Saturday, 1 February 2014

ചോറുരുളയും ചട്ടുകവും!


കുഞ്ഞിനിക്കറും ഇട്ട് അടുക്കളയിലെ ചെറിയ മരപ്പലകയുടെ മുകളില്‍ വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ഒരു കുട്ടി! കൂടെ നാല് സഹോദരങ്ങളും! എല്ലാവര്‍ക്കുമുണ്ട് സ്വന്തമായി കുഞ്ഞിപ്പലകയും സ്റ്റീല്‍ ഗ്ലാസും പിന്നെ മൂന്ന് കള്ളിയുള്ള സ്റ്റീല്‍ പാത്രവും! പക്ഷെ നേരത്തെ പറഞ്ഞ കുട്ടിയുടെ മുന്നില്‍ മാത്രം ഇരിക്കുന്നു .......ഈര്‍ക്കിലിയും ഭീഷണിയുമായി ഉമ്മ! ഈര്‍ക്കിലി കണ്ടപ്പോ എല്ലാവരും ചോറ് തിന്നലിന്റെ സ്പീഡ് കൂട്ടി നല്ല കുട്ടികളായി!! അതേ...ആ ചെറിയ കുട്ടി ഞാനാണ്!

പശുവിനെ കുളിപ്പിക്കല്‍, ചാണകം വാരല്‍, കോഴിക്ക് തീറ്റ കൊടുക്കല്‍, കടയില്‍ പോകല്‍, നിലം തൂത്തുവാരല്‍, നാളികേരം ചിരകല്‍ ... ഇത്യാദി കര്‍മ്മങ്ങളിലെല്ലാം ഉമ്മയെ സഹായിക്കുന്ന പൊന്നുമോന്‍ ആണെങ്കിലും ആ പരിഗണനയൊന്നും ഈ കലാപരിപാടിക്ക് തടസ്സം ആയിരുന്നില്ല!

ഉമ്മാ കൊറച്ചും കൂടെ വെള്ളം താ.....ന്ന്!!

കയ്യിലിരുന്ന ഈര്‍ക്കിലി ഓങ്ങി ഉമ്മ പറഞ്ഞു.

ദിപ്പോ കിട്ടും ന്റെന്ന്... ഇല്ല്യ ഇനി തരില്ല്യ!

വെള്ളം പകുതി കുടിച്ച സ്റ്റീല്‍ ഗ്ലാസ് എന്റെ കയ്യെത്താ ദൂരത്തേക്ക് നീക്കി വെച്ച്, ചോറുരുളകള്‍ പിന്നെയും ഉരുട്ടി പാത്രത്തിന്റെ അരികില്‍ കൂട്ടിവെച്ചു. ചോറും കറിയും നന്നായി കുഴച്ച് കറി വെച്ച മീനിന്റെ കഷണങ്ങള്‍ ഓരോ ഉരുളയിലും വെക്കുന്ന തിരക്കിനിടയിലും ഉമ്മ പറഞ്ഞുകൊണ്ടിരുന്നു.

ഒരുര്ലക്ക് ഒരു ഗ്ലാസ് വെള്ളം വേണം ചെക്കന്! ഇനീം വെള്ളം ചോദിച്ചാ ചട്ടകം പഴുപ്പിച്ചു വെക്കും ഞാ... ങ്ങ്ഹ്ഹ്ഹാാാ ..! വായേല് പിടിച്ച് ഇരിക്കാണ്ടേ അതങ്ക്ട് എറക്കടാ വേം!

നമ്മടെ സ്ഥിരം കലാപരിപാടിയാണ്! ഒരു ഉരുളക്ക് അര ഗ്ലാസ് വെള്ളം എന്നാണു കണക്ക്. ഉമ്മ ചീത്ത പറയുന്ന വരെ ചോറുരുള വായില് പിടിച്ചിരിക്കും. വെള്ളം കിട്ടിയാല്‍ ചോറും വെള്ളവും കൂട്ടി ഒറ്റ വിഴുങ്ങല്‍. ചവക്കുന്ന പരിപാടിയെ ഇല്ലാ..! ഇടക്ക് ഊണ് കഴിക്കുന്നതിന് മുന്നേ പലകക്കരികില്‍ ഒളിപ്പിച്ചു വെച്ച ബാലരമയോ പൂമ്പാറ്റയോ ഒന്ന് നോക്കും! മിക്കവാറും ദിവസം ഓക്കാനവും തുടര്‍ന്നുള്ള ചര്‍ദ്ദിയിലും കലാശിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ ആ ബാലരമ കൊണ്ട് തന്നെ കിട്ടും മണ്ടക്ക് അടി!

പത്തൊമ്പതാമത്തെ അടവായ ഓക്കാനിക്കല്‍ പരിപാടിക്കായി ഇടക്ക് വായ തുറന്നതും ഉമ്മ ഈര്‍ക്കിലി കയ്യിലെടുത്തു വായുവില്‍ ഒന്ന് ചുഴറ്റി!

