Tuesday, 9 September 2014

അമ്മമഴക്കാറ്....!

തൊടിയിലേക്ക്‌ തുറന്ന ജാലക വാതിലിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റിനൊപ്പം അമ്പലത്തിലേക്ക് പോകുന്ന അയ്യപ്പന്മാരുടെ മന്ത്രധ്വനി മുഴങ്ങി! കൂട്ടത്തിലുള്ള കുഞ്ഞയ്യപ്പന്മാര്‍ തണുത്ത് വിറച്ച് ഉറക്കെ ശരണം വിളിക്കുന്നുണ്ടായിരുന്നു. ഭക്തിഗാനവും ചന്ദനത്തിരിയുടെ പരിമളവുമായി ആറുമണിയുടെ "കിഴക്കെപ്പറമ്പില്‍" നീണ്ട ഹോണടിച്ച് കടന്നുപോയി.

"
അയ്യോ! ഇന്യൂം കെടന്നാ ശെര്യാവില്ല്യ!" അവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച സതീശന്റെ കൈ പതുക്കെ പിടിച്ചുമാറ്റി മായ കിടക്കയില്‍ എണീറ്റിരുന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

കുളി കഴിഞ്ഞ് ഈറനായി കണ്ണന്‍റെ മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ഥിച്ചു. തലേന്നത്തെ പാത്രങ്ങള്‍ കിണറ്റിന്‍ കരയിലേക്ക് വെച്ച് ചായക്കുള്ള വെള്ളവുമായി എത്തിയ മായയെക്കണ്ട് അടുപ്പിനിരകില്‍ സുഖനിദ്രയിലായിരുന്ന അപ്പുപ്പൂച്ച അനിഷ്ടം മറച്ചുവെക്കാതെ ഒന്ന് വളഞ്ഞ് നിവര്‍ന്ന് ചാടിയിറങ്ങി!

"മാഷേ.....കിഴക്കെപ്പറമ്പില്‍" പോയീ ട്ടോ! ണീറ്റോളൂ! ദാ .. ചായ റെഡി" ആവി പറക്കുന്ന ചായ ടേബിളില്‍ വെച്ച് ചുരുണ്ടുകൂടി കിടന്നിരുന്ന സതീശനെ കുലുക്കി വിളിച്ചു.

"അമ്മടെ അടുത്തൊന്നു പോണം! നിയ്യ്‌ പോരുന്നോ?" പുതപ്പ് തലയില്‍ നിന്നും മാറ്റി സതീശന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.

"അപ്പ മാഷ്‌ ന്ന് ഇസ്കൂളീ പോണില്ല്യെ?"

"ഇല്ല്യാ. ശങ്കരമേനോന്‍ മാഷെ വിളിച്ച് പറയാം."

"മ്മ്മം...നട്ടപ്പാതിരക്ക് ഉറക്കത്തീന്ന് എണീറ്റ് വെള്ളം കുടിക്കണ കണ്ടപ്പ നിരീച്ചു. നിയ്ക്കും വരാര്ന്നൂ! ഇന്ന് മോള് ഹോസ്റ്റലീന്ന് വരൂലെ?"

'അത് ശര്യാലോഞാന്തന്നെ പോയ്‌ വരാം"

അഴിഞ്ഞുപോയ കൈലി മുറുക്കി കുത്തി സതീശന്‍ എണീറ്റു. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് കൊല്‍ക്കുഴിഞ്ഞു ജനലിലൂടെ തുപ്പി. ചായഗ്ലാസ്‌ എടുത്ത്‌ ചുണ്ടോടു ചേര്‍ത്തുവെച്ചു.

"ബ്രഷില്‍ പേസ്റ്റ് തേച്ച് വടക്കിനീല് വെച്ചട്ട്ണ്ട്. തോര്‍ത്തും സോപ്പും!" അടുക്കളയിലേക്ക് പോകും വഴി മായ വിളിച്ചുപറഞ്ഞു.

മുറ്റത്ത്‌ കാല്‍പ്പെരുമാറ്റം കേട്ട് മായ ജനലിലൂടെ എത്തിനോക്കി. അമ്പിയമ്മയാണ്!

അമ്പ്യമ്മ എത്ത്യോഈ നാള്യെരം ഒന്ന് ചിരകി തന്നിട്ട് മുറ്റം അടിച്ചാ മതിട്ടോ! വേഗായ്ക്കോട്ടേ. മാഷ്ടെ കുളി കഴ്യാറായി."

കുളിമുറിയില്‍ നിന്നും ഉയര്‍ന്ന ശബ്ദ കോലാഹലങ്ങള്‍ നേര്‍ത്തിരുന്നു. മാഷ്‌ പല്ല് തേക്കുമ്പോള്‍ അങ്ങനെയാണ്! ബഹളം കേട്ടാല്‍ ആരൊക്കെയോ ചേര്‍ന്ന് വഴക്കുണ്ടാക്കുന്ന പോലെ തോന്നും!

കുളിമുറിയുടെ തകരവാതില്‍ വെള്ളം വീണു തുരുമ്പ് പിടിച്ച വിജാഗിരിയുടെ ശബ്ദത്തിനൊപ്പം തുറന്നു.

"അമ്പ്യമ്മേ! മ്മ്ടെ ഗോപാലനോട് വരാമ്പറഞ്ഞിട്ട് ആളെ കാണാല്ല്യാല്ലോആ വാതില് എപ്ലാണാവോ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാ?"

"അവനിപ്പ ഒന്നിനും നേരല്ല്യ ന്‍റെ മായക്കുഞ്ഞേ! ആ പെണ്ണിന്‍റ പിന്നാല്യെന്ന്യാ എപ്ലും. പുതുമോട്യേല്ലെഎത്രെമ്പോരം ആള്‍ക്കാരാ വീട്ടില് അന്വേഷിച്ച് വരണെ. അയ്നെങ്ങന്യാഒരു പണി കിട്ട്യാ മുഴോനാക്കാണ്ടേ പോര്വേല്ലേ?"

"ന്നാലും അമ്പ്യമ്മ അവനോട് ഒന്ന് ഇത്രടം വരെ വരാന്‍ പറയ്‌!" അല്ലെങ്കി മാഷ്‌ അങ്ക്ട് വരുംന്ന് പറഞ്ഞാ മതി"

"ഞാ പറഞ്വോക്കാം! ചിരകിയ നാളികേരം അടുപ്പിന്‍ തിണ്ണയില്‍ വെച്ച് ആയമ്മ കിണറ്റിന്‍ കരയിലേക്ക് നടന്നു.

"മായേ... ഷര്‍ട്ട്?"

"ഷര്‍ട്ടും മുണ്ടും കര്‍ച്ചീഫും കട്ടിലുമ്മേണ്ട് മാഷേ..." കുറ്റിയില്‍ നിന്നും ആവി പറക്കുന്ന പുട്ട് കുത്തി പാത്രത്തിലേക്കിടുന്നതിനിടയില്‍ മായ അടുക്കളയില്‍ നിന്നും വിളിച്ച് പറഞ്ഞു.

കാപ്പികുടി കഴിഞ്ഞ് വസ്ത്രം മാറി ഉമ്മറത്ത് വന്നിരുന്ന സതീശന്‍ അകലെ നിന്നും ബസിന്‍റെ ഹോണടി കേട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ഞാന്‍ ഇറങ്ങി ട്ടോ!”.  

"ആആആ .. വേം കേറ് .. വേം കേറ്..

ഡാ.. വാസ്വോ! ധൃതി പിടിക്കണ്ട. കുട്ട്യോള് കേറട്ടെ!

ഓഓ... ആയ്ക്കോട്ടെ ശ്രീരേട്ടാ..! പോട്ടെ റൈറ്റ്‌!" ഡബിള്‍ ബെല്ലടിച്ച് കിളി മുന്നിലെ വാതിലില്‍ തൂങ്ങിക്കിടന്നു.

സ്കൂള്‍ സമയം ആയതുകൊണ്ട് ബസ്സില്‍ നല്ല തിരക്കാണ്. തമാശകള്‍ പറഞ്ഞ്നിറഞ്ഞ ചിരിയുമായി മദ്ധ്യവയസ്കനായ കണ്ടക്ടര്‍ അവര്‍ക്കിടയിലൂടെ ഊളിയിടുന്നു. കുട്ടികളാണ് കൂടുതലും. ശ്രീധരന്‍ വളരെക്കാലമായി ആ ബസ്സില്‍ കണ്ടക്ടര്‍ ആണ്.

"എന്താണ്ടാ ചെക്കാ നെന്‍റെ ബാഗില്ചക്ക്യോ?" നീട്ടിപ്പിടിച്ച കുഞ്ഞിക്കയ്യിലെ ചില്ലറ പെറുക്കിയെടുത്ത് ശ്രീധരന്‍ അവനോട് ചോദിച്ചു. പുഴുപ്പല്ലും കാണിച്ച് നാണത്തോടെ അവന്‍ ചിരിച്ചു.

"സതീശന്‍ മാഷേ.. ഈ കുട്ടിക്കൊരങ്ങനെ ആ ഗ്യാപ്പില്‍ക്ക് നിര്‍ത്തിക്കോഎപ്ലും മോന്തേം കുത്തി വീഴ്ച്ച്യാ!" കേട്ടതും വളരെക്കാലമായി പരിചയമുള്ള പോലെ ആ കൊച്ചുമിടുക്കന്‍ സീറ്റിനിടയില്‍ കടന്ന് മടിയില്‍ ഇരിപ്പുറപ്പിച്ചു.

നീല റിബ്ബണുകള്‍ കൊണ്ട് മുടിയുടെ രണ്ട് വശത്തും "ബട്ടര്‍ഫ്ലൈ" കെട്ടിയ സുന്ദരിക്കുട്ടി മാഷെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ആ ഹെയര്‍സ്റ്റൈലിന് "കൊമ്പ് കുലുക്കും പശൂമ്പ" ന്നാണ് അമ്മു മോള് പറഞ്ഞിരുന്നത് ... സതീശന്‍ ഓര്‍ത്തു.

"മോളുടെ ബാഗിങ്ങ് താ! മാഷ്‌ പിടിച്ചോളാം.

നാണത്തോടെ നിന്ന അവളുടെ മുതുകില്‍ നിന്നും ബാഗെടുത്ത് സീറ്റിനോട് ചേര്‍ന്ന് വെച്ചു. നല്ല ഭാരമുണ്ട്!

"നോക്കണ്ട മാഷേ! ഒരു പൈനഞ്ചു കിലോ ങ്കിലും ണ്ടാവും. ഇപ്പ ഈ കുഞ്ഞുമക്കക്ക് പഠിക്കണെന്റൊപ്പം ജീവിത ഭാരം താങ്ങാള്ള ട്രൈനിങ്ങും കൂട്യാ കിട്ടണേ.. നമ്മട്യെക്കെ കാലത്ത്‌ രണ്ട് നോട്ടുബുക്ക്‌ നടു മടക്കി പിടിച്ചാ കഴിഞ്ഞു!" ഞാ നടു മടക്കിപ്പിടിച്ചുകണ്ടക്ട്രായി. നിങ്ങള് മടക്കാണ്ടേ പിടിച്ചോണ്ട് മാഷും ആയി" ശ്രീധരന്‍ പിന്നെയും ചിരിച്ചു. കൂടെ അയാളും.

ബസ്സ്‌ എല്‍പി സ്കൂളിന് അരികില്‍ പരമാവധി ചേര്‍ത്ത് നിര്‍ത്തി. എല്ലാ കുഞ്ഞുങ്ങളും ഇറങ്ങിയതിന് ശേഷം ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി!

കുറച്ചു നേരത്തിന് ശേഷം ബസ്സ്‌ ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി.

"ഇച്ചിരെ താംസണ്ടാവും ട്ടോ മാഷെ! കൂടെ വന്നാ ഓരോ കാലിച്ചായ അടിക്ക്യാം" ശ്രീധരന്‍ തോളില്‍ കിടന്ന ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ചുകൊണ്ട് പറഞ്ഞു.

"ഞാവ്ടെ ഇരുന്നോള! നിങ്ങള് പോയിവാ..."

കാന്റീനില്‍ നിന്നും എണ്ണ പലഹാരങ്ങളുടെ മണത്തോടൊപ്പം ഒരു പഴയ മലയാള ഗാനത്തിന്റെ ശീലുകള്‍ കാറ്റില്‍ ഒഴുകിയെത്തി.

കണ്ണുമടച്ച് സീറ്റിലേക്ക്‌ ചാരിയിരുന്ന സതീശന്റെ മനസ്സ് ത്രായിക്കര തറവാട്ടിലെത്തി! സിംഹപ്രതിമയുള്ള പടിപ്പുര കടന്നാല്‍ നിരനിരയായി നില്‍ക്കുന്ന പുളിമരങ്ങളാണ്. കാറ്റില്‍ പൊഴിഞ്ഞുവീഴുന്ന കുഞ്ഞു ഇലകള്‍ കട്ടിയുള്ള ഒരു പച്ച പരവതാനി പോലെ കാണാം. കൊഴിഞ്ഞുവീണ കുഞ്ഞുപുളികള്‍ പെറുക്കാന്‍ കുട്ടികള്‍ എത്തും. മധുരം കലര്‍ന്ന പുളിയാണതിന്!

ജോലികിട്ടി പട്ടണത്തിലേക്ക്‌ പോകുമ്പോള്‍ അമ്മയെയും കൂടെ കൊണ്ടുപോകാന്‍ തുനിഞ്ഞതാണ്. എത്രയും നിര്‍ബന്ധിച്ചിട്ടും അച്ഛന്റെ അസ്ഥിത്തറയുള്ള ആ വീട് വിട്ടു എങ്ങോട്ടും പോകാന്‍ അമ്മ തയ്യാറായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും അമ്മക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട്. പശുവും കോഴികളും തൊടിയിലെ നാനാജാതി മരങ്ങളെയും വിട്ട് അമ്മ എങ്ങോട്ടെക്കും ഇല്ലത്രേ. അമ്മക്ക് എല്ലാറ്റിനും വിലാസിനിക്കുഞ്ഞമ്മ മാത്രം മതി. ചെറിയച്ചന്‍ പണ്ടെങ്ങോ അവരെ ഉപേക്ഷിച്ച് നാടുവിട്ടതാണ്.

