Sunday 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം അഞ്ച്)


സൌദി അറേബ്യയിലെ ആദ്യത്തെ പെരുന്നാള്‍! ബാവക്ക തലേ ദിവസം പോയതാണ് കൂട്ടുകാരുമൊത്ത്‌ “പത്തിരി പരത്താന്‍”, സ്പെഷ്യല്‍ പെരുന്നാള്‍ ചീട്ടുകളി! കാക്കുവും ലത്തിയും അവരുടെ സ്വന്തക്കാരുടെ റൂമിലേക്ക്‌ പോയി! പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു ഒന്നും ചെയ്യാനില്ലാതിരുനത് കൊണ്ട് വെറുതെ ഓരോന്നോര്‍ത്തു കിടന്നു. നാട്ടിലെ പെരുന്നാളും വാപ്പയും ഉമ്മയും ഇക്കയും അനുജന്മാരും മനസ്സില്‍ ഓടിയെത്തി.

തലേ ദിവസം രാത്രി  തന്നെ ഉമ്മ പത്തിരി പരത്തി വെച്ചിട്ടുണ്ടാകും. പുത്തന്‍ ഡ്രെസ്സും ഇട്ടു, വാപ്പ ഒരു ചെറിയ കഷണം പഞ്ഞിയില്‍ പുരട്ടി തരുന്ന അത്തര്‍ ചെവിക്കുള്ളില്‍ തിരുകി വെച്ച് പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെക്കാന്‍ ഉമ്മയെ ഓര്‍മപ്പെടുത്തിയിട്ടാണ് ഇറങ്ങുക. ദൂരെ നിന്നും നല്ല ഈണത്തില്‍ പള്ളിയില്‍ നിന്നും തക്ബീര്‍ വിളി കേള്‍ക്കാം. നിസ്കാരം കഴിഞ്ഞു ഖുതുബ (പ്രസംഗം) വേഗം അവസാനിപ്പിക്കാത്ത ഖത്തീബിനെ (പള്ളിയിലെ ഇമാം) മനസ്സില്‍ പ്രാകി. തേങ്ങാപ്പാലില്‍ കുതിര്‍ന്ന പത്തിരി പോത്തിറച്ചിയും കൂട്ടി ഒരു പിടി പിടിക്കുന്ന രംഗം ആണ് മനസ്സില്‍. പ്രസംഗം ഒന്നും തലയില്‍ കയറില്ല. തൊട്ടടുത്തിരുന്ന ഗഫൂറും സിറാജുവും മീറ്റിങ്ങിനു സമയമായെന്നു കണ്ണ് കൊണ്ട് അടയാളം തന്നപ്പോള്‍ പതുക്കെ എണീറ്റ് പുറത്തേക്കു നടന്നു. അന്ന് ഏതു സിനിമക്ക് പോകണം എന്ന് തീരുമാനിക്കാന്‍ ആണ് ഈ മീറ്റിംഗ്! വീട്ടില്‍ തിരിച്ചെത്തി പത്തിരിയും ഇറച്ചിക്കറിയുമായി യുദ്ധം നടത്തുമ്പോഴേക്കും ഉമ്മ ഉച്ചക്കുള്ള  ബിരിയാണിപ്പണിയിലേക്ക് കടന്നിട്ടുണ്ടാകും!

വാതില്‍ ആരോ തുറക്കുന്ന ശബ്ദം നാട്ടില്‍ നിന്നും സൌദിയിലേക്ക് തന്നെ തിരിച്ചെത്തിച്ചു. ബാവക്ക കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ അടുത്ത കെട്ട് എടുക്കാന്‍ വന്നതാണ്. പോവുബോള്‍ പറഞ്ഞു. ഊണ് കഴിക്കാന്‍ ആള് ഉണ്ടാവില്ല എന്ന്. അപ്പോഴാണ്‌ ഊണിന്റെ കാര്യം ഓര്‍ത്തത്! വിശക്കുന്നുണ്ടല്ലോ. പെരുന്നാള്‍ ആയത് കൊണ്ട് ഹോട്ടല്‍ മുടക്കം. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റും ഇനി നാല് മണിക്കേ തുറക്കൂ..

അടുക്കളയില്‍ ഒന്നും ഇല്ല! ബാവക്കാടെ റൂമില്‍ എത്തി നോക്കി. ഒരു പായ്ക്കറ്റ് ബ്രെഡും ജാമും കിട്ടി! ഒരു സുലൈമാനിയും ഉണ്ടാക്കി റൂമില്‍ വന്നിരുന്നു. പെരുന്നാള്‍.....ബ്രെഡില്‍ ജാം പുരട്ടി ആദ്യത്തെ കടി കടിക്കുമ്പോഴേക്കും വായില്‍ ഉപ്പുരസം കലര്‍ന്നിരുന്നു!

പെരുന്നാളായിട്ട് വീട്ടിലേക്കു ഫോണ്‍ വിളിക്കണം. തലേ ദിവസം വാങ്ങി വെച്ചിരുന്ന കോയിന്‍ നിറച്ച പ്ലാസ്റ്റിക്‌ കവറുമായി ബൂത്തിലേക്ക് നടന്നു. അമ്പതു റിയാലിന് നാല്പത്തിഎട്ടു കോയിന്‍ ആണ് കിട്ടുക. പോകുന്ന വഴിക്ക് പറയാനുള്ള കള്ളങ്ങള്‍ മനസ്സില്‍ കരുതി വെച്ചു. പുതിയ ഡ്രസ്സ്‌ എടുത്തതും ബിരിയാണി കഴിച്ചതും അടക്കം. പടച്ചവന്‍ സഹായിച്ചു. നുണ പറയേണ്ടി വന്നില്ല.  ബൂത്തിനടുത്തെത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്ക്! പിന്നെ വിളിക്കാം. തിരിച്ചു പോന്നു.   

തിരിച്ച് കഥയിലേക്ക്‌...ഇച്ചിരെ ഉത്തരവാദിത്വക്കുറവിന്റെ അസുഖം ഉണ്ടായിരുന്ന ബാവക്ക കാരണം അറബി ഭാഷ മുഴുവനുമല്ലെങ്കിലും നിത്യോപയോഗത്തിനു വേണ്ടവ വിചാരിച്ചതിലും വേഗം പഠിച്ചു. സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന വന്ദ്യവയോധികനായ ശങ്കരമേനോന്‍ മാഷും നാഗ്പൂരിലെ ജീവിതവും ഹിന്ദിയും എളുപ്പമാക്കി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ ഇന്ഗ്ലീഷും കൂടെക്കൂടി.

