Tuesday, 6 December 2011

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ഒമ്പത്


തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരണ്ടേ? എങ്ങനെ വരും? നാളെയാണ് ആ ദിവസം. ഈയുള്ളവന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന സുന്ദരിയെ കാണാന്‍ പോകുന്ന ദിവസം. മുകളില്‍ മുറി കിട്ടിയത് നന്നായി. ടെന്‍ഷന്‍ മാറ്റാന്‍ ഇടക്കൊരോ പുക വിടാന്‍ എളുപ്പമായി!

എഴുന്നേറ്റ്‌ കുറച്ചു നേരം ടീവിയുടെ മുന്നില്‍ പോയിരുന്നു. പകല്‍ സമയത്ത് കാണിച്ച ഏതോ ഒരു സിനിമ രണ്ടാമതും കാണിക്കുന്നു.  നല്ല സിനിമ.....വേഗം ഉറക്കം വന്നു!

തൊട്ടടുത്ത കാളത്തോട് ജുമാ മസ്ജിദില്‍ നിന്നും സുബഹി ബാങ്ക് മുഴങ്ങി. എഴുന്നേല്‍ക്കാന്‍ മടി തോന്നി. ഗള്‍ഫിലുള്ളപ്പോള്‍ ഒറ്റ ദിവസം പോലും മുടങ്ങാതെ നിസ്ക്കരിച്ചിരുന്നതാ! ഞാനടക്കം ചില മനുഷ്യരുടെ  കാര്യം ഇത്രയേ ഉള്ളൂ. സന്തോഷവും സൌകര്യവും വരുമ്പോള്‍ ദൈവത്തെ മനപ്പൂര്‍വ്വം മറക്കുന്നു. ആ...നാളെ മുതല്‍ തുടങ്ങാം!

ഗള്‍ഫിലുള്ളപ്പോള്‍ ഞാന്‍ മാത്രമല്ല ഒട്ടു മിക്ക പ്രവാസികളും മനസ്സില്‍ ആഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് നാട്ടില്‍ എത്തിയാല്‍ മതിയാകുവോളം കിടന്നുറങ്ങണം എന്ന്! പക്ഷെ ഇത്രേം കാലത്തെ ഒഴിവു ദിവസങ്ങളിലും ഇതേ വരെ സാധിക്കാത്ത ഒരു കാര്യം. സൌദിയില്‍ ആണെങ്കില്‍ ദിവസം ആരംഭിക്കുന്നത് പ്രാകലിലൂടെയാണ്!

സുബഹി നിസ്കാരം കഴിഞ്ഞ് ഉമ്മ  നല്ല ഈണത്തില്‍ ഖുര്‍ആന്‍ ഓതുന്നതു കേട്ട് കണ്ണ് തുറന്നു കുറച്ചു നേരം കിടന്നു.

മോനെ ചായ... ഗോവണിക്ക് താഴെ നിന്നും ഉമ്മയാണ്. വേഗം പല്ല് തേച്ച് ചായയും കൊണ്ട് ഉമ്മറത്ത്‌ വന്നിരുന്നു. ഗള്‍ഫില്‍ ഉണ്ടാക്കി കുടിച്ചിരുന്ന വാട്ട വെള്ളം പോലത്തെ ചായ അല്ല! നല്ലോണം പശുവിന്‍ പാല് ഒഴിച്ച് സ്ട്രോങ്ങ്‌ ചായ! മൊത്തി മൊത്തി കുടിച്ചു. ഉമ്മ പറയാറുണ്ട്‌.... ഞാന്‍ ചെറുപ്പത്തിലും അങ്ങനെയാണത്രേ! ചായ്‌ കുടിക്കുമ്പോള്‍ നമ്മള്‍ പൂച്ചയെ വിളിക്കുന്നത്‌ പോലെ ച്ച്..ച്ച്..ച്ച്..എന്നൊരു ശബ്ദം ഉണ്ടാകും! ഇപ്പോഴും ശബ്ദത്തിന് ഒരു കുറവും വരുത്തിയില്ല. ഉമ്മാ പേപ്പര്‍ വന്നില്ലേന്നൂ? സൈക്കിള്‍ ബെല്ലടി കേട്ടല്ലോ മോനെ..അവിടെ ഉണ്ടാവും. മഴ പെയ്യുന്നത് കൊണ്ട് ദിനപത്രം ഗേറ്റിന്മേല്‍ കെട്ടിയിട്ടിട്ടുള്ള പി വി സി പൈപ്പിനുള്ളില്‍ ആണ്.

നേരം വെളുത്തു തുടങ്ങി.. പാലക്കാട് നിന്നും തൃശ്ശൂര്‍ ടൌണിലേക്ക് പോകുന്ന വഴി ആണ്. ബസുകള്‍ മിനിറ്റിനു മിനിറ്റിനു മത്സരിച്ചു ചീറിപ്പാഞ്ഞു പോകുന്നു.

പേപ്പര്‍ വായിച്ചു കഴിഞ്ഞ് പതുക്കെ പുറത്തിറങ്ങി. ഇപ്പോഴാണ് പരിസരമോക്കെ ഒന്ന് കാണുന്നത്. ആദ്യം താമസിചിരുന്നത് കണ്ണാംകുളങ്ങര എന്ന ഗ്രാമത്തില്‍ ആയിരുന്നു. ഇത് ടൌണ്‍ ഏരിയ ആണ്.  തൊട്ടടുത്ത്‌ താമസിക്കുന്നവര്‍ പോലും കാര്യമായി അടുപ്പം ഇല്ല.

പതുക്കെ നടന്നു. രണ്ടു വീട് അപ്പുറം താമസിക്കുന്ന വാപ്പാടെ എളീമാടെ വീട്ടിലേക്ക്. മുടി മുഴുവന്‍ പഞ്ഞി പോലെ നരച്ച എളീമ. ഇതിനു മുന്നേ ഒന്നോ രണ്ടോ പ്രാവശ്യമേ അവരെ കണ്ടിട്ടുള്ളൂ. കുറച്ചു നേരം വിശേഷങ്ങളും പറഞ്ഞ് അവിടെ ഇരുന്നു. ഒരു ചായയും കുടിച്ചു.

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴേക്കും നേരം നല്ലോണം വെളുത്തിരുന്നു. തൊട്ടടുത്ത സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത് കാണാം. 
വീട്ടിലെത്തിയപ്പോഴേക്കും ഇക്ക ഡ്യൂട്ടിക്ക് പോവാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ട്ടര്‍ ആണ്. പോവുമ്പോള്‍ പറഞ്ഞു. മൂന്നു മണിക്ക് വരും നമുക്ക് സീനാനെ (സീന...അതാണ്‌ ഹൂറിയുടെ പേര്!) കാണാന്‍ പോണം! റെഡി ആയി ഇരുന്നോ! പോണല്ലോ. അതിനല്ലേ കാത്തു ഇരിക്കുന്നത്.

പ്രാതലിന് പത്തിരിയും ബീഫും. ഉമ്മ മറന്നിട്ടില്ല. പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെച്ചിട്ടുണ്ട്. പക്ഷെ... വിശപ്പ്‌ തോന്നിയില്ല. മൂന്നു കൊല്ലമായി പതിവില്ലാത്ത ഒരു കാര്യമാണല്ലോ ഈ ബ്രേക്ക്ഫാസ്റ്റ്! ഉമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ കഴിച്ചെന്നു വരുത്തി. ഉമ്മയും ഇത്തയും ഉച്ചക്കലെക്കുള്ള പ്രോഗ്രാം ചാര്‍ട്ട് ചെയ്യുന്നു.  ചോറ്, പച്ചക്കറി, മീന്‍ വറുത്തത് പിന്നെ ഏറെ ഇഷ്ട്ടമുള്ള കൂര്‍ക്ക ഉപ്പേരിയും!

ഊണ് കഴിഞ്ഞു. എല്ലാവരുടെയും കഴിഞ്ഞ ശേഷമാണ് ഉമ്മ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത്. പതുക്കെ ഉമ്മാടെ അടുത്ത് പോയിരുന്നു. ഉമ്മാക്ക് കാര്യം പിടികിട്ടി! ചോറും കറിയും ഉപ്പേരിയും കൂട്ടിക്കുഴച്ച് വല്യെ രണ്ടു ഉരുള! ഗള്‍ഫില്‍ ഉള്ളപ്പോള്‍ പല പ്രാവശ്യവും മനസ്സ് കൊണ്ട് കണ്ടിട്ടുള്ള രംഗം! രണ്ടാമത്തെ ഉരുള കഴിക്കുമ്പോള്‍ കണ്ണില്‍ ഒരു മൂടല്‍! കുബ്ബൂസ് വെള്ളം പോലെയുള്ള ചിക്കന്‍ കറിയില്‍ മുക്കിത്തിന്നുന്നത് ഓര്മ വന്നു!

ചെറുതായി ഒന്ന് മയങ്ങിയപ്പോഴേക്കും ഇക്കാടെ കാറിന്റെ ഹോണ്‍ കേട്ടു. ചാടി എഴുന്നേറ്റു വേഗം ഒരുങ്ങി. ഇഷ്ട്ടമുള്ള ചുവപ്പ് ടീ ഷര്‍ട്ട് ഇട്ടു.  

വാപ്പ, ഉമ്മ, ഇക്ക, ഇത്ത, അനുജന്‍....ഞങ്ങള്‍ പുറപ്പെട്ടു. കഷ്ട്ടിച്ചു ഒരു മണിക്കൂര്‍ യാത്ര. ഷോര്‍ണൂര്‍ വടക്കാഞ്ചേരി. വഴിക്ക് രണ്ടു റെയില്‍വേ ഗേറ്റുണ്ട്. പോകുന്ന വഴിക്കാണ് അകമല ഫോറസ്റ്റ്‌. റോഡിനു ഇരു വശത്തും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍. പടച്ചോനെ..ഇതെവിടെക്കാ ഇക്കാ നമ്മള്‍ പോണേ? വല്ല കാട്ടുജാതി എങ്ങാനും ആണോ? ഇക്ക ചിരിച്ചു! പക്ഷെ...ഞാന്‍ മറന്നിരുന്നു എങ്കിലും ... കല്യാണത്തിന് ശേഷം എന്റെ ഈ ചോദ്യമൊക്കെ നല്ല ഓര്‍മയുണ്ടായിരുന്നു എന്റെ പെണ്ണിന് (ഇത്താടെ പാര!).

വീടെത്താറായി എന്ന് ഇക്ക പറഞ്ഞു. വായില്‍ വെള്ളം വറ്റി!  വരണ്ട ചുണ്ട് ഇടക്കിടെ നാവു കൊണ്ട് നനച്ചു മൊഞ്ച് ആക്കി. റോഡില്‍ കുളവും പുഴയും ഉള്ളതു കൊണ്ട് കാര്‍ വളരെ പതുക്കെയാണ് പോകുന്നത്.

എത്തി! കാറില്‍ നിന്നിറങ്ങി. ആരോക്കെയോ ജനലിലൂടെ എത്തി നോക്കുന്നു. എവിടെയും കണ്ണ് ഉറക്കുന്നില്ല! ആദ്യമായി സ്റ്റേജില്‍ പാടാന്‍ കയറിയ പോലെ. ഒരു പാട് ആളുകള്‍...എന്നാല്‍ ആരെയും നോക്കുന്നുമില്ല!

ഉപ്പ വന്നു ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി. ആരെയൊക്കെയോ പരിചയപ്പെട്ടു. അപ്പിയിടാന്‍ മുട്ടിയ കൊച്ചു കുട്ടിയെ പോലെ ആണ് ഞാന്‍ ഇരിക്കുന്നത്. ഇരിപ്പ് ഉറക്കുന്നില്ല. ഇതിനിടക്ക്‌ സര്‍ബത് രണ്ടു ഗ്ലാസ്‌ കുടിച്ചിരുന്നു.

ന്നാ ചായ കുടിച്ചാലോ? ഉപ്പാടെ ചോദ്യം! സാധാരണ സിനിമയിലും കഥകളിലും ഒക്കെ പെണ്‍കുട്ടി ആണല്ലോ ചായേം കൊണ്ട് വരാ? ഒന്ന് മുരടനക്കി റെഡി ആയി ഇരുന്നു. എവടെ!

എല്ലാവരും ഡൈനിങ്ങ്‌ റൂമിലേക്ക്‌ നടന്നു. ചായേം ബിസ്ക്കറ്റും മധുര പലഹാരങ്ങളും നിരത്തി വെച്ചിട്ടുണ്ട്. നമ്മടെ ആളെ  മാത്രം കാണുന്നില്ല!

മോളെ...ഇങ്ങോട്ട് പോരെ...ചായ കുടിക്കാം – ഉപ്പ. ദാ വരുന്നു വനമാല! ഒന്ന് പാളി നോക്കി! നല്ല ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടാമത് നോക്കിയില്ല.!

കുറച്ചു കഴിഞ്ഞു ഇക്ക തന്നെ സഹായിച്ചു. നമുക്ക് അങ്ങോട്ട്‌ ഇരിക്കാം. ഇവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കിലോ? ഹേയ്! ഒന്നൂല്ല്യാ.. എണീക്കാനാഞ്ഞ  എന്നെ അവിടെ തന്നെ പിടിച്ചിരുത്തി അവര്‍ അപ്പുറത്തേക്ക് നടന്നു.

അങ്ങനെ ഞാനും എന്റെ ഹൂറിയും മാത്രം. എനിക്ക് എന്റെ തന്നെ നെഞ്ചിടിപ്പ് അല്ലാതെ വേറൊന്നും കേള്‍ക്കാനില്ല. അങ്ങനെ കുറച്ചു സമയം.....ഏകാന്തതയുടെ അപാര തീരം..ആ പാട്ടാണ് അപ്പൊ ഓര്മ വന്നത്! അവസാനം ഞാന്‍ തന്നെ മുണ്ടി! ചായ കുടിചില്ലല്ലോ? രണ്ടു തോളും പൊക്കി ഒരു ആക്ഷന്‍ ആയിരുന്നു മറുപടി!

ഇരുട്ടി തുടങ്ങിയിരുന്നു. കയ്യിലും കാലിലും ഒക്കെ കുറെ നേരമായി എന്തോ കടിക്കുന്നു. പതുക്കെ കാലില്‍ തപ്പി നോക്കി. ചോര കുടിച്ചു അനങ്ങാന്‍ പറ്റാതെ ഒന്ന് രണ്ടു കൊതുകുകള്‍! കൊന്നില്ല! പതുക്കെ കൈ അനക്കിയപ്പോള്‍ വയ്യാത്ത വയറും വെച്ച് കണ്ണിന്‍ മുന്നിലൂടെ ഹെലിക്കോപ്റ്റര്‍ പോലെ പറന്നു നടന്നു.

ഇതെന്തൂട്ട് കൊതു ആണിഷ്ട്ടാ? ഇവിടെ നിങ്ങള്‍ വളര്‍ത്തുന്നതാണോ? എന്റെ രണ്ടാമത്തെ മുണ്ടല്‍!  ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ഹാവൂ! സദാമാനമായി! ഊമയല്ല!

ചായ തണുത്തിരുന്നു. ഒരു ഗ്ലാസ്‌ എടുത്തു പതുക്കെ ചുണ്ടോടു ചേര്‍ത്ത്. വിറകടുപ്പില്‍ വെച്ചത് കൊണ്ടാണോ ചെറിയ ഒരു പുക മണം ഉണ്ടായിരുന്നു. ആ ചായയുടെ ആവേശം ഉള്‍ക്കൊണ്ടു രണ്ടും കല്‍പ്പിച്ചു അടുത്ത ചോദ്യം! എന്നെ.... എന്നെ.. ഇഷ്ട്ടായോ ആവോ? ഊം... ആ മൂളല്‍ അവസാനിക്കുന്നതിനു മുന്നേ അടുത്ത ചായയും ഞാന്‍ തന്നെ അകത്താക്കി. നമ്മുടെ കൊതുകുകളും ആ മൂളല്‍ ഏറ്റുപാടുന്ന പോലെ മൂളിക്കൊണ്ടിരുന്നു!

യാത്ര പറഞ്ഞു ഇറങ്ങി! ഇപ്രാവശ്യം ജനലിനുള്ളിലൂടെ ആ തിളങ്ങുന്ന കണ്ണുകള്‍ വ്യക്തമായി കാണാമായിരുന്നു.

യാത്രാമധ്യേ ഇത്ത ചോദിച്ചു.. എങ്ങനെയുണ്ട് സിറൂ കുട്ടി? കുട്ടി ഓക്കേ. പക്ഷെ മുഖത്ത് കുരു ഒക്കെ ഉണ്ടല്ലോ? ന്നാലും ഇഷ്ട്ടായി! (ഈ ഉത്തരവും പിന്നീട് സീനാക്ക് നല്ല ഓര്മ ഉണ്ടായിരുന്നു. ഇത്ത തന്നെ പാര!)

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്നു കാര്യങ്ങള്‍ ഉറപ്പിച്ചു. കുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. ഒരു കൊല്ലം കൂടി ബാക്കി ഉണ്ട്. പഠിപ്പ് കഴിഞ്ഞു കല്യാണം.