തനിക്കേറെ ഇഷ്ടമുള്ളതേങ്ങ അരച്ച് വെച്ച കുമ്പളങ്ങക്കറിയും കടുമാങ്ങാ അച്ചാറും കൂട്ടിയുള്ള ഊണ്. വടക്കിനിയിലെ തണുത്ത തറയില്‍ അമ്മയുടെ മടിയില്‍ തലവെച്ചുള്ള ഉച്ചമയക്കം. ഇടതൂര്‍ന്ന മുടിയിലൂടെ അമ്മയുടെ കൈവിരലുകള്‍ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കും. നെറ്റിയിലെ ചന്ദനക്കുറിയും ചിരിമായാത്ത മുഖവും മനസ്സില്‍ കുളിര് പടര്‍ത്തിയപ്പോള്‍ സ്വപ്നത്തിലെന്ന പോലെ അമ്മയുടെ ഗന്ധം അയാളെ തഴുകി കടന്നുപോയി. അമ്മയിപ്പോള്‍ എന്ത് ചെയ്യുകയാവും?

"ആഹാ! ഒറങ്ങ്വന്നാ പൂവല്ലേ മാഷേ?" ശ്രീധരന്‍റെ ശബ്ദം മാഷെ ത്രായിക്കരയില്‍ നിന്നും തൃശൂരിലെക്ക് എത്തിച്ചു. സീറ്റില്‍ കിടന്ന തോര്‍ത്തെടുത്ത് ചില്ലുകള്‍ തുടച്ചു വൃത്തിയാക്കി ഡ്രൈവര്‍. ടയറിന്നടിയില്‍ വെച്ച മരക്കട്ട എടുത്ത് ഫ്രണ്ട്‌ സീറ്റിനടിയിലേക്ക് തള്ളിവെച്ചു കിളിച്ചെക്കന്‍.

ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി. തിരക്ക്‌ കുറവായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. വീശിയ തണുത്ത കാറ്റില്‍ സതീശന്റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു. പിറകില്‍ നീട്ടി വളര്‍ത്തിയ മുടിയില്‍ തലോടിയ കാറ്റിന്റെ കൈകള്‍ അമ്മയുടെ മൃദുവായ വിരലുകള്‍ പോലെ തോന്നിച്ചു.

"സ്ഥലെത്തീട്ടോ മാഷേ..!" ശ്രീധരന്‍ പതുക്കെ സതീശന്റെ മുതുകില്‍ തട്ടിക്കൊണ്ട് പറഞ്ഞു. "മാഷ്‌ റിട്ടേണ്‍ ട്രിപ്പില് ണ്ടാവ്വോലോ ല്ലേ?" സതീശന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.


ബസ്സിറങ്ങി മുക്കിലെ പലചരക്ക് കടയിലേക്ക് നടന്നു. കടക്കാരന്‍ പതിവ് മുറുക്കാന്‍ പൊതി തയ്യാറാക്കി വെച്ചിരുന്നു. പൈസയെടുത്ത് കൊടുത്ത് ബാക്കി വാങ്ങിക്കാതെ ഇറങ്ങി നടന്നു.

ചാരിയിട്ടിരുന്ന പടിപ്പുര വാതില്‍ മെല്ലെ തള്ളി നീക്കി സതീശന്‍ അകത്തേക്ക്‌ നടന്നു. ഉണങ്ങിക്കരിഞ്ഞ പുളിയിലകളില്‍ അമര്‍ന്ന കാല്‍പ്പെരുമാറ്റം കേട്ട് വീടിനടുത്തുള്ള ചായ്പ്പില്‍ നിന്നും കുഞ്ഞമ്മ ഇറങ്ങിവന്നു.

"ആരാത്കുട്ടനാ?" പുരികത്തിന് മുകളില്‍ കൈ വെച്ച് അവര്‍ ചോദിച്ചു. പ്രായമേറെ ആയിരിക്കുന്നു.

"മ്മ്മ്മ്മ്മ്മം.." അയാള്‍ ഒന്ന് മൂളി. മുറുക്കാന്‍ പൊതി കുഞ്ഞമ്മയുടെ കയ്യിലേക്ക്‌ കൊടുത്തു. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് വിറയ്ക്കുന്ന കൈകളോടെ അവര്‍ നീട്ടിയ തീപ്പെട്ടി വാങ്ങി പതുക്കെ തെക്കിനിയിലെക്ക് നടന്നു.

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് കത്തിച്ച് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

"കുട്ടാ... അമ്മടെ മോന്‍ എത്ത്യോ? ന്യിക്ക് തോന്നി നിയ്യ് ഇന്ന് വരുംന്ന്!" അമ്മയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നെങ്കിലും ഈറനായ കണ്ണുകള്‍ മുന്നിലെ കാഴ്ച്ചയെ മറച്ചിരുന്നു.

"ദാ വരുന്നമ്മേ...” കണ്ണുനീരില്‍ കുതിര്‍ന്ന കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തിത്തുടച്ച്‌ അമ്മയുടെ അസ്ഥിത്തറയ്ക്കരികിലെക്ക് സതീശന്‍ മെല്ലെ നടന്നു!

വീശിയ കാറ്റില്‍ അച്ഛനുമമ്മയ്ക്കും തണലായി നിന്ന ആ വലിയ മാവില്‍ നിന്നും ഒരില അടര്‍ന്ന് അമ്മയുടെ അസ്ഥിത്തറയിന്മേല്‍ വീണു. നനുനനെ ചാറിയ മഴക്കൊപ്പം ആ ഇലക്ക് മുകളില്‍ അയാളുടെ കണ്ണുനീരും!

Tuesday, 18 March 2014

വികൃതിക്കണ്ണനും കള്ളന്‍ അപ്പുപ്പൂച്ചയും ...... (ഭാഗം III)


"കണ്ണാ..അവ്ടെ നിന്നോ നിയ്യ്! ഇഞ്ഞും ഓട്യാ അമ്മ്ടെ കയ്യീന്ന് കിട്ടും അടി!"

ദേഷ്യം അഭിനയിച്ച് കണ്ണും നാവും തുറിപ്പിച്ച് കാട്ടി മാളു പറഞ്ഞു. പത്ത് മിനിറ്റോളമായി കണ്ണനെ എണ്ണ തേപ്പിക്കാനുള്ള ഗുസ്തി തുടങ്ങിയിട്ട്! ദേഹത്ത് ഉണ്ടായിരുന്ന കുഞ്ഞ്യേ ജെട്ടിയും ഊരിക്കളഞ്ഞു കുഞ്ഞിച്ചന്തിയും അരഞ്ഞാണ വാലും കുലുക്കി ഓടുന്ന കണ്ണനെ മാളു വാല്‍സല്യത്തോടെ നോക്കി നിന്നു. പിടി വീഴുമ്പോള്‍ സൂത്രത്തില്‍ ഓരോ ഭാഗത്തായി എണ്ണ തേച്ച് പിന്നെയും വിട്ടുകളയും. അമ്മയെ പറ്റിച്ച സന്തോഷ

ത്തില്‍ കണ്ണന്‍ പൊട്ടിച്ചിരിച്ച് അടുക്കളയിലേക്ക് ഓടി സ്റ്റോര്‍ റൂമില്‍ കയറി കതകടച്ചു.

"അമ്മാ.... അമ്മാ.. ഓട്യായോഓഓഓ..." തിരിച്ചറിയാനാവാത്ത എന്തോ ശബ്ദത്തോടൊപ്പം കണ്ണന്‍റെ അലറിക്കരച്ചില്‍ കേട്ട് മാളുവിന്റെ രക്തം കട്ട പിടിച്ചു പോയി. ചെമ്പും അലുമിനിയം പാത്രങ്ങളും താഴെ വീഴുന്ന ശബ്ദം ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു! തല കറങ്ങുന്ന പോലെ തോന്നിയെങ്കിലും സര്‍വ ശക്തിയുമെടുത്ത് കലവറയിലേക്ക്‌ കുതിച്ചു.

"മോനെ.. കണ്ണാ" എന്ന്‍ നിലവിളിച്ചു ഓടിയെത്തിയ അമ്മയും ഉമ്മറത്ത് നിന്നും പാഞ്ഞെത്തിയ അച്ഛനും കൂടി വാതില്‍ തള്ളി തുറക്കേണ്ട താമസം, എല്ലാരെക്കാളും പേടിച്ച അപ്പുപ്പൂച്ച അച്ഛന്റേം അമ്മേടേം കാലുകള്‍ക്കരികിലൂടെ ആംബുലന്‍സ് പോലെ സൈറന്‍ മുഴക്കി പാഞ്ഞു! ബ്രേക്കില്ലാത്ത വണ്ടിപോലെ ചുമരിലും വാതിലിലും ഇടിച്ചിടിച്ച്‌ പോയ അപ്പുപ്പൂച്ചയെ കണ്ട് അച്ഛനും അമ്മയും കൂടി കോറസ് ആയി രണ്ടടി മുകളിലേക്ക് ചാടി! ചുരുക്കത്തില്‍ ഒരു കൂട്ടനിലവിളി! പഠിക്കുകയായിരുന്ന ഹരി പേടിച്ച് വിറച്ച് മുറിയില്‍ തന്നെ ഇരുന്നു.

സ്റ്റോര്‍ മുറിയുടെ മൂലയില്‍ "ചുക്രുമണിയും" പൊത്തിപ്പിടിച്ച് കണ്ണുകള്‍ ഇറുകെ അടച്ച് വാവിട്ട് നിലവിളിക്കുന്ന കണ്ണന്‍. ഉറിയും കലവും ഉണക്കമീന്‍ വെക്കുന്ന അലുമിനിയം പാത്രവും കിടന്നാടുന്നു! അപ്പുപ്പൂച്ച സൈലന്റ് ആയി "ഓപ്പറേഷന്‍ ഉണക്കമീന്‍" നടത്തിക്കൊണ്ടിരിമ്പോഴായിരുന്നു കണ്ണന്‍ സ്റ്റോര്‍ റൂമിലേക്ക് ഓടിക്കയറി വാതിലടച്ചത്! ജനല്‍ ഇല്ലാത്ത സ്റ്റോര്‍ റൂമില്‍ നിന്നും അപ്പൂന് രക്ഷപ്പെടാന്‍ വാതില് മാത്രേ ഉണ്ടായിരുന്നുള്ളൂ!

ശരിക്കും ഭയന്നു പോയിരുന്നു കണ്ണന്‍. അപ്പുവിന്‍റെ പരക്കംപാച്ചിലിനിടയില്‍ കാലിലെങ്ങോ പോറല്‍ ഏറ്റിട്ടുണ്ട്. എങ്ങിയേങ്ങിക്കരഞ്ഞ് അമ്മയുടെ തോളില്‍ പറ്റിക്കിടന്നു. മുറിവില്‍ മരുന്ന് പുരട്ടി മാളു ഊതിക്കൊണ്ടിരുന്നു. പുരട്ടിയ എണ്ണയും കണ്ണുനീരും മാങ്ങാച്ചാറും കൂടി അമ്മേടെ സാരിയില്‍ ഭൂപടം വരച്ചു.

"മാളോ.. ന്തൂട്ട്‌ നാ ചെക്ക്ന്‍ കരഞ്ഞേ?" മതിലിനടുത്ത് നിന്നും അമ്മ്ണിയമ്മ!

"ഒന്നൂല്ല്യാമ്മാമ്മേ! അപ്പൂനെ കണ്ട് പേടിച്ചതാ!"

"നല്ലോണം പേടിച്ച്ണ്ടാവും കുട്ടി! അല്ലാണ്ടെ ദിങ്ങേനെ കരയില്ല്യ! മ്പടെ അപ്പു കണ്യാരെക്കൊണ്ട് ഒരു ചരട് ഊതിക്കെട്ടിക്കോ! കുട്ടാ. കരെണ്ടാ ട്ടോ! ഇവ്ട്ത്തെ പണ്യോക്കെ കഴ്ഞ്ഞിട്ടു വരാട്ടോ മ്മാമ്മ!" അമ്മിണിയമ്മ മതിലിനടുത്ത് നിന്നും വിളിച്ച് പറഞ്ഞു.

"ഇനി കുളിപ്പിച്ച് കൊട്ക്ക് മാളൂ! തല്യോക്കെ നന്നായി വെയര്‍ത്തിരിക്ക്ണൂ!" വിയര്‍ത്ത തലമുടിയില്‍ ഒന്ന് തഴുകി മൂര്‍ധാവില്‍ ഒരുമ്മ കൊടുത്ത് ഒരു ദീര്‍ഘ നിശ്വാസത്തോടെ അച്ഛനും ഉമ്മറത്തേക്ക് നടന്നു!

അമ്മയുടെ തോളില്‍ കിടന്ന് പുറത്തേക്ക് എത്തിനോക്കി കണ്ണന്‍. കുളിമുറിയ്ക്കടുത്തെ സിമന്‍റ് തറയില്‍ മലര്‍ന്നുകിടന്ന് ഒരു കാല്‍ പൊക്കിപ്പിടിച്ച് വെയില്‍ കാഞ്ഞ് ശരീരമൊക്കെ നക്കിത്തോര്‍ത്തുന്നു ഈ കോലാഹലം ഒക്കെ ഉണ്ടാക്കിയ അപ്പുപ്പൂച്ച! ഒന്ന് ഫ്രഷ്‌ ആയ ശേഷം "ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ" എന്ന പോലെ അകത്തേക്ക്‌ കയറി വന്നു. കണ്ണന്‍ കുഞ്ഞിക്കൈ വീശി "ശ്ശൊ..ശ്ശൊ" ന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയെങ്കിലും "ഒന്ന് പോടാപ്പാ" എന്ന ഭാവത്തില്‍ കണ്ണനെ ഒന്ന് ചരിഞ്ഞ് നോക്കി വാലും പൊക്കിപ്പിടിച്ച് ഉമ്മറത്തേക്ക് പോയി!

"അമ്മ കുളിപ്പിച്ച് തരട്ടെ? അമ്മക്കേയ് .. അടുക്കളേല് പണീണ്ട്!"

മൂം..മൂം.. നിഷേധ ഭാവത്തില്‍ തലയാട്ടി കുഞ്ഞിക്കൈകള്‍ ഒന്നൂടെ മുറുക്കി പിന്നെയും ചിണുങ്ങാന്‍ തുടങ്ങി!!

"കരേണ്ട! കരേണ്ട! അമ്മ മുട്ടായി എട്ത്ത് തരാട്ടോ! എത്രെ മുട്ടായി വേണം ഉണ്ണിക്ക്?"

സ്വിച്ച് ഇട്ട പോലെ നിന്നു! കരച്ചില്‍ എവിടെപ്പോയി എന്നറിയില്ല! മൂന്നു വിരല്‍ ഉയര്‍ത്തിക്കാട്ടി കണ്ണന്‍ പറഞ്ഞു "നാലെണ്ണം"!

"കുളിച്ച് കഴിഞ്ഞ് അമ്മ തരാട്ടോ.."