നല്ല നിലയില്‍ നടന്നു പോന്നിരുന്ന ആ സ്ഥാപനം നശിപ്പിക്കാന്‍ പതിവ് പോലെ രണ്ടു മലയാളികള്‍ എത്തി. അവര്‍ വന്നതിനു ശേഷം ബാക്കി ഉള്ള ഉത്തരവാദിത്വവും കൂടി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു ബാവക്ക അവരുടെ കൂടെ കൂടി. അവസാനം ഇല്ലാത്ത വിസ കച്ചവടം നടത്തി ബാവക്ക നാട്ടിലേക്ക് മുങ്ങി. പോവുമ്പോള്‍ സ്പോണ്‍സര്‍ക്ക് രണ്ടു മാസത്തെ “വായ്ക്കുരി” കുടിശ്ശികയും എന്റെ ഏഴു മാസത്തെ ശമ്പളവും ഉണ്ടായിരുന്നു. നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത വിസയുടെ ലക്ഷക്കണക്കിന് രൂപ വേറെയും.

കുരുത്തക്കേട് കയ്യിലുണ്ടായിരുന്നെന്കിലും കസ്റ്റമേഴ്സിനെ കയ്യിലാക്കിയിരിക്കുന്ന ബാവക്ക പോയപ്പോള്‍ കമ്പനി നഷ്ട്ടതിലേക്ക് മൂക്ക് കുത്തി. കോണ്ട്രാക്റ്റ് ജോലികള്‍ നഷ്ട്ടപ്പെട്ടു. പിന്നെ പിന്നെ ശമ്പളം പോയിട്ട് അന്നന്നത്തെ അന്നത്തിനുള്ള റിയാലിന് കാത്തിരിപ്പായി. സ്പോണ്സര്‍മാരും തിരിഞ്ഞു നോക്കാതായി.

ഡ്രൈവറുടെ ആവശ്യം ഇല്ലാതിരുന്നത് കൊണ്ട് ലത്തീഫ് നാട്ടിലേക്ക് പോയി. അങ്ങിനെയിരിക്കെയാണ് ഒരു ദിവസം അയാള്‍, ഭാസ്ക്കരന്‍ ഞങ്ങളുടെ കൂടെ എത്തിപ്പെടുന്നത്. കാലത്ത് കട തുറന്നപ്പോഴാണ് ആളെ കണ്ടത്. മുടിയും താടിയും മാസങ്ങളോളം വൃത്തിയാക്കാതെ ഒരു പേക്കോലം. നാട്ടുകാരും വീട്ടുകാരും മരിച്ചു എന്ന് വിശ്വസിച്ചിരുന്ന ഭാസ്കരന്‍ ഒരു കാട്ടറബിയുടെ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയുകയായിരുന്നു. തല്ക്കാലം ഭക്ഷണവും തങ്ങാന്‍ ഒരിടവും അതായിരുന്നു അപേക്ഷ. .

അന്ന് രാത്രി അയാളുടെ കഥ കേട്ടപ്പോള്‍ ഞങ്ങളുടെ അനുഭവങ്ങള്‍ ഒന്നുമല്ലായിരുന്നു. നാട്ടില്‍ അത്യാവശ്യം ചുറ്റുപാടുള്ള ആളായിരുന്നു. നല്ല ഒരു വിസ കിട്ടിയപ്പോള്‍ കയറിപ്പോന്നു. ചെന്ന് പെട്ടത് “മസറ” എന്ന് പറയുന്ന പച്ചക്കറിത്തോട്ടത്തില്‍. സ്ഥലം എവിടെ ആണെന്ന് അയാള്‍ക്കും അറിയില്ല. ആഴ്ചയിലൊരിക്കല്‍ അറബി കൊണ്ട് വരുന്ന ഉണങ്ങിയ കുബ്ബൂസും വെള്ളവും ആണ് ജീവന്‍ നില നിറുത്താനുള്ള ഒരേ ഒരുപാധി. നാട്ടിലേക്ക്‌ പതിവായി കത്തുകള്‍ എഴുതി അറബിയുടെ കയ്യില്‍ കൊടുത്തിരുന്നു. ശമ്പളം മാസാമാസം അയാളുടെ കയ്യില്‍ കൊടുത്തിരുന്ന അഡ്രസില്‍ നാട്ടിലേക്ക് അയക്കുന്നുണ്ടാവും എന്നാണു കരുതിയിരുന്നത്. എങ്കിലും ഒരു ദിവസം കുബ്ബൂസ് എടുക്കാന്‍ പോയപ്പോള്‍ എല്ലാ അത് വരെ അയച്ച എല്ലാ കത്തുകളും ഡാഷ് ബോഡില്‍ നിന്നും കിട്ടിയതോടെ ആ പതിവ് നിറുത്തി. ശമ്പളവും എത്തിയിരിക്കാന്‍ വഴിയില്ലെന്നും മനസ്സിലായി. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി ഇറങ്ങി നടന്ന ഭാസ്കരന്‍ വഴിയില്‍ കണ്ട ഒരു വണ്ടിയില്‍ കയറി അടുത്തുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും കടക്കാരന്‍ അറേഞ്ച് ചെയ്തു കൊടുത്ത ഫ്രീസര്‍ ഉള്ള വണ്ടിയില്‍ കയറി, ബോര്ടരില്‍ ഈതിയപ്പോള്‍ വണ്ടിയുടെ ഉള്ളിലുണ്ടായിരുന്ന ഫ്രീസറില്‍ കയറി ഒളിച്ചിരുന്നാണ് റിയാദില്‍ എത്തുന്നത്‌. ബോര്ടരില്‍ എന്തെങ്കിലും കാരണവശാല്‍ താമസിച്ചിരുന്നു എങ്കില്‍...നല്ല ഒരു ഫ്രഷ്‌ പീസായി വടിയായി മരവിച്ചു വണ്ടിക്കുള്ളില്‍ ഇരുന്നേനെ ആള്‍.

അങ്ങേരു പറഞ്ഞ കഥകള്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച ബിന്യാമിന്റെ “ആട് ജീവിതം” എന്നാ നോവല്‍ ഒറ്റയിരിപ്പിനു വായിച്ചപ്പോള്‍ ഭാസ്ക്കരന്‍ ആയിരുന്നു മനസ്സില്‍! അയാല്‍ പറഞ്ഞതെല്ലാം ശരിയായിരിക്കാമെന്നും തോന്നി. നാട്ടില്‍ പോകുന്ന കാക്കുവിന്റെ ഒഴിവില്‍ അങ്ങനെ ഭാസ്കരന്‍ ജോലി തുടങ്ങി..

ഒരു മാസത്തിനു ശേഷം....കാക്കു നാട്ടിലേക്ക് പോകുന്നു. ഒരു റൂമില്‍ രണ്ടു വര്‍ഷം. വല്ലാത്തൊരു അറ്റാച്ച്മെന്റ് ആയിരുന്നു. വലിയ പെരുന്നാളിന് ഇത്തയേം മക്കളേം കൊണ്ട് വീട്ടില്‍ പോകാന്‍ എന്ന് കാക്കുവിനെ കൊണ്ട് സത്യം ചെയ്യിച്ചു ഞാന്‍.

കാക്കു പോകുമ്പോള്‍ ഒരു കവറില്‍ വാപ്പാക്കുള്ള കത്തും പെരുന്നാള്‍ പൈസയായി മുന്നൂറ്റി അമ്പതു റിയാലും ഒരു കവറിലാക്കി കൊടുത്തു. കാക്കു കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു. “പെരുന്നാള്‍ ആവാനോന്നും ഞാന്‍ കാത്തു നില്‍ക്കില്ല. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോയി വാപ്പായേം ഉമ്മായേം കണ്ടു നീ പറഞ്ഞു തന്നത് പോലെ സുഖമാണ്...അല്ലലില്ലാതെ ജീവിക്കുന്നു എന്ന് പറഞ്ഞു ആശ്വസിപ്പിക്കാം എന്നാ ഉറപ്പും തന്നു.

പടച്ചവന്റെ കൃപയാല്‍ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും കാക്കുവിന് എന്റെ വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സാധിച്ചില്ല. ആത്മാര്‍ത്ഥ സ്നേഹത്തിന് ഏറ്റ ആദ്യത്തെ പ്രഹരങ്ങളില്‍ ഒന്ന്!   

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം നാല്)


കുഞാവയും ഷാജിയും നാട്ടിലേക്ക് പോവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പക്ഷെ തോല്‍വി ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞത് പോലെ കാര്‍പ്പറ്റുകള്‍ കഴുകാന്‍ ഇനിയും ബാക്കി. ആര്‍ക്കും ആദ്യത്തെ ഉഷാര്‍ ഒന്നും ഇല്ല.

അന്ന് ഇശാ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും ഇറങ്ങി കട തുറക്കാനായി റോഡരികിലൂടെ നടന്നുവരുമ്പോള്‍ ഖഫീലിന്റെ കാഡിലാക്ക് കടയുടെ മുന്നിലേക്ക് ഒഴുകിയിറങ്ങുന്നത് കണ്ടു. ഓടി എത്തുമ്പോഴേക്കും രണ്ടുപേരും ഗേറ്റ് തുറന്നു കോമ്പൌണ്ടില്‍ കയറിയിരുന്നു. കടയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണെങ്കിലും ഇടതു വശത്തുള്ള ഗേറ്റിനു അടിയിലൂടെ കൈ ഇട്ടു ആ ഇരുമ്പിന്റെ കുറ്റി പൊന്തിച്ചാല്‍ ഗേറ്റ് തുറക്കാം. അത് നമ്മുടെ പ്രേം നസീറിനും ഗോവിന്ദന്‍ കുട്ടിക്കും അറിയാമായിരുന്നു.

അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നത് കൊണ്ട് അകത്തുണ്ടായിരുന്നവര്‍ക്ക് ഇരുന്നിരുന്ന പൊസിഷനില്‍ നിന്നും മാറുവാന്‍ പറ്റിയില്ല. ലത്തി ഒരു ബീഡിയും വലിച്ച് (ഏതെന്കിലും മലബാറിയുടെ കടയില്‍ നിന്നും തപ്പി പിടിച്ചു കൊണ്ടുവരും ബീഡി!) നമ്മുടെ നാട്ടില്‍ പോര്‍ട്ടര്‍മാര്‍ ഇരിക്കുന്നത് പോലെ തലയില്‍ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു കെട്ടി മുണ്ടും മടക്കിക്കുത്തി ഇരിക്കയായിരുന്നു. ഷാജിയും കുഞാവയും കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന ബ്ലാങ്കട്ടുകളുടെ മുകളില്‍ സുഖ നിദ്രയിലും. കട ധൃതിയില്‍ തുറന്നു വാണിംഗ് കൊടുക്കാനായി ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു.

ലത്തി അവന്റെ ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞു ഇരിക്കയായിരുന്നത് കൊണ്ട് നോ പ്രോബ്ലം. മറ്റു രണ്ടു പേരും “ഗുരുതരമായ” തെറ്റ് ആണല്ലോ ചെയ്തിരിക്കുന്നത്! മൂന്നു പേരെയും വരിയായി നിറുത്തി. കുന്നുകൂടി കിടക്കുന്ന കാര്‍പറ്റിലേക്കും കുഞാവയുടെയും ഷാജിയുടെയും ദയനീയമുഖങ്ങിലെക്കും മാറി മാറി നോക്കിയ സലാഹിന്റെ മുഖം ചുവന്നു തുടുത്തു. ആദ്യം നിന്നിരുന്ന കുഞാവയുടെ കരണക്കുറ്റി നോക്കി ആഞ്ഞുവീശി. എന്തോ ഒരു ആവേശത്തില്‍ തടുക്കാന്‍ ആഞ്ഞ എന്റെ കയ്യില്‍ തട്ടിയിട്ടും പാവം കുഞ്ഞാവ രണ്ടു വട്ടം കറങ്ങി നിലത്തിരുന്നുപോയി. രണ്ടാമതും അടിക്കനോങ്ങിയ ഖഫീലിന്റെ മുന്നിലേക്ക്‌ ഞാന്‍ കയറി നിന്നു. എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കൈ എന്തോ തന്നത്താന്‍ താഴ്ന്നു. കയ്യില്‍ അടി തട്ടിയ വേദനയാലോ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികസത്താലോ എന്റെ കണ്ണില്‍ നിന്നും കുടുകുടെ വെള്ളം ചാടുന്നുണ്ടായിരുന്നു. അത് കൊണ്ടായിരിക്കണം!

ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ഓഫീസില്‍ പോയിരുന്നു പതിവ് പോലെ സുലൈമാനിയും സിഗരറ്റുമായി ഗുസ്തി തുടങ്ങി. ഇനി എന്തായിരിക്കും സംഭവിക്കുക? ഞങ്ങള്‍ നാലുപേരും മുഖത്തോടുമുഖം നോക്കിയിരുന്നു. “യാ സിറാജ്”! എന്നെ തന്നെ! എവിടുന്നോ കിട്ടിയ ഒരു പിടി ധൈര്യവും സംഭരിച്ചു ഞാന്‍ ഓഫീസിലേക്ക് നടന്നു.

“എന്തിനു നീ അങ്ങനെ പെരുമാറി?” അടി തടയാന്‍ മുന്നില്‍ കയറി നിന്നത് എന്തിനെന്ന് ചോദ്യം! “നാട്ടില്‍ നിന്നും വരുമ്പോള്‍ അവരുടെ വീട്ടുകാര്‍ എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്‌ അത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്!” “ഓക്കേ..നോ പ്രോബ്ലം. ബാക്കിയുള്ള കാര്‍പ്പറ്റ് കൂടി തീര്‍ത്തിട്ടു അവര്‍ പൊക്കോട്ടെ. പക്ഷെ ടിക്കറ്റ്‌ സ്വന്തമായി എടുക്കുകയാണെങ്കില്‍ മാത്രം”. അങ്ങനെ അത് തീരുമാനമായി!