ഇപ്പ കിട്ടും, ഇപ്പ കിട്ടും അടി! മര്യാദേക്ക് ഇറക്കിക്കോ! ന്നാ വെള്ളം! കൊറച്ച് കുട്ച്ചാ മതി, മുഴോനും കുടിക്കണ്ട!

ആ ഉരുളേം വെള്ളം കുടിച്ച് വിഴുങ്ങി ! ഇനീം ഇരിക്കുന്നു അഞ്ചാറു എമണ്ടന്‍ ഉരുളകള്‍!

ഉമ്മാ..ഇനി കുഞ്ഞ്യേ ഉര്ല മതീട്ടാ.....!

അത് മുഴുവനാക്കും മുന്നേ അടുത്ത ഉരുള വായിലേക്ക് ഇടിച്ചു കേറി!

ഇതും കൂദീം ബതീത്താ....!

വാ നിറയെ ചോറുമായി ഇതും കൂടി മതി എന്ന് പറഞ്ഞ ആ അപൂര്‍വ്വ ഭാഷ ഉമ്മാക്ക് മനസ്സിലായി! കൈ ഈര്‍ക്കിലിക്കടുത്തേക്ക് നീണ്ടു!

കണ്ടാ.. എല്ലാര്‍ടേം ചോറ് തീറ്റ കഴിഞ്ഞ്! അവനിപ്ലും ഇരിക്ക്യാ രണ്ടുര്ലേം വെച്ച്. വേം തിന്ന്..വേം തിന്ന്..!

നെന്നെ ഇന്ന് ശര്യാക്കി തരാ! ഉമ്മ അടുത്തിരുന്ന ചട്ടുകം എടുത്ത് അടുപ്പിലെ ചാരത്തില്‍ പൂഴ്ത്തിവെച്ചു. അതില് തീക്കനല്‍ ഇല്ലാന്നും പേടിപ്പിക്കാനായി ഉമ്മ ചെയ്തതാണെന്നും അറിയാമായിരുന്നത് കൊണ്ട് പേടിയൊന്നും തോന്നിയില്ല. പിന്നെയും ഓക്കാനിച്ചു. ഈര്‍ക്കിലിന് പകരം ഉമ്മാടെ കയ്യില്‍ കിട്ടിയത് ചട്ടുകം ആയിരുന്നു!! സാധാരണ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാല്‍ അടുപ്പില്‍ വെള്ളം ഒഴിച്ച് തീ കെടുത്താറുണ്ടായിരുന്ന ഉമ്മ അന്ന് വെള്ളം ഒഴിക്കാന്‍ മറന്നിരുന്നു. ചാരത്തിനടിയില്‍ ഇരുന്ന കനലില്‍ ചെറുതായി ചൂട് പിടിച്ച ചട്ടുകം തുടയില്‍ അമര്‍ന്നപ്പോള്‍ ഉമ്മാ ... എന്നുറക്കെ വിളിച്ചു കരഞ്ഞുപോയി!

പൊള്ളിയില്ല എങ്കിലും പേടിച്ചുപോയി. പക്ഷെ അതിലേറെ വിഷമം ആയത് ഉമ്മാടെ ചോര വറ്റിയ മുഖം കണ്ടപ്പോള്‍ ആയിരുന്നു. വെപ്രാളത്തില്‍ താരിത്തലപ്പ് കൊണ്ട് കരി തുടച്ച് "ബെറ്റാഡിന്‍" പുരട്ടി തരുമ്പോള്‍ ചെറുതായി ചുവന്നു തിണര്‍ത്ത പാടില്‍ വീണ രണ്ടു തുള്ളി കണ്ണുനീര്‍ വേദനക്ക് മുകളിലൂടെ മഞ്ഞിന്റെ കുളിര് പകര്‍ന്നു. ചേര്‍ത്തുപിടിച്ച് തന്ന കവിളിലെ മുത്തം ഇന്നും മധുരമായ് ഓര്‍മ്മയില്‍! പക്ഷെ പിന്നെ ചോറ് തിന്നാന്‍ മടിയും ഉണ്ടായിട്ടില്ല!

ചോറും കറിയും കൂട്ടിക്കുഴച്ചു കഴിഞ്ഞ് കൈ പാത്രത്തിന്റെ വക്കില്‍ തേച്ച്, നടുവിരല്‍ കൊണ്ട് തോണ്ടി വായില്‍ വെച്ച് തരുന്ന ആ ലാസ്റ്റ് "പിടി" യുടെ സ്വാദ് പിന്നീട് സമൃദ്ധമായ ഒരു സദ്യക്കും കിട്ടിയില്ല. കിട്ടുകയുമില്ല!!!! ഇപ്പോഴും ഉണ്ട് നാട്ടിലെത്തിയാല്‍ ഒരുരുള ഉമ്മാടെ കയ്യീന്ന്! 


Pic Courtesy - Google

No comments: