Wednesday, 5 September 2012

ഉപ്പുമാവും കല്യാണി ടീച്ചറും....!


ബുള്ളറ്റ്‌ പാതയോരത്ത് ഒതുക്കി നിര്‍ത്തി. ആര്‍ത്തിയോടെ ഞാന്‍ പിന്നെയും  തിരിച്ചു നടന്നു, ടാറിട്ട ആ വഴിയിലൂടെ. മുപ്പത്തിയെട്ട് – നാല്‍പ്പത് കൊല്ലം മുന്നേ ട്രൌസറും, പാന്‍റും പിന്നെ മുണ്ടും വഴിമാറിയ വര്‍ഷങ്ങളില്‍ തന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ അതെ വഴി. ആദ്യത്തെ കുഞ്ഞു വഴിയല്ല ഇപ്പോള്‍, വീതി നല്ലോണം കൂട്ടിയിരിക്കുന്നു. റോഡിന്‍റെ ഒരറ്റത്താണ് മുന്നിലത്തെ മുറി പീടികയാക്കിയ മേര്യെച്ചീടെ വീട്.

രണ്ടാമത്തെ പ്രാവശ്യോം കണ്ടപ്പോ മേര്യേച്ചി സൂക്ഷിച്ചു നോക്കി! ഈ ചെക്കന് പ്രാന്തായോന്നാവും!


എന്ത്യേരാ? വല്ലോം കാണാണ്ടായാ? ഒന്നൂടെ സൂക്ഷിച്ചു നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു ആ.. നീയ്യ .. എപ്ലേ വന്നേഡാ?

കൊര്‍ച്ചീസായി! സുഖല്ലേ മേര്യെച്ചീ??

എന്തൂട്ട് സുഖം? അച്ചായന്‍ പോയ വിവരം അറിഞ്ഞില്ല്യെ നിയ്യ്‌? നെനെക്കെത്രേ പിള്ളേരട പ്പൊ?

പ്രായമായി മേര്യെച്ചിക്ക്, തലമുടിയെല്ലാം വെളുത്തിരിക്കുന്നു. കുറഞ്ഞ നേരം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കള്ടെം മരുമക്കള്‍ടേം വിശേഷങ്ങള്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി നടന്നു.

തൃശൂര്‍ ജില്ലയിലെ കുര്‍ക്കഞ്ചേരി പഞ്ചായത്തിലെ മങ്ങാട്ട് ലൈന്‍! ജനിച്ചു കളിച്ച് വളര്‍ന്ന ദേശം! ഒരുപാട് കൂട്ടുകാര്‍, കുഞ്ഞു കുഞ്ഞു വഴക്കുകള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും അങ്ങേയറ്റം സ്നേഹത്തോടെ, സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന അയല്‍വീടുകള്‍! റോഡിന്‍റെ ഒരറ്റം മുതല്‍ ഒരേ നിരയില്‍ തുടങ്ങുന്ന ഒരേപോലെയുള്ള പത്തു കുഞ്ഞ്യേ വീടുകള്‍. ആത്തുത്തെം, പാത്തുത്തെം, മേരിചെച്ചീം (വേറെ) കിടക്കക്കാരനും......! ഇപ്രത്തെ സൈഡിലും ഉണ്ട് ഒരു അഞ്ചുമുറി. അത് കഴിഞ്ഞാ തട്ടാമ്മാരുടെ, പിന്നെ രാജേട്ടന്റെ വീട്. അതിന് ശേഷമാണ് ചെറിയ ഗേറ്റും മതിലും ഉള്ള ഇളംനീല പെയിന്‍റ് അടിച്ച, ഓടിട്ട, ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട്!

ശരിക്കും ഒരു തീവണ്ടിയുടെ ബോഗി പോലെ ആയിരുന്നു ആ വീട്! കമ്പി അഴികളും നാലുപൊളി വാതിലും കടന്നാല്‍ ഉമ്മറം. ഒരു ഹാള്‍, ഹാളില്‍ നിന്നുള്ള വാതില്‍ ഒരു കുഞ്ഞ്യേ മുറിയിലേക്ക്‌, ആ വാതില്‍ അടുക്കളയിലേക്ക്‌! അവിടന്ന് നോക്കിയാല്‍ കണ്ണെത്തും ദൂരത്ത് കക്കൂസ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പിയിടാന്‍ മുട്ടുമ്പോ കല്ലെടുത്ത് കക്ഷത്ത്‌ വെച്ച് മാക്സിമം ഡിലെ ആക്കി ഓടിവന്ന് ലോകത്തെവിടേയും കിട്ടാത്ത ആശ്വാസത്തോടെ ഇതേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അനുഭൂതിയോടെ ഇരിക്കുന്ന സ്ഥലം!   മാസത്തിലൊരിക്കല്‍ ഉള്ള ബാലസുധ പ്രയോഗത്തിന്‍റെ രക്തസാക്ഷി!!! പിന്നെയും നീണ്ടുതന്നെ കിടക്കുന്നു പറമ്പ്‌!.