വന്നു ഒരു മാസത്തിനുള്ളില്‍ തന്നെ ഷാജിയും ഇണ്ടാവയും നാട്ടിലേക്ക്! നാട്ടുകാരും ബന്ധുക്കാരും കുറെയേറെ സാധനങ്ങള്‍ വാങ്ങിക്കൊടുത്തത് കൊണ്ട് പോക്കും രാജകീയം! പോകുന്ന സമയത്ത് അവര്‍ എന്നെ അന്വേഷിചിട്ടുണ്ടാവണം. നിസ്ക്കാരം കഴിഞ്ഞിട്ടും ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തണുപ്പുകാലം! ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനത്തെ തണുപ്പ്. കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി അവിടത്തെ ഐസ് പോലത്തെ വെള്ളത്തില്‍ കുളിച്ച ആളാണ് ഞാന്‍! ആ എന്നോടാനോടാനോനാനോടാ തണുപ്പിന്റെ കളി!

പക്ഷെ സ്റ്റാഫ്‌ കുറവായത് കൊണ്ട് സൂപ്പര്‍വൈസര്‍ക്ക് തുണി കഴുകാന്‍ ഇറങ്ങേണ്ടി വന്നു! കഴുകിയ ഡ്രസ്സുകള്‍ ഫൈനല്‍ റൌണ്ട് കഴുകാനായി ഒരു വലിയ ടബ്ബില്‍ വെള്ളം തലേ ദിവസം തന്നെ നിറച്ചിടുമായിരുന്നു. ദിവസത്തിലെ ആദ്യത്തെ പ്രാവശ്യം കൈ ഒന്ന് മുങ്ങി കിട്ടണം. പിന്നെ തണുപ്പ് നോ പ്രോബ്ലം! പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൈകള്‍ രണ്ടും വേനല്‍ക്കാലത്ത് വിണ്ടു കീറി കിടക്കുന്ന നെല്‍പ്പാടം പോലെയായി. വെള്ള വസ്ത്രങ്ങള്‍ വേഗത്തില്‍ വെളുക്കാന്‍ ഉപയോഗിക്കുന്ന ക്ലോറക്സ്‌ തട്ടി മുറിവുകള്‍ പഴുത്തു. കുറച്ചു ദിവസം രണ്ടു കൈപ്പത്തിയിലും തുണി ചുറ്റി ഗ്ലൌസ്‌ ഇട്ടായിരുന്നു വാഷിംഗ്! എങ്കിലും കൈമുട്ടോളം ഉള്ള ഗ്ലൌസിനുള്ളിലൂടെ ക്ലോരക്സ് വെള്ളം മുറിവില്‍ തട്ടുമ്പോള്‍ “അനിര്‍വചനീയമായ ഒരു അനുഭൂതിയായിരുന്നു”! രാത്രിയില്‍ ഡെറ്റോള്‍ വെള്ളം കൊണ്ട് മുറിവുകള്‍ കഴുകുമ്പോഴും അതേ അനുഭൂതി തന്നെ! തുണികള്‍ കഴുകിയെടുക്കുമ്പോള്‍ പലപ്പോഴും ഓര്‍ത്തു..ഉമ്മയെയും വീട്ടില്‍ ജോലിക്ക് വന്നിരുന്ന ചന്ദ്രിക ചേച്ചിയേയും.. പിന്നീട് എപ്പോഴോ മുറിവുകള്‍ ഉണങ്ങി!

ക്രൂരനായ ഖഫീലിന്റെ കയ്യില്‍ നിന്ന് ഓടിയൊളിച്ചു രക്ഷപ്പെട്ടു വന്ന കാക്കു എന്ന് വിളിക്കുന്ന മലപ്പുറത്തുകാരന്‍ സൈതുക്ക വരുന്ന വരെ ബീക്കോം ഫാസ്റ്റ് ക്ലാസില്‍ പാസാവാത്ത ഞാന്‍, ഈ സൂപ്പര്‍വൈസര്‍... അലക്കല്‍ തുടര്‍ന്നു!

പ്രൊമോഷന്‍ കിട്ടിയത് ലത്തിയുടെ കൂടെ വണ്ടിയില്‍ ഹോസ്പിറ്റലിലെ കഴുകുവാനുള്ള തുണികള്‍ എടുക്കുവാന്‍ പോകുവാന്‍ ആയിരുന്നു. വിദ്യാഭ്യാസം കുറവായത് കൊണ്ട് എല്ലായ്പ്പോഴും എണ്ണത്തില്‍ കുറവോ കൂടുതലോ വന്നിരുന്നത് കൊണ്ടാണ് സൂപ്പര്‍വൈസരെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഇട്ടത്.

ആദ്യത്തെ ദിവസം മറക്കില്ല! അല്ലെങ്കില്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന സംഭവങ്ങള്‍ മറക്കാന്‍ സാധിക്കില്ലല്ലോ? സുമേസിയിലുള്ള ആശുപത്രിയില്‍ എത്തി. ലത്തിക്ക് പരിചയമുള്ളത് കൊണ്ട് നേരെ അഴുക്ക് തുണികള്‍ കൂട്ടിയിടുന്ന സ്റ്റോറില്‍ ചെന്ന് എല്ലാം എണ്ണി തിട്ടപ്പെടുത്തി കെട്ടുകള്‍ ആക്കി വെച്ചു. അവനും കൂടെയുണ്ട് സഹായത്തിന്! കഴിഞ്ഞില്ലേ പോകാം എന്ന് പറഞ്ഞ എന്നോട് “ഇക്കാ... ഒരു സ്റ്റോര്‍ കൂടി ബാക്കി ഉണ്ടെന്നു” പറഞ്ഞു അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി. ചെറിയ സ്റ്റോര്‍ ആണ്. ഇവിടെ കൂട്ടിയിടുന്ന തുണികള്‍ ഓപ്പറേഷന്‍ തിയറ്ററിലെതാണ്. ഇക്ക വരണ്ട. ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞ ലത്തിയെ അവഗണിച്ചു ഞാനും ഉള്ളിലെത്തി തുണികള്‍ എണ്ണിത്തുടങ്ങി. എണ്ണുന്നതിനിടയില്‍ കയ്യില്‍ എന്തോ തടഞ്ഞപ്പോള്‍ പെട്ടെന്ന് കൈ വലിച്ചു. “അത്” കയ്യില്‍ ഒട്ടിപ്പിടിചിരിക്കുന്നു. ഇത്ര വലിയ ബബിള്‍ഗമോ? ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. നല്ല ചുവന്ന നിറത്തില്‍ ഒരു ഇറച്ചിക്കഷണം! ഏതെങ്കിലും മിസരി ഡോക്റ്റര്‍ രോഗി അറിയാതെ മുറിച്ചെടുത്തതായിരിക്കും..ലത്തി പിറുപിറുത്തു! എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി! അതാ വരുന്നു അന്ന് രാവിലെ കഴിച്ച പട്ടാണി റൊട്ടി! അഴുക്ക് തുണികള്‍ ആയത് കൊണ്ട് ചര്‍ദ്ദിക്കാന്‍ വേറെ സ്ഥലം നോക്കി പോവേണ്ടി വന്നില്ല! അതോടു കൂടി രോഗം വന്നാല്‍ കൂടി ആശുപത്രിയിലേക്ക് പോവില്ലായിരുന്നു.

