Saturday 26 March 2011

ഓര്‍മക്കുറിപ്പുകള്‍ (സൌദി അറേബ്യന്‍ കാണ്ഡം) ഒന്ന്


ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ഒരു രാത്രി. വിറയാര്‍ന്ന കാലുകള്‍ വിമാനത്തിന്‍റെ പടിയില്‍ നിന്നും നിലത്ത് തൊട്ടു. ഏതു കാലാണാവോ ആദ്യം നിലത്ത് കുത്തിയത്? വലതോ അതോ ഇടതോ? ഓര്‍മയില്ല..പക്ഷെ പിന്നീടുള്ള സംഭവങ്ങള്‍ കുത്തിയത് ഇടതു കാല്‍ തന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്നവ ആയിരുന്നു.

റിയാദ്‌ വിമാനത്താവളം. ഞങ്ങള്‍ നാല് പേര്‍. മൂന്നു ആലുവക്കാരും ഞാനും (തൃശ്ശൂര്‍). കൂട്ടത്തില്‍ ഇച്ചിരി വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മറ്റു മൂന്നുപേരെയും നേര്‍വഴിക്ക് നയിക്കാന്‍ എന്നെ ആയിരുന്നു അവരുടെ ബന്ധുക്കള്‍ തിരഞ്ഞെടുത്തത്. ഷാജി, കുഞ്ഞാവ, ലത്തീഫ്. വിമാനമിറങ്ങി മുന്നേ പോകുന്ന ആടുകളുടെ പിന്നാലെ ഞങ്ങളും കൂടി. ദോഷം പറയരുതല്ലോ. അറക്കാന്‍ കൊണ്ടുവന്ന ആടുകളോടുള്ളത് പോലെയുള്ള നല്ല പെരുമാറ്റം പോലീസുകാരുടെ. പിച്ചക്ക് വന്ന തെണ്ടിയോടെന്ന പോലെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് തട്ടിപ്പറിച്ച് മുഖത്തേക്കും പാസ്പോര്ട്ടിലെക്കും നോക്കി എന്തോ അലറിയ കൌണ്ടറിലെ കറുത്ത് തടിച്ച പെണ്ണുമ്പിള്ള. രണ്ടു ഡപ്പി കണ്മഷി വാരിത്തേച്ച അവരുടെ പേടിപ്പിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രമേ കാണാനുള്ളൂ. ഒന്നും മനസ്സിലാവാതെ കയ്യിലുള്ള അരക്കിലോ പേപ്പര്‍ സമക്ഷം മുമ്പാകെ വെച്ചു. അതില്‍ നിന്നും വിസയുടെ പേപ്പര്‍ എടുത്തതിനു ശേഷം ബാക്കിയൊക്കെ കൂടി ഒരേറ് വെച്ചു തന്നു!

പുറത്തു ബാവക്കയും കരീം അളിയനും കാത്തുനിന്നിരുന്നു. ആദ്യയാത്രയുടെ പകപ്പ് കൊണ്ടും കത്തിയും മുള്ളും ഏതു കയ്യിലാ പിടിക്കേണ്ടത് എന്നറിയാത്തത് കൊണ്ടും ഒന്നും കഴിക്കാതെയിരുന്ന ഞങ്ങള്‍ക്ക് കിട്ടി ഓരോ ബര്‍ഗറും പെപ്സിയും! ജീവിതത്തില്‍ ആദ്യമായി കാണുന്ന സാധനം. കഴുത്തറുത്ത ആടിന്‍റെ നാക്ക്‌ പോലെ ഒരു സാധനം രണ്ടു ബന്നിന്റെ ഇടയില്‍ വെച്ചത് ബര്‍ഗര്‍! ഉണ്ണിമോളുടെ ഫ്രോക്കിന്റെ അറ്റം പോലെ കുറെ ഇലത്തുണ്ടുകള്‍ നല്ല ഭംഗിയില്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്!  ഒരു കഷണം കഴിച്ചു..പിന്നെ ജീവിതത്തില്‍ ഒരിക്കലും ആ സാധനം കഴിച്ചിട്ടില്ല. പണ്ട് അശോകന്‍ ഡോക്റ്ററുടെ ക്ലിനിക്കില്‍ നിന്നും ഏതു രോഗത്തിനും കിട്ടിയിരുന്ന “മിക്സ്ചര്‍” പോലെ ഒരു വാട്ട വെള്ളം – പെപ്സി...മുഴുവന്‍ കുടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഗള്‍ഫ്‌ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ നമ്മുടെ ഇപ്പോഴത്തെ പ്ലാച്ചിമട വെള്ളം തന്നെ!