പിന്നെ ഞാന്‍ നാട്ടില്‍ എത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം! പക്ഷെ ആ ഒന്നര വര്‍ഷം! അതൊരു ഒന്നൊന്നര വര്‍ഷം തന്നെ ആയിരുന്നൂട്ടോ!

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – എട്ട്


കാളിംഗ് ബെല്‍ അടിച്ചത് കേട്ടിട്ടുണ്ടാവില്ലേ? എത്തുമെന്ന് പറഞ്ഞതിലും ഒരു മണിക്കൂര്‍ നേരത്തെ ആണ് എത്തിയിരിക്കുന്നത്. ചാറ്റല്‍ മഴ നനഞ്ഞു അങ്ങനെ നില്‍ക്കാന്‍ കൊതി ഉണ്ടായിരുന്നു എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ നിന്നില്ല. അടുത്ത ബെല്ലിനു കാല്‍ പെരുമാറ്റം കേട്ടു!

ഇത്ത ആയിരുന്നു വാതില്‍ തുറന്നത്! ഇതേ വരെ നേരിട്ട് കാണാത്ത, ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള ചേട്ടത്തിയമ്മ. പ്രതീക്ഷിച്ചതിലും നേരത്തെ കണ്ടതിനാല്‍ ആവാം ഒരു നിമിഷത്തേക്ക് പകച്ചു നിന്ന് പോയ അവര്‍ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. ഉമ്മാ...........സിറാജ്!

പിന്നെ എല്ലാം മൂന്നു വര്‍ഷത്തിനു മുന്‍പ് വീട് വിട്ടിറങ്ങുമ്പോഴുണ്ടായിരുന്ന അതെ സീനുകളുടെ ആവര്‍ത്തനം. രണ്ടു വ്യത്യാസം മാത്രം... അന്നത്തേത് ഹൃദയം നുറുങ്ങിയുള്ള കരച്ചിലായിരുന്നെങ്കില്‍ ഇന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍! അന്ന് സ്വന്തം വീട് ആയിരുന്നെങ്കില്‍ ഇന്ന് വാടക വീട്!

വാപ്പ, ഉമ്മ, സഹോദരങ്ങള്‍, ഇത്ത, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്വന്തം തറവാട്ടിലെ ആദ്യത്തെ കണ്മണിയും ആദ്യത്തെ പെണ്തരിയും ആയ കുക്കുമോളെ കണ്ടത്! ഉറങ്ങുകയായിരുന്നു അവള്‍. ഞങ്ങള്‍ അഞ്ചു ആണ്‍മക്കളെ താലോലിച്ചു വളര്‍ത്തിയതിനു ശേഷം വാപ്പാക്കും ഉമ്മക്കും കിട്ടിയ ആദ്യത്തെ പെണ്‍കുഞ്ഞ്! സുന്ദരിക്കുട്ടി!

വിഭവ സമൃദ്ധമായ ഊണ് റെഡിയായിരുന്നു. ഇറച്ചി, മീന്‍, പച്ചക്കറി, ഉപ്പേരി, പപ്പടം, അച്ചാര്‍....സൌദിയില്‍ ദിവസേന കഴിക്കുന്നത് ചിക്കന്‍ കറി ആയിരുന്നു എങ്കിലും ആ ചിക്കന്‍ കറി വേ... ഇത് റെ....! വയറ് വെള്ളം നിറച്ച ബലൂണ്‍ പോലെയായി!

ഊണ് കഴിഞ്ഞു ഒരു പുക വിടണമല്ലോ? എന്താ വഴി? ഇക്കയും ഏറ്റവും താഴെ ഉള്ള അനുജനും ഒഴിച്ച് ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്നു സിഗരറ്റ് വലിച്ചിരുന്നു പണ്ടും! നേരെ താഴെയുള്ള അനിയന് മുട്ടയിടാന്‍ നടക്കണ കോഴിയെ പോലെ നടക്കണ ഇക്കയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി!

മൂന്നു പേരും പതുക്കെ വലിഞ്ഞു തട്ടില്‍ മുകളില്‍ കയറി. എന്റെ റൂം മുകളില്‍ ആയിരുന്നു. പഴയ സ്വന്തം വീട്ടില്‍ ഒരു വലിയ മുറി എനിക്കുണ്ടായിരുന്നെങ്കിലും അവിടെ കിടക്കാന്‍ ഭാഗ്യം കുറവായിരുന്നു എനിക്ക്. കാരണം അടുത്തായിരുന്നു എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റല്‍. ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്ന ഉമ്മയുടെ ഒട്ടു മിക്ക അനുജത്തിമാരുടെയും നാത്തൂന്മാരുടെയും പ്രസവം എലൈറ്റ്‌ ആശുപത്രിയില്‍ ഭംഗിയായി കഴിഞ്ഞു സുഖ ചികില്‍സ എന്റെ വീട്ടിലും പൊറുതി എന്റെ മുറിയിലും ആയിരുന്നത് കൊണ്ട് എനിക്ക് എന്റെ റൂമില്‍ അധികം കിടക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല. മിക്കവാറും ഹോസ്പിറ്റല്‍ ഡ്യൂട്ടിയും എനിക്ക് തന്നെ.

ഗള്‍ഫില്‍ ഗോള്‍ഡ്‌ ലീഫ്‌ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ഈയുള്ളവന്‍ നാട്ടീപ്പോക്ക് പ്രമാണിച്ചു ഇല്ലാത്ത പൈസ കൊടുത്തു വാങ്ങിയ മാല്‍ബരോ സിഗരറ്റിന്റെ ഒരു കാര്ട്ടന്‍ ബാഗിലുണ്ടായിരുന്നത് പൊട്ടിച്ചു മൂന്നാളും പുകവിട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മായിയുടെ മക്കളായ സലീംക്കയും ഷരീഫും എത്തി! (അടുത്തിടെ ഇറങ്ങിയ ഏതോ സിനിമയില്‍ സുരേഷ് ഗോപി മാല്‍ബരോ സിഗരറ്റ് കത്തിച്ചു നിലത്ത് എറിയുമ്പോള്‍ വലിയ ഒരു ശബ്ദത്തോടെ വന്നു വീഴുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും ഞാന്‍ അങ്ങനെ എറിഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഒരു ശബ്ദവും കേട്ടില്ല!). ഒന്നാന്തരം വലിക്കാരനായ സലീംക്കയും ഞങ്ങളുടെ കൂടെ കൂടി!

വലിയൊക്കെ മുറുകിക്കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഗോവണിയില്‍ ഒരു കാല്പെരുമാറ്റം കേട്ടു. വാപ്പ എന്തായാലും വരില്ല. അപ്പൊ ഇക്ക തന്നെ! ഒരു വയസിനേ മൂപ്പുള്ളൂ എങ്കിലും ഇക്കയുടെ മുന്നില്‍ വെച്ച് സിഗരറ്റ്‌ വലിക്കാറില്ലായിരുന്നു! ഒരു മിനിറ്റേ...ഇക്ക മുകളില്‍ എത്തട്ടെ! അപ്പോഴേക്കും നമുക്ക് വേറെ ഒരു സ്ഥലം വരെ പോയി വരാം.

പണ്ട് തൃശ്ശൂര്‍ ത്രിവിക്രമ പാരലല്‍ കോളേജില്‍ വിക്രമന്മാരായി വാനിരുന്ന കാലത്ത് ക്ലാസ്‌ കട്ട് ചെയ്തു പ്രോഗ്രാം ചാര്‍ട്ട് ചെയ്തു സഹപാഠികളായ ഗുരുവായൂരപ്പന്‍ എന്നാ സുരേഷ്, സീതാരാമന്‍, അനന്തരാമന്‍, ഡേവീസ്, ഷിജു, തുടങ്ങി എട്ടംഗ സംഘത്തോടൊപ്പം.

ബിനി റെസ്റ്റോറന്റില്‍ കയറി പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും.അത് കഴിഞ്ഞാല്‍ നേരെ നെഹ്രു പാര്‍ക്കിലേക്ക്..ഒരു പൊക! അവിടന്ന് നേരെ രാഗത്തില്‍ കയറി ഒരു സിനിമ. അതായിരുന്നു പരിപാടി. സ്വരാജ് രൌണ്ടിലൂടെ ആരെയും കൂസാതെ നടന്നു പോകുന്നതിനിടയില്‍ എപ്പോഴോ എന്നെ കണ്ട ഇക്ക ബസില്‍ നിന്നിറങ്ങി ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു!