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം മൂന്ന്)


പുറംലോകം കണ്ടിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. പള്ളിയില്‍ പോകുന്ന സമയം മാത്രം ഒരു ആശ്വാസം! ആയിടെയായി പള്ളിയില്‍ ഇരിക്കാന്‍ ഇഷ്ട്ടം കൂടിയോ? മടുത്തിരിക്കുന്നു. കുഞാവയും ഷാജിയും നാട്ടിലേക്ക് തന്നെ തിരിച്ചു പോണമെന്ന വാശിയിലാണ്. അവരുടെ ബന്ധുക്കളൊക്കെ മിക്കവാറും ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്‍റെ ഒരു എളാപ്പ മാത്രമെ എന്‍റെ അറിവില്‍ അവിടെ സൌദിയില്‍ ഉള്ളൂ. ഇവിടെ ഒരു വിളിപ്പാടകലെ കിടക്കുന്ന എളാപ്പ എന്നാ ആ സാധനത്തെ ഒരു പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഈ പത്ത് വര്‍ഷവും നേരില്‍ കണ്ടിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു!

ഞാനും ലത്തിയും പ്രാരാബ്ധക്കാരാണ്! വാപ്പാടെ ബിസിനസ് ഒക്കെ മോശം. ജ്യേഷ്ട്ടന്‍ മെഡിസിന് പഠിക്കുന്നു. അനുജന്മാരും മുതിര്‍ന്നിട്ടില്ല. ഉത്തരവാദിത്വം ഉണ്ട്. എങ്ങിനെയും പിടിച്ചു നിന്നെ പറ്റൂ. ലത്തിയും വലിയ ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. എത്ര ദുഃഖം ഉണ്ടെങ്കിലും ലത്തി വാ തുറന്നാല്‍ നമ്മള്‍ ചിരിച്ചിരിക്കും. തമാശക്കാരനാണ്. നാട്ടില്‍ അവനെ വിളിക്കുന്നത്‌ “തീവണ്ടി തയ്യ്‌” എന്നാണ്. ഒരു ദിവസം ഒരു സഞ്ചിയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരാള്‍ ചോദിച്ചു. എങ്ങോടാ പുള്ളേ പോണ്? ഒരു തീവണ്ടീടെ തയ്യ്‌ വാങ്ങാനാ!

അന്ന് ഉച്ച മുതല്‍ ഷാജിയും ഇണ്ടാവയും പെട്ടെന്ന് ഒരു മിന്നല്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഇനി പണിയെടുക്കുന്നില്ല! എത്രയും പെട്ടെന്ന് നാട്ടിലേക്ക്. അതാണ്‌ ഉറച്ച തീരുമാനം.  

വൈകുന്നേരമായപ്പോള്‍ ബാവക്ക പറഞ്ഞറിഞ്ഞു ഖഫീല്‍ വരുന്നു. അപ്പോള്‍ ഷാജിയുടെയും കുഞ്ഞാവയുടെയും (ഇണ്ടാവ എന്നാ ഞങ്ങള്‍ വിളിക്ക്യാ) കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവും.

പടച്ചോനെ..എങ്ങിനെ ഉണ്ടായിരിക്കും ഈ സാധനം? അലാവുദ്ദീനും അത്ഭുത വിളക്കിലും പണ്ടത്തെ കഥകളിലും വായിച്ചറിഞ്ഞ പോലെയുള്ള ആളുകള്‍ ആവുമോ? കാത്തിരുന്നു. ഇശാ നിസ്കാരം കഴിഞ്ഞപ്പോള്‍ അവരെത്തി. ഖഫീല്‍ അല്ല ഖഫീല്‍മാര്‍! അദീബും സലാഹും...രണ്ടാളും പങ്കു കച്ചവടക്കാരാണ്. കൌണ്ടറില്‍ തന്നെ ഉണ്ടായിരുന്ന ഞാന്‍ ഏന്തിവലിഞ്ഞു നോക്കി.

ഒരു ബല്ലിക്കാട്ടെ കാര്‍ ഒഴുകി വന്നു. കാഡിലാക്‌ ആണെന്ന് ബാവക്ക പറഞ്ഞു. നമ്മുടെ നാട്ടിലെ മുതലാളിമാരെ പോലെ കാറിനെ പിന്‍സീറ്റില്‍ രണ്ടു കയ്യും വിരിച്ചു പിടിച്ചു ഇരിക്കുന്നുണ്ടാവും എന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ചുള്ളന്‍ ചെക്കന്മാര്‍ കാറില്‍ നിന്നും ചാടിയിറങ്ങി.

അദീബ് – ഉയരം കുറഞ്ഞ നമ്മടെ പ്രേംനസീര്‍ തന്നെ! സലാഹ് – ഗോവിന്ദന്‍കുട്ടികുട്ടിയും. സ്വഭാവവും അത് തന്നെ എന്ന് പിന്നീട് മനസ്സിലായി! രണ്ടു പേരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍. അമേരിക്കയിലാണത്രേ പഠിച്ചത്.

പുതിയ ആളുകളെ വിളിപ്പിച്ചു. ഇംഗ്ലീഷില്‍ ആണ് സംസാരം. പാസ്പോര്‍ട്ട് നോക്കി പേര് വിളിച്ചു. സ്കൂളില്‍ മാഷമ്മാര് പേര് വിളിക്കുമ്പോ പറേണ പോലെ ഹാജര്‍ എന്ന് പറയണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ബാവക്ക അറബിയില്‍ ആണ് അവരോടു സംസാരിക്കുന്നത്. അതുകൊണ്ട് ഭാഗ്യത്തിന് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നെ പറ്റി സ്പെഷ്യല്‍ ആയി എന്തോ പറഞ്ഞു കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് മാത്രം ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടി! ലത്തിക്ക് ഒരു തലയാട്ടും മറ്റു രണ്ടാള്‍ക്കും ഉഗ്രന്‍ രണ്ടു മൂളലും ആയിരുന്നു അഭിവാദ്യങ്ങള്‍!