പുറത്തിറങ്ങിയപ്പോഴാണ് ചൂടിന്റെ കാഠിന്യം മനസ്സിലായത്‌. വണ്ടി എത്തി. നമ്മുടെ ഓംനി പോലത്തെ ഒരു വണ്ടി..സീറ്റുകള്‍ ഒന്നും ഇല്ല! വണ്ടിക്കുള്ളില്‍ പഴയ അഞ്ചാറ് കാനുകള്‍ ചിതറിക്കിടക്കുന്നു. താഴെ ഇരുന്നു. പോകുന്ന വഴികളില്‍ വെളിച്ചത്തിന്‍റെ മായാജാലങ്ങള്‍! വലിയ കെട്ടിടങ്ങള്‍. കൂട്ടുകാര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവത്തില്‍ ഇരുന്നു.

കുറെ ദൂരം ഓടിയിരിക്കണം. റിയാദിലെ അസീസിയ, അവിടെയാണ് ജോലിസ്ഥലം. ബാങ്ക് വിളിക്കുന്നു. സമയം നോക്കി പത്തു മണി. ഈ നേരത്ത് ഏതാണാവോ നിസ്കാരം. ബാവയ്ക്ക പറഞ്ഞു ഇശാ ബാങ്ക് കൊടുത്തു എന്ന്. അപ്പോഴാണ്‌ സമയ വ്യത്യാസം ശ്രദ്ധിച്ചത്.

വണ്ടി നിന്നു. തൊട്ടടുത്ത്‌ എവിടന്നോ പള്ളിയില്‍ ഇമാമിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. നിസ്കാരം തുടങ്ങിയിരിക്കുന്നു. ബാവക്ക വണ്ടിയില്‍ നിന്നും ഇറങ്ങി. ചുണ്ടില്‍ ചൂണ്ടുവിരല്‍ വെച്ചു ശ്..ശ്..എന്ന് ശബ്ദം ഉണ്ടാക്കി. അങ്ങോട്ടുമിങ്ങോട്ടും നോക്കി വണ്ടിയില്‍ നിന്നും ഇറങ്ങി യുദ്ധഭൂമിയില്‍ പട്ടാളക്കാര്‍ ഓടുന്ന പോലെ ഇരുട്ടിന്‍റെ മറവു പറ്റി വലിയ ഒരു ഗേറ്റിനടുത്തേക്ക് ഓടി. ധൃതിയില്‍ ഗേറ്റ് തുറന്ന് പോയപോലെ തന്നെ തിരിച്ചു വന്നു. ഞങ്ങളോടും അങ്ങനെ ഓടി ഗേറ്റിനുള്ളിലേക്ക് ഓടിക്കോളാന്‍ പറഞ്ഞു. നാലുപേരും മുഖത്തോടുമുഖം നോക്കി. ഇവിടെ പട്ടാളത്തില്‍ ആണോ ജോലി എന്ന് ലത്തീഫ്‌ ആണോ പിറു പിറുത്തത്? അകത്തു കടന്നതിനു ശേഷം ഗേറ്റ് അടച്ചു കുറ്റിയിട്ടു. കുറച്ചു ദിവസങ്ങള്‍ക്കകം ഈ മിലിട്ടറി ആക്ഷന്റെ കാര്യം മനസ്സിലായി. മുത്തവ്വ എന്നാ മതകാര്യ പോലീസിനെ പേടിച്ചായിരുന്നു എന്ന്!

റൂമിലെത്തി. ഇതാണ് മോനെ റൂം! ചെറിയ റൂമില്‍ അഞ്ചു കട്ടിലുകള്‍. ഓരോ കട്ടിലിനും മൂന്നു നില വീതം. വേറെയും ഉണ്ടായിരുന്നു മൂന്നു നാല് ആളുകള്‍. ഡ്രസ്സ്‌ മാറുവാന്‍ ബാഗ് തുറന്നു. കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടി. ഉമ്മ തന്ന അച്ചാറും തോര്‍ത്തും ലുങ്കിയും ആണ് ഏറ്റവും മുകളില്‍. പിന്നെ സ്നേഹനിധിയായ ഇക്ക കൂട്ടികൊണ്ടുപോയി വാങ്ങിത്തന്ന ബ്രഷ്, പേസ്റ്റ്‌, ഡ്രെസ്സുകള്‍. അധികം നോക്കി നിന്നില്ല. ലുങ്കി എടുത്തു അതിലെ സ്റ്റിക്കര്‍ ഇളക്കി കളഞ്ഞു ഉടുത്തു. പെണ്ണുങ്ങളുടെ ഒര്‍ഗണ്ടി സാരി പോലെ വിരിഞ്ഞു നില്‍ക്കുന്നു ലുങ്കി!