ബിനി ടൂറിസ്റ്റ്‌ ഹോം. കയറി ചെല്ലുന്നത് ബാറിലെക്കാണ് ! അവിടെ എത്തുന്നതിനു തൊട്ടു മുന്നേ റൈറ്റ് തിരിഞ്ഞാല്‍ റെസ്റ്റോറന്റ്. പക്ഷെ റൈറ്റ് തിരിഞ്ഞത് ഇക്ക കണ്ടില്ല! പുറത്തു കാത്തു നിന്നു....

അപ്പോള്‍ അകത്ത് ഈരണ്ടു പൊറോട്ടയും ഗ്രീന്‍പീസ് കറിയും കഴിക്കാന്‍ ഞങ്ങള്‍ ഷെയര്‍ ഇടുകയായിരുന്നു. അന്ന് ഇക്കാക്ക് പത്തു രൂപ, എനിക്ക് അഞ്ചു, അനിയന്മാര്‍ക്ക് മൂന്നു, രണ്ടു, ഒന്ന് ഇങ്ങനെയായിരുന്നു വാപ്പാടെ വക പോക്കറ്റ്‌ മണി! ഉമ്മക്ക് പത്തു രൂപ മീന്‍ അല്ലെങ്കില്‍ പച്ചക്കറി വാങ്ങാനും! (ഉമ്മാടെ ഈ പത്തു രൂപ പതുക്കെ മേശ വിരിപ്പിനടിയിലേക്ക് തള്ളി വെച്ച്..രണ്ടു ദിവസം കഴിഞ്ഞും അവിടെ ഉണ്ടെങ്കില്‍ അടിച്ചു മാറ്റിയിരുന്നുവെങ്കിലും വാപ്പായോടു ഇങ്ങനത്തെ കുരുത്തക്കേട് കാണിക്കാന്‍ ഭയമായിരുന്നു!)

എന്റെ ഷെയര്‍ അഞ്ചു രൂപയും കൊടുത്തു (സിനിമ ഗുരു സ്പോണ്സര്‍ ചെയ്യാമെന്ന കരാറില്‍) ഭക്ഷണവും കഴിച്ചു മറു വശത്തുണ്ടായിരുന്ന ഡോറിലൂടെ പുറത്തിറങ്ങി. കുറെ നേരം കാത്തു നിന്ന്‍ കാണാതായപ്പോള്‍ അകത്തു വല്ല വാളും വലിച്ചൂരി കിടക്കുന്നുണ്ടാവുമോ എന്നാ സംശയത്തില്‍ ഇക്ക നില്‍ക്കുമ്പോള്‍ ആയിരിക്കണം ഞങ്ങള്‍ ഡേവീസ് ഒഴിച്ച് എഴാളും ഓരോ ഗോള്‍ഡ്‌ ഫ്ലെക്കും കത്തിച്ചു തീവണ്ടി പോകുന്നത് പോലെ റോഡ്‌ ക്രോസ് ചെയ്തു പാര്‍ക്കിലേക്ക് കടക്കുന്നത് കണ്ടിട്ടുണ്ടാവുക!

പാര്‍ക്കിന്റെ ഗേറ്റ് കടന്നു പത്തടി നനന്ന ഞാന്‍ പിന്നില്‍ നിന്നും ഒരു കയ്യടി കേട്ടു തിരിഞ്ഞു നോക്കി! ഇക്കയെ കണ്ടപ്പോള്‍ വായിലുണ്ടായിരുന്ന പുക നവദ്വാരങ്ങളിലൂടെയും പുറത്തോട്ടു പോയി!

ഗുരോ...പ്രശ്നമായി! ചേട്ടച്ചാര് എന്ന് മന്ത്രിച്ച എന്നോട് അവന്‍ ചോദിച്ചു ഞങ്ങള്‍ ഇടപെടണോ എന്ന്. വേഗം വണ്ടി വിട്ടോ എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു. എന്താ ഒരു ശബ്ദം? ഓ..അത് എന്റെ തന്നെ ഹൃദയമിടിപ്പിന്റെ ആയിരുന്നു.

വാ..എന്നും പറഞ്ഞു ഇക്ക മുന്നില്‍ നടന്നു. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ യുദ്ധങ്ങളിലെ അവസാന ഓവറുകളുടെ ടെന്‍ഷനില്‍ ഞാനും പിറകെ!

അടുത്ത് കണ്ട ഒരു സിമന്റു ബഞ്ചില്‍ ഇരുന്നു നിലത്ത് കണ്ട കപ്പലണ്ടി പൊതിഞ്ഞ കടലാസ് എടുത്ത് ഇക്ക വായിച്ചിരുന്നു. ഈ നേരമത്രയും ചെകിടടച്ചു ഒരു അടി പ്രതീക്ഷിച്ചിരുന്ന എന്റെ കൈ ഇക്ക കടന്നു പിടിച്ചു. കുതറിയില്ല. അടി എങ്കി അടി! എന്റെ കൈയും തലയും പിടിച്ചു മൂക്കിനടുത്തേക്ക് കൊണ്ട് പോയി മണപ്പിച്ച ഇക്ക ഒരു ദീര്‍ഘനിശ്വാസം റിലീസ്‌ ചെയ്യുന്നത് കേട്ടു! വെള്ളമടിച്ചിട്ടുണ്ടോ എന്ന ടെസ്റ്റ്‌ ആയിരുന്നു അവിടെ നടന്നത്!

പിന്നെ പതുക്കെ പറഞ്ഞു. സിഗരറ്റ് വലിക്കണ്ട എന്ന് ഇക്ക പറയില്ല! കാരണം കുറെ കാലം കഴിഞ്ഞു ഇക്ക എങ്ങാനും വലിക്കുന്നത് കണ്ടു നീയും ഇക്കാനെ ചോദ്യം ചെയ്യും. അത് കൊണ്ട് വീട്ടില്‍ നിന്റെ റൂമില്‍ ഇരുന്ന് അല്ലെങ്കി രണ്ടു ബാത്ത്‌റൂം ഉണ്ട് അവിടെ ഇരുന്ന് വലിച്ചോ..നാട്ടുകാരെ കാണിച്ചു ഇനി സിഗരറ്റ്‌ വലി വേണ്ട! അത്രേ ഉണ്ടായുള്ളൂ...

ഇക്ക മുകളില്‍ എത്തി! സലീംക്ക ഇക്കയെക്കാള്‍ മുതിര്‍ന്നതാണ്. ബാക്കി എല്ലാവരും സിഗരറ്റ്‌ റൂമില്‍ അവിടേക്കും ഇവിടേക്കും വലിച്ചെറിഞ്ഞു റെഡി ആയി നിന്നു. തൊട്ടടുത്ത്‌ എത്തിയ ഇക്ക കസേരയുടെ താഴെ കിടന്ന പുകയുന്ന സിഗരറ്റ്‌ എടുത്തു വായില്‍ വെച്ച് വെറുതെ ഫൂ.. ഫൂ.. എന്ന് ഊതിയിട്ട് പറഞ്ഞു. എന്താ ഇപ്പൊ എനിക്കൊന്നും തോന്നണില്ല. വെറുതെ എന്തിനാ ആരോഗ്യം കേടാക്കണേ എന്നും ചോദിച്ചു ഇറങ്ങിപ്പോയി!

പക്ഷെ ഇത്രയും നേരം വേറൊരു സംഗതി എന്റെ ഉള്ളില്‍ കിടന്നു പുകയുകയായിരുന്നു. നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്റെ ഫോട്ടോ ഒന്ന് കാണാന്‍ എന്താ വഴി? അഞ്ചാറു പ്രാവശ്യം ഉമ്മാടെ അടുത്ത് പോയി ഒന്ന് കറങ്ങി നിന്നെങ്കിലും ചോദിക്കാന്‍ |”പൌരുഷം” അനുവദിച്ചില്ല! ഒരു പ്രാവശ്യം ഫോട്ടോ ഉണ്ടാകാന്‍ സാധ്യതയുള്ള ഉമ്മയുടെ അലമാരി തുറന്നെങ്കിലും... മോനെ ലുങ്കി ഉമ്മ എടുത്ത് തരാം എന്നും പറഞ്ഞു ഉമ്മ എത്തി!

ഇത്തയെ സോപ്പിട്ടാലോ? ഉച്ചയൂണ് കഴിഞ്ഞു അവരും മയക്കത്തില്‍ ആണ്.

വൈകുന്നേരമായപ്പോഴേക്കും എന്റെ ഹാര്‍ട്ട് പൊട്ടിത്തെറിക്കാനിരിക്കുന്ന “വോള്‍ക്കാനോ” പരുവത്തിലായി! രണ്ടും കല്‍പ്പിച്ചു ഉമ്മാട് ചോദിച്ചു.