വേറെ ഒന്നും സംസാരിച്ചില്ല. സുലൈമാനിക്കും സിഗരറ്റിനും ഒരു ഒഴിവും ഉണ്ടായിരുന്നില്ല. മീഡിയേറ്റര്‍ ആയ എന്നെ വിളിച്ചു പിണങ്ങി നില്‍ക്കുന്ന രണ്ടാളോടും സംസാരിപ്പിച്ചു. ഒത്തുതീര്‍പ്പ് ഉണ്ടായില്ല. അന്ത്യശാസനം കിട്ടി. നാളെ ഒരു ലോഡ്‌ കാര്‍പറ്റ് വരുന്നു കഴുകാന്‍. മൂന്ന് ദിവസത്തിനുള്ളില്‍ കഴുകി അവസാനിപ്പിച്ചാല്‍ അവര്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ പോകാം. മഅസ്സലാമ പറഞ്ഞു പ്രേം നസീറും ഗോവിന്ദന്‍കുട്ടിയും പോയി.

പിറ്റേ ദിവസം കാര്പറ്റുകള്‍ എത്തി. മൂന്ന് ദിവസം അല്ല ഒരു മാസം വേണ്ടി വരുമായിരുന്നു അത് തീര്‍ക്കാന്‍. മഷീന്‍ ഒന്നുമില്ല. ഒക്കെ മാനുവല്‍ ആണ്. വെള്ളമൊഴിച്ചു സോപ്പിട്ട് കഴുകി മുകളില്‍ പിടിച്ചിട്ടുള്ള ഇരുമ്പ് ബാറിലേക്ക് കയറ്റി ഇടണം. വെള്ളം നനഞ്ഞ കാര്‍പറ്റ് പൊറോട്ടക്ക് മാവ് കുഴച്ച പോലെയാണ് കിടക്കുന്നത്! എല്ലാ ദിവസവും രാത്രി ഏറെ വൈകിയും ഞങ്ങള്‍ സര്‍ക്കസ്‌ തുടര്‍ന്നു. ശരീരം ആസകലം ഒടിഞ്ഞു നുറുങ്ങിയ വേദനയായിരുന്നു. ആ ഒരാഴ്ച നാടിനെയോ വീടിനേയോ ഓര്‍ക്കാന്‍ നേരം കിട്ടിയില്ല എന്നതാണ് സത്യം! ഇനിയും കിടക്കുന്നു മൂന്ന് ദിവസം കൂടി കഴുകാനുള്ള കാര്പറ്റുകള്‍ ബാക്കി.

അന്ന് ഇശാ നിസ്കാരത്തിനു കൂടി പോവാതെ ഞങ്ങള്‍ പണിയില്‍ ആയിരുന്നു. നിസ്കാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ഗേറ്റില്‍  ആരോ മുട്ടുന്ന ശബ്ദം! ആരായിരിക്കും? പടച്ചോനെ മുത്തവ എന്നും പറഞ്ഞു ഹരിഹര്‍നഗര്‍ സിനിമയില്‍ മുകേഷ്‌ തോമസ്കുട്ടീ വിട്ടോടാ എന്ന സ്റ്റെപ്പില്‍ നിന്ന ബാവക്കാനെ പിന്നെ മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല!

വാതിലിലെ മുട്ട് ചവിട്ടു ആയി മാറിയിരിക്കുന്നു. രണ്ടും കല്‍പ്പിച്ചു വിറയ്ക്കുന്ന കരങ്ങളോടെ ഗേറ്റ് തുറന്നു. സലാം പറയാനൊന്നും അപ്പോള്‍ തോന്നിയില്ല. രണ്ടു മൂന്ന് അറബി വസ്ത്രധാരികള്‍ അകത്തേക്ക് ഇടിച്ചു കയറി. ഉള്ളിലേക്ക് നടന്നു. ഏറ്റവും പിന്നില്‍ കടന്ന ആളുടെ കൈകളില്‍ എന്‍റെ നെഞ്ചിലെ രോമമടക്കം കൂട്ടിപ്പിടിച്ച ഷര്‍ട്ടിനുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു!

കടയുടെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ബാവക്കയെയും അവര്‍ പൊക്കി. പൊക്കുന്ന വഴിക്ക് ഒരെണ്ണം കൊടുത്തോ എന്നൊരു സംശയം! പട്ടിക്ക് ഏറു കിട്ടിയപോലെയുള്ള ഒരു സമണ്ട് ആയിരുന്നു ആ തോന്നലിനു ആധാരം!

എല്ലാവരെയും വരിയായി ഇടിവണ്ടിക്കുള്ളില്‍ കയറ്റി. അപ്പോഴേക്കും പള്ളിയില്‍ നമസ്കാരം കഴിഞ്ഞിരുന്നത് കൊണ്ട് വണ്ടിക്കടുത്തു ആളുകളും ഉണ്ടായിരുന്നു. കൊലപാതകക്കേസില്‍ പിടികൂടിയ ജയില്പുള്ളികളെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ഒരു പ്രതീതിയായിരുന്നു. തൊട്ടടുത്ത മുത്തവ ഓഫീസില്‍ എത്തി. ഒരു പത്ത് മിനിറ്റ്‌ ക്ലാസ്‌. അത് കഴിഞ്ഞു ഒപ്പും ഇടീച്ചു ഒരു വാണിങ്ങും തന്നു പോക്കൊളാന്‍ പറഞ്ഞു. ഏതായാലും ആ സംഭവത്തിന്‌ ശേഷം റൂമില്‍ നിസ്ക്കരിക്കല്‍ ഒഴിവാക്കി!

ഒരു മുതവ കഥ കൂടി പറഞ്ഞു ഇന്നത്തെ “തോന്നിവാസം” (തോന്നിവാസം എന്നാ വാക്കിന് എന്‍റെ പ്രിയ സ്നേഹിതന്‍ നാമൂസിനോട് കടപ്പാട്!) അവസാനിപ്പിക്കാം. പറഞ്ഞു കേട്ട കഥ ആണേ! ആരും കാര്യമായിട്ടു എടുക്കരുതെ! സിനിമാഗാനം വെയ്ക്കുന്നത് മമ്നൂ (നിരോധനം) ആയിരുന്നു. അയാള്‍ ഉച്ചക്ക് പാട്ട് കേട്ടിരിക്കുമ്പോള്‍ ആണ് മുത്തവമാര്‍ കയറി വന്നത്. പെട്ടെന്നായത് കൊണ്ട് പാട്ട് നിറുത്താനും പറ്റിയില്ല പാവത്തിന്. ഒരു പഴയ മലയാള സിനിമാഗാനം..”ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി..രാജ കൊട്ടാരത്തില്‍ വിളിക്കാതെ...”.

ദേഷ്യത്തോടെ മുതവ ആ മനോഹര ഗാനത്തിന്റെ അര്‍ഥം ചോദിച്ചു. ഗാന പ്രേമി തനിക്കറിയാവുന്ന അറബിയില്‍ വിശദീകരിച്ചു കൊടുത്തു.