രാത്രി കുളിക്കാതെ ഉറക്കം വരില്ല. ബാത്ത്‌റൂമിലേക്ക് നടന്നു. തോര്‍ത്തുടുത്തു ഷവറിനു കീഴിലേക്ക് നിന്നു പൈപ്പ്‌ തുറന്നു. ഒരു നിലവിളിയോടെ ഓടിമാറി. വെള്ളം അപ്പോഴും നല്ല ചൂടുണ്ടായിരുന്നു. മൂക്കിലേക്ക് തുളച്ചു കയറുന്ന ക്ലോറിന്റെ മണം. ക്രിക്കറ്റ്‌ കളിയും ജിമ്മും കഴിഞ്ഞു വന്നു നാട്ടിലെ കിണറു വെള്ളത്തില്‍ കുളിക്കുന്നതിന്റെ സ്വര്‍ഗീയ സുഖം ഓര്‍ത്തു. കുളി കഴിഞ്ഞു തുവര്‍ത്തിയപ്പോഴേക്കും പിന്നെയും വിയര്ത്തിരുന്നു.

അങ്ങനെ ബീക്കോം പഠിച്ചെങ്കിലും ഫസ്റ്റ് ക്ലാസില്‍ പാസ്സാവാത്ത സൂപ്പര്‍വൈസര്‍ ആയി വന്ന ഞാനും സ്‌കൂളില്‍ പഠിച്ച കൂട്ടുകാരും ഒരേ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. കട്ടിലിലെ മൂന്നാം നിലയിലെ ഫ്ലാറ്റ് തന്നെ കിട്ടി.

കുടുംബത്തിലെ ആദ്യത്തെ കടല് കടക്കുന്ന ഭാഗ്യവാനെ യാത്രയാക്കാന്‍ ഒരു പാട് ബന്ധുക്കളും വന്നിരുന്നു. ആശംസകളും കുറെ കാഷും കിട്ടി. ജീവിതത്തില്‍ ആദ്യമായി ഗാന്ധിത്തല കണ്ടതും കൈകൊണ്ടു തൊട്ടതും അന്നായിരുന്നു..അന്ന് ഗള്‍ഫില്‍ ഉണ്ടായിരുന്ന ഖാദര്‍ എളാപ്പാടെ വക ആയിരുന്നു ഒരിക്കലും മറക്കാത്ത ആ സമ്മാനം! അദേഹം ഇന്നില്ല.

ഉറക്കം വരുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. മോനെ വിഷമിപ്പിക്കാതിരിക്കാന്‍, വീട്ടില്‍ നിന്നും ഇറങ്ങാനുള്ള സമയമായപ്പോള്‍ ഒരു എങ്ങലോടെ കവിളത്ത് മുത്തം തന്നു കരയുന്ന മുഖം എന്നെ കാണിക്കാതെ തിരിഞ്ഞു നടന്ന ഉമ്മ, യാത്ര പറയുമ്പോള്‍ വിങ്ങിപ്പൊട്ടി കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോകുന്ന മകനെ കെട്ടിപ്പിടിച്ച വാപ്പ, ഗൌരവക്കാരനായ, സ്നേഹം പുറത്തു കാണിക്കാത്ത..നീ വന്നെ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു മുറിയുടെ വാതിലടച്ചു കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടിയ എന്റെ, ഇക്ക ഗള്‍ഫിലേക്ക് പോകുന്നു എന്ന് മാത്രം അറിയാവുന്ന അനുജന്മാര്‍... എല്ലാവരും കണ്ണിനു മുന്നില്‍ തന്നെ.

കുഞാവയുടെയും ലത്തീഫിന്റെയും കൂര്‍ക്കം വലികള്‍ക്കിടയില്‍ എപ്പോഴോ മയങ്ങിപ്പോയി. ഒരു ദിവസം...ആദ്യത്തെ ദിവസം...കഴിയുന്നു. ഒരു പ്രവാസിയുടെ ജീവിതം തുടങ്ങുന്നു....