ഉമ്മാ... ആ ഫോട്ടോ എവിടെ? ഏതു ഫോട്ടോ മോനെ?

ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്‍റെ?

എന്തിനാ ഇപ്പൊ അത്? അമ്മായി കാണണം എന്ന് പറഞ്ഞു!

അമ്മായി കണ്ടതാണല്ലോ? അല്ല ഉമ്മാ..ഇത് ശരീഫിന്റെ ഉമ്മാക്ക് കാണാന്‍ ആണ്. ശരീഫ്‌ വന്നപ്പോ പറഞ്ഞിരുന്നു. ഉമ്മ വിശ്വസിച്ചു.

കിട്ടി! ഒരു വെള്ള കവറില്‍ ആയിരുന്നു. പുറത്തേക്ക് ഓടി എന്റെ ആ പഴയ സൈക്കിള്‍ എടുത്തു. പോക്കറ്റില്‍ കൊള്ളുന്നില്ല. ഷര്‍ട്ടിനുള്ളിലൂടെ ബനിയന്റെ ഉള്ളിലേക്ക് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു! സൈക്കിളില്‍ കയറി കുതിച്ചു. അമ്മായിയുടെ വീട്ടിലേക്കു പോകുന്ന വഴി തന്നെ.

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു കാല്‍ പോസ്റ്റിന്മേല്‍ കുത്തി വിറയ്ക്കുന്ന കൈകളോടെ ആ വെള്ള കവര്‍ പുറത്തെടുത്തു.

കണ്ടു! എന്റെ സ്വപ്നങ്ങളില്‍ വര്‍ണ്ണമഴ പെയ്യിക്കാന്‍ പോകുന്ന എന്റെ ഹൂറിയെ അരണ്ട വിളക്കുകാലിന്റെ വെളിച്ചത്തില്‍ ആദ്യമായി കണ്ടു! ഒന്ന് രണ്ടു വണ്ടികള്‍ അടുത്ത് കൂടി സ്ലോ ആക്കി കടന്നു പോയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ ആ വര്‍ണ്ണമഴയില്‍ കുളിച്ചു അങ്ങനെ നിന്നു.

കുറച്ചു കഴിഞ്ഞു ദേഹം നനഞ്ഞു തുടങ്ങിയപ്പോഴാണ് അത് വര്‍ണ്ണ മഴ അല്ല ഒറിജിനല്‍ മഴ ആണെന്ന് മനസ്സിലായത്‌.

അമ്മായി കല്ലി വല്ലി! നേരെ വീട്ടിലേക്ക്......

അന്ന് വരെ ബ്ലാക്ക്‌ & വൈറ്റ് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞാന്‍ അന്ന് മുതല്‍ കളര്‍ സ്വപ്നങ്ങളിക്ക് കാലു മാറി.

നാളെ ആ ഹൂറിയെ കാണാന്‍ പോകുന്നു! എന്താ ഈ നാളെ ആവാത്തത്........?

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ഏഴ്


നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത! എന്റെ പാസ്പോര്‍ട്ട് കാണാനില്ല! ഖഫീലിന്റെ ഓഫീസില്‍ എല്ലായിടത്തും അന്വേഷിച്ചു..നൊ രക്ഷ! ഇനി പേപ്പറില്‍ പരസ്യം കൊടുക്കണം..അതും കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷമേ പാസ്പോര്‍ട്ട് കിട്ടൂ. ജോലിയെടുക്കാനൊന്നും ഒരു ഉഷാര്‍ തോന്നിയില്ല! ശരീരം മാത്രമേ ഇവിടെ ഉള്ളൂ. മനസ് നാട്ടിലാണ്. പേപ്പറില്‍ പരസ്യം കൊടുത്തു ഒരു മാസം  കഴിഞ്ഞപ്പോള്‍ ഖഫീലിന്‍റെ ഓഫീസിലെ ഡ്രൈവര്‍ നജീബ് പറഞ്ഞറിഞ്ഞു. പാസ്പോര്‍ട്ട് ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ഖഫീലിന്റെ ഏതോ ഒരു ഇളകുന്ന ഷെല്‍ഫിന് അട വെച്ചിരിക്കയായിരുന്നു എന്റെ പാസ്പോര്‍ട്ട്! അങ്ങനെ പഴയ പാസ്പോര്‍ട്ടില്‍ തന്നെ എക്സിറ്റ്‌ അടിച്ചു കിട്ടി! ഇനി നാട്ടിലേക്ക്...


ബോംബെ (മുംബൈ ആയിട്ടില്ല!) വഴിക്കാ യാത്ര. ഒറ്റയ്ക്ക് പോയാ കളസം വരെ കിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്ന പൊന്നാനിക്കാരന്‍ റൗഫ്‌ ഇക്കയും പ്ലംബര്‍ സലാംക്കയെയും കൂട്ടിനു കിട്ടി. ആകെയുള്ള മൂവായിരത്തി അഞ്ഞൂറില്‍ ആയിരത്തി അഞ്ഞൂറ് രൂപ മൂന്നു അഞ്ഞൂറിന്റെ നോട്ടുകളാക്കി പാന്റിന്റെ ബക്കിളിനടുത്തുള്ള കള്ള പോക്കറ്റില്‍ ഒളിപ്പിച്ചു. ബാക്കി ഒരു കവറിലിട്ട് വീട്ടിലെ തന്നെ അഡ്രസ്‌ എഴുതി പെട്ടിയില്‍ മറ്റു കത്തുകളുടെ കൂടെയും.

സൗദി എയര്‍ലൈന്‍സ്! കഴിഞ്ഞ ഇരുപതു വര്ഷം യാത്ര ചെയ്തതില്‍ ഇത്രയും സുഖകരമായി പോയി വന്ന ഫ്ലൈറ്റ് വേറെ ഉണ്ടാവില്ല. കണ്ണിനു കുളിര്‍മയേകാന്‍ എയര്‍ഹോസ്റ്റസ് ആയി തരുണീമണികള്‍ ഉണ്ടായിരുന്നെങ്കിലും വായിനോക്കികള്‍ക്ക്‌ ആശ്വാസത്തിനു വകയുണ്ടായിരുന്നില്ല! വെല്‍ ഡ്രെസ്ട്!

ക്യാപ്റ്റന്‍റെ സ്റ്റഡി ക്ലാസ്സില്‍ നിന്നും വിമാനം നിലത്ത് തൊടാന്‍ നാലര മണിക്കൂര്‍ വേണമെന്ന് മനസ്സിലായി. കുറെ നേരം വിമാനം പോകുന്ന വഴിയും ദൂരവും കാണിച്ചിരുന്ന ടീവിയില്‍ നോക്കിയിരുന്നു. മനസ്സിന്റെ വേഗത്തിനൊത്ത് ഫ്ലൈറ്റ് പോകുന്നില്ല എന്ന് തോന്നിയപ്പോള്‍ സീറ്റ് പിന്നിലേക്ക്‌ തള്ളി ഒന്ന് കണ്ണടച്ചു. പിറകില്‍ ആയിരുന്നു സീറ്റ്‌. ഉറക്കം വന്നില്ല. നല്ല ഇരമ്പല്‍ ശബ്ദം.

ഫ്ലൈറ്റ് എത്തുന്നതിനു മുന്നേ ഇടയ്ക്കിടെ ഞാന്‍ പലപ്പോഴും നാട്ടിലെത്തി. ഫോട്ടോകളിലൂടെ മാത്രം കണ്ടിട്ടുള്ള പുതിയ രണ്ടു അംഗങ്ങള്‍ കൂടിയുണ്ട് വീട്ടില്‍. ഉമ്മ കഴിഞ്ഞു ആദ്യമായി ഞങ്ങളുടെ വീട്ടില്‍ എത്തിയ പെണ്തരിയായ ഇത്തയും (ഇക്കയുടെ ഭാര്യ) അടുത്ത ജെനെരെഷനിലെ ആദ്യത്തെ അംഗം കുക്കുമോളും. മൂന്നു വര്‍ഷത്തിനു ശേഷം മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാന്‍ പോകുന്നു. പിന്നെ നിക്കാഹ് കഴിക്കാന്‍ പോകുന്ന ഇതേ വരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയും!