ആദ്യത്തെ കപ്പ് വെള്ളം മേലൊഴിച്ചതും കണ്ണന്‍ തണുത്തു മേലോട്ട് ചാടി അമ്മയെ കെട്ടിപ്പിടിച്ചു. മടി മാറാനായി അമ്മ ബേബി സോപ്പെടുത്ത് കയ്യില്‍ കൊടുത്തു. രവിമാമന്‍ ഗള്‍ഫീന്ന് കൊണ്ടുവന്ന, കണ്ണാടി പോലുള്ള പിയേഴ്സ് സോപ്പാണ്. കണ്ണനെ കുളിപ്പിക്കാന്‍ മാത്രമേ അതെടുക്കൂ. കുഞ്ഞിക്കയ്യില്‍ ഇരിപ്പുറയ്ക്കാതെ നാലഞ്ച് വട്ടം സോപ്പ്‌ അതിന്‍റെ പാട്ടിന് പോയി. കാലില്‍ സോപ്പ്‌ തേച്ചതും കണ്ണന്‍ ചിണ്‌ങ്ങാന്‍ തുടങ്ങി! "അമ്മാ.. നീര്‍ണൂ...!" അപ്പുവിന്‍റെ നഖം കൊണ്ടുള്ള പോറലില്‍ ഒരു ചെറിയ നീറ്റല്‍!

കുളിപ്പിച്ച് തല തുവര്‍ത്തല്‍ കഴിഞ്ഞ് അമ്മ കണ്ണനെയും ഒക്കത്തെടുത്ത് അകത്തേക്ക്‌ നടന്നു. തലയില്‍ രാസ്നാദിപ്പൊടി തിരുമ്മി, കണ്ണെഴുതി, എണ്ണ പുരട്ടി, ചീര്‍പ്പ് കൊണ്ട് ഒരു വര വരച്ച് താഴേക്കും സൈഡിലേക്കും ചീകിയൊതുക്കി. പൌഡര്‍ ഇടുമ്പോള്‍ കണ്ണന്‍ കണ്ണുകള്‍ ഇറുകെ പൂട്ടി! എല്ലാം കഴിഞ്ഞ് കുഞ്ഞു കവിളില്‍ ഈര്‍ക്കില്‍ കഷണം കൊണ്ട് കണ്മഷിയെടുത്ത് ഒരു ചെറിയ കുത്തും! കണ്ണ് തട്ടാതിരിക്കാനാണത്രേ! ഷര്‍ട്ടും ട്രൌസറും ഇട്ടു ഒരുക്കല്‍ കഴിഞ്ഞ് തൃപ്തിയായ അമ്മ നെറ്റിയിലും കവിളിലും ഓരോ മുത്തവും കൊടുത്തു.

അമ്മയുടെ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി അലമാര തുറന്നു. കിര്ര്ര്ര്ര്ര്‍.. എന്ന ശബ്ദത്തോടെ തുറന്ന അലമാരയുടെ താഴെ അറയില്‍ ചവുട്ടിക്കയറി മുകളിലെ കള്ളിയില്‍ നിന്നും വൃത്താകൃതിയില്‍ ഉള്ള ടിന്ന്‍ പതുക്കെ നീക്കി. കുഞ്ഞിക്കൈകളില്‍ ഒതുങ്ങില്ലായിരുന്നു. അമ്മ ടിന്‍ തുറന്ന് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിഠായി രണ്ടെണ്ണം വീതം കുഞ്ഞിക്കൈകളില്‍ വെച്ച് കൊടുത്തു.

"ഏട്ടനും കൊടുക്കണം ട്ടോ!"

കണ്ണന്‍ മിഠായി ഒന്ന് മണത്തു നോക്കി! അലമാരിയില്‍ പാറ്റ ഗുളികയുടെ മണം ഉണ്ടെങ്കിലും ഭാഗ്യം മിഠായിക്ക് ആ മണമില്ല. നേരെ ഏട്ടന്റെ മുറിയിലേക്ക്‌ നടന്നു. കണ്ണനെക്കണ്ട് ഹരി ഗൌരവമൊക്കെ കളഞ്ഞ് ഒന്ന് ചിരിച്ചു. "ഉണ്ണി പേടിച്ചു ല്ല്യെ?" കണ്ണന്‍ ചുണ്ടുകള്‍ പിളുത്തിക്കാട്ടി തല മേലോട്ടും താഴേക്കും ആട്ടിക്കാണിച്ചു.

"ഏട്ടന് മുട്ടായി വേണ്ടാലോ?" കൈകള്‍ പിറകില്‍ കെട്ടി കണ്ണന്‍ മനസ്സില്ലാമനസ്സോടെ ചോദിച്ചു. വേണംന്ന് പറഞ്ഞാ ഒരെണ്ണം കൊടുക്കാം എന്ന് മനസ്സിലും വിചാരിച്ചു.

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഏട്ടന് വേണ്ടാട്ട! ഉണ്ണ്യേന്നെ തിന്ന്വോ!!

"ഏട്ടന് കള്ളാസ് തരാ ട്ടാ.." ഹരിക്ക് മിഠായിക്കടലാസ് കളക്ഷന്‍ ഉണ്ടെന്നു കണ്ണന് അറിയാം.

സന്തോഷത്തോടെ കണ്ണന്‍ തന്‍റെ വണ്ടി സ്റ്റാര്‍ട്ടാക്കി! അച്ഛന്റെ അടുത്ത് വണ്ടി ബ്രേക്കിട്ട് ഹോണടിച്ചു!

"അച്ഛ! ഇതൊന്ന് പൊളിച്ച്വെര്വോ?"

ഉമ്മറപ്പടിയില്‍ ചെന്നിരുന്നു. മിഠായി തള്ള വിരലും ചൂണ്ടുവിരലും നടുവിരലും കൊണ്ട് കൂട്ടിപ്പിടിച്ച് നാവിന്മേല്‍ മാത്രം തൊടീച്ചു നക്കികൊണ്ടിരുന്ന കണ്ണന്റെ വായിലേക്ക് നോക്കി കാലില്‍ മുട്ടിയുരുമ്മി അപ്പുപ്പൂച്ചയും! മറ്റേ കൈ കൊണ്ട് അപ്പുവിനെ ചേര്‍ത്തുപിടിച്ചു കണ്ണന്‍..............!

ഫോട്ടോ - Google 

Tuesday, 4 March 2014

അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....


കോടമഞ്ഞ് മൂടിയ ആ മലനിരകള്‍ കണ്ടാല്‍ ചിറക്‌ വിടര്‍ത്തിയ ഒരു വലിയ കഴുകനെപ്പോലെ തോന്നും. പ്രകൃതിയുടെ കാന്‍വാസില്‍ ആരോ വരച്ചു ചേര്‍ത്ത ഒരു മനോഹര ചിത്രം പോലെ മഞ്ഞില്‍ കുതിര്‍ന്ന നാട്ടുവഴിയും, റാന്തല്‍ വിളക്ക് തൂക്കിയ കാളവണ്ടികളും കുടമണികള്‍ കിലുക്കി തലയാട്ടി നീങ്ങുന്ന കാളകളും ചൂളമടിക്കുന്ന കാറ്റിന്‍റെ സംഗീതത്തില്‍ സൂര്യദേവനെ കാത്ത് നവ വധുവെപ്പോലെ നാണിച്ചു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളും. കേരള - തമിഴ്‌നാട്‌ അതിര്‍ത്തിയിലാണ് ആ ഗ്രാമം, കരിമ്പനകളുടെ നാട്.

"മരുതമലൈ മാമുനിയെ മുരുകയ്യാ......! വേലെടുത്തു വിളയാടും വേലയ്യാ......."

താഴ്വാരത്തിലെ നായരുടെ ചായക്കടയില്‍ നിന്നുമാണ് പതിവ്പോലെ ആ ഭക്തിഗാനം. ചായക്കട എന്ന് പറഞ്ഞാല്‍ കരിമ്പനയോല കൊണ്ട് മേഞ്ഞ ഒരു ചായ്പ്പില്‍ ഒരു സമോവറും, എണ്ണക്കറ പുരണ്ട ചില്ലലമാരിയും, കാലുകള്‍ ഇളകുന്ന ഒരു മേശയും സ്റ്റൂളും പിന്നെ രണ്ടു മൂന്നു ബെഞ്ചുകളും. കാസറ്റിന്‍റെ ഓല ഇടയ്ക്കിടെ ടേപ്പ് റിക്കോര്‍ഡറിന്‍റെ ആക്രമണത്തിന് വിധേയമായിരുന്നത് കൊണ്ട് പലയിടത്തും അവ്യക്തത! നമ്മുടെ പഴയ കാലത്തെ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തില്‍ നിന്നും കേള്‍ക്കുന്നപോലെ...! കടയുടെ മുന്നില്‍ നിറുത്തിയിട്ടിരുന്ന ലോറിയുടെ പുകക്കുഴലിലൂടെ പുറത്തെ തണുപ്പിലെക്കെത്തി നോക്കിയ നീലപ്പുക ഡ്രൈവറുടെ ബീഡിചുരുളുകള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

"തമ്പീ.. ഒരു ടീ കെടയ്ക്കുമാ?"

ടേപ്പ്‌ റിക്കോര്‍ഡറിനുള്ളില്‍ ചുറ്റിപ്പിടിച്ച ഓഡിയോ കാസറ്റിന്റെ ഓല, തുമ്പ് കടിച്ച് ഞളുങ്ങിയ പേനയിട്ടു തിരിച്ച് റിപ്പയര്‍ ചെയ്തു കൊണ്ടിരുന്ന നായര്‍ ആ ക്ഷീണിച്ച ശബ്ദം കേട്ട് പുറത്തേക്ക്‌ എത്തിനോക്കി. കടക്ക് പുറത്ത്‌ സ്റ്റീല്‍ മഗുമായി ഒരു വൃദ്ധ.

"കെടക്കാമെ? ഇത് ടീ കട താനേ? ഡേയ്..ചാമീ.. ഇങ്കെ ഒരു ടീ കൊട്.. ശീഘ്രം!" പൈസ വാങ്ങി മേശ വലിപ്പില്‍ ഇട്ട് അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. നാണയത്തുട്ടുകള്‍ സ്റ്റീല്‍ പാത്രത്തില്‍ വീണ അതെ ശബ്ദത്തില്‍ ഒന്ന് ചുമച്ച് ചെവിക്കിടയില്‍ നിന്നും ബീഡി എടുത്തു കത്തിച്ചു. ഓഡിയോ കാസറ്റിന്‍റെ ഓല പിന്നെയും തിരിക്കാന്‍ തുടങ്ങി!

ഫാക്ടറിയില്‍ സൈറന്‍ മുഴങ്ങി. ചായ കുടിച്ച് കഴിഞ്ഞ് നേരമേറെ ആയിട്ടും കാലിളകുന്ന ബെഞ്ചിലിരുന്ന് പൊരിഞ്ഞ ചര്‍ച്ച നടത്തിയിരുന്നവരില്‍ ചിലര്‍ തൊട്ടടുത്ത ഗാര്‍മെന്റ്റ്‌ ഫാക്ടറിയിലെക്ക് നടന്നു നീങ്ങി. "നായരെ... കണക്ക്‌ പോട്ട് വെയ്യ്യ്‌!"

പേജുകള്‍ ഇളകിയ തന്റെ മുഷിഞ്ഞ നോട്ടുബുക്കില്‍ നായര്‍ കുറിച്ചുവെച്ചു. രാമയ്യന്‍ - നാലുര്‍പ്പ്യ, വേലു - രണ്ടുര്‍പ്പ്യ, റാവുത്തര് - മൂന്നുര്‍പ്പ്യ .......!


"സൈറന്‍ അടിച്ചല്ലോ? എട്ടു മണി ആയോ ദൈവേ? ഉണ്ണികളേ.....റിക്ഷ ഇപ്പൊ വരൂട്ടാ! മണിക്കുട്ടീ .... അമ്മൂ....!"

"അമ്മാ .. റിക്ഷ വരണേന് മുന്നേ പ്രോഗ്രസ് കാര്‍ഡ് സൈന്‍ ചെയ്യണേ..! മറക്കല്ലേ..! ഇന്നലെ തന്നെ മറന്നൂ...!" മണിക്കുട്ടി അകത്ത് നിന്നും ഓര്‍മ്മിപ്പിച്ചു.

സുനന്ദ കയ്യിലെ കരി സാരിത്തുമ്പില്‍ തുടച്ചു. ദോശയില്‍ കുറച്ച് പഞ്ചസാരയും ഇട്ട് യൂണിഫോം മാറ്റുകയായിരുന്ന മക്കളുടെ അടുത്തക്ക് നടന്നു. ആദ്യത്തെ ദോശക്കഷണം വായിലേക്ക് എത്തും മുമ്പേ അമ്മു ഈര്‍ഷ്യയോടെ ചോദിച്ചു.

"ഇന്നും ഈ ഗോതമ്പ്‌ ദോശ്യാ അമ്മാ?" വീര്‍ത്തു പൊട്ടാറായ ബലൂണ്‍ പോലെ മുഖം വീര്‍പ്പിച്ചു അമ്മു.

"മ്മ്മ്മ്മം.." അവളുടെ മുഖത്ത് നോക്കാതെ ഒന്ന് മൂളി ടിഫിന്‍ ബോക്സുകള്‍ ബാഗിലേക്ക് വെച്ചു. മണിക്കുട്ടി ദോശയും വായില്‍ വെച്ച് എങ്ങോ നോക്കി ഇരുന്നു. അവള്‍ ഒന്നും മിണ്ടാറില്ല. ഒന്നും ആവശ്യപ്പെടാറുമില്ല. പ്രായത്തെക്കാള്‍ പക്വതയുണ്ട് അവള്‍ക്ക്.

"അമ്മാ.... അതേയ് ..ഉണ്ണിക്ക് ബിര്യാണി തിന്നാന്‍ കൊത്യാവ്ണൂ ട്ടോ! ഇന്നലെ ശില്‍പ്പെടെ ലഞ്ച് ബോക്സില്‍ ചിക്കന്‍ ബിര്യാണി ആരുന്നു. ട്വിങ്കിളിന് ചിക്കന്‍ നൂഡില്‍സും!"

മോളുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്ത് ഒരു തമാശപോലെ സുനന്ദ പറഞ്ഞു

"അപ്പയുടെ പൈസ വരട്ടെ! മുത്തിന് അമ്മ ബിരിയാണി വെച്ച് തരാലോ. നൂഡില്‍സും വാങ്ങാട്ടോ!"

കുഞ്ഞുമുഖം വിടര്‍ന്നു. അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത് അമ്മു റിക്ഷക്കടുത്തെക്ക് ഓടി. ബാഗും ടിഫിന്‍ ബോക്സും വാട്ടര്‍ ബോട്ടിലും ചുമക്കല്‍ മണിക്കുട്ടിയുടെ ജോലിയാണ്.

