Sunday, 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം അഞ്ച്)


സൌദി അറേബ്യയിലെ ആദ്യത്തെ പെരുന്നാള്‍! ബാവക്ക തലേ ദിവസം പോയതാണ് കൂട്ടുകാരുമൊത്ത്‌ “പത്തിരി പരത്താന്‍”, സ്പെഷ്യല്‍ പെരുന്നാള്‍ ചീട്ടുകളി! കാക്കുവും ലത്തിയും അവരുടെ സ്വന്തക്കാരുടെ റൂമിലേക്ക്‌ പോയി! പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു ഒന്നും ചെയ്യാനില്ലാതിരുനത് കൊണ്ട് വെറുതെ ഓരോന്നോര്‍ത്തു കിടന്നു. നാട്ടിലെ പെരുന്നാളും വാപ്പയും ഉമ്മയും ഇക്കയും അനുജന്മാരും മനസ്സില്‍ ഓടിയെത്തി.

തലേ ദിവസം രാത്രി  തന്നെ ഉമ്മ പത്തിരി പരത്തി വെച്ചിട്ടുണ്ടാകും. പുത്തന്‍ ഡ്രെസ്സും ഇട്ടു, വാപ്പ ഒരു ചെറിയ കഷണം പഞ്ഞിയില്‍ പുരട്ടി തരുന്ന അത്തര്‍ ചെവിക്കുള്ളില്‍ തിരുകി വെച്ച് പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെക്കാന്‍ ഉമ്മയെ ഓര്‍മപ്പെടുത്തിയിട്ടാണ് ഇറങ്ങുക. ദൂരെ നിന്നും നല്ല ഈണത്തില്‍ പള്ളിയില്‍ നിന്നും തക്ബീര്‍ വിളി കേള്‍ക്കാം. നിസ്കാരം കഴിഞ്ഞു ഖുതുബ (പ്രസംഗം) വേഗം അവസാനിപ്പിക്കാത്ത ഖത്തീബിനെ (പള്ളിയിലെ ഇമാം) മനസ്സില്‍ പ്രാകി. തേങ്ങാപ്പാലില്‍ കുതിര്‍ന്ന പത്തിരി പോത്തിറച്ചിയും കൂട്ടി ഒരു പിടി പിടിക്കുന്ന രംഗം ആണ് മനസ്സില്‍. പ്രസംഗം ഒന്നും തലയില്‍ കയറില്ല. തൊട്ടടുത്തിരുന്ന ഗഫൂറും സിറാജുവും മീറ്റിങ്ങിനു സമയമായെന്നു കണ്ണ് കൊണ്ട് അടയാളം തന്നപ്പോള്‍ പതുക്കെ എണീറ്റ് പുറത്തേക്കു നടന്നു. അന്ന് ഏതു സിനിമക്ക് പോകണം എന്ന് തീരുമാനിക്കാന്‍ ആണ് ഈ മീറ്റിംഗ്! വീട്ടില്‍ തിരിച്ചെത്തി പത്തിരിയും ഇറച്ചിക്കറിയുമായി യുദ്ധം നടത്തുമ്പോഴേക്കും ഉമ്മ ഉച്ചക്കുള്ള  ബിരിയാണിപ്പണിയിലേക്ക് കടന്നിട്ടുണ്ടാകും!

വാതില്‍ ആരോ തുറക്കുന്ന ശബ്ദം നാട്ടില്‍ നിന്നും സൌദിയിലേക്ക് തന്നെ തിരിച്ചെത്തിച്ചു. ബാവക്ക കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ അടുത്ത കെട്ട് എടുക്കാന്‍ വന്നതാണ്. പോവുബോള്‍ പറഞ്ഞു. ഊണ് കഴിക്കാന്‍ ആള് ഉണ്ടാവില്ല എന്ന്. അപ്പോഴാണ്‌ ഊണിന്റെ കാര്യം ഓര്‍ത്തത്! വിശക്കുന്നുണ്ടല്ലോ. പെരുന്നാള്‍ ആയത് കൊണ്ട് ഹോട്ടല്‍ മുടക്കം. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റും ഇനി നാല് മണിക്കേ തുറക്കൂ..