അപ്പുറത്താണ് ജാന്വേച്ചീടെ വീട്. നാരായണേട്ടന്‍ കരുവാന്‍ (ഇരുമ്പുപണിക്കാരൻ) ആയിരുന്നു. ഇടക്കെപ്പോഴോ ഗള്‍ഫില് പോയി ജോലിക്കിടയില്‍ വിരല്‍ മുറിഞ്ഞ് മടങ്ങി വന്നത് ഓര്‍ക്കുന്നു. ഓണമായാലും വിഷു ആയാലും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ആ ഒരു വീട് തന്നെ! വിഷുക്കട്ടയുടെയും ഓണസദ്യയുടെയും അതേ സ്വാദ് പിന്നീടൊരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം!

അത് കഴിഞ്ഞാ ഒപ്പനേടെം മുക്കന്റെം വീട്! ഒപ്പനേടെ പേര് ഗഫൂര്‍ എന്നാണെന്ന് വലുതായപ്പോ മനസ്സിലായെങ്കിലും മുക്കന്റെ ഒറിജിനല്‍ പേര് എന്തോ മനസ്സിലാക്കാന്‍ മുതിര്‍ന്നില്ല ഇത് വരെ!!!!

നാലുംകൂടിയ വഴിക്കപ്പുറമാണ് സ്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രിന്‍സിന്റെ വീട്. മെലിഞ്ഞുണങ്ങിയ ഭാരതിചേച്ചിയും പ്രിന്‍സിന്റെ ജ്യേഷ്ഠന്‍ ജയപ്രകാശും ഒരു സഹോദരിയും. പിന്നെ മാഷ്ടെ വീട്. മാഷ്ടെ വീട്ടില്‍ നിന്നാണ് കുര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ബാലസമാജത്തിന്റെ കാവടികള്‍ പുറപ്പെടുന്നത്. മാഷുടെ വീടിനെതിര്‍വശം കേശവേട്ടന്റെ വീട്. മങ്ങാട്ട് ലൈനില്‍ ഉള്ള കുട്ടികള്‍ എല്ലാം മക്കളില്ലാത്ത കേശവേട്ടന്റെ വളര്‍ത്തുമക്കള്‍! അന്നുണ്ടായിരുന്ന അപൂര്‍വം ടാക്സിക്കാറുകളില്‍ ഒന്ന് കേശവേട്ടന്റെ ആയിരുന്നു. ഇടയ്ക്കിടെ കിട്ടുന്ന മിഠായിയുടെ സ്വാദും, പമ്പരം കൊത്തിനിടയില്‍ ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കടന്നു പോയ കേശവേട്ടന്റെ കാറിന്‍റെ ടയര്‍ രണ്ടു പമ്പരം ഞങ്ങള്‍ അറിയാതെ കൊണ്ടുപോയതും, സാവധാനം പോകുന്ന കാറിന്‍റെ പിന്നിലെ ബമ്പറില്‍ അള്ളിപ്പിടിച്ച് ഓസിയില്‍ യാത്ര ചെയ്യുന്ന സമദിനെയും എങ്ങനെ മറക്കാന്‍?

റോഡ്‌ ചെന്ന് അവസാനിക്കുന്നത് പടിപ്പുരയുള്ള വീട്ടിലേക്കാണ്. തൊട്ടടുത്ത്‌ പോമറേനിയന്‍ നായും പുളിമരങ്ങളും ഉള്ള മങ്ങാട്ടെ വീടായി! ഗേറ്റ് കഴിഞ്ഞ് കുറച്ചു ദൂരം നടക്കണം മങ്ങാട്ടെ സുശീലെച്ചീടെ വീട്ടില്‍ എത്താന്‍! പാല് വാങ്ങാന്‍  പോകുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടെ അകത്ത്‌ കടക്കാറുള്ളൂ! പോമറേനിയന്‍ വന്നാല്‍ കിട്ടാവുന്ന സ്പീഡില്‍ തിരിഞ്ഞോടണ്ടേ?  