“ഈശ്വരനോരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ – ദൈവം ഫീ റൊ സദീക്‌ ബൈത്..ഫീ..അക്കല്‍..ഹുവ മാഫി കലാം”

അര്‍ഥം മനസ്സിലായത്‌ കൊണ്ടോ മനസ്സിലാവാത്തത് കൊണ്ടോ ചെവിടടക്കം ഒരടി ആയിരുന്നു ഫലം! അദ്ദേഹം ഊഹിച്ചത് ഇങ്ങനെ ആയിരിക്കാം. പടച്ചോന്‍ കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനു പോയി..വിളിക്കാതെ! ആര്‍ക്കായാലും വരില്ലേ ദേഷ്യം!

Tuesday 12 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം രണ്ട്)


സുബ്ഹി ബാങ്ക് കൊടുത്തു. പക്ഷെ നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. ഗള്‍ഫ്‌ നാട്ടിലെ ആദ്യത്തെ ദിവസം. ഐശ്വര്യമായി തന്നെ ആയിക്കോട്ടെ. മസ്ജിദ്‌ തൊട്ടടുത്ത്‌ തന്നെ. നമ്മുടെ നാട്ടിലെ പോലെ അല്ല. സാമാന്യം നല്ല ആളുകള്‍ ഉണ്ട് നിസ്ക്കരിക്കാന്‍. നിസ്കാരം കഴിഞ്ഞു റൂമില്‍ എത്തി. എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു.

ഒരു ചായ കിട്ടിയിരുന്നെങ്കില്‍......വീട്ടില്‍ മക്കള്‍ എണീറ്റത് മണത്തറിഞ്ഞു ചായ കൊണ്ട് വന്നു തന്നിരുന്ന പ്രിയപ്പെട്ട ഉമ്മായെ ഓര്മ വന്നു! രക്ഷയില്ല. കിച്ചനിലേക്ക് നടന്നു. പൊടിയും പഞ്ചസാരയും കണ്ടു ഭാഗ്യം! ചായ കുടിക്കുമ്പോള്‍ തോന്നി ഒരു ന്യൂസ്‌ പേപ്പറും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്...

ഏഴു മണിക്ക് ജോലി തുടങ്ങണം. ഒരു വലിയ ലാണ്ടറി (ഡ്രൈ ക്ലീനിംഗ് ഷോപ്പ്) ആണ്. പക്ഷെ അത് ഒരു ഒന്നൊന്നര ലാണ്ടറി തന്നെ ആയിരുന്നു. പത്തു പതിനഞ്ച് വാഷിംഗ് മഷീനുകള്‍ നിരന്നിരിക്കുന്നു. സ്റ്റാര്‍ വാര്‍സ് സിനിമയിലെ പോലെയുള്ള റോബോട്ടുകളെ പോലെ മൂന്നു കാല്‍ ഉള്ളവ. ഉണ്ണിയേട്ടന്‍റെ കൊപ്രമില്ലിലെ മിഷ്യന്‍ ഓര്മ വന്നു. വേറെയും വലിയ മഷീനുകള്‍ അടുത്തടുത്തായി.. വാഷിങ്ങിനു ഷാജിയും കുഞാവയും. ലത്തി ഡ്രൈവര്‍ ആണ്. ബീക്കോം ഫസ്റ്റ് ക്ലാസ്സില്‍ പാസാവാത്ത നമ്മള് സൂപ്പര്‍വൈസറും!

ഒരു മല പോലെ വെള്ള തുണികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിലെ മൊത്തം ബെഡ്, പില്ലോ, ടേബിള്‍ ഷീറ്റുകളും മറ്റും ആണ്. അത് കൂടാതെ കമ്പനിയുടെ സ്വന്തം കൌണ്ടറില്‍ വരുന്നത് വേറെ. പഴയ സ്റ്റാഫുകള്‍ അത് സോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ പുതിയ ആളുകള്‍ക്ക് മൂന്നു ദിവസം ഒക്കെ നോക്കി പഠിക്കാനുള്ള പ്രോബെഷനരി പിരീഡ്. അത് കഴിഞ്ഞാല്‍ കമ്പനിയുടെ സ്വന്തം ആളുകള്‍ അല്ലാത്ത, ഞങ്ങളെക്കാള്‍ രണ്ടിരട്ടി ശമ്പളം കൊടുക്കുന്ന  പഴയ സ്റ്റാഫിനെ പിരിച്ചു വിടും (ശമ്പളത്തെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ!). ഒക്കെ തൂത്ത് നിലം പരിശാക്കാനല്ലേ ഞങ്ങള്‍ എത്തിയിരിക്കണേ...

ബാവക്ക കടയുടെ ഷട്ടര്‍ പൊക്കുന്ന ശബ്ദം കേട്ട് അകത്തു കൂടി തന്നെ അങ്ങോട്ട്‌ നടന്നു. അതിനുള്ളിലും രണ്ടു മൂന്നു മഷീനുകള്‍. ഒരോന്നിന്റെ മുകളിലും ചെറിയ വള്ളം തല തിരിച്ചു വെച്ചപോലെ എന്തോ ഉണ്ട്. വസ്ത്രങ്ങള്‍ ഇസ്തിരി ഇടാനുള്ള സ്റ്റീം മഷീന്നുകള്‍ ആണത്. ഒക്കെ കൂടി നേരത്തെ പറഞ്ഞ സ്റ്റാര്‍ വാര്‍സ് സ്റ്റൈല്‍ തന്നെ!

കസ്റ്റമേഴ്സ് വന്നു തുടങ്ങി. തലേ ദിവസം ക്ലീന്‍ ചെയ്യാന്‍ കൊടുത്ത ഡ്രെസ്സുകള്‍ വാങ്ങാനുള്ള വരവാണ്. ഭാഷ ഒരു പ്രശ്നം തന്നെ. ആകെകൂടി അറിയാവുന്നത് മാമുക്കോയയുടെ “അസ്സലാമുഅലൈക്കും...വ അലൈക്കുമുസ്സലാം” ആണ്. ഇതിനിടക്ക്‌ കാലത്തെ പ്രാതല്‍.. പട്ടാണി റൊട്ടിയും ഫൂലും. ആ വലിയ റൊട്ടിയുടെ ചുറ്റും എല്ലാവരും വട്ടമിട്ടിരുന്നു യുദ്ധത്തിലേര്‍പ്പെട്ടു.