തുടരും....സമയം കിട്ടുമ്പോള്‍....

സ്നേഹത്തോടെ സിറൂസ്... 

Wednesday 9 March 2011

വിരിയാത്ത പൂവ്


പടച്ചോനെ..സമയം എത്ര ആയിട്ടുണ്ടാവും? കോളേജിലേക്കുള്ള ബസ്‌ പോയിട്ടുണ്ടാവുമോ? ചാടി എഴുന്നേറ്റു. പല്ല് തേച്ചു വേഗം കുളിച്ചു റെഡി ആയി. ചായ കുടിക്കാനുള്ള ഉമ്മാടെ വിളി “ഇപ്പൊ വരാ ഉമ്മാ” എന്നാ മറുപടിയോടെ കാന്‍സല്‍ ചെയ്തു ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു!

നിങ്ങളുടെ ആകാംഷയോടെ ഉള്ള നോട്ടം എനിക്ക് മനസ്സിലായി! ഒന്നാമത് കോളേജില്‍ പോവുന്ന ഈ ചങ്ങായി എങ്ങനെ “ഇപ്പൊ വരും” എന്നല്ലേ! രണ്ടാമത് ബസില്‍ പോവുന്നതിനു ഇവന്‍ എന്തിനാ വണ്ടി സ്റ്റാര്‍ട്ട് ആക്കണേ എന്നും!

ഉത്തരം പറയാം. കോളജില്‍ പോവുന്നത് ഞാനല്ല! ഏകദേശം അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഒരു പെങ്കൊച്ച് ആണ്. സ്റ്റാര്‍ട്ട് ചെയ്ത വണ്ടി എന്‍റെ പ്രിയപ്പെട്ട റാലി സൈക്കിളും! ദിവസേന ബസ്‌ സ്റ്റോപ്പ്‌ വരെ കൊണ്ടാക്കി കൊടുക്കാന്‍ അവളുടെ വാപ്പ എല്പ്പിച്ചതൊന്നുമല്ല എന്നെ..പിന്നെ? അതാണ്‌ ഉരുമീസ്‌!

തലേദിവസം മനസ്സില്‍ ആലോചിച്ചു അവളോട്‌ പറയാന്‍ ഉറപ്പിച്ച കാര്യങ്ങള്‍ ഒന്നു കൂടി ഉരുവിട്ട് പഠിച്ചു! ഈ പഠിത്തം ഡിഗ്രിക്ക് പഠിച്ചിരുന്നെങ്കില്‍ പാസ്സാവാന്‍ നാല് കൊല്ലം വേണ്ടി വരില്ലായിരുന്നു!

സൈക്കിള്‍ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു! വളവു തിരിഞ്ഞപ്പോള്‍ ഫുട്ബോള്‍ പ്രാക്ട്ടീസും കഴിഞ്ഞു സെന്‍ററില്‍ നിന്നിരുന്ന അനിയന്‍റെ വക റണ്ണിങ്ങ് കമന്ററി..പതുക്കെ പോയാ മതി..ഉരുണ്ടു പിരണ്ടു വീഴണ്ടാ.. ആ വളവു തിരഞ്ഞെ ഉള്ളൂ...

കണ്ടു ഞാന്‍....... ആരെയോ പ്രതീക്ഷിച്ച് എന്ന പോലെ ഇച്ചിരി പതുക്കെയാണ് നടത്തം. തുടങ്ങി തായമ്പക! പരീക്ഷക്ക്‌ പറയാനുള്ളതൊക്കെ ഒരാവര്‍ത്തി കൂടി മനസ്സില്‍ ഒരുവിട്ടു! അടുത്തെത്തി....കണ്ണുകള്‍ തമ്മില്‍ ഒരു ആക്സിടന്റ്റ്‌ നടന്നു. ഒരു മിന്നല്‍പിണര്‍! ബലൂണിന്‍റെ കാറ്റ് പോയ പോലെ ശൂ.....ഒക്കെ പോയി. കാണാപാഠം പഠിച്ചു വെച്ചതൊക്കെ പമ്പേം എരുമേലീം കടന്നു കാട്ടിലോളിച്ചു!

