Saturday, 26 March 2011

ഓര്‍മക്കുറിപ്പുകള്‍ (സൌദി അറേബ്യന്‍ കാണ്ഡം) ഒന്ന്


ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ഒരു രാത്രി. വിറയാര്‍ന്ന കാലുകള്‍ വിമാനത്തിന്‍റെ പടിയില്‍ നിന്നും നിലത്ത് തൊട്ടു. ഏതു കാലാണാവോ ആദ്യം നിലത്ത് കുത്തിയത്? വലതോ അതോ ഇടതോ? ഓര്‍മയില്ല..പക്ഷെ പിന്നീടുള്ള സംഭവങ്ങള്‍ കുത്തിയത് ഇടതു കാല്‍ തന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്നവ ആയിരുന്നു.

റിയാദ്‌ വിമാനത്താവളം. ഞങ്ങള്‍ നാല് പേര്‍. മൂന്നു ആലുവക്കാരും ഞാനും (തൃശ്ശൂര്‍). കൂട്ടത്തില്‍ ഇച്ചിരി വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മറ്റു മൂന്നുപേരെയും നേര്‍വഴിക്ക് നയിക്കാന്‍ എന്നെ ആയിരുന്നു അവരുടെ ബന്ധുക്കള്‍ തിരഞ്ഞെടുത്തത്. ഷാജി, കുഞ്ഞാവ, ലത്തീഫ്. വിമാനമിറങ്ങി മുന്നേ പോകുന്ന ആടുകളുടെ പിന്നാലെ ഞങ്ങളും കൂടി. ദോഷം പറയരുതല്ലോ. അറക്കാന്‍ കൊണ്ടുവന്ന ആടുകളോടുള്ളത് പോലെയുള്ള നല്ല പെരുമാറ്റം പോലീസുകാരുടെ. പിച്ചക്ക് വന്ന തെണ്ടിയോടെന്ന പോലെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് തട്ടിപ്പറിച്ച് മുഖത്തേക്കും പാസ്പോര്ട്ടിലെക്കും നോക്കി എന്തോ അലറിയ കൌണ്ടറിലെ കറുത്ത് തടിച്ച പെണ്ണുമ്പിള്ള. രണ്ടു ഡപ്പി കണ്മഷി വാരിത്തേച്ച അവരുടെ പേടിപ്പിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രമേ കാണാനുള്ളൂ. ഒന്നും മനസ്സിലാവാതെ കയ്യിലുള്ള അരക്കിലോ പേപ്പര്‍ സമക്ഷം മുമ്പാകെ വെച്ചു. അതില്‍ നിന്നും വിസയുടെ പേപ്പര്‍ എടുത്തതിനു ശേഷം ബാക്കിയൊക്കെ കൂടി ഒരേറ് വെച്ചു തന്നു!

പുറത്തു ബാവക്കയും കരീം അളിയനും കാത്തുനിന്നിരുന്നു. ആദ്യയാത്രയുടെ പകപ്പ് കൊണ്ടും കത്തിയും മുള്ളും ഏതു കയ്യിലാ പിടിക്കേണ്ടത് എന്നറിയാത്തത് കൊണ്ടും ഒന്നും കഴിക്കാതെയിരുന്ന ഞങ്ങള്‍ക്ക് കിട്ടി ഓരോ ബര്‍ഗറും പെപ്സിയും! ജീവിതത്തില്‍ ആദ്യമായി കാണുന്ന സാധനം. കഴുത്തറുത്ത ആടിന്‍റെ നാക്ക്‌ പോലെ ഒരു സാധനം രണ്ടു ബന്നിന്റെ ഇടയില്‍ വെച്ചത് ബര്‍ഗര്‍! ഉണ്ണിമോളുടെ ഫ്രോക്കിന്റെ അറ്റം പോലെ കുറെ ഇലത്തുണ്ടുകള്‍ നല്ല ഭംഗിയില്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്!  ഒരു കഷണം കഴിച്ചു..പിന്നെ ജീവിതത്തില്‍ ഒരിക്കലും ആ സാധനം കഴിച്ചിട്ടില്ല. പണ്ട് അശോകന്‍ ഡോക്റ്ററുടെ ക്ലിനിക്കില്‍ നിന്നും ഏതു രോഗത്തിനും കിട്ടിയിരുന്ന “മിക്സ്ചര്‍” പോലെ ഒരു വാട്ട വെള്ളം – പെപ്സി...മുഴുവന്‍ കുടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഗള്‍ഫ്‌ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ നമ്മുടെ ഇപ്പോഴത്തെ പ്ലാച്ചിമട വെള്ളം തന്നെ!