മണിക്കുട്ടിയുടെ കവിളില്‍ പറ്റിയിരുന്ന പഞ്ചസാര കൈകൊണ്ട് തൂത്ത് സാരിയുടെ അഴുക്ക് പുരളാത്ത ഭാഗം കൊണ്ട് മുഖം ഒന്നുകൂടെ തുടച്ചു. പിന്നിയിട്ടിരുന്ന മുടിയിലെ പച്ച റിബ്ബണ്‍ ഒന്നുകൂടെ മുറുക്കി താടിയില്‍ പിടിച്ചുയര്‍ത്തി നെറ്റിയില്‍ ഒരു മുത്തം കൊടുത്തു. അപൂര്‍വമായി കാണുന്ന ആ ചിരിയോടെ മണിക്കുട്ടി യാത്ര പറഞ്ഞു... "അമ്മാ.. പോയി വരാട്ടോ.."

അമ്മു നല്ല കുസൃതിയും വായാടിയും ആണെങ്കിലും പഠിക്കാന്‍ മിടുക്കി ആണെന്ന് ടീച്ചര്‍ ഇന്നലെയും പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ പതിപ്പ് തന്നെ. ക്ലാസില്‍ ഫസ്റ്റ് ആണ് അമ്മു. കഴിഞ്ഞ പരീക്ഷക്ക്‌ നൂറില്‍ തൊണ്ണൂറ്റി എട്ട് മാര്‍ക്ക്‌ കിട്ടി. എലിക്ക് വാല്‍ വരക്കാത്തതിന് രണ്ടു മാര്‍ക്ക്‌ പോയി. എന്തെ വരക്കാഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ "പൂച്ചെമായി വഴക്ക് കൂടിയപ്പോള്‍ പൂച്ച കടിച്ച് കൊണ്ടുപോയത്രേ വാല്"!

അയ്യോ! ഇന്നും പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ മറന്നല്ലോ? അല്ലെങ്കിലും റിക്ഷ വരാന്‍ നേരത്ത് ആകെ തിരക്കാണ്.

കുട്ടികള്‍ പോയതോടുകൂടി വീടുറങ്ങിയ പോലെയായി. വാടക വീട്ടിലെ ചെളിയും മെഴുക്കും പുരണ്ട ജനലഴികളില്‍ നഖംകൊണ്ട് കോറി അവള്‍ പുറത്തേക്ക് നോക്കി നിന്നു. തിരക്ക്‌ പിടിച്ച വീഥിയില്‍ ആരും ആരെയും ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നു. നായരുടെ ചായക്കടക്ക് മുന്നില്‍ വലിയ വായില്‍ കരഞ്ഞ് നിന്നിരുന്ന രണ്ട് മൂന്ന് കഴുതകളെ ആട്ടിയോടിക്കുന്ന തിരക്കിലായിരുന്നു അയാള്‍.

ഏതോ വാഹനം ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടാണ് ഓര്‍മ്മയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. ടയര്‍ കരിഞ്ഞ മണം! നായരേട്ടന്റെ ചായക്കടയില്‍ നിന്നും എന്തോ വാങ്ങി ഇറങ്ങിയ വൃദ്ധ എതിരെ പാഞ്ഞു വന്ന വാഹനത്തിനു മുന്നില്‍ പെട്ടതാണ്. ഉച്ചത്തില്‍ ചീത്ത പറഞ്ഞു കൊണ്ടിരുന്ന ഡ്രൈവറെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവര്‍ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്ന വൃദ്ധന്റെ അടുത്തേക്ക്‌ പതിയെ നടന്നു. രണ്ട് ദിവസമായല്ലോ അവരെ അവിടെ കാണുന്നു.

അവരെത്തന്നെ നോക്കി നിന്നു. ഇലയില്‍ ഉള്ള രണ്ട് ഇഡലികളില്‍ ഒന്ന് പൊട്ടിച്ച് വൃദ്ധയുടെ വായില്‍ വെച്ച് കൊടുക്കുന്നു വൃദ്ധന്‍. രണ്ട് ഇഡലി മാറ്റി വെച്ചിട്ടുണ്ട്. ഉച്ചക്ക് കഴിക്കാന്‍ വേണ്ടിയാവും. നായരേട്ടന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ പോലുള്ള ഇഡലി കൊണ്ടെന്താവാന്‍?? തനിക്കാണെങ്കില്‍ വിശപ്പുമില്ല. അടുക്കളയില്‍ ബാക്കിയിരിക്കുന്ന ദോശ കൊടുത്താലോ? പിന്നെയാവട്ടെ!

കുട്ടികളുടെ യൂണിഫോം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് കനക അക്കാവുടെ ശബ്ദം കേട്ടത്! "സുനൂ..ഓ സുനൂ.."!

"ദോ . വന്തിട്ടെന്‍ അക്കാ...." വാതില്‍ക്കല്‍ ഒരു സ്റ്റീല്‍ പാത്രവും മുടി നിറയെ ജമന്തിപ്പൂവുമായി അക്ക വെളുക്കെ ചിരിച്ചു.

"യെന്നാക്കാ...? ഇന്നെക്കെന്നെ സ്പെഷ്യല്‍?"

"അപ്പടി ഒണ്ണുമേ ഇല്ലൈ..! ഒരു പാര്‍ട്ടി ഓര്‍ഡര്‍ ഇരുന്തത്. കൊഞ്ചം ബിരിയാണി താന്‍. നമ്മ സുഹറാവുടെ തമ്പി, പൊണ്ടാട്ടി ഫാമിലി മൊത്തമാ കേരളാവില്‍ നിന്നും വന്തിറ്ക്ക്! അപ്പ താന്‍ അമ്മുവേ ഞാപകം വന്തത്‌! പോകട്ടുമാ.. നെറയെ വേലയിറ്ക്ക്. അപ്പുറം പാക്കലാമെ.."

ദൈവമേ .... മോള് ഇന്ന് പറഞ്ഞെ ള്ളൂ! സന്തോഷമാകും സ്കൂള്‍ വിട്ടു വരുമ്പോ. ഇത് കുറെ ഉണ്ടല്ലോ? ജനലിലൂടെ ഒന്നുകൂടി എത്തിനോക്കി. വൃദ്ധ എന്തോ ഗാഡമായ ചിന്തയിലാണ്. അവരുടെ മടിയില്‍ തലവെച്ചു മയങ്ങുന്നു വൃദ്ധന്‍ ... കുറച്ച് ബിര്യാണി കൊടുത്താലോ? കുറച്ചു കൂടി കഴിയട്ടെ. അപ്പോഴേക്കും കുട്ടികളുടെ യൂണിഫോം കഴുകലും മറ്റു വീട്ടുജോലികളും തീര്‍ക്കാം.

കുളി കഴിഞ്ഞ് കുട്ടികള്‍ക്കുള്ളത് മാറ്റിവെച്ച് അക്കാവുടെ പാത്രത്തില്‍ കുറച്ച് ബിരിയാണിയും എടുത്ത് സുനന്ദ ആല്‍മരച്ചുവട്ടിലേക്ക് നടന്നു. അവള്‍ അവരുടെ അടുത്തേക്കാണ് എന്ന് മനസ്സിലായത്‌ കൊണ്ടായിരിക്കണം രണ്ടുപേരും എണീറ്റ് മരത്തിന്മേല്‍ ചാരി ഇരുന്നു.

"പാട്ടീ... താത്താ..." കയ്യിലെ പാത്രം നീട്ടി. വാര്‍ദ്ധക്യം ചുക്കിച്ചുളിച്ച തിളക്കമില്ലാത്ത രണ്ട് ജോഡി കണ്ണുകളില്‍ കണ്ട അപരിചിതത്വവും ആകാംഷയും ഒരു ചിരിയില്‍ ഒതുക്കി അവരുടെ അടുത്ത് ആല്‍ത്തറമ്മേല്‍ ഇരുന്നു. മൂന്നാല് പ്ലാസ്റ്റിക് കവറില്‍ പഴയ വസ്ത്രങ്ങളും പാത്രങ്ങളും, കമ്പികള്‍ പൊട്ടിയ ഒരു കാലന്‍ കുടയും ഉണ്ട്. കുളിച്ചു വൃത്തിയായി പഴയതെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്‌!

"യെന്നാ സമാചാരം? സൌഖ്യമായിരിക്കീങ്കളാ?" വര്‍ഷങ്ങളായി അങ്ങനെ ഒരു ചോദ്യം കേട്ടിട്ടെന്ന പോലെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി!

"നല്ലാരുക്കമ്മാ!" പാട്ടി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് ക്ഷീണിച്ച ശബ്ധത്തില്‍ പറഞ്ഞു. അധികമൊന്നും സംസാരിക്കാനുള്ള മൂഡിലല്ല അവര്‍ എന്ന് തോന്നി. വിവരിക്കാനാവാത്ത വികാര വിചാരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകളില്‍ അലയടിച്ചു.

"ഇത് കൊഞ്ചം ബിരിയാണി താന്‍!" സാപ്പിടുങ്കോ..!

"പശി ഇരിക്കാത്.. ! ഇപ്പത്താന്‍ ഇഡലി സാപ്പിട്ടത്! കൊഞ്ചം കളിച്ച് സാപ്പിടലാം!" ചിരി വരുത്തി വൃദ്ധ പറഞ്ഞു.

"സെരി! ഏതാവത് തേവയിരുന്താ ശോല്ലുങ്കോ..! അതോ .. അന്ത വീടു താന്‍..!" തന്‍റെ വീട് ചൂണ്ടിക്കാട്ടി തിരിച്ച് നടന്നു.

"അയ്യോ...." ചോറ് വാര്‍ത്ത് കറിക്ക് കടുക്‌ താളിക്കുമ്പോഴാണ് കനക അക്കാവുടെ പാത്രം ഓര്‍മ്മ വന്നത്. കറി ഇറക്കിവെച്ച് വാതില്‍ ചാരി നേരെ ആലിന്‍ ചുവട്ടിലേക്ക് നടന്നു.

വൃദ്ധ വക്കുകള്‍ ഞളുങ്ങിയ ഒരു പാത്രത്തില്‍ ബിരിയാണി എടുത്ത് വെച്ചിട്ടുണ്ട്. രണ്ടാളും കൂടി കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടങ്ങിയിട്ടില്ല. അവള്‍ ചിരിച്ചുകൊണ്ട് അവരുടെ അരികിലായി ഇരുന്നു.

അവരുടെ മുഖമാകെ ഇരുണ്ടിരുന്നു. വൃദ്ധയുടെ കണ്‍ കോണുകളില്‍ രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീഴാതെ പറ്റിപ്പിടിച്ചിരുന്നു. വൃദ്ധന്‍ അവളുടെ മുഖത്ത് നോക്കാതെ അകലെക്കെങ്ങോ മിഴികള്‍ നട്ടിരുന്നു. കൊച്ചിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട അവള്‍ക്കെന്തോ അവരോട് ഒരടുപ്പം തോന്നി.

താന്‍ അടുത്തിരിക്കുന്നത് കൊണ്ടാവുമോ? വൃദ്ധയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ച് സുനന്ദ ആ ബിരിയാണിയില്‍ നിന്നും കുറച്ചെടുത്ത് ഉരുളയാക്കി!

"അപ്പടിന്നാ നാന്‍ സാപ്പിടട്ടും!".

തന്‍റെ വായിലേക്ക് കൊണ്ടുപോയ ആ ഉരുള അവളുടെ കയ്യില്‍ നിന്നും വൃദ്ധ അസാമാന്യ ശക്തിയോടെ തട്ടിത്തെറിപ്പിച്ചു.

കയ്യിലെ വേദനയും നാണക്കേടും കൊണ്ട് സുനന്ദയുടെ മുഖം ചുമന്നു. നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ പാത്രവും എടുത്തു എഴുന്നേറ്റു പോരാനാഞ്ഞ അവളുടെ കയ്യില്‍ വൃദ്ധയുടെ ശോഷിച്ച കരങ്ങള്‍ മുറുകി. ഒന്ന് തിരിഞ്ഞു ശക്തിയോടെ കുതറിയ അവള്‍ വൃദ്ധയുടെ ചോര്‍ന്നൊലിക്കുന്ന കണ്ണുകള്‍ കണ്ട് വല്ലാതായി. വൃദ്ധന്റെ കുഴിയിലാണ്ട കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.

"മന്നിച്ചിടുങ്കോ കണ്ണേ.....! അത് നീ സാപ്പിടക്കൂടാത്!" പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധ പറഞ്ഞു.

പ്ലാസ്റ്റിക്‌ കവറിന്റെ മറവില്‍ കിടന്ന മൂട്ട മരുന്നിന്റെ കുപ്പി കണ്ടവള്‍ ഞെട്ടിത്തെറിച്ചുപോയി. അപ്പോള്‍ ആ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നു! രണ്ടാളും ഒന്നിച്ച് ഈ ലോകത്തോട് യാത്ര പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു.......!

മണിക്കുട്ടിയും അമ്മുവും സ്കൂളില്‍ നിന്ന് വരുമ്പോള്‍ അവര്‍ക്ക്‌ കഥകള്‍ പറഞ്ഞുകൊടുക്കുവാനായി ഒരു മുത്തച്ഛനും മുത്തശ്ശിയും കാത്തിരിപ്പുണ്ടായിരുന്നു. മക്കള്‍ ഉറങ്ങിയതിന് ശേഷം വൃദ്ധ അവരുടെ കഥ പറഞ്ഞു.

പഴനിയില്‍ ഗവര്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മുത്തുസ്വാമിയുടെയും രാജമ്മാളിന്‍റെയും അഞ്ചു മക്കളുടെയും കഥ. നന്നായി വളര്‍ത്തി പഠിപ്പിച്ച് ജോലിയും പിന്നെ കല്യാണവും കഴിച്ച മക്കള്‍ക്ക് അപ്പാ പെന്‍ഷനാകുന്നത് വരെയും ജീവനായിരുന്നു. സ്വത്തുതര്‍ക്കങ്ങള്‍ വഴക്കിലെക്കും അടിപിടിയിലെക്കും വഴിമാറിയപ്പോള്‍ മുത്തുസ്വാമി തന്നെയാണ് എല്ലാം വീതിച്ചു കൊടുത്തത്. കുറച്ചുകാലം രണ്ടുപേരെയും നന്നായി നോക്കിയ മക്കള്‍ പിന്നീട് മറ്റുള്ള കഥകളിലെ പോലെ വില്ലന്മാരായി.