അങ്കത്തില്‍ തോറ്റ ചേകവരെ പോലെ സൈക്കിളിന്റെ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു. അടുത്തയിനം ബസിനു മുന്നില്‍ വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു അടുത്ത സ്റ്റോപ്പില്‍ ചെന്ന് നിന്ന് മുകളിലേക്ക് നോക്കി നില്‍ക്കുക എന്നതാണ്! സ്കൂള്‍ കുട്ടികള്‍ കയരാനുള്ളത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ഇചിരീശേ നേരം ഉണ്ടാവും. ആ ഗാപ്പില്‍ അടുത്ത സ്റൊപ്പിലേക്ക്.

മൂന്നു കിലോമീറ്റര്‍ ദൂരത്തിലെ കഠിനാധ്വാനവും കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വീട്ടിലെത്തിയപ്പോള്‍ പലഹാരത്തിന് പകരം ഉമ്മാടെ വായീന്നു വയര് നിറച്ചും കിട്ടി! എവിടെ പോയിരുന്നെടാ എന്ന ചോദ്യത്തിന് അനിയന്‍റെ ഹൃദയംഗമമായ സപ്പോര്‍ട്ടും കിട്ടി. അധ്വാനിക്കാന്‍ പോയതാ ഉമ്മാ...ആരോഗ്യം കൂടുതല്‍ അവനായത് കൊണ്ട്..നമ്മള്‍ ക്ഷമിച്ചു. നമ്മളാരാ മ്യാന്‍!

ഈ കലാപരിപാടികള്‍ ഈ ചാനലില്‍ തന്നെ പുനസംപ്രേഷണം ഉണ്ടാകും. വൈകുന്നേരം കോളേജ്‌ വിടുന്ന സമയത്ത്.

ഇങ്ങനെ ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും എന്തെങ്കിലും സംസാരിക്കാനുള്ള തന്റേടവും അത്ര തന്നെ വലിപ്പത്തില്‍ രണ്ടു കാലിലും തഴമ്പും ഉണ്ടായി സൈക്കിള്‍ ചവുട്ടിയിട്ടു!

ഹായ്..ഹോയ്‌..സുഖം..അതെ..ഇതായിരുന്നു പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങള്‍! കറക്ട് സമയം ആണെന്ന് രണ്ടു പേര്‍ക്കും അറിയാമായിരുന്നു എങ്കിലും ഏറ്റവും നീളമുള്ള ചോദ്യം..”ഇന്ന് നേരം വൈകിയോ” എന്നായിരുന്നു. എല്ലാ ദിവസവും രാത്രി മിനക്കെട്ടിരുന്ന് പഠിച്ചിരുന്നു എങ്കിലും...എന്‍റെ നിര്‍ഭാഗ്യമോ ആ കൊച്ചിന്റെ ഭാഗ്യമോ ഒന്നും വെളിച്ചം കണ്ടില്ല.

മൂന്നു വര്‍ഷം...ഒന്നുമൊന്നും മിണ്ടാതെ അങ്ങനെ തന്നെ - ഹായ്..ഹോയ്‌..സുഖം – കടന്നു പോയി!
സൌദിയിലേക്ക് പോകാന്‍ വിസ വന്നു! ബന്ധുക്കളോട് യാത്ര പറയാന്‍ എന്ന കണ്സെഷനില്‍ വീട്ടില്‍ നിന്നിറങ്ങി..പ്രിയപ്പെട്ട സൈക്കിള്‍ എടുത്തു. ഒന്ന്...രണ്ടു...മൂന്നു...നാല്..എത്ര റൌണ്ട് ആ വീടിനു മുന്നിലൂടെ പോയി എന്ന് ഇന്നും എണ്ണാന്‍ പറ്റിയിട്ടില്ല. ചിലപ്പോള്‍ ഈ മൂന്നു വര്‍ഷം ഞാന്‍ ചവുട്ടി ഉണ്ടാക്കിയ അത്രയും ആ രാത്രി അതിലെ കറങ്ങിയിട്ടുണ്ടാവും.

അപ്പോഴും ജയന്‍റെ സിനിമയിലെ പാട്ടിലൂടെ തന്നെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. “കണ്ണും കണ്ണും...തമ്മില്‍ തമ്മില്‍..കഥകള്‍ കൈമാറും അനുരാഗമേ”..