പുറത്തിറങ്ങിയപ്പോഴാണ് ചൂടിന്റെ കാഠിന്യം മനസ്സിലായത്‌. വണ്ടി എത്തി. നമ്മുടെ ഓംനി പോലത്തെ ഒരു വണ്ടി..സീറ്റുകള്‍ ഒന്നും ഇല്ല! വണ്ടിക്കുള്ളില്‍ പഴയ അഞ്ചാറ് കാനുകള്‍ ചിതറിക്കിടക്കുന്നു. താഴെ ഇരുന്നു. പോകുന്ന വഴികളില്‍ വെളിച്ചത്തിന്‍റെ മായാജാലങ്ങള്‍! വലിയ കെട്ടിടങ്ങള്‍. കൂട്ടുകാര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവത്തില്‍ ഇരുന്നു.

കുറെ ദൂരം ഓടിയിരിക്കണം. റിയാദിലെ അസീസിയ, അവിടെയാണ് ജോലിസ്ഥലം. ബാങ്ക് വിളിക്കുന്നു. സമയം നോക്കി പത്തു മണി. ഈ നേരത്ത് ഏതാണാവോ നിസ്കാരം. ബാവയ്ക്ക പറഞ്ഞു ഇശാ ബാങ്ക് കൊടുത്തു എന്ന്. അപ്പോഴാണ്‌ സമയ വ്യത്യാസം ശ്രദ്ധിച്ചത്.

വണ്ടി നിന്നു. തൊട്ടടുത്ത്‌ എവിടന്നോ പള്ളിയില്‍ ഇമാമിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. നിസ്കാരം തുടങ്ങിയിരിക്കുന്നു. ബാവക്ക വണ്ടിയില്‍ നിന്നും ഇറങ്ങി. ചുണ്ടില്‍ ചൂണ്ടുവിരല്‍ വെച്ചു ശ്..ശ്..എന്ന് ശബ്ദം ഉണ്ടാക്കി. അങ്ങോട്ടുമിങ്ങോട്ടും നോക്കി വണ്ടിയില്‍ നിന്നും ഇറങ്ങി യുദ്ധഭൂമിയില്‍ പട്ടാളക്കാര്‍ ഓടുന്ന പോലെ ഇരുട്ടിന്‍റെ മറവു പറ്റി വലിയ ഒരു ഗേറ്റിനടുത്തേക്ക് ഓടി. ധൃതിയില്‍ ഗേറ്റ് തുറന്ന് പോയപോലെ തന്നെ തിരിച്ചു വന്നു. ഞങ്ങളോടും അങ്ങനെ ഓടി ഗേറ്റിനുള്ളിലേക്ക് ഓടിക്കോളാന്‍ പറഞ്ഞു. നാലുപേരും മുഖത്തോടുമുഖം നോക്കി. ഇവിടെ പട്ടാളത്തില്‍ ആണോ ജോലി എന്ന് ലത്തീഫ്‌ ആണോ പിറു പിറുത്തത്? അകത്തു കടന്നതിനു ശേഷം ഗേറ്റ് അടച്ചു കുറ്റിയിട്ടു. കുറച്ചു ദിവസങ്ങള്‍ക്കകം ഈ മിലിട്ടറി ആക്ഷന്റെ കാര്യം മനസ്സിലായി. മുത്തവ്വ എന്നാ മതകാര്യ പോലീസിനെ പേടിച്ചായിരുന്നു എന്ന്!

റൂമിലെത്തി. ഇതാണ് മോനെ റൂം! ചെറിയ റൂമില്‍ അഞ്ചു കട്ടിലുകള്‍. ഓരോ കട്ടിലിനും മൂന്നു നില വീതം. വേറെയും ഉണ്ടായിരുന്നു മൂന്നു നാല് ആളുകള്‍. ഡ്രസ്സ്‌ മാറുവാന്‍ ബാഗ് തുറന്നു. കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടി. ഉമ്മ തന്ന അച്ചാറും തോര്‍ത്തും ലുങ്കിയും ആണ് ഏറ്റവും മുകളില്‍. പിന്നെ സ്നേഹനിധിയായ ഇക്ക കൂട്ടികൊണ്ടുപോയി വാങ്ങിത്തന്ന ബ്രഷ്, പേസ്റ്റ്‌, ഡ്രെസ്സുകള്‍. അധികം നോക്കി നിന്നില്ല. ലുങ്കി എടുത്തു അതിലെ സ്റ്റിക്കര്‍ ഇളക്കി കളഞ്ഞു ഉടുത്തു. പെണ്ണുങ്ങളുടെ ഒര്‍ഗണ്ടി സാരി പോലെ വിരിഞ്ഞു നില്‍ക്കുന്നു ലുങ്കി!