അവസാനം അറുപതു വര്‍ഷങ്ങളോളം ഒരു മെയ്യായി കഴിഞ്ഞ ആ വൃദ്ധ ദമ്പതികളെ രണ്ടായി പിരിച്ച് ഊഴം വെച്ച് ഓരോരുത്തരുടെ വീടുകളിലായി മാറ്റി പാര്‍പ്പിച്ചു. ഒരു വര്‍ഷത്തോളമായി രണ്ടുപേരും തമ്മില്‍ കണ്ടിരുന്നില്ല. കാണാന്‍ ആ മക്കള്‍ സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മാനസ്സികമായും ശാരീരികമായും തളര്‍ന്ന രണ്ട് പേരെയും വേറെ വേറെ വൃദ്ധ സദനങ്ങളിലാക്കി!!

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അവിചാരിതമായി അവരുടെ കണ്ടുമുട്ടല്‍. അപ്പോള്‍ തുടങ്ങിയ യാത്രയാണ്. അമ്പലങ്ങളിലായിരുന്നു ഊണും ഉറക്കവും. രണ്ടാഴ്ചകള്‍ക്ക് മുന്നേയാണ് അവര്‍ തീരുമാനിച്ചത്! രണ്ട് ദിവസങ്ങളായി അതിനുള്ള ഒരുക്കത്തിലുമായിരുന്നു.

മടിയില്‍ കിടന്നുറങ്ങിയിരുന്ന അമ്മുവിന്‍റെ മുടിയില്‍ തഴുകി വൃദ്ധ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി! "ഇന്നേക്ക് നീ പാത്തില്ലെനാ .. നാങ്ക ആണ്ടവന്‍ പക്കത്തിലെ പോയിരുപ്പെന്‍"

അവള്‍ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചു. "നീങ്ക എങ്കേയും പോക വേണ! അപ്പാവും അമ്മാവും ഇല്ലെനാലും എനക്കും കൊളന്തൈകള്‍ക്കും പാട്ടിയും താത്താവും കെടച്ചിരുക്ക്!".

"അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ...
അമ്മാവൈ വണങ്കാതെ ഉയര്‍വില്ലയേ...
നേരില്‍ നിന്ന് പേസും ദൈവം...
പെറ്റ തായിന്‍ട്രി വേറൊന്‍ട്ര് ഏത്...."...

നായരുടെ ടേപ്പ്‌ റെക്കോര്‍ഡര്‍ പാടി! ഓല ചുറ്റിപ്പിടിക്കാതെ......! കോടമഞ്ഞ് മൂടിയ ആ മലനിരകളില്‍ ആ ഗാനം അലയടിച്ചു! 

Thursday, 13 February 2014

വികൃതിക്കണ്ണന്‍ (തുടര്‍ച്ച)

"ആഹാ... ന്താ കുട്ട്യേ കപ്പല് മുങ്ങ്യോ?" 


ഓറഞ്ചു ബക്കറ്റില്‍ ചത്ത് പൊങ്ങിക്കിടക്കുന്ന മീന്‍ഞ്ഞുങ്ങളെ നോക്കി കുഞ്ഞിത്താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയായിരുന്ന കണ്ണനെ അമ്മ്വേച്ചി കളിയാക്കി! മീങ്കുട്ടികളെ കുത്തി ജീവന്‍ വെപ്പിക്കാന്‍ എടുത്ത ഈര്‍ക്കിലി എടുത്ത് ഒന്ന് കൊടുത്താലോ എന്ന് ചിന്തിക്കാതിരുന്നില്ല കണ്ണന്‍! പക്ഷെ അമ്മ കണ്ടാ മൂത്തവരെ തല്ലാന്‍ കയ്യോങ്ങിയതിന് ചുട്ട പെട കിട്ടും! കുഞ്ഞിക്കണ്ണുകള്‍ പരമാവധി തുറിപ്പിച്ച് ദേഷ്യത്തോടെ അമ്മ്വേച്ചിയെ നോക്കി കൊഞ്ഞനം കുത്തി ...

"അമ്മ്വേച്ചി പോയേ..!"

ഊതിയും ഈര്‍ക്കില്‍ കൊണ്ടു തട്ടിയും ജീവന്‍ വെപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട കണ്ണന്‍ കരയണോ വേണ്ടയോ എന്ന കണ്ഫ്യൂഷനില്‍ ഇരുന്നു. കരഞ്ഞിട്ട് കാര്യമില്ല, അമ്മയുടെ അടിയല്ലാതെ വേറെ മീന്‍ കിട്ടില്ല! വല്ല മിഠായിയോ മറ്റോ ആയിരുന്നെങ്കില്‍ അമ്മയുടെ അലമാരിയില്‍ ഉണ്ടാവും! പതുക്കെ എണീറ്റ് അമ്മ്വേച്ചീടെ കൂടെ നടന്നു. പൂവാലീനെ കുളിപ്പിക്കാന്‍ പോകുകയാണ്. വെള്ളത്തില് കളിക്കാലോ?

"അമ്മപ്പശൂനെ അമ്മ്വേച്ചി കുളിപ്പിച്ചോ, മാലൂനെ ഉണ്ണി കുളിപ്പിക്ക്യാ ട്ടോ" നിബന്ധന വെച്ചു കണ്ണന്‍.

"വേണ്ട വേണ്ട...അമ്മ വഴക്ക് പറയും ട്ടാ .. മേല് വെള്ളാക്കാണ്ടേ അകത്ത്ക്ക് പോക്കോ കുട്ടി! ദേ ചേച്ച്യേ.. കണ്ണനെ അങ്ക്ട് വിളിച്ചോ"

നേരത്തെ കരയാന്‍ വിചാരിച്ചത് ഇപ്പൊ കരഞ്ഞാലോ? കണ്ണന്‍ ചിന്തിച്ചു. ആവശ്യം നേരത്ത് കണ്ണീരും വരില്ല! ചുണ്ട് ചുളിച്ച് വലിയ വായില്‍ ഒന്ന് ട്രൈ ചെയ്തുനോക്കി.

"ആഹാ...... കള്ളക്കരച്ചിലൊന്നും വേണ്ടാ ന്‍റെ കുട്ട്യേ! ആദ്യം അമ്മ്വേച്ചി ഈ ചാണോക്കെ വാരി ഒന്ന് വൃത്ത്യാക്കട്ടെ ട്ടോ. ന്ന്ട്ട് കണ്ണനെ വിളിക്കാട്ടോ".

കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. ചേര്‍ന്ന് നില്‍ക്കുന്ന മാലുവിന്‍റെ മുഖത്തും കഴുത്തിലും നക്കിത്തോര്‍ത്തുന്ന പൂവാലി! അമ്മപ്പശുവിന്റെയും കുഞ്ഞിന്‍റെയും കഴുത്തിലുള്ള മണികള്‍ കിലുങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ തറവാട്ടില്‍ അമ്മൂമ്മയുടെ പൂജാമുറി ഓര്‍മ്മ വന്നു കണ്ണന്. മാലുവിന്‍റെ കാലുകള്‍ക്കരികെ എന്തോ കിടക്കുന്നത് കണ്ട് എളിക്ക് കയ്യും കുത്തി ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരു ബീഡിക്കുറ്റി പിന്നെ ജമീലാന്റി ഇടുന്ന മൈലാഞ്ചി പോലെ ഒരു സാധനവും! ബീഡിക്കുറ്റി പൂവാലീനെ കറക്കാന്‍ വരുന്ന അണ്ണാച്ചി വലിച്ചെറിഞ്ഞതാണ്. കണ്ണന് ഇഷ്ടമല്ല ആ മണം! അത് വലിച്ചാ ചുമക്കുകയും ചെയ്യും! നല്ലത് സിഗ്രെറ്റ്‌ ആണെന്ന് അണ്ണാച്ചിയോട് പറയണം. അച്ഛന്‍ ചുമക്കാറില്ലല്ലോ? ആകാംഷയോടെ ഒന്ന് തൊട്ടുനോക്കാന്‍ കുനിഞ്ഞപ്പോഴേക്കും അമ്മ്വേച്ചി വിളിച്ചുപറഞ്ഞു.!

"അയ്യേ.. തൊടല്ലേ കണ്ണാ.....! അതിപ്പോ നാശാക്കൂലോ! അത് മാലൂന്റെ അപ്പ്യാ കുട്ട്യേ!"

ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവത്തില്‍ പതുക്കെ തൊഴുത്തിന് പുറത്തു കടന്നപ്പോഴാണ് ഉമ്മറത്തിരുന്ന അച്ഛന്‍റെ ശബ്ദം കേട്ടത്.

"കണ്ണാ.. ഓടി വാ! ദേ .. ആന പോണൂ!!" ഹായ്‌! ബ്രൂം..ബ്രൂം..കീ..കീ.. കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി ഫസ്റ്റ് ഗീറില്‍ ഇട്ട് നേരെ ഉമ്മറത്തേക്ക് വിട്ടു.

ഗേറ്റിന്മേല്‍ കേറി നിന്ന് അഴികള്‍ക്കിടയിലൂടെ തല പുറത്തെക്കിട്ട് നോക്കി! നീണ്ടു വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കൈയില്‍ ഒരു കെട്ടു തെങ്ങോലയുമായി ആടിയാടി വരുന്നു കൊമ്പന്‍! യ്യോ! എന്തൊരു വലിപ്പം. നടക്കുമ്പോള്‍ ആടുന്ന വാലും കഴുത്തിലെ വലിയ മണിയും! വീടിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ കുഞ്ഞിക്കൈകള്‍ അറിയാതെ ഗേറ്റിലെ ഇരുമ്പുകമ്പിയില്‍ ബലത്തില്‍ പിടിച്ചിരുന്നു. തുറന്ന വായ അടക്കാന്‍ മറന്നുപോയ കണ്ണനെ കടന്ന് ചങ്ങലക്കിലുക്കം അകന്നകന്നു പോയി! കണ്ണന്‍ തിരിഞ്ഞു വീട്ടിലേക്ക്‌ നടന്നു.

"അമ്മാ.. തായേ... വല്ലതും തരണേ......!" അപ്രതീക്ഷിതമായി കേട്ട ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കണ്ണന്‍ ശരിക്കും പേടിച്ചുപോയി! താടീം മുടീം നീട്ടി കീറിയ ബനിയനും ചാക്ക് പോലുള്ള പാന്‍റും തോളില്‍ വലിയ സഞ്ചിയുമായി ഒരു പിച്ചക്കാരന്‍! കണ്ണനെ കണ്ട് വൃത്തിയില്ലാത്ത മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ കാട്ടി അയാളൊന്നു ചിരിച്ചു! വണ്ടി സ്റ്റാര്‍ട്ട് ആക്കാനോന്നും നിന്നില്ല കണ്ണന്‍! അകത്തിരിക്കുന്ന അച്ഛന്‍റെ അടുത്തേക്ക് വാണം വിട്ട പോലെ ഓടി! കയ്യില്‍ ചില്ലറയുമായി അകത്തുനിന്നും വന്ന അമ്മ കണ്ണന്‍റെ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് പിച്ചക്കാരനോടെന്ന പോലെ ചോദിച്ചു. കുറുമ്പ് കാട്ടണോരെ പിടിക്ക്യാനാ? ഇവ്ടാരൂല്ല്യാട്ടോ!"

"അച്ഛാ.. ഉണ്ണിക്ക് ടോമേഞ്ചെറി വെച്ചെര്വോ?"

രവിമാമന്‍ ഗള്‍ഫീന്ന് വന്നപ്പോ തന്ന കണ്ണന്‍റെ സ്വന്തം വീഡിയോ കാസറ്റ് എടുത്ത് ടീവിയില്‍ ന്യൂസ് കാണുകയായിരുന്ന അച്ഛന്റെ മടിയിലേക്ക് ചാടിക്കയറി കണ്ണന്‍ ചോദിച്ചു.

"ന്യൂസ് ഇപ്പൊ കഴീം കണ്ണാ..! പിന്നെ..... വയറൊക്കെ മാറ്റി കുത്തണം! പോയി മാമു തിന്ന്ട്ടു വാ!"

"ദിത്‌ ന്യൂസേല്ലാല്ലോ? വാഷിംഗ് പൌഡര്‍ നിര്‍മ്മ്യെല്ലേ? പ്ലീച് അച്ഛാ...!"

"ഹഹഹ ..അത് പരസ്യാടാ.. ന്യൂസ് ദിപ്പോ കഴീം ...! അത് കഴിഞ്ഞാ വെച്ച് തരാട്ടോ. അപ്പഴ്ക്കും ഓടിപ്പോയി മാമുണ്ട് വാ!" ചേര്‍ത്തുനിര്‍ത്തി കവിളില്‍ ഒരുമ്മ കൊടുത്ത് അച്ഛന്‍ പറഞ്ഞു. എന്തോ ഈ ഉമ്മ കണ്ണന് അത്ര ഇഷ്ടായില്ല! കുഞ്ഞിക്കൈ കൊണ്ട് കവിളൊന്നു തൂത്ത് മനസ്സില്ലാമനസ്സോടെ അച്ഛന്‍റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങി.

ചലോ അടുക്കള! കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി! നടത്തം പതിവില്ലല്ലോ? അടുപ്പിനരികിലെക്ക് വണ്ടി നീക്കി നിര്‍ത്തി ഒന്നെത്തി നോക്കി! മണ്‍ചട്ടിയില്‍ ഗുളുഗുളു ശബ്ദത്തോടെ ഇളകി മറിയുന്ന മീങ്കറി! കറിയില്‍ കിടന്ന കുടമ്പുളി കണ്ടപ്പോള്‍ രവിമാമന്‍റെ കഴിഞ്ഞ ലീവിന് എല്ലാരും കൂടി കായല് കാണാന്‍ പോയത്‌ ഓര്‍മ്മ വന്നു കണ്ണന്! കണ്ണന് ഇഷ്ടാ മീനും കുടമ്പുളീം. വണ്ടി അടുക്കളയില്‍ വാതിലിന് പിറകില്‍ പാര്‍ക്ക്‌ ചെയ്ത് തിരിഞ്ഞുനോക്കിയ കണ്ണന്‍ ഞെട്ടിപ്പോയി! കണ്ണന്‍റെ കുഞ്ഞിപ്പലകേമേ ഞെളിഞ്ഞിരുന്ന് ഊണ് കഴിക്കുന്ന ഏട്ടന്‍!

"ഏട്ട..എണ്റ്റെ ... എണ്റ്റെ! അത് ഉണ്ണീടെ പലക്യാ!" ഒരു അനക്കവും ഇല്ല!

"നാണല്ല്യെ ഏട്ടന് കുട്ട്യോള്‍ടെ പലകേമ്മേ ഇരിക്ക്യാന്‍? അയ്യേ..പൂയ്‌..പൂയ്‌! ഷേം..ഷേം..പപ്പി ഷേം..!" കണ്ണന്‍ ഒരു നമ്പറിട്ടു നോക്കി!