സൌദിയിലേയും ജീവിതത്തിന്റെയും കഷ്ട്ടപ്പാടുകള്‍ക്കിടയില്‍ ഈ ഇഷ്ട്ടം താലോലിക്കാനും നട്ടു വളര്‍ത്താനും സമയം ഉണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു വരുമ്പോഴേക്കും വാപ്പയും ഉമ്മയും ഒരു പെണ്‍കുട്ടിയെ കണ്ടു എല്ലാം ഉറപ്പിച്ചു വെച്ചിരുന്നു.

ഇതേ വരെ പറഞ്ഞിട്ടില്ലാത്ത ആ ഇഷ്ട്ടത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

വാൽകക്ഷണം: കല്യാണം കഴിയുന്ന സമയത്ത് ഞങ്ങള്‍ അവിടെയുള്ള സ്ഥലം വിട്ടു വേറെ ഒരു ഗ്രാമത്തിലേക്ക് ചേക്കേറിയിരുന്നു. ഈ ഇഷ്ട്ടത്തിന്റെ കാര്യവും ബീവിയോടു പറഞ്ഞിരുന്നു. പഴയ അയല്‍വാസികളെ സന്ദര്‍ശിക്കാന്‍ പോയ കൂട്ടത്തില്‍ പുതുമണവാട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു പഴയ ലിവറിനെ കാണാന്‍ പോയിരുന്നു. അറിഞ്ഞു..കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്‍റെ വീട്ടില്‍ ആണെന്ന്!

Sunday 6 March 2011

എന്റെ സത്യാന്വേഷണ പരീക്ഷ!


എസ് എന്‍ ടാക്കീസില്‍ സിനിമ മാറിയ ദിവസം! മൂന്നു മണിക്കാ മാറ്റിനി. രണ്ടേ കാലിന് റെക്കോഡ്‌ വെച്ചു. 

"സുനേനാ... സുനേനാ ....
ആ....ജ്  ഇന്നസാരോം കോ തും ദേഖോ....." 

ദാസേട്ടന്റെ  എട്ട് ഹിന്ദിപ്പാട്ട് കഴിഞ്ഞാല്‍ "ന്യൂസ് റീല്‍" തുടങ്ങും! പിന്നെ സില്‍മേം. 

സില്‍മക്ക് പോവാനുള്ള അപ്ലിക്കേഷന്‍ ഉമ്മ വഴി വാപ്പാക്ക് സമര്‍പ്പിച്ചു. പരൂഷക്കാലം ആയതുകൊണ്ട് പരുഷമായ ഒരു നോട്ടമായിരുന്നു മറുപടി. ഉമ്മ വാക്കൌട്ട് നടത്തി. 

"ന്തായി മ്മാ??"  

"പോയി ഇരുന്നു പഠിക്കടാ" !

മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം! പതുക്കെ വാപ്പാടെ അടുത്തു കൂടി! ഊണ് കഴിഞ്ഞു ഒരു സിസര്‍ ഫില്‍റ്ററും പിടിപ്പിച്ചു ഇരിക്ക്യാ വാപ്പ. കസേരയുടെ ഒരറ്റത്ത് പതുക്കെ കൂടി. നെഞ്ചിലെ രണ്ടു മൂന്നു നരച്ച രോമങ്ങള്‍ പറിച്ചു തുടങ്ങിയപ്പോഴേ വാപ്പക്ക് സംഗതി പിടുത്തം കിട്ടി! നാലാമത്തെ രോമത്തില്‍ കൈ വെച്ചപ്പോഴേക്കും വാപ്പാടെ ഗൌരവം ഒന്ന് അയഞ്ഞു.

"എന്താ മോനേ? പഠിച്ച് കഴിഞാ?"
"മ്മ്മ്മ്മം..." കമ്പ്ലീറ്റ്‌ പഠിച്ചു വാപ്പാ"

ആദ്യ പരൂഷ മലയാളം ആണ്. എപ്പോ പഠിക്കാന്‍ പറഞ്ഞാലും തുടങ്ങുന്നത് ആദ്യത്തെ പദ്യം ആയത് കൊണ്ട് അത് കണ്ണ് കെട്ടി കിണറ്റില്‍ കൊണ്ടിട്ടാലും പാടും! നല്ല രീതിയില്‍ പാടി കേള്‍പ്പിച്ചു. 

“കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകര്‍ണ്ണാന്തമായ്‌ തെക്ക് വടക്ക് നീളെ 
അന്യോന്ന്യമംബാശിവര്‍ നീട്ടിവിട്ട 
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം!”

