള്‍ കര്‍മ നിരതയായ ആ ദുഷ്ട്ട വേറെ ഒരു ചോദ്യവും കൂടാതെ സ്റ്റാമ്പ്‌ എടുത്തു ഒറ്റ ഇടി.. ഠിം!

ഈ ഫ്ലൈറ്റ്‌ എന്തിനാ ഇത്ര സ്പീഡില്‍ പോണേ? കുറെ കറങ്ങിയിട്ടു പോയാ മതിയായിരുന്നു! അവിടെ എത്തീട്ടു പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല്യാലോ.  പറഞ്ഞിട്ട് കാര്യമില്ല. ഫ്ലൈറ്റ്‌ സമയത്തിന് തന്നെ എത്തി!

എമിഗ്രേഷനില്‍..... മൂന്നു വര്ഷം മുന്നത്തെ ആവര്‍ത്തനം! പുറത്തു കടന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തെതില്‍ നിന്നൊരു വ്യത്യാസം മാത്രം. പാട്ട വണ്ടിക്കു പകരം രഹീംക്ക ഉണ്ടായിരുന്നു.

രാത്രി ഉറക്കം വന്നില്ല! ഓര്‍ത്തങ്ങനെ കിടന്നു. അങ്ങനെ എനിക്കും കിട്ടിയല്ലോ ഇഷ്ട്ടപ്പെടാനും സ്നേഹിക്കാനും ഒരാള്‍! നിറങ്ങളുള്ള സ്വപ്‌നങ്ങള്‍... എന്റെ മാത്രം സ്വന്തം. പോരുന്നതിനു മുന്നേ കത്തെഴുതാനും ഫോണ്‍ ചെയ്യാനുമുള്ള പെര്‍മിഷന്‍ ഉപ്പാടെ കയ്യീന്ന് വാങ്ങിയിരുന്നു.

നേരം വെളുത്തു ജോലി തുടങ്ങി. ഇനി കടയുടെ ഉള്ളില്‍ ആണ് ഡ്യൂട്ടി. കസ്റ്റമര്‍ കെയറും സ്റ്റീം മഷീന്‍ ഓപ്പറേറ്ററും!

കീരിക്കാടന്‍ അബ്ദുള്ളക്ക നാട്ടില്‍ പോണു അന്ന് വൈകീട്ട്. ഒരു കത്ത് കൊടുത്തു വിട്ടാലോ? ഹേയ്! അത് ശരിയാവോ? എന്താ ശരിയാവായക? എഴുതി... ഒന്ന് സീനുവിനും ഒന്ന് വീട്ടിലേക്കും! പക്ഷെ ഇപ്രാവശ്യം എന്തോ കൂടുതല്‍ പേജുകള്‍ സീനാക്ക് ആയിരുന്നു.

നാട്ടില്‍ പോയ ആള്‍ പിറ്റേ ദിവസം തന്നെ പോസ്റ്റ്‌ ചെയ്താല്‍ കറക്റ്റ്‌ മൂന്നാം നാള്‍ കത്ത് കിട്ടും! നാലാമത്തെ ദിവസം ആയപ്പോഴേക്കും ഒരു ഇരിക്കപ്പൊറുതി ഇല്ല. നേരെ വാഹിദ്‌ക്കാടെ റൂമിലേക്ക്‌ നടന്നു. അവിടത്തെ വല്യെ ഒരു പുള്ളിയാ വാഹിദ്ക്ക! ആളുടെ റൂമിലെ അന്ന് ഐ എസ് ഡി ഉള്ളൂ... വീട്ടില്‍ ഫോണില്ല. തൊട്ടടുത്ത് താമസിക്കുന്ന കുഞ്ഞുമ്മാടെ വീട്ടില്‍ ആണ് ഫോണ്‍. ആദ്യം ഒന്ന് വിളിച്ചു പറഞ്ഞു. കുഞ്ഞുമ്മാ... സീനാനെ ഒന്ന് വിളിക്കോ.. സിറാജ് ആണ് സൌദിയില്‍ നിന്നും. കുഞ്ഞുമ്മാക്ക് ആളെ മനസ്സിലായി. കട്ട് ചെയ്തു വിളിക്കാന്‍ പറഞ്ഞു.