എവടെ? സ്കൂളിലും ട്യൂഷനും ഒക്കെ പോകല്‍ തുടങ്ങ്യെപ്പിന്നെ വല്ല്യേ പവറ! പെന്‍സിലും ബുക്കും ഒന്നും കണ്ണന് കളിക്ക്യാന്‍ കൊടുക്കില്ല!! ഒരു മൈന്റൂല്ല്യ. വെല്ല്യേ ആളായീന്നാ വിചാരം! ഏട്ടന്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

"ഞാ ണീക്കില്ല്യ! നിയ്യ്‌ വേണെങ്കി ആ ചെരെമേ ഇരുന്നോ!"

"ന്യിക്ക് പേട്യാ..! അമ്മെ..ദിത്‌ കണ്ടാ ഈ ഏട്ടന്‍....! എണീക്ക്യാന്‍ പറഞ്ഞെ.." ഒന്ന് രണ്ടു വട്ടം പണി കിട്ടിയിട്ടുള്ളത് കൊണ്ട് ചിരവയുടെ മൂര്‍ച്ചയുള്ള "നാക്ക്" കണ്ണന് പേടിയാണ്. അപ്രത്തെ വീട്ടിലെ അമ്മ്ണ്യമ്മടെ നാക്ക് പോല്യാന്നാ അച്ഛന്‍ പറയ്വാ! പക്ഷെ ആയമ്മക്ക് കണ്ണനോട് നല്ല ഇഷ്ടാട്ടോ! കണ്ണനെപ്പോലെ അവര്‍ക്കും ഇല്ല്യ വായേല് മുഴുവന്‍ പല്ലും!

"അമ്മടെ കുട്ടിനേ ആദ്യം കുളിപ്പിച്ച് തരാട്ടോ, ന്നട്ട് മാമുണ്ണാം വാ.....! അപ്പഴ്ക്കും ഏട്ടന്റെ കഴീം!" മീങ്കറി ചോറില്‍ ഒഴിച്ച് വെളിച്ചെണ്ണ ചേര്‍ത്ത്‌ നല്ലോണം കൂട്ടിക്കുഴച്ച് കുഞ്ഞ്യേ ഉര്ളകളാക്കി, ഒരുളക്ക് മുകളില്‍ ഓരോ കഷണം മീനും വെച്ച് കണ്ണനുള്ള ശാപ്പാട് റെഡിയാക്കി കൊണ്ടിരുന്ന അമ്മ പറഞ്ഞു.

"അയിന് ന്‍റെ മേല് ചെള്യോന്നും ഇല്ല്യാലോ? ദേ..അമ്മ നോക്ക്യേ.."| കണ്ണന്‍ കുഞ്ഞു ബോഡി അങ്ങോട്ടുമിങ്ങോട്ടും വളച്ചു കാട്ടി!!

"നീയിങ്ക്ട് വാ...! പറമ്പിലൊക്കെ ഓടി നടന്നതല്ലേ? അമ്മ കഴ്കി തരാം."

"ഉണ്ണിക്കിപ്പോ കുളിക്കണ്ട! മാമുണ്ടാ മതി!" അമ്മയുടെ കയ്യില്‍ നിന്നും കുതറി മാറി മുഖം ബലൂണ്‍ പോലെ വീര്‍പ്പിച്ച് കയ്യ് രണ്ടും ഊരിത്തെറിച്ചു പോകുമാറ് വീശി ഉമ്മറത്തേക്ക് നടന്നു.

"മക്കളെപ്പോറ്റി...സബോള..തക്കാളി..വെണ്ടയ്ക്കേയ്......"!!! കപ്പയും പച്ചക്കറിയും വില്‍ക്കുന്ന രാജേട്ടന്റെ ഉന്തുവണ്ടിയാണ്. കപ്പക്ക്‌ രാജേട്ടന്‍ ഇട്ടിരിക്കുന്ന പേരാണ് "മക്കളെപ്പോറ്റി"! വല്ല്യേ സൌണ്ട് ഉള്ള രാജേട്ടനെ കണ്ണന് പേടിയാണ്, ഇഷ്ടവും!

കണ്ണന്റെ തലയില്‍ പുരട്ടാനുള്ള എണ്ണക്കുപ്പി ഉമ്മറത്ത് വെച്ച് ഗേറ്റിലേക്ക് നടന്ന അമ്മയുടെ കൂടെ കണ്ണനും കൂടി! എണ്ണ പുരട്ടലില്‍ നിന്നും തല്‍ക്കാലത്തേക്ക് കണ്ണന്‍ രക്ഷപെട്ടു!

"ആഹാ! കുഞ്ഞമ്പ്രാനും ണ്ടല്ലോ കൂടെ?" ചൂരല്‍ക്കൊട്ടയില്‍ നിന്നും ഒരു മാമ്പഴം എടുത്ത് കണ്ണന് നീട്ടി രാജേട്ടന്‍ പറഞ്ഞു.

കണ്ണന്‍ അമ്മയെ ഒന്ന് പാളിനോക്കി! ആര് തന്നാലും ഒന്നും വാങ്ങരുത് എന്നാണു അച്ഛന്‍ പറഞ്ഞിരിക്കുന്നത്!

അമ്മ ചിരിച്ചുകൊണ്ട് തലയാട്ടി. മാമ്പഴവുമായി അകത്തേക്കോടിയ കണ്ണനോട് അമ്മ വിളിച്ചു പറഞ്ഞു! "കണ്ണാ.. അമ്മ്വേച്യോട് പറ നല്ലോണം കഴുകിത്തരാന്‍...! "തക്കാള്യോക്കെ ചീഞ്ഞല്ലോ രാജെട്ടോ?"

മാങ്ങേടെ മണം മൂക്കിലേക്ക് വലിച്ച് കേറ്റി വരാന്തയില്‍ കുന്തിച്ചിരുന്നു ഓല മെടയുകയായിരുന്ന അമ്മ്വേച്ചിയുടെ കയ്യില്‍ കൊടുത്തു. എന്ത് സ്പീഡ ഈ അമ്മ്വേചിക്ക്..ഓല മെടയാന്‍..!!

"ഹായ്! ഇത് മുട്ടിക്കുടിയന്‍ മാമ്പഴാ ട്ടോ!" അമ്മ്വേച്ചി മാമ്പഴം കൈകൊണ്ടു നന്നായി ഞെക്കി പതം വരുത്തി, കഴുകിക്കൊടുത്തു.

ആദ്യത്തെ കടിയില്‍ തന്നെ മാമ്പഴച്ചാറ് കണ്ണന്റെ ചിറിയിലൂടെ, കഴുത്തിലൂടെ കുഞ്ഞിക്കുമ്പയിലേക്ക് ഒലിച്ചിറങ്ങി. മാങ്ങ പിടിച്ച കൈത്തണ്ട കൊണ്ട് തന്നെ അമ്മ ദോശ ഉണ്ടാക്കണ പോലെ ഒന്ന് തൂത്തു പരത്തിക്കൊടുത്തു കണ്ണന്‍! കയ്യും കൈത്തണ്ടയിലെക്ക് ഒലിച്ചിറങ്ങിയ ചാറ് നക്കിയെടുക്കാനായിരുന്നു പണി കൂടുതല്‍! മാങ്ങണ്ടിയിലെ അവസാന നീരും ഊറ്റിയെടുത്ത് കണ്ണന്‍ വിളിച്ചു!

"ഏട്ടാ..ഏട്ടാ...!"

"യെന്താ..? ഞാനിവ്ടെ പഠിക്ക്യാ!"

ഏട്ടന്‍ വിളി കേട്ട് എന്ന് മനസ്സിലായപ്പോ മാങ്ങണ്ടി ദൂരേക്കെറിഞ്ഞു കണ്ണന്‍ വിളിച്ചു പറഞ്ഞു.. "അണ്ടിയിതാ പോണേ.. കൂടെ ഏട്ടനും പൊക്കോ!"

ഫോട്ടോ - ഗൂഗിള്‍ 

Tuesday, 4 February 2014

വികൃതിക്കണ്ണന്‍

യ്യോ! ഉണ്ണീനെ ഉറുമ്പ് കടിച്ചെ..! 


കണ്ണന്‍ ഉറക്കത്തില്‍ നിന്നും ചാടി എണീറ്റു! ഇല്ലാത്ത ദേഷ്യം മുഖത്ത് വരുത്തി അമ്മ അരികെ....! അമ്മേടെ കുളിയൊക്കെ കഴിഞ്ഞിരിക്ക്ണൂ.. കാച്ചെണ്ണടെ മണവും മുടിയിലെ തുളസിക്കതിരും കണ്ടാല്‍ അറിയാം. 

യെന്താമ്മേ? കൊറച്ച് നേരം കൂടി....! ഇന്ന് ഈസ്‌കൂള്‍ ഇല്ല്യല്ലോ? കണ്ണന്‍ മുഖം വീര്‍പ്പിച്ചു.

മ്മ്മ്മ്മ്മം.. അമ്മ ഒന്ന് ഇരുത്തി മൂളി! സംഗതി മനസ്സിലായി കണ്ണന്. കുറ്റബോധത്തോടെ ട്രൌസര്‍ തപ്പിനോക്കി! കിടക്കവിരിയിലും നനവുണ്ട്! അപ്പൊ ഉറുമ്പ് കടിച്ചതല്ല!

അമ്മ പിച്ച്യെതാ ല്ലേ! അമ്മ്യോട് എത്രാശ്യം പറഞ്ഞ്ണ്ട്, ഉണ്ണീനെ രാത്രി മൂത്രോഴിക്ക്യാന്‍ വിളിക്കാണ്ട്യെല്ലേ?

ഹഹഹ.... അമ്പടാ കള്ളക്കണ്ണാ.... ഇപ്പൊ കുറ്റം അമ്മയ്ക്കായോ?

തണുത്ത കൈകള്‍ കൊണ്ട് രണ്ടു കവിളുകളും ചേര്‍ത്ത്‌ പിടിച്ച് നെറ്റിയില്‍ ഒരു മുത്തം കൊടുത്തു. ട്രൌസര്‍ താഴെക്കൂര്‍ത്തി അലാസ്റ്റിക് പോയ കുഞ്ഞു ജെട്ടി കുഞ്ഞിക്കുമ്പെടെ മോളിലെക്ക് കേറ്റി അരയിലെ കറുത്ത ചരടില്‍ അറ്റം ഒന്ന് മടക്കി ഇട്ടുകൊടുത്തു.

ഹും! തൊള്ള നാറീട്ട് വയ്യ! വേം പോയി പല്ല്വേച്ചേ..! ദേ.. ബ്രഷുമ്മേ കോള്‍ഗേറ്റ് ആക്കി വെച്ചിട്ടുണ്ട്. വാ..! അമ്മ വാരിയെടുത്ത് വാഷ്ബേസിനരികെ കസേരയില്‍ കയറ്റി നിറുത്തി.

അയ്യോ! ദോശ കരിഞ്ഞിണ്ടാവും! വെള്ളത്തീ കളിക്ക്യാണ്ടേ വേം പല്ല്വേച്ചു വാ ട്ടോ.. അമ്മ അടുക്കളയിലേക്കൊടി.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം വെച്ചിട്ടുണ്ട്. ഊരിപ്പോയ ജെട്ടി ഒരു കൈ കൊണ്ട് വലിച്ച് കേറ്റി കണ്ണാടിയില്‍ ഒന്ന് എത്തിനോക്കി. കണ്ണന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുടിയുടെ കുറച്ചേ കാണാമായിരുന്നുള്ളൂ. ഇപ്പൊ കഴുത്ത് വരെ കാണാം. അമ്മ ഇടക്ക് പറേണ പോലെ പോത്ത് പോലെ വലുതായോ? കുറച്ച് അഹങ്കരമോക്കെ തോന്നി. പൈപ്പ്‌ തുറക്കാതിരിക്കാനാണ് ബക്കറ്റില്‍ വെള്ളം. കണ്ണന്‍ തുറന്നാല്‍ പിന്നെ നാലാള്‍ക്ക് കുളിക്കാനുള്ള വെള്ളം പൂവും എന്നാണ് അമ്മേടെ പറച്ചില്‍.

അമ്മ വരുന്നുണ്ടോയെന്ന് ഇടങ്കണ്ണിട്ട് നോക്കി പൈപ്പ്‌ മെല്ലെ തുറന്നു കൊല്‍ക്കുഴിഞ്ഞു. ബ്രഷ് ഒന്ന് നനച്ചപ്പോഴേക്കും പേസ്റ്റ് ഊര്‍ന്ന് വാഷ്ബേസിനില്‍ വീണു. ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി തോണ്ടി വീണ്ടും ബ്രഷില്‍ തന്നെ തേച്ചു.

വായില് അലിഞ്ഞു വന്ന കോള്‍ഗേറ്റിന്റെ മധുരം മെല്ലെ നുണഞ്ഞിറക്കി! അമ്മ കണ്ടാ അപ്പ കിട്ടും ചന്തിക്ക്! കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും തേച്ച് ബ്രഷിലൂടെ ഒലിച്ചുവരുന്ന പേസ്റ്റ് വാഷ്ബേസിനില്‍ ഇറ്റ് വീഴുന്നത് നോക്കി നിന്നു കണ്ണന്‍. ഏട്ടനാണ് പറഞ്ഞത് കോള്‍ഗേറ്റിന്റെ പത ഇറക്ക്യാല്‍ നല്ല കളറ് വെക്കുംന്ന്‍!

കണ്ണാ...മതി വേം വാ....! അമ്മക്കറിയാം കണ്ണന്‍ വെള്ളത്തില് കളിക്ക്യാന്ന്‍. അച്ഛന്‍ പല്ലുതെക്കുമ്പോ ശബ്ധമുണ്ടാക്കുന്നത് പോലെ അഞ്ചാറ് വട്ടം കാര്‍ക്കിച്ച് തുപ്പി പല്ലുതേപ്പ് അവസാനിപ്പിച്ചു!

ദോശ ചുടുന്ന തിരക്കിലാണമ്മ. അമ്മേടെ സാരിത്തുമ്പില്‍ മുഖം തുടച്ച് താടിക്ക് കയ്യും കൊടുത്ത് സ്വന്തം കുഞ്ഞിപ്പലകമേല്‍ ഇരുന്നു. എന്തോ വെട്ടി വിഴുങ്ങി അടുക്കളത്തിണ്ണമേല്‍ കേറി ഇരുന്നു മുഖം മിനുക്കുന്ന അപ്പുപ്പൂച്ച കണ്ണനെ കണ്ട് ചാടിയിറങ്ങി കാലില്‍ മുഖമുരുമ്മി. അമ്മ കൊടുക്കുന്ന പാലില്‍ കുറച്ച് തനിക്ക്‌ ഉള്ളതാണെന്ന് അപ്പുപ്പൂച്ചക്ക് അറിയാം.