ജനലിലൂടെ പുറത്തേക്കു നോക്കി. താഴെ പൊട്ടുകള്‍ പോലെ എന്തോ തിളങ്ങുന്നത് മാത്രം കാണാം. കടലിനു മുകളിലൂടെയാണ് യാത്ര. പലതും ആലോചിച്ച കൂട്ടത്തില്‍ ഈ സാധനം താഴെ പോയാല്‍, തറവാട്ടില്‍ വിരുന്നു പോകുമ്പോള്‍ കുളക്കരയില്‍ നിന്നും സോപ്പ് പെട്ടിയുടെ മൂടി കൊണ്ട് വെള്ളം കോരി കുളിക്കുന്ന ഞാന്‍ (നീന്തല്‍ അറിഞ്ഞുകൂടാ!) എന്ത് ചെയ്യും എന്നും ആലോചിച്ചു. പിന്നെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ ഞാന്‍ അത്ഭുതകരമായി രക്ഷപ്പെടുമെന്നും ആശ്വസിച്ചു!

എത്താറായി! കുറച്ചു ദൂരെ ഇരുന്നിരുന്ന റൗഫ്‌ ഇക്കാടും സലാംക്കാടും വെയിറ്റ് ചെയ്യണേ എന്ന് ഓര്‍മിപ്പിച്ചു സീറ്റില്‍ വന്നിരുന്നു. ക്യാപ്റ്റന്‍ ചേട്ടന്‍ പിന്നെയും താങ്ക്യൂവും ഇനിയും ആ ഫ്ലൈറ്റില്‍ വന്നാല്‍ ഒരപകടവും കൂടാതെ നാട്ടിലെത്തിക്കമെന്നും വാഗ്ദാനം ചെയ്യുന്നതൊന്നും കേള്‍ക്കാന്‍ നമ്മുടെ ആളുകള്‍ക് ക്ഷമ ഉണ്ടായിരുന്നില്ല. വിമാനം നില്‍ക്കുന്നതിനു മുന്നേ തന്നെ എല്ലാവരും ചാടിയെഴുന്നേറ്റു.

ഇറങ്ങി! ഇനിയാണത്രെ ഏറ്റവും വലിയ കടമ്പ..കസ്റ്റംസ്‌! ആകെ കൂടിയുള്ള ഇലക്ട്രോണിക്സ് സാധനം ഇക്കാക്കും അനിയന്മാര്‍ക്കും വേണ്ടി കരുതിയ കാസിയോയുടെ നാല് പോക്കറ്റ്‌ ഡയറി ആയിരുന്നു. ലഗേജും എടുത്തു അവരുടെ കൂടെ തന്നെ നടന്നു. പക്ഷെ കൌണ്ടറിനു അടുത്തെത്തിയപ്പോള്‍ പണ്ടേതോ ഇംഗ്ലീഷ് സിനിമയില്‍ കണ്ട അമ്മയെയും മക്കളെയും വേര്‍ത്തിരിച്ചു വിടുന്ന പട്ടാളക്കാരെ പോലെ കുറച്ചു പോലീസുകാര്‍ ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും പിരിച്ചു വിട്ടു. മൂന്നാളും മൂന്നു വഴിക്ക്. ഒന്ന് അറച്ചുനിന്നതിനു ശേഷം അവരുടെ കൂടെ പോകാന്‍ നിന്ന എന്നെ കോളറില്‍ പിടിച്ചു തള്ളിയ പോലീസുകാരന്‍ മുന്നില്‍ കണ്ട കൌണ്ടര്‍ ചൂണ്ടിക്കാട്ടി. വരുന്നത് വരട്ടെ! പേടിച്ചാനെങ്കിലും മുന്നോട്ടു നടന്നു.

അവിടെ മൂന്നു പോലീസുകാര്‍ ഉണ്ടായിരുന്നു. എന്തോ ചോദിച്ചപ്പോള്‍ അത്യാവശ്യം ഹിന്ദി പറയുമായിരുന്ന എന്റെ വായില്‍ നിന്ന് ജ്യൂസ് കഴിഞ്ഞ ഗ്ലാസിലെ സ്ട്രോയില്‍ നിന്നും വരുന്ന ശബ്ദം പോലെ എന്തോ ഒന്ന് വന്നു! എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ തന്നെ അവന്മാര്‍ക്ക് ഞാന്‍ പുതുമോടി ആണെന്ന് പിടികിട്ടിയിരിക്കണം! രണ്ടു കസ്റ്റംസുകാര്‍ രണ്ടു വശത്തും വന്നു നിന്ന് തോളില്‍ കൈ വെച്ച് മൂന്നാമാനോട് പറഞ്ഞു. ഇവനെ നമുക്ക് ഗോഡവുണില്‍ കൊണ്ട് പോകാം. പാന്റിലൂടെ ഇച്ചിരി പോയോ എന്നൊരു സംശയം! പെട്ടെന്ന് മൂന്നാമന്‍ എന്റെ മുന്നില്‍ വന്നു നിന്ന് ഒരു മാന്ത്രിക വിദ്യ കാണിച്ചു തന്നു. വളരെ കൃത്യമായി ചൂണ്ടു വിരലും നടുവിരലും കൂട്ടിപ്പിടിച്ച് നേരെ എന്റെ സമ്പാദ്യത്തില്‍ പാതി ഭാഗവും ഇരിക്കുന്ന കള്ളപോക്കറ്റിലേക്ക്! പൊങ്ങിവന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ രണ്ടു അഞ്ഞൂറിന്റെ നോട്ടും പോന്നു! ഈ പന്നീടെ കയ്യില്‍ വല്ല ഫെവിക്കോളും തേച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നാ അത്ഭുതത്തിലും ആകെ ഉള്ളതും പോയല്ലോ എന്നുള്ള സങ്കടത്തിലും നില്‍ക്കുമ്പോള്‍ അങ്ങേരുടെ മുഖത്ത് കണ്ട ചിരി! !@#$#%*^*(&%%*!

പിന്നെ കണ്ണിലൂടെ വന്നത് ചോരയായിരുന്നു! വാവിട്ട് തന്നെ കരഞ്ഞു. മൂന്നു മാസമാണ് ലീവ്! കയ്യില്‍ ഉള്ള “ജോര്‍ജുട്ടി” കൂടി പോയാല്‍ എന്ത് ചെയ്യും? കരച്ചില്‍ കണ്ടു പേടിച്ചോ അതോ ദയ തോന്നിയോ ആ ലോലഹൃദയന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് മടക്കി തന്നു പോക്കൊളാന്‍ പറഞ്ഞു. പിന്നെയും ചുറ്റിപ്പറ്റി നിന്നു..വല്ലതും കിട്ടിയാലോ? പക്ഷെ അയാളുടെ ക്രൂരമായ നോട്ടം കണ്ടപ്പോള്‍ വേറെ വല്ലതും കിട്ടുന്നതിനു മുന്നേ തടിയെടുക്കുന്നതാണ് പുത്തി എന്ന് തോന്നി! പതുക്കെ അടുത്ത കൌണ്ടറിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്നിട്ടുള്ള, എനിക്ക് ധൈര്യമായി കൂടെ വന്ന റൗഫ്‌ ഇക്ക ഞാന്‍ കരഞ്ഞതിനെക്കാളും ഉച്ചത്തില്‍ കരയുന്നു! ആശ്വാസമായി!

അബദ്ധം പറ്റിയതോന്നും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയില്ല! പുറത്തു കടന്നു അടുത്ത ടെര്‍മിനലിലേക്ക്.....

നാട്ടിലേക്കുള്ള ഫ്ലൈറ്റ്! കോഴിക്കൊട്ടെക്കാണ്. സൌദി എയര്‍ലൈന്‍സിനെക്കാളും അടുപ്പം തോന്നി ആ ഫ്ലൈറ്റിനോട്! ഒന്നര മണിക്കൂര്‍ യാത്ര. ഒന്നര ദിവസം പോലെ തോന്നി.

അല്‍പ സമയത്തിനകം ലാന്‍ഡ്‌ ചെയ്യുമെന്ന് ക്യാപ്റ്റന്റെ അറിയിപ്പ് കേട്ടപ്പോള്‍ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ അഴിക്കുന്ന ശബ്ദം അവിടവിടെയായി കേള്‍ക്കാമായിരുന്നു! വിമാനം ഒന്ന് ചരിഞ്ഞു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്ന്! തെങ്ങുകളും കുന്നുകളും ഓടിട്ട വീടുകളും! എവിടെ നോക്കിയാലും പച്ചപ്പ്! ടയര്‍ റണ്‍വേയില്‍ തട്ടിയതായി തോന്നിയപ്പോള്‍ തന്നെ എഴുനേറ്റു ഓടിയാലോ എന്ന് തോന്നി. ബിസ്മി പറഞ്ഞു കാല്‍ നിലത്ത് വെച്ചപ്പോള്‍ മൂന്നു വര്ഷം മുന്നേ സൌദിയില്‍ ഇറങ്ങിയ പോലെ സംശയം ഒന്നും ഉണ്ടായില്ല. വലതു കാല്‍ തന്നെ!