രാത്രി കുളിക്കാതെ ഉറക്കം വരില്ല. ബാത്ത്‌റൂമിലേക്ക് നടന്നു. തോര്‍ത്തുടുത്തു ഷവറിനു കീഴിലേക്ക് നിന്നു പൈപ്പ്‌ തുറന്നു. ഒരു നിലവിളിയോടെ ഓടിമാറി. വെള്ളം അപ്പോഴും നല്ല ചൂടുണ്ടായിരുന്നു. മൂക്കിലേക്ക് തുളച്ചു കയറുന്ന ക്ലോറിന്റെ മണം. ക്രിക്കറ്റ്‌ കളിയും ജിമ്മും കഴിഞ്ഞു വന്നു നാട്ടിലെ കിണറു വെള്ളത്തില്‍ കുളിക്കുന്നതിന്റെ സ്വര്‍ഗീയ സുഖം ഓര്‍ത്തു. കുളി കഴിഞ്ഞു തുവര്‍ത്തിയപ്പോഴേക്കും പിന്നെയും വിയര്ത്തിരുന്നു.

അങ്ങനെ ബീക്കോം പഠിച്ചെങ്കിലും ഫസ്റ്റ് ക്ലാസില്‍ പാസ്സാവാത്ത സൂപ്പര്‍വൈസര്‍ ആയി വന്ന ഞാനും സ്‌കൂളില്‍ പഠിച്ച കൂട്ടുകാരും ഒരേ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. കട്ടിലിലെ മൂന്നാം നിലയിലെ ഫ്ലാറ്റ് തന്നെ കിട്ടി.

കുടുംബത്തിലെ ആദ്യത്തെ കടല് കടക്കുന്ന ഭാഗ്യവാനെ യാത്രയാക്കാന്‍ ഒരു പാട് ബന്ധുക്കളും വന്നിരുന്നു. ആശംസകളും കുറെ കാഷും കിട്ടി. ജീവിതത്തില്‍ ആദ്യമായി ഗാന്ധിത്തല കണ്ടതും കൈകൊണ്ടു തൊട്ടതും അന്നായിരുന്നു..അന്ന് ഗള്‍ഫില്‍ ഉണ്ടായിരുന്ന ഖാദര്‍ എളാപ്പാടെ വക ആയിരുന്നു ഒരിക്കലും മറക്കാത്ത ആ സമ്മാനം! അദേഹം ഇന്നില്ല.

ഉറക്കം വരുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. മോനെ വിഷമിപ്പിക്കാതിരിക്കാന്‍, വീട്ടില്‍ നിന്നും ഇറങ്ങാനുള്ള സമയമായപ്പോള്‍ ഒരു എങ്ങലോടെ കവിളത്ത് മുത്തം തന്നു കരയുന്ന മുഖം എന്നെ കാണിക്കാതെ തിരിഞ്ഞു നടന്ന ഉമ്മ, യാത്ര പറയുമ്പോള്‍ വിങ്ങിപ്പൊട്ടി കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോകുന്ന മകനെ കെട്ടിപ്പിടിച്ച വാപ്പ, ഗൌരവക്കാരനായ, സ്നേഹം പുറത്തു കാണിക്കാത്ത..നീ വന്നെ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു മുറിയുടെ വാതിലടച്ചു കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടിയ എന്റെ, ഇക്ക ഗള്‍ഫിലേക്ക് പോകുന്നു എന്ന് മാത്രം അറിയാവുന്ന അനുജന്മാര്‍... എല്ലാവരും കണ്ണിനു മുന്നില്‍ തന്നെ.

കുഞാവയുടെയും ലത്തീഫിന്റെയും കൂര്‍ക്കം വലികള്‍ക്കിടയില്‍ എപ്പോഴോ മയങ്ങിപ്പോയി. ഒരു ദിവസം...ആദ്യത്തെ ദിവസം...കഴിയുന്നു. ഒരു പ്രവാസിയുടെ ജീവിതം തുടങ്ങുന്നു....

തുടരും....സമയം കിട്ടുമ്പോള്‍....

സ്നേഹത്തോടെ സിറൂസ്... 

5 comments:

itsme.anoop said...

kollaam ikka,ethu varshama ikka ivide vannathu

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

സിറജിക്ക.... നന്നായി എഴുതി . ഒരു ശരാശരി പ്രവാസത്തിന്റെ തുടക്കം ...
ഒരു പക്ഷെ എല്ലാവരുടെയും തുടക്കം ഇങ്ങിനെ ഒക്കെ ആയിരിക്കാം .....
ആശംസകള്‍ .........

സിറാജ് ബിന്‍ കുഞ്ഞിബാവ said...

അനൂ 1991 - 2000 റിയാദില്‍ ഉണ്ടായിരുന്നു.
ജബ്ബാര്‍ ഭായ്, അനുമോന്‍ - സന്ദര്‍ശനത്തിനു നന്ദി!

കുന്നെക്കാടന്‍ said...

continue.............


thanks

കുന്നെക്കാടന്‍ said...

continue.............


thanks