പാലുകുടി കഴിഞ്ഞ് അമ്മ കാണാതെ നേരെ സ്റ്റോര്‍ റൂമിലേക്ക്‌ നടന്നു. വലിയ ഭരണിയില്‍ നിന്നും കുറച്ച് പഞ്ചാരയെടുത്ത്‌ കയ്യില്‍ ചുരുട്ടിപ്പിടിച്ചു. മറ്റേ കയ്യില്‍ ഒരു പിടി ഗോതമ്പും.

കണ്ണനെ കണ്ടതും അലക്കുകല്ലിനരികിലെ വാഴക്കരികില്‍ ചിക്കിപ്പരത്തിക്കൊണ്ടിരുന്ന ചക്കിക്കോഴീം കുഞ്ഞുങ്ങളും ഓടിവന്നു. കയ്യില്‍ കരുതിയിരുന്ന ഗോതമ്പ് ആവുന്നത്ര ബലം പ്രയോഗിച്ച് വീശിയെറിഞ്ഞു. ഓടിവന്ന പൂവനെ കൊത്തിയാട്ടി ആറു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒരു സംരക്ഷണ വലയം തീര്‍ത്തു ചക്കി! ഏഴെണ്ണം ഉണ്ടായിരുന്നു. ഒന്നിനെ ഇന്നലെയാണ് കള്ളക്കാക്ക കൊത്തിക്കൊണ്ട് പോയത്! കണ്ണന്‍റെ വിഷമം ഇതേവരെ മാറിയില്ലെങ്കിലും ചക്കി അതൊക്കെ മറന്നൂന്ന്‍ തോന്നുന്നു.

നേരെ ചെമ്പകമരച്ചുവട്ടിലെക്ക് നടന്നു. കണ്ണന്‍റെ കയ്യിലെ മധുരം കാത്തിട്ടെന്നപോലെ ചോണനുറുമ്പും സംഘവും ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. കയ്യില്‍ ഒട്ടിപ്പിടിച്ച പഞ്ചാര കുഞ്ഞിക്കൈ കൊണ്ട് തൂത്ത് മണ്‍പുറ്റിനടുത്തെക്ക്‌ ഇട്ടുകൊടുത്തു കൈ ഒന്ന് നക്കിത്തുടച്ചു.

അമ്മുച്ചേച്ചി ഇന്നും വൈകിയെന്ന് അമ്മയുടെ പിറുപിറുക്കല്‍ കേട്ടപ്പോള്‍ മനസ്സിലായി. അമ്മിക്കല്ലിനടുത്തു ചാരി വെച്ചിരുന്ന ചൂലില്‍ നിന്നും ബലമുള്ള രണ്ടീര്‍ക്കിലി ഊരിയെടുത്ത് തൊടിയിലെക്ക് നടന്നു.

കണ്ണനാണ് മാഷ്‌! തൊടിയിലെ കൊക്കോത്തയ്യും ചെറിയ പുളിമരവും നേന്ത്രവാഴക്കന്നും കറിവേപ്പിലത്തയ്യും കുട്ടികള്‍! പഠിക്കാത്ത കുട്ടികളെ അടിക്കാനുള്ള ചൂരലാണ് ഈര്‍ക്കിലി! പുളിമരത്തിന്റെയും കറിവേപ്പിലത്തയ്യുടെയും കുറെ ഇലകള്‍ പൊഴിഞ്ഞ് താഴെ വീണു. വാഴയിലകള്‍ വിണ്ടുകീറി! വാഴത്തണ്ടുകള്‍ കണ്ണീര്‍ പൊഴിച്ചു. കൊക്കോത്തയ്യ്‌ മാത്രം പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടിയെപ്പോലെ കണ്ണന്‍ മാഷിനെ ധിക്കരിച്ചപ്പോള്‍ രണ്ടു ഈര്‍ക്കിലും പെട്ടെന്ന് തന്നെ പൊട്ടിത്തീര്‍ന്നു! അമ്മുച്ചേച്ചി മുറ്റമടിക്കാന്‍ തുടങ്ങിയിരുന്നു!! ഇനീം ഈര്‍ക്കില് എടുക്കാന്‍ ചെന്നാ ചെവിക്ക് പിടിക്കും!

ചില്‍..ചില്‍..ചില്‍..! കുട്ടികളോട് മല്ലടിച്ച് തളര്‍ന്ന മാഷ്‌ തൊടിയിലെ ആന്തച്ചക്ക മരത്തിന്റെ മുകളിലേക്ക് നോക്കി! പഴുത്ത ആന്തച്ചക്ക തിന്നാന്‍ വന്ന പൂവാലനണ്ണാന്‍ കണ്ണനെ കളിയാക്കിചിരിച്ചു. ചമ്മല്‍ മറച്ച് ച്ചുച്ചുച്ചുച്ചു... ച്ചുച്ചുച്ചുച്ചു..എന്ന് പൂവാലനെ മാടിവിളിച്ച കണ്ണനെ മൈന്‍ഡ് ചെയ്യാതെ വാലുപൊക്കി എന്തോ അശ്ലീലം കാണിച്ച് ആ അഹങ്കാരി തൊട്ടടുത്ത പേരമരത്തിലെക്ക് ചാടി!

കണ്ണാ..കാപ്പി കുടിക്കാന്‍ വാ....! കുഞ്ഞ്യേ ദോശണ്ടാക്കീണ്ട്!!! അടുക്കള ജനലിലൂടെ അമ്മ വിളിച്ചുപറഞ്ഞു. കയ്യില്‍ കിട്ടിയ ഒരു കുഞ്ഞിക്കല്ലെടുത്ത് അഹങ്കാരിയായ പൂവാലന്റെ നേര്‍ക്ക് എറിഞ്ഞ് ഊരിപ്പൂവാറായ ജെട്ടിയും താങ്ങി കുഞ്ഞിക്കുമ്പ ഫുള്ളാക്കാനായി അടുക്കളയിലേക്ക് ഓടി.!!


ആഹാ....! അമ്മേടെ ഗുഡ്‌ ബോയ്‌! അപ്പടി കഴിച്ചൂലോ! ഒരു ദോശേം കൂടി തരട്ടെ? കള്ളച്ചിരിയോടെ അമ്മ! നാലെണ്ണം കൊടുത്താല്‍ പകുതിയേ കുഞ്ഞിക്കുമ്പയില്‍ എത്തൂ എന്ന് അമ്മയ്ക്കും അറിയാം!

വാതിലിന്റെ മറവില്‍ പഞ്ചസാര പറ്റിയ ദോശ നക്കുകയായിരുന്ന അപ്പുപ്പൂച്ചയെ ഇടങ്കണ്ണിട്ട് നോക്കി നിഷ്ക്കളങ്കതയോടെ കണ്ണന്‍ പറഞ്ഞു. 

വേണ്ടാമ്മേ..! ഇന്യൂം കഴിച്ചാ ഉണ്ണീടെ കുമ്പ പൊട്ടിപ്പോവും! ദേ.. നോക്ക്യേ...

ബനിയന്‍ പൊക്കി കുഞ്ഞിക്കുമ്പ ഒന്നുകൂടി വീര്‍പ്പിച്ച് കാണിച്ചു. വീര്‍പ്പിച്ച കാറ്റ്‌ റിലീസ്‌ ചെയ്തതും അലാസ്റ്റിക് പോയ ജെട്ടി അതിന്റെ പാട്ടിന് പോയി! പഞ്ചാരക്കൈ കൊണ്ട് നാണം മറച്ച കണ്ണനെ നോക്കി പൊട്ടിച്ചിരിച്ച അമ്മ പറഞ്ഞു..

വേം പോയി കഴുകിക്കോ! ഉര്‍മ്പ് കടിക്കണ്ട!!

കീ..കീ...മീങ്കാരന്‍ അയമുക്കാന്റെ മീന്‍ - ഐറ്റിയുടെ ഹോണ്‍ ചമ്മലില്‍ നിന്നും കണ്ണന്‍റെ രക്ഷയ്ക്കെത്തി.

ഓയ്‌, അതേയ്...! അയ്മുട്ട്യാക്കാനോട് പോവല്ലെന്ന് പറയോ... മീമ്മേണം ട്ടാ! ഉമ്മറത്തിരുന്ന അച്ഛന് സിഗ്നല്‍ കൊടുത്ത് അമ്മ പാത്രവുമെടുത്ത് ഗേറ്റിനരികിലെക്ക് നടന്നു.

കീ..കീം ബ്രൂം..ബ്രൂം.. കണ്ണനും വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റി സ്റ്റിയറിങ്ങില്‍ വട്ടം തിരിച്ച് കട്ടിളപ്പടിയുടെ ഹമ്പും ചാടിച്ച് അമ്മയെ ഓവര്‍ട്ടെക്ക് ചെയ്ത് പാഞ്ഞു!

ഓടീട്ടു വീഴണ്ട നിയ്യ്‌!

ഗീര്‍ മാറ്റി സ്പീഡ്‌ ഒന്ന് കുറച്ച് കാപ്പികുടി കഴിഞ്ഞ് സിഗ്രെറ്റ്‌ വലിക്ക്യാരുന്ന അച്ഛന്റെ അടുത്ത് ബ്രേക്കിട്ടു! റിവേഴ്സ് എടുത്ത് വണ്ടി പാര്‍ക്ക്‌ ചെയ്ത് ന്യൂസ്‌പേപ്പര്‍ വകഞ്ഞുമാറ്റി മടിയില്‍ കയറി ഇരുന്നു. അച്ഛന്‍ പേപ്പര്‍ മറുകയ്യില്‍ മാറ്റി പിടിച്ച് കുഞ്ഞിക്കുമ്പയടക്കം ചേര്‍ത്തുപിടിച്ചു കണ്ണനെ. ഊതിവിട്ട നീല വളയങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു എങ്കിലും കണ്ണന്‍ മടിയില്‍ കയറിയപ്പോള്‍ വലിച്ചെറിഞ്ഞ സിഗ്രെറ്റ്‌ കുറ്റി മുസാണ്ടയുടെ കടയ്ക്കല്‍ പുകയുന്നുണ്ടായിരുന്നു!

പതിവുപോലെ അച്ഛന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്‌ വെച്ച് നരച്ച രോമങ്ങള്‍ക്കായി പരതിനോക്കി. കിട്ടിയ ഒരെണ്ണം കുഞ്ഞുവിരല്‍ കൊണ്ട് വലിച്ചപ്പോള്‍ വഴുതിപ്പോയി. ഏട്ടന്‍ വലിക്കുമ്പോ കിട്ടാറുണ്ടല്ലോ എന്നോര്‍ത്ത്‌ രണ്ടുമൂന്ന് ശ്രമം കൂടി നടത്തി പരാജിതനായി ഊര്‍ന്നിറങ്ങി ഗേറ്റിലേക്ക് നടന്നു. അയലോക്കത്തെ പെണ്ണുങ്ങളൊക്കെ കൂടീട്ട്ണ്ട്..

കണ്ണനെക്കാള്‍ മുന്നേ എത്തിയ അപ്പുപ്പൂച്ച തന്റെ ഷെയറും വാങ്ങി അയല്‍വീട്ടിലെ സുന്ദരിക്കോതകളെ മൈന്‍ഡ് ചെയ്യാതെ മുരണ്ടുകൊണ്ട് മത്തിയുടെ തല കടിച്ചു വലിച്ചു.

അയ്മുപ്പാപ്പാ.. ഒരു കഷ്ണം ഐസ് തര്വോ?

അയ്യേ...ഇത് നല്ല ഐസല്ല കുട്ട്യേ, മീന്നാറും! അമ്മ്യോട് ബ്രിഡ്ജീന്ന് എടുത്തു തരാന്‍ പറ! ഇന്ന പകരം വേറൊരു സാനം ഇപ്പാപ്പാന്റെ കുട്ടിക്ക്‌.. വെള്ളം നിറച്ച് കെട്ടിവെച്ചിരുന്ന പ്ലാസ്റ്റിക്‌ കവറില്‍ തിളങ്ങുന്ന രണ്ട് കുഞ്ഞ്യേ മീങ്കുട്ടികള്‍!

കണ്ണന്റെ കണ്ണുകള്‍ വിടര്‍ന്നു. ഒരു കയ്യില്‍ ജെട്ടിയും മറുകയ്യില്‍ കവറുമായി അകത്തേക്കോടി!

അവനൊരു ട്രൌസര്‍ ഇട്ടുകൊടുത്തൂടെ മാളൂ...! ഉമ്മറത്തിരുന്ന അച്ഛന്‍ അമ്മയോട്..

അതില് കെടന്ന് മുള്ളീതാ, കുളിപ്പിച്ച് കഴിഞ്ഞ് മാറ്റി കൊടുത്തോളാം.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം എടുത്ത് മീന്‍ കുഞ്ഞുങ്ങളെ അതില്‍ ഇട്ടു. സ്വാതന്ത്യ്രം ലഭിച്ച അവര്‍ ആ ഓറഞ്ചു സാമ്രാജ്യത്തില്‍ നീന്തിത്തുടിച്ചു. മീങ്കുട്ടികള്‍ രാവിലെ എന്തേലും കഴിച്ചിട്ടുണ്ടാവ്വോ? കണ്ണന്‍ അടുക്കളയിലേക്ക് നടന്നു.

അയ്യോ! ദോശ ഇട്ടുകൊടുക്കല്ലേ കണ്ണാ.. ഉപ്പിട്ടത് കഴിച്ചാ അവറ്റ്വോള് ചാവുംത്രേ! അമ്മ റവ തരാം! പുഴേല് കെടന്ന മീനല്ലേ? നമ്മടെ ക്ലോറിന്‍ വെള്ളം അവറ്റൊള്‍ക്ക് പറ്റില്ല്യ. എത്രെ നേരം ണ്ടാവ്വ്വോ ആവോ?

രണ്ടുമൂന്നു തരികള്‍ തിന്ന് തീറ്റ നിറുത്തിയ മീങ്കുട്ടികളില്‍ ഒരെണ്ണം പെട്ടെന്ന് തന്നെ ചത്തു മലച്ചു. മറ്റേത് ഗതി കിട്ടാതെ അലഞ്ഞ് നടന്ന് ബാക്കി വന്ന റവക്കും കറുത്ത് നീണ്ട മീന്‍ കാഷ്ടങ്ങള്‍ക്കുമൊപ്പം ബക്കറ്റിനടിയില്‍ വിശ്രമിച്ചു. കണ്ണനും ഉഷാറൊക്കെ പോയി!

പതുക്കെ കിണറ്റിന്‍കരയിലേക്ക് നടന്നു. എന്ത്യേ കണ്ണാ? മീന്‍ ചത്തുപോയോ? മ്മ്മ്മ്മ്മ്മം...കണ്ണില്‍ വെള്ളം നിറച്ച് കണ്ണന്‍ മൂളി..!