ബോംബെയില്‍ സിംഹത്തിന്റെ മടയില്‍ നിന്നും ശിക്കാരിനിരയായി വന്നത് കൊണ്ട് ഇവിടത്തെ എമാന്മാരില്‍ നിന്നും ശല്യം ഒന്നും ഉണ്ടായില്ല. ഫോറിന്‍ മണിയോ സിഗരറ്റോ സ്പ്രേയോ ഉണ്ടോ എന്ന് ചോദിച്ചു പിന്നാലെ കൂടിയ ആളുകളുടെ ശല്യം അല്ലാതെ!

പുറത്തിറങ്ങി. വീട്ടിലേക്കു എത്തിക്കോളാം..കൂടെ പരിചയമുള്ള ആളുകള്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നത് കൊണ്ട് വീട്ടില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. മൂന്നാളും കൂടി ഷെയര്‍ ആയി ഒരു വണ്ടി വിളിച്ചു!

മഴ പെയ്യുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ എത്തി! മൂന്നു വര്ഷം മുന്നേ സൌദിയിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ സ്വന്തം വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ എനിക്ക് ആ വീട്ടില്‍ തിരിച്ചു ചെല്ലാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല! ബിസിനസില്‍ നഷ്ട്ടം വന്ന വാപ്പയുടെ കടങ്ങള്‍ വീട്ടുവാന്‍ ആ വീട് വിറ്റപ്പോള്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു താമസം. ആ വീട് ആണെങ്കില്‍ ഒരു ഏകദേശ രൂപമേ എനിക്കുണ്ടായിരുന്നുള്ളൂ.

ഇക്ക അടയാളമായി പറഞ്ഞ ബാബുരാജ് കഫെ കണ്ടു! അതിനു എതിര്‍വശത്തായി എന്‍റെ വീട്! റൗഫ്‌ ഇക്കായോടും സലാമിക്കയോടും യാത്ര പറഞ്ഞ് (വീട്ടില്‍ കയറി ചായ കുടിക്കാനോന്നും നിന്നില്ല. അവരും വേണ്ടപ്പെട്ടവരെ കാണുന്നതിനുള്ള തിരക്കില്‍ ആയിരുന്നല്ലോ!)

കാറില്‍ നിന്നും ഇറങ്ങി ലഗേജും എടുത്തു മുറ്റത്ത്‌ വെച്ച് കോളിംഗ് ബെല്‍ അടിച്ചു! ആരായിരിക്കും വാതില്‍ തുറക്കുക?

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ആറ്‌!


പനിയല്ലാതെ കാര്യമായി ഒരു അസുഖവും വന്നിട്ടില്ലേ ഇതേ വരെ. ജീവിതത്തില്‍ ആകെ കൂടി പകുതി ദിവസം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. ചെറുപ്പത്തില്‍ സഹിക്കാനാവാത്ത വയര് വേദന വന്നപ്പോള്‍. രാത്രി എട്ടു മണിയോടെയായിരുന്നു. കാറ് വിളിച്ചു നേരെ എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റലിലെക്ക്. അഡ്മിറ്റ്‌ ചെയ്തു. വലിയ ടെസ്റ്റുകള്‍ ഒന്നും വേണ്ടി വന്നില്ല. ഗ്യാസിന്റെ ആയിരുന്നു. പിറ്റേ ദിവസം കാലത്ത് ഡിസ്ചാര്‍ജ്ജ്!

പറയാന്‍ കാരണം മറ്റൊന്നുമല്ല. ഇന്നലെ മുതല്‍ തുടങ്ങിയതാണ് ക്ഷീണം, തലകറക്കം, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി. മൂത്രം നല്ല മഞ്ഞ കളര്‍. ഇടയ്ക്കു ചുവപ്പ് കളറും ഉണ്ടോ എന്നൊരു സംശയം. പണ്ടേ മുതലേ മരുന്ന് കഴിച്ചു ശീലമില്ല. ഗത്യന്തരമില്ലാതായപ്പോള്‍ ഡോക്റ്ററുടെ അടുത്ത് പോയി. ഗ്ലാ..ഗ്ലാ..ഗ്ലീ..ഗ്ലീ..ഗ്ലൂ..ഗ്ലൂ..ഞാന്‍ തിരിഞ്ഞു നോക്കി. സംശയമില്ല യെല്ലോപ്പിത്തം തന്നെ! വേറെ ചികിത്സയൊന്നും ഇല്ല. എന്തോ ഗുളിക ഉണ്ട്. വെള്ളം നല്ലോണം കുടിക്കണം. പിന്നെ ഉപ്പും മുളകും ഒന്നും കഴിക്കാന്‍ പാടില്ല്യ.

ആരുമില്ല നോക്കാന്‍. റൂമില്‍ തന്നെ മൂടിപ്പുതച്ചു കിടന്നു. ഭാസ്ക്കരേട്ടന്‍ കഞ്ഞി വെച്ച് തന്നു. ഉപ്പില്ലാതെ...എന്തെങ്കിലും തൊട്ടു കൂട്ടാനില്ലാതെ എങ്ങനാ? ചെറുപ്പത്തില്‍ മാസാമാസം നടത്തി വരുന്ന ഒരു പ്രക്രിയ ഉണ്ട്. സ്റ്റൊമാക് ക്ലീനിംഗ്! മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാത്രി തരും അഞ്ചു മക്കള്‍ക്കും ബാലസുധ. തൊട്ടടുത്തുള്ള ബാലന്‍ വൈദ്യരുടെ ആശ്രമത്തില്‍ നിന്നാണ് ആ സാധനം റിലീസവുന്നത്. പിറ്റേ ദിവസം കാലത്ത് ഒരു പത്തു മണി ആവുമ്പോള്‍ ഉമ്മ ഒരു ഗ്ലാസ്‌ ചൂടുള്ള നേര്‍പ്പിച്ച കഞ്ഞിവെള്ളം ഉപ്പിടാതെ. അത് കുടിച്ചു കഴിഞ്ഞാ പിന്നെ ഓട്ടം തുടങ്ങുകയായി! ഉപ്പില്ലാത്ത കഞ്ഞി കുടിക്കുമ്പോള്‍ അതാണ്‌ ഓര്മ വന്നത്.

വീട്ടില്‍ ആയിരുന്നെങ്കില്‍ പൊടിയരിക്കഞ്ഞിക്കൊപ്പം ചുട്ട പപ്പടവും കിട്ടിയേനെ...കോരിക്കുടിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവുമായിരുനില്ല്യ!

ഇരുപത്തി അഞ്ച് ദിവസത്തോളം കിടന്നു. “പച്ച” പിടിച്ചു വന്നിരുന്ന ഷോപ്പ് “മഞ്ഞ” പിടിച്ചു! ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം ഡെയിലി കളക്ഷന്‍ ഉണ്ടായിരുന്നത് അഞ്ഞൂറും അറുന്നൂറും ആയി ചുരുങ്ങുന്നതോടൊപ്പം ഭാസ്കരന്‍ വീര്‍ത്തു വന്നു. പരാതിയുണ്ടായിരുന്നില്ല. ഒരു തരം മടുപ്പ് ആയിരുന്നു.

അസുഖം മാറി ജോലിക്ക് കയറി ആദ്യത്തെ ദൌത്യം ഭാസ്കരനെ നാട്ടില്‍ എത്തിക്കുക എന്നതായിരുന്നു. എളുപ്പമായിരുന്നില്ല. ഇന്നത്തെ പോലെ പൊതു മാപ്പ് ഒന്നും തുടങ്ങിയിരുന്നില്ല. ഒരു ഏജന്റ് വഴി കള്ള പാസ്പ്പോര്‍ട്ട് എടുത്തു (ഫോട്ടോ മാറ്റി വെച്ച്) ജിദ്ദ വഴി കയറ്റി വിടാനുള്ള കരാര്‍ ഉണ്ടാക്കി. ഭാസ്കരന് പകരം മലപ്പുറത്തുകാരന്‍ സോമന്‍ എത്തി.