അടുക്കളയില്‍ ഒന്നും ഇല്ല! ബാവക്കാടെ റൂമില്‍ എത്തി നോക്കി. ഒരു പായ്ക്കറ്റ് ബ്രെഡും ജാമും കിട്ടി! ഒരു സുലൈമാനിയും ഉണ്ടാക്കി റൂമില്‍ വന്നിരുന്നു. പെരുന്നാള്‍.....ബ്രെഡില്‍ ജാം പുരട്ടി ആദ്യത്തെ കടി കടിക്കുമ്പോഴേക്കും വായില്‍ ഉപ്പുരസം കലര്‍ന്നിരുന്നു!

പെരുന്നാളായിട്ട് വീട്ടിലേക്കു ഫോണ്‍ വിളിക്കണം. തലേ ദിവസം വാങ്ങി വെച്ചിരുന്ന കോയിന്‍ നിറച്ച പ്ലാസ്റ്റിക്‌ കവറുമായി ബൂത്തിലേക്ക് നടന്നു. അമ്പതു റിയാലിന് നാല്പത്തിഎട്ടു കോയിന്‍ ആണ് കിട്ടുക. പോകുന്ന വഴിക്ക് പറയാനുള്ള കള്ളങ്ങള്‍ മനസ്സില്‍ കരുതി വെച്ചു. പുതിയ ഡ്രസ്സ്‌ എടുത്തതും ബിരിയാണി കഴിച്ചതും അടക്കം. പടച്ചവന്‍ സഹായിച്ചു. നുണ പറയേണ്ടി വന്നില്ല.  ബൂത്തിനടുത്തെത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്ക്! പിന്നെ വിളിക്കാം. തിരിച്ചു പോന്നു.   

തിരിച്ച് കഥയിലേക്ക്‌...ഇച്ചിരെ ഉത്തരവാദിത്വക്കുറവിന്റെ അസുഖം ഉണ്ടായിരുന്ന ബാവക്ക കാരണം അറബി ഭാഷ മുഴുവനുമല്ലെങ്കിലും നിത്യോപയോഗത്തിനു വേണ്ടവ വിചാരിച്ചതിലും വേഗം പഠിച്ചു. സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന വന്ദ്യവയോധികനായ ശങ്കരമേനോന്‍ മാഷും നാഗ്പൂരിലെ ജീവിതവും ഹിന്ദിയും എളുപ്പമാക്കി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ ഇന്ഗ്ലീഷും കൂടെക്കൂടി.

നല്ല നിലയില്‍ നടന്നു പോന്നിരുന്ന ആ സ്ഥാപനം നശിപ്പിക്കാന്‍ പതിവ് പോലെ രണ്ടു മലയാളികള്‍ എത്തി. അവര്‍ വന്നതിനു ശേഷം ബാക്കി ഉള്ള ഉത്തരവാദിത്വവും കൂടി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു ബാവക്ക അവരുടെ കൂടെ കൂടി. അവസാനം ഇല്ലാത്ത വിസ കച്ചവടം നടത്തി ബാവക്ക നാട്ടിലേക്ക് മുങ്ങി. പോവുമ്പോള്‍ സ്പോണ്‍സര്‍ക്ക് രണ്ടു മാസത്തെ “വായ്ക്കുരി” കുടിശ്ശികയും എന്റെ ഏഴു മാസത്തെ ശമ്പളവും ഉണ്ടായിരുന്നു. നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത വിസയുടെ ലക്ഷക്കണക്കിന് രൂപ വേറെയും.