അമ്മ്വേച്ച്യേയ്...ഇന്നലെ ഉണ്ണിക്ക് പീപ്ലീം, വാച്ചും, പമ്പരോം തോപ്പീം ണ്ടാക്കിത്തരാന്ന് പറഞ്ഞിട്ട്??

ഇതൊന്ന് തീര്‍ന്നോട്ടെ ട്ടോ! അമ്മ്വേച്ചി ണ്ടാക്കി തരാലോ!

കുഞ്ഞുമുഖത്തെ കാര്‍മേഘം മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍ പാത്രം കഴുകല്‍ മതിയാക്കി അമ്മ്വേച്ചി എണീറ്റു കണ്ണനേം കൊണ്ട് തൊടിയിലെക്ക് നടന്നു. ഉയരംകുറഞ്ഞ പ്ലാവിലെ കൊമ്പിന്ന്‍ പ്ലാവിലയും നിലം മുട്ടിക്കിടക്കുന്ന ചെന്തങ്ങിന്റെ ഓലമേല്‍ നിന്ന് ഓലയും ഈര്ക്കിലിയും പൊട്ടിച്ച് വരാന്തയില്‍ വന്നിരുന്നു.

അമ്മ്വേച്ചിടെ കരവിരുതില്‍ കണ്ണന്‍ വാച്ച്, മോതിരം, പമ്പരം ഒക്കെ സ്വന്തമായുള്ള ഒരു മുതലാളീം കൂടെ പീപ്ലീം തൊപ്പീം വെച്ച "പോലീസ്‌കാരമ്മാരും" ആയി!!

അടുക്കളയില്‍ കയറി അമ്മ ചപ്പാത്തി വേഗത്തില്‍ പരത്താനുപയോഗിക്കുന്ന "പീവീസി" പൈപ്പിന്റെ കഷണോം (ലാത്ത്യാ..!) എടുത്ത്‌ പതുക്കെ മുറിയില്‍ കടന്നു. ഡ്രസ്സിംഗ് ടേബിളില്‍, പണ്ട് രവിമാമന്‍ ഗള്‍ഫീന്ന് വരുമ്പോ കൊണ്ടന്ന കുക്കീസ്‌ ബിസ്ക്കറ്റ്ന്‍റെ പാത്രം തുറന്നു. അതിലാണ് അമ്മ കണ്മഷി വെച്ചിരിക്കുന്നത്. പ്ലാ

വിലത്തൊപ്പി തലയില്‍ തിരുകി കണ്മഷിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഒന്ന് തോണ്ടി വിചാരിച്ചപോലെ വന്നില്ലെങ്കിലും മൂക്കിന് താഴെ മീശ പോലത്തെ ഒരു സാധനം വരച്ചു! ബാക്കി വന്ന കണ്മഷി അമ്മ ചെയ്യുന്നത് പോലെ മുടിയില്‍ തേച്ചു.

ഇപ്പൊ രാവിലെ തന്നെ അയലോക്കത്തെ സുക്വേട്ടന്റെ വീട്ടില്‍ പലിശ പിരിക്കാന്‍ വരുന്ന അണ്ണാച്ചിടെ മോന്ത പോലെ ആയി! സില്‍മേല് കണ്ട പോലെ വലത്തെ കയ്യില്‍ "പീവീസി ലാത്തി" പിടിച്ച് ഇടത്തെ കൈവെള്ളയില്‍ അടിച്ച് രണ്ടുപ്രാവശ്യം റൂമിനുള്ളില്‍ ഉലാത്തി! കുഞ്ഞിക്കുമ്പ മുന്നിലേക്കും കുഞ്ഞിച്ചന്തി പിന്നിലേക്കും മാക്സിമം തള്ളി കണ്ണാടിയുടെ മുന്നില്‍ ഒന്ന് ഞെളിഞ്ഞു നിന്നു. ഇടയ്ക്കിടെ അപ്പൂപ്പന് ഗ്യാസ്‌ വരുമ്പോ ഉള്ള സൌണ്ട് പോലെ ഗംഭീര മൂളലും!

ഉള്ള മീശയില്‍ തൃപ്തനാവാതെ ഉരുട്ടിപ്പിരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛനും അമ്മേം പിന്നില്‍ വന്നു നിന്നത് ശ്രദ്ധിച്ചില്ല! അടക്കിനിര്‍ത്താനാവാതെ രണ്ടാളും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കൈ തട്ടി മീശ മുഖമാകെ പരന്നു! നാണവും സങ്കടവും ദേഷ്യവും ഒക്കെക്കൂടി കരച്ചിലിന്റെ വക്കോളം എത്തിയ കണ്ണനേ അച്ഛന്‍ പൊക്കിയെടുത്ത് തോളിലേറ്റി! കള്ളപ്പിണക്കം കാണിച്ച് കുതറി എങ്കിലും അച്ഛന്‍റെ മുടിയില്‍ മുറുകെപ്പിടിച്ച് തോളില്‍ ഇരുന്ന് കണ്ണനും അവര്‍ക്കൊപ്പം ചിരിച്ചു!

അയ്യോ ന്റെ മീന്‍കറി!!!! അമ്മ അടുക്കളയിലേക്ക് ഓടി!

(Photo Courtesy - Google)

Saturday, 1 February 2014

ചോറുരുളയും ചട്ടുകവും!


കുഞ്ഞിനിക്കറും ഇട്ട് അടുക്കളയിലെ ചെറിയ മരപ്പലകയുടെ മുകളില്‍ വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ഒരു കുട്ടി! കൂടെ നാല് സഹോദരങ്ങളും! എല്ലാവര്‍ക്കുമുണ്ട് സ്വന്തമായി കുഞ്ഞിപ്പലകയും സ്റ്റീല്‍ ഗ്ലാസും പിന്നെ മൂന്ന് കള്ളിയുള്ള സ്റ്റീല്‍ പാത്രവും! പക്ഷെ നേരത്തെ പറഞ്ഞ കുട്ടിയുടെ മുന്നില്‍ മാത്രം ഇരിക്കുന്നു .......ഈര്‍ക്കിലിയും ഭീഷണിയുമായി ഉമ്മ! ഈര്‍ക്കിലി കണ്ടപ്പോ എല്ലാവരും ചോറ് തിന്നലിന്റെ സ്പീഡ് കൂട്ടി നല്ല കുട്ടികളായി!! അതേ...ആ ചെറിയ കുട്ടി ഞാനാണ്!

പശുവിനെ കുളിപ്പിക്കല്‍, ചാണകം വാരല്‍, കോഴിക്ക് തീറ്റ കൊടുക്കല്‍, കടയില്‍ പോകല്‍, നിലം തൂത്തുവാരല്‍, നാളികേരം ചിരകല്‍ ... ഇത്യാദി കര്‍മ്മങ്ങളിലെല്ലാം ഉമ്മയെ സഹായിക്കുന്ന പൊന്നുമോന്‍ ആണെങ്കിലും ആ പരിഗണനയൊന്നും ഈ കലാപരിപാടിക്ക് തടസ്സം ആയിരുന്നില്ല!

ഉമ്മാ കൊറച്ചും കൂടെ വെള്ളം താ.....ന്ന്!!

കയ്യിലിരുന്ന ഈര്‍ക്കിലി ഓങ്ങി ഉമ്മ പറഞ്ഞു.

ദിപ്പോ കിട്ടും ന്റെന്ന്... ഇല്ല്യ ഇനി തരില്ല്യ!

വെള്ളം പകുതി കുടിച്ച സ്റ്റീല്‍ ഗ്ലാസ് എന്റെ കയ്യെത്താ ദൂരത്തേക്ക് നീക്കി വെച്ച്, ചോറുരുളകള്‍ പിന്നെയും ഉരുട്ടി പാത്രത്തിന്റെ അരികില്‍ കൂട്ടിവെച്ചു. ചോറും കറിയും നന്നായി കുഴച്ച് കറി വെച്ച മീനിന്റെ കഷണങ്ങള്‍ ഓരോ ഉരുളയിലും വെക്കുന്ന തിരക്കിനിടയിലും ഉമ്മ പറഞ്ഞുകൊണ്ടിരുന്നു.

ഒരുര്ലക്ക് ഒരു ഗ്ലാസ് വെള്ളം വേണം ചെക്കന്! ഇനീം വെള്ളം ചോദിച്ചാ ചട്ടകം പഴുപ്പിച്ചു വെക്കും ഞാ... ങ്ങ്ഹ്ഹ്ഹാാാ ..! വായേല് പിടിച്ച് ഇരിക്കാണ്ടേ അതങ്ക്ട് എറക്കടാ വേം!

നമ്മടെ സ്ഥിരം കലാപരിപാടിയാണ്! ഒരു ഉരുളക്ക് അര ഗ്ലാസ് വെള്ളം എന്നാണു കണക്ക്. ഉമ്മ ചീത്ത പറയുന്ന വരെ ചോറുരുള വായില് പിടിച്ചിരിക്കും. വെള്ളം കിട്ടിയാല്‍ ചോറും വെള്ളവും കൂട്ടി ഒറ്റ വിഴുങ്ങല്‍. ചവക്കുന്ന പരിപാടിയെ ഇല്ലാ..! ഇടക്ക് ഊണ് കഴിക്കുന്നതിന് മുന്നേ പലകക്കരികില്‍ ഒളിപ്പിച്ചു വെച്ച ബാലരമയോ പൂമ്പാറ്റയോ ഒന്ന് നോക്കും! മിക്കവാറും ദിവസം ഓക്കാനവും തുടര്‍ന്നുള്ള ചര്‍ദ്ദിയിലും കലാശിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ ആ ബാലരമ കൊണ്ട് തന്നെ കിട്ടും മണ്ടക്ക് അടി!

പത്തൊമ്പതാമത്തെ അടവായ ഓക്കാനിക്കല്‍ പരിപാടിക്കായി ഇടക്ക് വായ തുറന്നതും ഉമ്മ ഈര്‍ക്കിലി കയ്യിലെടുത്തു വായുവില്‍ ഒന്ന് ചുഴറ്റി!

ഇപ്പ കിട്ടും, ഇപ്പ കിട്ടും അടി! മര്യാദേക്ക് ഇറക്കിക്കോ! ന്നാ വെള്ളം! കൊറച്ച് കുട്ച്ചാ മതി, മുഴോനും കുടിക്കണ്ട!

ആ ഉരുളേം വെള്ളം കുടിച്ച് വിഴുങ്ങി ! ഇനീം ഇരിക്കുന്നു അഞ്ചാറു എമണ്ടന്‍ ഉരുളകള്‍!

ഉമ്മാ..ഇനി കുഞ്ഞ്യേ ഉര്ല മതീട്ടാ.....!

അത് മുഴുവനാക്കും മുന്നേ അടുത്ത ഉരുള വായിലേക്ക് ഇടിച്ചു കേറി!

ഇതും കൂദീം ബതീത്താ....!

വാ നിറയെ ചോറുമായി ഇതും കൂടി മതി എന്ന് പറഞ്ഞ ആ അപൂര്‍വ്വ ഭാഷ ഉമ്മാക്ക് മനസ്സിലായി! കൈ ഈര്‍ക്കിലിക്കടുത്തേക്ക് നീണ്ടു!

കണ്ടാ.. എല്ലാര്‍ടേം ചോറ് തീറ്റ കഴിഞ്ഞ്! അവനിപ്ലും ഇരിക്ക്യാ രണ്ടുര്ലേം വെച്ച്. വേം തിന്ന്..വേം തിന്ന്..!

നെന്നെ ഇന്ന് ശര്യാക്കി തരാ! ഉമ്മ അടുത്തിരുന്ന ചട്ടുകം എടുത്ത് അടുപ്പിലെ ചാരത്തില്‍ പൂഴ്ത്തിവെച്ചു. അതില് തീക്കനല്‍ ഇല്ലാന്നും പേടിപ്പിക്കാനായി ഉമ്മ ചെയ്തതാണെന്നും അറിയാമായിരുന്നത് കൊണ്ട് പേടിയൊന്നും തോന്നിയില്ല. പിന്നെയും ഓക്കാനിച്ചു. ഈര്‍ക്കിലിന് പകരം ഉമ്മാടെ കയ്യില്‍ കിട്ടിയത് ചട്ടുകം ആയിരുന്നു!! സാധാരണ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാല്‍ അടുപ്പില്‍ വെള്ളം ഒഴിച്ച് തീ കെടുത്താറുണ്ടായിരുന്ന ഉമ്മ അന്ന് വെള്ളം ഒഴിക്കാന്‍ മറന്നിരുന്നു. ചാരത്തിനടിയില്‍ ഇരുന്ന കനലില്‍ ചെറുതായി ചൂട് പിടിച്ച ചട്ടുകം തുടയില്‍ അമര്‍ന്നപ്പോള്‍ ഉമ്മാ ... എന്നുറക്കെ വിളിച്ചു കരഞ്ഞുപോയി!

പൊള്ളിയില്ല എങ്കിലും പേടിച്ചുപോയി. പക്ഷെ അതിലേറെ വിഷമം ആയത് ഉമ്മാടെ ചോര വറ്റിയ മുഖം കണ്ടപ്പോള്‍ ആയിരുന്നു. വെപ്രാളത്തില്‍ താരിത്തലപ്പ് കൊണ്ട് കരി തുടച്ച് "ബെറ്റാഡിന്‍" പുരട്ടി തരുമ്പോള്‍ ചെറുതായി ചുവന്നു തിണര്‍ത്ത പാടില്‍ വീണ രണ്ടു തുള്ളി കണ്ണുനീര്‍ വേദനക്ക് മുകളിലൂടെ മഞ്ഞിന്റെ കുളിര് പകര്‍ന്നു. ചേര്‍ത്തുപിടിച്ച് തന്ന കവിളിലെ മുത്തം ഇന്നും മധുരമായ് ഓര്‍മ്മയില്‍! പക്ഷെ പിന്നെ ചോറ് തിന്നാന്‍ മടിയും ഉണ്ടായിട്ടില്ല!

ചോറും കറിയും കൂട്ടിക്കുഴച്ചു കഴിഞ്ഞ് കൈ പാത്രത്തിന്റെ വക്കില്‍ തേച്ച്, നടുവിരല്‍ കൊണ്ട് തോണ്ടി വായില്‍ വെച്ച് തരുന്ന ആ ലാസ്റ്റ് "പിടി" യുടെ സ്വാദ് പിന്നീട് സമൃദ്ധമായ ഒരു സദ്യക്കും കിട്ടിയില്ല. കിട്ടുകയുമില്ല!!!! ഇപ്പോഴും ഉണ്ട് നാട്ടിലെത്തിയാല്‍ ഒരുരുള ഉമ്മാടെ കയ്യീന്ന്! 


Pic Courtesy - Google