ആ പടിപ്പുരക്കുള്ളിലൂടെ ഒരെളുപ്പവഴിയുണ്ട് ഞങ്ങള്‍ പോയിരുന്ന നേഴ്സറിയിലേക്ക്‌. ഞങ്ങള്‍ അഞ്ചു സഹോദരങ്ങളെയും പഠിപ്പിച്ച ബഹുമതിക്ക്‌ രണ്ടേ രണ്ടു ടീച്ചര്‍മാര്‍ മാത്രം സ്വന്തം! നഴ്സറിയിലെ കല്യാണി ടീച്ചറും രാമാനന്ദ ലോവര്‍ പ്രൈമറി സ്കൂളിലെ അറബി അധ്യാപിക സുഹറാബി ടീച്ചറും.

കല്യാണി ടീച്ചറുടെ കൂടെ ഒരു കമലം ടീച്ചറും ഉണ്ടായിരുന്നു. ആയമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെ വാനമ്പാടി എസ്‌ ജാനകിയമ്മയാണ് മനസ്സില്‍ കടന്നു വരിക. നെറ്റിയിലെ വലിയ പൊട്ടും കോളര്‍ ഉള്ള ജാക്കറ്റും! മൂടിപ്പൊതിഞ്ഞ വെള്ള സാരിയും. എങ്കിലും കൂടുതല്‍ അടുപ്പം എല്ലാവര്‍ക്കും കല്യാണി ടീച്ചറുമായി തന്നെ!

പിന്നീട് ആ വീട് വിറ്റ് കണ്ണംകുളങ്ങരയിലെ വീട്ടില്‍ താമസിക്കുമ്പോഴും കിട്ടുമായിരുന്നു ഇടയ്ക്കിടെ ഒരു പാത്രം ഉപ്പുമാവ്‌, ടീച്ചര്‍ കുരിയച്ചിറ ഉള്ള വീട്ടിലേക്ക്‌ പോകുന്ന വഴി...!!

രാവിലെ കുട്ടികള്‍ക്ക് പാല് കുടിച്ച് ഉറങ്ങാനുള്ള സമയം ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്. ബുള്ളറ്റിന്റെ കുടുകുടു ശബ്ദം കുട്ടികളെ ശല്യപ്പെടുത്താതിരിക്കാന്‍ നഴ്സറിക്ക് മുന്നിലെ ഇടവഴിയില്‍ എത്തിയപ്പോള്‍ ഓഫ് ചെയ്തു. ഇറക്കത്തിലൂടെ പതുക്കെ ഒഴുകി നീങ്ങി അവള്‍! എലൈറ്റ്‌ ആശുപത്രിക്ക് മുന്നിലെ ബേക്കറിയില്‍ നിന്നും രണ്ടു പാക്കറ്റ്‌ മിഠായി വാങ്ങിയിരുന്നു.

ശബ്ദം കേട്ട് വാര്‍ദ്ധക്യത്തിന്‍റെ അകമ്പടിയോടെ ടീച്ചര്‍ ഇറങ്ങി വന്നു! മുഖത്ത് ക്ഷീണം ഉണ്ടെങ്കിലും പണ്ടത്തെ അതേ ചിരി! ടീച്ചര്‍ മറന്നിട്ടില്ല! കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് നിന്നു കുറച്ചുനേരം ... ഒന്നും മിണ്ടാതെ!

നിലത്ത് പായില്‍ നാലഞ്ചു കുട്ടികള്‍ കിടന്നുറങ്ങുന്നു! പണ്ടൊക്കെ ഒരു കുഞ്ഞ്യേ സ്കൂള്‍ പോലെ തന്നെയായിരുന്നു.

ഇപ്പൊ പഴെപോലെ ഒന്നൂല്ല്യാ മോനെ! ആരോഗ്യവും ഇല്ല. കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ നമ്മുടെ ഈ നഴ്സറിയൊന്നും വേണ്ട! കെയര്‍ടേക്കറും പ്ലേ സ്കൂളും മതി!

പോക്കറ്റില്‍ നിന്നും കുറച്ചു രൂപ എടുത്ത് ടീച്ചറുടെയും ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മായിയുടെയും കയ്യില്‍ നിര്‍ബന്ധിച്ച് വെച്ചുകൊടുത്തു യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ നാവില്‍ മഞ്ഞക്കളറില്‍ ഉള്ള റവ ഉപ്പുമാവിന്റെയും കടുക് പൊട്ടിച്ച് വേപ്പിലയിട്ട നുറുക്ക് ഗോതമ്പ്‌ ഉപ്പുമാവിന്റെയും രുചി!!!!

ഇനി വരുമ്പോ മക്കളേം കൊണ്ടരണം ട്ടോ.. ടീച്ചര്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു!

വലത്ത് നിന്നും നാലാമത് നിലത്ത് പുല്‍പ്പായില്‍ കിടന്നുറങ്ങിയിരുന്ന കുട്ടി ഞാനായിരുന്നു! 


സ്നേഹത്തോടെ... സിറൂസ്!