കുരുത്തക്കേട് കയ്യിലുണ്ടായിരുന്നെന്കിലും കസ്റ്റമേഴ്സിനെ കയ്യിലാക്കിയിരിക്കുന്ന ബാവക്ക പോയപ്പോള്‍ കമ്പനി നഷ്ട്ടതിലേക്ക് മൂക്ക് കുത്തി. കോണ്ട്രാക്റ്റ് ജോലികള്‍ നഷ്ട്ടപ്പെട്ടു. പിന്നെ പിന്നെ ശമ്പളം പോയിട്ട് അന്നന്നത്തെ അന്നത്തിനുള്ള റിയാലിന് കാത്തിരിപ്പായി. സ്പോണ്സര്‍മാരും തിരിഞ്ഞു നോക്കാതായി.

ഡ്രൈവറുടെ ആവശ്യം ഇല്ലാതിരുന്നത് കൊണ്ട് ലത്തീഫ് നാട്ടിലേക്ക് പോയി. അങ്ങിനെയിരിക്കെയാണ് ഒരു ദിവസം അയാള്‍, ഭാസ്ക്കരന്‍ ഞങ്ങളുടെ കൂടെ എത്തിപ്പെടുന്നത്. കാലത്ത് കട തുറന്നപ്പോഴാണ് ആളെ കണ്ടത്. മുടിയും താടിയും മാസങ്ങളോളം വൃത്തിയാക്കാതെ ഒരു പേക്കോലം. നാട്ടുകാരും വീട്ടുകാരും മരിച്ചു എന്ന് വിശ്വസിച്ചിരുന്ന ഭാസ്കരന്‍ ഒരു കാട്ടറബിയുടെ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയുകയായിരുന്നു. തല്ക്കാലം ഭക്ഷണവും തങ്ങാന്‍ ഒരിടവും അതായിരുന്നു അപേക്ഷ. .

അന്ന് രാത്രി അയാളുടെ കഥ കേട്ടപ്പോള്‍ ഞങ്ങളുടെ അനുഭവങ്ങള്‍ ഒന്നുമല്ലായിരുന്നു. നാട്ടില്‍ അത്യാവശ്യം ചുറ്റുപാടുള്ള ആളായിരുന്നു. നല്ല ഒരു വിസ കിട്ടിയപ്പോള്‍ കയറിപ്പോന്നു. ചെന്ന് പെട്ടത് “മസറ” എന്ന് പറയുന്ന പച്ചക്കറിത്തോട്ടത്തില്‍. സ്ഥലം എവിടെ ആണെന്ന് അയാള്‍ക്കും അറിയില്ല. ആഴ്ചയിലൊരിക്കല്‍ അറബി കൊണ്ട് വരുന്ന ഉണങ്ങിയ കുബ്ബൂസും വെള്ളവും ആണ് ജീവന്‍ നില നിറുത്താനുള്ള ഒരേ ഒരുപാധി. നാട്ടിലേക്ക്‌ പതിവായി കത്തുകള്‍ എഴുതി അറബിയുടെ കയ്യില്‍ കൊടുത്തിരുന്നു. ശമ്പളം മാസാമാസം അയാളുടെ കയ്യില്‍ കൊടുത്തിരുന്ന അഡ്രസില്‍ നാട്ടിലേക്ക് അയക്കുന്നുണ്ടാവും എന്നാണു കരുതിയിരുന്നത്. എങ്കിലും ഒരു ദിവസം കുബ്ബൂസ് എടുക്കാന്‍ പോയപ്പോള്‍ എല്ലാ അത് വരെ അയച്ച എല്ലാ കത്തുകളും ഡാഷ് ബോഡില്‍ നിന്നും കിട്ടിയതോടെ ആ പതിവ് നിറുത്തി. ശമ്പളവും എത്തിയിരിക്കാന്‍ വഴിയില്ലെന്നും മനസ്സിലായി. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി ഇറങ്ങി നടന്ന ഭാസ്കരന്‍ വഴിയില്‍ കണ്ട ഒരു വണ്ടിയില്‍ കയറി അടുത്തുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും കടക്കാരന്‍ അറേഞ്ച് ചെയ്തു കൊടുത്ത ഫ്രീസര്‍ ഉള്ള വണ്ടിയില്‍ കയറി, ബോര്ടരില്‍ ഈതിയപ്പോള്‍ വണ്ടിയുടെ ഉള്ളിലുണ്ടായിരുന്ന ഫ്രീസറില്‍ കയറി ഒളിച്ചിരുന്നാണ് റിയാദില്‍ എത്തുന്നത്‌. ബോര്ടരില്‍ എന്തെങ്കിലും കാരണവശാല്‍ താമസിച്ചിരുന്നു എങ്കില്‍...നല്ല ഒരു ഫ്രഷ്‌ പീസായി വടിയായി മരവിച്ചു വണ്ടിക്കുള്ളില്‍ ഇരുന്നേനെ ആള്‍.