“മ്മ്മ്മ്മ്മം! പോക്കറ്റീന്ന്‍ പൈസ എടുത്തോ. വന്നിട്ട് ഇരുന്നു പഠിക്കണം ട്ടാ ..!" 

ഷര്‍ട്ടും ട്രൌസറും മാറ്റി പൈസ എടുക്കാന്‍ വാപ്പാടെ റൂമിലേക്ക്‌. മുറിയിലെ അരണ്ട വെളിച്ചത്തില്‍ ഹാങ്കറില്‍ തൂങ്ങിക്കിടന്ന രണ്ടു പോക്കറ്റ്‌ ഉള്ള ട്രൌസര്‍ കണ്ടു. ഫ്രൂട്സ് മൊത്തക്കച്ചവടക്കാരനായ വാപ്പ ഓരോ ദിവസത്തെയും കളക്ഷന്‍ രണ്ടു പോക്കറ്റിലുമായി കുത്തി നിറച്ചിട്ടുണ്ടാവും.

ടിക്കറ്റ്‌ ചാര്‍ജ്‌ രണ്ടു രൂപ & അമ്പത് പൈസ കപ്പലണ്ടിക്ക്! അതാണ്‌ കണക്ക്. ലൈറ്റിടാതെ പോക്കറ്റില്‍ കയ്യിട്ട എന്‍റെ കൈകളില്‍ തടഞ്ഞത് അമ്പതിന്റെ ഒറ്റ നോട്ട്! ഇരുട്ടത്ത് എവിടെയോ ഒളിച്ചു നിന്ന "ശൈത്താന്‍" എന്‍റെ ദേഹത്ത് കൂടി! വിറയ്ക്കുന്ന കൈകളോടെ അമ്പതിന്റെ കൂടെ മൂന്നു രൂപ വേറെയും എടുത്തു. അമ്പതു രൂപ ട്രൌസറിന്റെ പോക്കറ്റിലെക്ക് താഴ്ത്തി കയ്യിലുള്ള മൂന്നു രൂപ വാപ്പാക്ക് കാണിച്ചു കൊടുത്തു. 

വൈകീട്ടത്തെക്കുള്ള പലഹാരപ്പണിയില്‍ ആയിരുന്ന ഉമ്മാടെ അഴുക്ക് പുരണ്ട സാരിത്തുമ്പില്‍ മുഖം ഒന്ന് തുടച്ചു. 

സൈക്കിളിന്റെ സ്റ്റാന്റ്‌ തട്ടുമ്പോ വിളിച്ചു പറഞ്ഞു.  "മ്മാ .. പൂവാട്ടാ!" 

ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി. ഈ അമ്പതു രൂപയും കൊണ്ട് നാളെ സ്കൂളില്‍ എത്തുമ്പോള്‍ ഞാന്‍ രാജാവാ. പ്രിന്‍സും ഷാനുവും ജോയിയും തോമാസും... ഒക്കെറ്റിനും വയറു വേദന എടുത്തു പണ്ടാരമടങ്ങും!  അക്കാളിന്റെ കയ്യില്‍ നിന്നും തേന്‍കുഴമ്പും ചുക്കുണ്ടയും, ഐസ്പ്രൂട്ട് വിക്കണ സായ്‌വിന്റെ കയ്യീന്ന് വയറ്  നിറയെ സേമിയ ഐസും. ഹോ! ആലോചിക്കാന്‍ കൂടി വയ്യ!

സിനിമാ ടാക്കീസിലെ പാട്ട് അടുത്ത് കേട്ട് തുടങ്ങി. 

"കാ കരൂം ... സജ്.... നീ...
ആയേ ന ബാലമ്..!

വളവു തിരിഞ്ഞാല്‍ ടാക്കീസായി. കളിക്കൂട്ടുകാരനായ ജോയ്സനെ വിളിച്ചാലോ സിനിമക്ക്? പണക്കാരനായ വിവരം പറയണ്ട! സൈക്കിള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു തിരിച്ചു. വീടിനു തൊട്ടടുത്താണ് ജോയ്സന്റെ വീട്.

സൈക്കിളില്‍ എന്‍റെ സ്പീഡ്‌ പ്രസിദ്ധമാണ്. റോഡില്‍ പിരണ്ടു വീണു ഒരു കൂട്ടുകാരന്‍റെ കയ്യൊടിച്ചതും മറ്റൊരു ആത്മാര്‍ത്ഥന്‍റെ പകുതി മീശ റോഡില്‍ ഉരഞ്ഞു കാണാതായി പോയതും (നന്ദന്‍... അവന്‍ ഇന്നില്ല! സ്വര്‍ഗത്തില്‍ ഇരുന്നു ചിരിക്കുന്നുണ്ടാവും!) നാട്ടില്‍ പ്രസിദ്ധമാണ്!

ജോയ്സനെ വിളിക്കാന്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അര മണിക്കൂര്‍ കൂടിയേ ഉള്ളോ സിനിമ തുടങ്ങാന്‍. ഇച്ചിരി നേരം വൈകിയാലും നോ കുഴപ്പം. ഇന്ത്യന്‍ ന്യൂസ്‌ റീല്‍ ഉണ്ടാവ്വോലോ!

വാപ്പാടെ ചിരിക്കുന്ന മുഖം മനസ്സിലെ സ്ക്രീനില്‍ തെളിഞ്ഞു. അതും 70 എം എം സ്ക്രീന്‍! പെട്ടെന്നൊരു നിമിഷം....!  സൈക്കിള്‍ നീങ്ങുന്നില്ല! ഞാന്‍ സകല ശക്തിയാര്‍ജിച്ചു ചവുട്ടിയിട്ടും ഒരിഞ്ചു പോലും! ആകെ വിയര്‍ത്തിരിക്കുന്നു. വായിലെ വെള്ളം വറ്റി വരണ്ടു. ഇത്ര ചെറുപ്പത്തിലെ ഹാര്‍ട്ട് അറ്റാക്ക് ഒക്കെ വരോ? 

നെഞ്ചില്‍ ഇടതു വശത്തായി ആണ് പ്രശനം. വല്ലാത്ത ഭാരം. സൈക്കിളില്‍ നിന്നിറങ്ങി നെഞ്ചിലൊന്ന് തലോടി. പോക്കറ്റില്‍ എന്തോ തടഞ്ഞു. അത് തന്നെ... ആ പുത്തന്‍ അമ്പതു രൂപ! ഭാരം അതിന്റെ തന്നെ! 

പടച്ചോനെ ...! എന്താണ് ഞാനീ ചെയ്തത്? കുറുമ്പ് കാണിച്ചാലും ദേഷ്യം വരാത്ത, തല്ലാത്ത, എന്തും വാങ്ങിത്തരുന്ന എന്‍റെ പൊന്നു വാപ്പാട്....! നുണ പറഞ്ഞു, കളവ്‌ കാണിച്ചു. ഇനീപ്പോ എന്ത് ചെയ്യും? 

വീടിന്‍റെ പുറകു വശത്തെ വഴിയിലൂടെ സൈക്കിള്‍ ഉന്തി മെല്ലെ നടന്നു. ജബ്ബാറിന്റെ വീട്ടില്‍ സൈക്കിള്‍ വെച്ച്‌ വീടിനു പിന്നിലെ പൊളിഞ്ഞു കിടക്കുന്ന മതില്‍ ചാടി അടുക്കള വഴി അകത്തേക്ക് കയറി. വാപ്പ ഉമ്മറത്ത്‌ തന്നെ ഉണ്ട്. ഉമ്മ അടുക്കളയിലും.

വാപ്പാടെ മുറിയില്‍ കയറി ആ "നശിച്ച" അമ്പതു രൂപ പോക്കറ്റിനകത്തെക്ക് തന്നെ തിരുകി വെച്ചു. ആരും കാണാതെ പിന്‍വശത്ത് കൂടി സൈക്കിള്‍ എടുത്തു ടാക്കീസിലേക്ക്.

സൈക്കിളിനും എനിക്കും ഭാരം കുറവ്! പറക്കുകയായിരുന്നു ഞാന്‍! ജോയ്സനെ വിളിക്കാന്‍ നിന്നില്ല. വിളിച്ചിട്ട് കാര്യമില്ലല്ലോ. മൂന്നു രൂപയെ ഉള്ളൂ കയ്യില്‍.

ടാക്കീസില്‍ അവസാനത്തെ റെക്കോഡ്‌ വെച്ചിരുന്നു!

"ദില്‍ കെ തുക്ക്ടെ.. തുക്ക്ടെ  കര്‍ക്കെ .
മുസ്കുരാക്കെ ചല്‍ ദിയെ..!"

തുക്ക്ടെ തുക്ക്ടെ ആയിപ്പോയെനേ! ദൈവം കാത്തു!!!