ളുഹര്‍ ബാങ്ക് കൊടുത്തു. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി ബാവയ്ക്ക കടയില്‍ ഇരുന്നു. ബാവക്ക വകയിലെ ഒരു അമ്മായിയുടെ മകനാണ്. അന്നത്തെ രണ്ടായിരം റിയാല്‍ ആണ് വിസക്കായി അറബി ആവശ്യപ്പെട്ടത് എന്നാണു ബാവക്ക പറഞ്ഞറിഞ്ഞത്! പള്ളിയില്‍ പോണ്ടേ ഇക്കാ? ഇക്ക ഒന് തലയാട്ടി. പോണം എന്നോ പോണ്ട എന്നും അര്‍ത്ഥമാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടെ പുറത്തു നിന്നും ഒരു ശബ്ദം. “അസ്സലാഹ്..അസ്സലാഹ്”. ഒന്ന് കൂടി താഴ്ന്നു ഇരുന്നു ബാവക്ക മിണ്ടരുത് എന്ന് ആംഗ്യം കാട്ടി! കര്‍ട്ടന്റെ മറവിലൂടെ പതുക്കെ വെളിയിലേക്ക് നോക്കി ഒരു ചുവപ്പ് ജി എം സി വണ്ടി. മുത്ത്വവയുടെ വണ്ടി ആണ്. ഒന്ന് രണ്ടു പ്രാവശ്യം കൂടി സലയുടെ കാര്യം ഓര്‍മിപ്പിച്ചു വണ്ടി അകന്നു പോയി. എന്തിനാ ഈ കള്ളത്തരം കാണിക്കണേ..പള്ളിയില്‍ പോയാ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു...ചോദിച്ചില്ല! മനസ്സ്  വായിച്ചറിഞ്ഞ പോലെ ബാവക്ക പിറുപിറുത്തു. പുറത്തധികം കറങ്ങി നടക്കണ്ട. അക്കാമ ഇല്ലാത്തതാ. ഐ ഡി കാര്‍ഡിന്റെ പേരാണ് അക്കാമ. റൂമില്‍ നിസ്ക്കരിച്ചു.

ഉച്ച ഭക്ഷണത്തിനായി രണ്ടു മണിക്ക് കട അടച്ചു. ഇനി അസര്‍ കഴിഞ്ഞേ തുറക്കൂ. ഉച്ചക്ക് പച്ചരി പോലെയുള്ള അരി കൊണ്ട് ചോറും ചിക്കന്‍ കറിയും. കറി ആരാണാവോ വെച്ചത്? ചിക്കന്റെ അഞ്ചാറ് പീസുകള്‍ വെള്ളത്തില്‍ തെളിഞ്ഞു കാണാം. പനി പിടിച്ചു ക്ഷീണിച്ച കോഴി ആണെന്ന് തോന്നുന്നു. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ പാറകള്‍ തെളിഞ്ഞു കാണുന്നതു ഓര്മ വന്നു ആ കറിയും കഷണങ്ങളും കണ്ടപ്പോള്‍.

അസറിന് ശേഷം ബാവക്ക താക്കോല്‍ എടുത്തു തന്നു കട തുറക്കാന്‍. പത്തു പതിനഞ്ച് താക്കോലുകള്‍ തൂങ്ങിക്കിടക്കുന്ന ആ താക്കോല്‍ കൂട്ടം കയ്യില്‍ കിട്ടിയപ്പോള്‍ ഒരു അഹങ്കാരം തോന്നിയോ? കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു കാലത്തേക്കെങ്കിലും ഈ താക്കോല്‍ കൂട്ടം സ്വന്തമാകുമെന്നു അന്ന് വിചാരിച്ചിരുന്നുവോ?

ഇപ്പോഴാണ് കടയിലെ തിരക്ക് കണ്ടറിഞ്ഞത്. നില്‍ക്കാനോ ഇരിക്കാനോ നേരം കിട്ടിയില്ല. പാക്ക്‌ ചെയ്യാനും ബില്ല് വാങ്ങി സാധനങ്ങള്‍ എടുത്തു കൊടുക്കാനും തുടങ്ങി ഈ സൂപ്പര്‍വൈസര്‍!
മഗരിബ് ബാങ്ക്. അസറിന് കാണാതിരുന്ന മുത്തവമാരുടെ പേടകം പൂര്‍വാധികം ശക്തിയോടു കൂടി തുടര്‍ച്ചയായി ചുറ്റുന്നുണ്ടായിരുന്നു. നിസ്കാരത്തിനു ശേഷം കടയില്‍ തിരക്കോട് തിരക്കായി. ഇശാ ബാങ്ക് കൊടുത്തപ്പോള്‍ ആണ് ഒന്ന് കുറഞ്ഞത്.

ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ എത്തിയിട്ട്. നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോയി. നിസക്കരിക്കാന്‍ കുറച്ചു നേരം ബാക്കിയുണ്ടായിരുന്നു. മലയാളികള്‍ ഒന്ന് രണ്ടു പേരെ കണ്ടു. തൊട്ടടുത്ത്‌ ബൂഫിയ നടത്തുന്ന ഹംസക്ക. “ഫ്രീലാന്‍സ് പ്ലംബര്‍മാരായ” സലാംക്ക, കീരിക്കാടന്‍ അബ്ദുള്ളക്ക, ഇരുമ്പ് സൈതു. നിസ്കാരം കഴിഞ്ഞു കടയിലെത്തി. പിന്നെ കാര്യമായ തിരക്കൊന്നും ഉണ്ടായില്ല.

പിന്നെയും രസം പോലത്തെ കോഴിക്കറിയും കുബ്ബൂസും. അപ്പോള്‍ ഇതാണ് കുബ്ബൂസ്! ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ പറഞ്ഞു മാത്രം കേട്ടിട്ടുള്ള സാധനം. വാട്ടവെള്ളക്കറിയും കൂട്ടി കഴിക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു രുചിയും തോന്നിയില്ല.

രാത്രിയായി! കുളി കഴിഞ്ഞു. എല്ലാവരും സിനിമ കാണാന്‍ ഇരുന്നു. ബാവക്കാടെ ആണ് ടീവി. ആള്‍ ബത്ത എന്നാ സ്ഥലത്ത് പോയി ഒരാഴക്കലെക്കുള്ള സീഡിയുമായി വരും. സിനിമ കാണാന്‍ എന്തോ ഒരു ഉഷാര് തോന്നിയില്ല. കട്ടിലിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറി! വെറുതെ കണ്ണടച്ച് കിടന്നു.

പകലിന്റെ തിരക്കില്‍ നാടും വീടും മറന്നുപോയിരുന്നു. വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞു വാപ്പയും ഉമ്മയും മക്കളും കുറച്ചു നേരം ഒരുമിച്ചു ഇരുന്നു അന്നത്തെ വിശേഷങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. ഒരു വിങ്ങല്‍ നെഞ്ചിനുള്ളില്‍ നിന്നും വന്നു ചങ്കില്‍ തടഞ്ഞിരുന്നു. കണ്ണുനീര്‍ അടക്കി നിറുത്താനായില്ല. ഏങ്ങിയെങ്ങിക്കരഞ്ഞു. മനസ്സിനോരാശ്വാസം!

ഒരു ദിവസം കൂടി എരിഞ്ഞടങ്ങി.

(തുടരും.....സഹിച്ചേ പറ്റൂ!)

സ്നേഹത്തോടെ സ്വന്തം സിറൂസ്!