ഭാസ്കരന് ടിക്കറ്റും ശരിയാക്കി. പോവുന്നതിന്റെ തലേന്ന് കയ്യിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണമാല (വന്നു ഒരു കൊല്ലം തികയുന്ന അന്ന് മൂത്ത സഹോദരന്‍റെ കല്യാണം കഴിഞ്ഞിരുന്നു. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ കുട്ടിയായ മോള്‍ക്ക്‌ കൊടുക്കാന്‍ വേണ്ടി വാങ്ങി വെച്ചത്.) ഭാസ്കരനെ ഏല്‍പ്പിച്ചു. ഇപ്രാവശ്യം കത്തൊന്നും കൊടുത്തില്ല. കത്ത് കൊടുത്തിരുന്നെങ്കില്‍ അതും പോയേനെ! അതെ..നിങ്ങള്‍ ഉദേശിച്ചത്‌ തന്നെ! ഭാസ്കരന്‍ എന്‍റെ വീട്ടിലും പോയില്ല. മാലയും കൊടുത്തില്ല! വീട്ടില്‍ നിന്നും സഹോദരങ്ങള്‍ അവനെ അന്വേഷിച്ചു ഒന്ന് രണ്ടു പ്രാവശ്യം പോയിരുന്നു എങ്കിലും ആള്‍ സ്ഥലലത്തില്ല എന്നാ മറുപടിയാണ് വീട്ടില്‍ നിന്നും കിട്ടിയത്.

ഒരു കൊല്ലത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞാന്‍ അവനെ ഒന്ന് കാണാന്‍ പോയി! ഒരു സൌഹൃദ സന്ദര്‍ശനം! മാലയുടെ കാര്യം ചോദിച്ചുമില്ല പറഞ്ഞുമില്ല. ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വിസ ഉണ്ട്, പോകാന്‍ താല്‍പര്യമുണ്ടോ? താല്‍പ്പര്യമുണ്ടെങ്കില്‍ പൈസയുമായി വന്നാല്‍ അവിടെ എത്തിയതിനു ശേഷം അയച്ചു തരാം. എന്തോ വിശ്വസിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആള്‍ പൈസയുമായി എത്തി. മുഴുവനും ഇല്ലെങ്കിലും മാലയുടെ വിലയുടെ മുക്കാല്‍ ഭാഗത്തോളം കിട്ടി! ചെന്നതിനു ശേഷം അയച്ചു കൊടുക്കാമെന്നു പറഞ്ഞ ഞാന്‍ പിന്നെ ഇതേ വരെ പാക്കാരനെ കണ്ടിട്ടില്ല!

അത് പോലെ തന്നെ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ കാക്കുവിനെയും കാണാന്‍ പോയിരുന്നു. ഒതളൂര്‍ അതായിരുന്നു സ്ഥലത്തിന്‍റെ പേര്. തൊട്ടടുത്ത റൂമില്‍ ഉണ്ടായിരുന്ന അലിക്കാടെ സഹായത്തോടെ കാക്കുവിന്റെ വീട് കണ്ടു പിടിച്ചു. കുട്ടികള്‍ക്ക് ബിസ്ക്കറ്റും മിട്ടായിയും വാങ്ങിയിരുന്നു. കുറച്ചു നേരം ഇരുന്നിട്ടും കാക്കുവിനെ കണ്ടില്ല. കണ്ടാലും പൈസ ചോദിക്കില്ലായിരുന്നു.

 അന്ന് വൈകീട്ട് ഖഫീലിന്റെ പേടകം കടയുടെ മുന്നിലേക്ക്‌ ഒഴുകിയെത്തി. ഇപ്രാവശ്യം കൂടെ ഒരു താടിക്കാരനും കൂടി ഉണ്ടായിരുന്നു. രഹീംക്ക. മുവാറ്റുപുഴ ആണ് ദേശം. ഷോപ്പ് ലീസിനു എടുത്തു നടത്താന്‍ ആണ് അദേഹം എത്തിയിരിക്കുന്നത്.

പരിചയപ്പെട്ടു. നല്ല ഒരു മനുഷ്യന്‍. കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. അടുത്ത മാസം ഒന്നാം തിയതി മുതല്‍ അദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ ഖഫീലുമായി സംസാരിച്ചു ഉറപ്പിച്ചു. പക്ഷെ ഞാന്‍ നാട്ടിലേക്ക് പോകണമെന്ന പിടിവാശിയിലായിരുന്നു. മഞ്ഞപ്പിത്തവും ജോലിയുടെ രീതികളും കൊണ്ട് ശരീരം ഒന്നിനും സമ്മതിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാരുണ്ടായിരുന്നുള്ളൂ. അന്ന് അത് ശീലമായിപ്പോയത് കൊണ്ട് ആയിരിക്കണം ഇപ്പോഴും നാല് അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല!

രഹീംക്കയുടെ അപേക്ഷ പ്രകാരം അദേഹം കൊണ്ട് വരുന്ന ആളുകള്‍ക്ക് ഒരു വിധം ജോലിയെ പറ്റി മനസ്സിലാക്കുന്നത് വരെ, ആറു മാസം നില്‍ക്കാന്‍ തീരുമാനിച്ചു. ശമ്പളം അറുന്നൂറു റിയാലില്‍ നിന്നും ആയിരം റിയാല്‍ ആക്കി വര്‍ധിപ്പിച്ചു. കടയിലെ കളക്ഷന്‍ പൈസ അല്ലാതെ ശമ്പളമായി കാര്യമായൊന്നും പറ്റാതിരുന്ന ഞാന്‍ ആ കണ്ടിഷന്‍ സമ്മതിച്ചു. കാരണം വീട് രക്ഷിക്കാന്‍ വേണ്ടി കടല്‍ കടന്ന മകന്‍ തുച്ചമായ തുകയല്ലാതെ ഇതേ വരെ കാര്യമായൊന്നും അയച്ചു കൊടുത്തിരുന്നില്ല...കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം! ആ ശമ്പളം കിട്ടിത്തുടങ്ങിയ ശേഷമാണ് വീട്ടിലേക്ക് മുടങ്ങാതെ പൈസ അയച്ചു കൊടുത്തു തുടങ്ങിയത്!

കടക്കുള്ളിലും പുറത്തും കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ നടത്തി പൂര്‍വാധികം ഭംഗിയോടെ ഞങ്ങള്‍ ആരംഭിച്ചു. രഹീംക്കാടെ കാര്യക്ഷമമായ മേല്‍നോട്ടത്തില്‍ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു വരാന്‍ തുടങ്ങി.

മിക്കവാറും ഗള്‍ഫുകാര്‍ക്ക് ഒരാഴ്ചയിലെ വെള്ളിയാഴ്ച ദിവസം മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കാരുള്ളൂ. കാരണം അന്നാണ് ചിലര്‍ക്ക് ഒരു ദിവസം മുഴുവനുമോ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കുറച്ചു നേരമെങ്കിലുമോ ഒഴിവു കിട്ടൂ. ദിവസങ്ങള്‍, മാസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയി!

വന്നിട്ട് മൂന്നു വര്‍ഷമായി. ഇനി നാട്ടിലേക്ക് പോകണം. അന്നേ പോവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ആണ് വീട്ടില്‍ നിന്നും ഒരു ഫോണ്‍ കാള്‍. വാപ്പയാണ് അപ്പുറത്ത്. മോന് വേണ്ടി ഒരു പെണ്‍കുട്ടിയെ കണ്ടു ഉറപ്പിച്ചു വെച്ചിട്ടുണ്ട്. നല്ല കുട്ടിയാണ്. നാട്ടില്‍ എത്തിയാല്‍ മോന്റെ നിക്കാഹ് നടത്തണം. ഫോട്ടോ ഒന്നും ഇപ്പൊ അയക്കണില്ല ഇവിടെ വന്നിട്ട് കണ്ടാല്‍ മതി!

നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആ മാസത്തെ ശമ്പളവും രഹീംക്ക ബോണസ്‌ ആയി തന്ന കുറച്ചു പൈസയും! ഓരോരുത്തര്‍ക്കും എന്തൊക്കെയോ വാങ്ങി. നാട്ടിലേക്ക് പോകുന്നതറിഞ്ഞു അത് വരെ ഇല്ലാതിരുന്ന മൂന്നു നാല് നാട്ടുകാരും കൂട്ടുകാരും കാണാനെത്തി. എല്ലാവരുടെയും കയ്യില്‍ ചുരുങ്ങിയത് അഞ്ച് കിലോ വീതമുള്ള ഓരോ പൊതിയും ഉണ്ടായിരുന്നു. എനിക്കല്ല.. അവരുടെ വീട്ടില്‍ ഭദ്രമായി എത്തിക്കാന്‍. കൂടെ അവരുടെയും അവരുടെ കൂട്ടുകാരുടെയും കത്തുകളും. നൂറു നൂറ്റമ്പത് കത്തുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ മൂന്നു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെയും ഉടയവരെയും കണ്കുളിക്കെ കാണാന്‍ കയ്യില്‍ അവശേഷിച്ച മൂവായിരത്തി അഞ്ഞൂറ് രൂപയുമായി നാട്ടിലേക്ക്..!