അഞ്ച് നിമിഷത്തിന് ശേഷം വിളിച്ചപ്പോള്‍ ആദ്യത്തെ റിംഗ് മുഴുവനാകുന്നതിന് മുന്നേ അപ്പുറത്ത് കിളിനാദം! തമ്മില്‍ തമ്മില്‍ എന്താ വിളിക്കണ്ടേ എന്നൊന്നും പറഞ്ഞുറപ്പിച്ചിട്ടില്ല അന്ന്. (ഇന്നത്തെ കാലമായിരുന്നെന്കില്‍ ടാ..പോടാ...എന്നൊക്കെ ഇച്ചിരി ഷുഗര്‍ ചേര്‍ത്ത് വിളിക്കാമായിരുന്നു). സലാം പറഞ്ഞതിന് ശേഷം എന്താണ് വിശേഷം എന്ന പതിവ് ചോദ്യം. സുഖന്നെ! ഇനീപ്പോ എന്താ ചോദിക്കാ എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അപ്പുറത്ത് നിന്നും മൊഴിഞ്ഞു. അതേയ്! ഇങ്ങള് നന്നായി പാട്ടൊക്കെ പാടുമെന്നു നസി പറഞ്ഞല്ലോ? പടച്ചോനെ! എളാപ്പാടെ മോള്‍ നസി. അവളും വെച്ച് പാര! ഹേയ്! അങ്ങനോന്നൂല്ല്യാ... നിക്കൊരു പാട്ട് പാടി തരോ? ഐ എസ് ഡി ആണല്ലോ പടച്ചോനെ.. ന്നാലും ആദ്യായിട്ട് ഒരു കാര്യം പറഞ്ഞിട്ട് എങ്ങനാ പറ്റില്ലാന് പറയാ?  വാഹിദ്‌ക്കാട് അഭിപ്രായം ചോദിച്ചു. അങ്ങോട്ട്‌ പാടിക്കൊടുക്കടാ എന്ന് ഉപദേശം. (അങ്ങേര്‍ക്കു പറയാലോ!). രണ്ടും കല്‍പിച്ചു അങ്ങ് പാടി, ഏറ്റവും ഇഷ്ട്ടപ്പെട്ട ആ ഗാനം..... മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ...... മുഴുവന്‍ പാടി കഴിഞ്ഞപ്പോഴേക്കും വിയര്‍ത്തിരുന്നു. ടെന്‍ഷന്‍ കാരണമാണോ അതോ വരാന്‍ പോകുന്ന ബില്ലിലെ തുക ആലോചിച്ചാണോ?

എന്തായാലും സന്തോഷമായി... രണ്ടാള്‍ക്കും! അതിന്റെ കൂടെ ഇത്രേം പെട്ടെന്ന് എന്റെ കത്ത് കിട്ടിയതില്‍ അത്ഭുതവും! മറുപടി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് മുതല്‍ കാത്തിരുപ്പായി. സ്നേഹപത്രവും കൊണ്ട് ഡ്രൈവര്‍ വരുന്നതും കാത്ത്........

 ആദ്യത്തെ കത്ത്! ഇന്‍ലാന്‍ഡ്‌ ആണ്! പെട്ടെന്ന് കീറി മുറിച്ചു.. കുനു കുനെ എഴുതിയിരിക്കുന്നു. ഒരാവര്‍ത്തി ഓടിച്ചു വായിച്ചു..... ഒന്നും മനസ്സില്‍ തടഞ്ഞില്ലെങ്കിലും. രണ്ടാമതും മൂന്നാമതും നാലാമതും വായിച്ചപ്പോഴാണ് എഴുത്ത് ഒന്ന് തെളിഞ്ഞു വന്നത്! പിന്നെ അടുത്ത കത്ത് വരുന്നത് വരെ ആ കത്ത് ഹൃദയത്തോട് ചേര്‍ന്ന് ഇരുന്നു ഷര്‍ട്ടിന്റെ പോക്കറ്റില്‍!

അന്ന് വൈകീട്ട് തന്നെ സാമഗ്രികള്‍ ഒക്കെ വാങ്ങി. മൂന്നു ലെറ്റര്‍ പാഡ്, ഒരു പാക്കറ്റ്‌ എയര്‍ മെയില്‍ കവര്‍, മൂന്നു പേന...റെയിനോള്‍ട്സ്!  രാത്രി മറുപടി എഴുതാന്‍ ഇരുന്നു..... എവിടെ നിന്ന് തുടങ്ങും? ശകുന്തള ചേച്ചിയേ മനസ്സില്‍ ധ്യാനിച്ച്‌ പ്രിയതമേ...പ്രിയതമേ...പ്രണയ ലേഖനം എങ്ങിനെ എഴുതണം എന്ന് മൂളി തുടങ്ങി! ബിസ്മില്ലാഹി റഹ്മാനി രഹീം..... എത്രയും സ്നേഹം നിറഞ്ഞ.......സംബോധനഎന്തെഴുതും? സീന...സീനു.. ഹേയ്... ഒരു ഇതില്ല! അവസാനം ഉറപ്പിച്ചു “ചീനു”! പിന്നെ മറ്റേ കൈ കൊണ്ട് എഴുതുന്ന കൈ പിടിക്കേണ്ടി വന്നു ഒന്ന് നിറുത്താന്‍......................!

കുറച്ചു ദിവസം കഴിഞ്ഞപ്പോ വാഹിദ്‌ക്ക വിളിച്ചു. ടാ..ഫോണിന്റെ ബില്ല് വന്നിട്ടുണ്ട്! പതിനേഴ് വര്ഷം മുന്നത്തെ (ഒരു റിയാലിന് അഞ്ച് രൂപയാണ് അന്ന്..) മുന്നൂറ്റി എണ്‍പത്തി മൂന്നു റിയാല്‍! ഒരു സ്നേഹ ഗാനത്തിന്റെ വില!