അങ്ങേരു പറഞ്ഞ കഥകള്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച ബിന്യാമിന്റെ “ആട് ജീവിതം” എന്നാ നോവല്‍ ഒറ്റയിരിപ്പിനു വായിച്ചപ്പോള്‍ ഭാസ്ക്കരന്‍ ആയിരുന്നു മനസ്സില്‍! അയാല്‍ പറഞ്ഞതെല്ലാം ശരിയായിരിക്കാമെന്നും തോന്നി. നാട്ടില്‍ പോകുന്ന കാക്കുവിന്റെ ഒഴിവില്‍ അങ്ങനെ ഭാസ്കരന്‍ ജോലി തുടങ്ങി..

ഒരു മാസത്തിനു ശേഷം....കാക്കു നാട്ടിലേക്ക് പോകുന്നു. ഒരു റൂമില്‍ രണ്ടു വര്‍ഷം. വല്ലാത്തൊരു അറ്റാച്ച്മെന്റ് ആയിരുന്നു. വലിയ പെരുന്നാളിന് ഇത്തയേം മക്കളേം കൊണ്ട് വീട്ടില്‍ പോകാന്‍ എന്ന് കാക്കുവിനെ കൊണ്ട് സത്യം ചെയ്യിച്ചു ഞാന്‍.

കാക്കു പോകുമ്പോള്‍ ഒരു കവറില്‍ വാപ്പാക്കുള്ള കത്തും പെരുന്നാള്‍ പൈസയായി മുന്നൂറ്റി അമ്പതു റിയാലും ഒരു കവറിലാക്കി കൊടുത്തു. കാക്കു കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു. “പെരുന്നാള്‍ ആവാനോന്നും ഞാന്‍ കാത്തു നില്‍ക്കില്ല. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോയി വാപ്പായേം ഉമ്മായേം കണ്ടു നീ പറഞ്ഞു തന്നത് പോലെ സുഖമാണ്...അല്ലലില്ലാതെ ജീവിക്കുന്നു എന്ന് പറഞ്ഞു ആശ്വസിപ്പിക്കാം എന്നാ ഉറപ്പും തന്നു.

പടച്ചവന്റെ കൃപയാല്‍ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും കാക്കുവിന് എന്റെ വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സാധിച്ചില്ല. ആത്മാര്‍ത്ഥ സ്നേഹത്തിന് ഏറ്റ ആദ്യത്തെ പ്രഹരങ്ങളില്‍ ഒന്ന്!   

5 comments:

ഷമീര്‍ തളിക്കുളം said...

ഓര്‍മ്മയിലേക്ക് വന്നത് എന്റെ ഉപ്പയുടെ മുഖമാണ്...! അവിടെന്നു പറഞ്ഞുതന്ന ഉപ്പയുടെ പ്രവാസജീവിതമാണ്...! ബോംബെ വഴി "കള്ള ലാഞ്ചിയില്‍" അബൂദാബിയില്‍ വന്നിരങ്ങിയതുമുതല്‍ അനുഭവിച്ച ദുരിതങ്ങളുടെ കഥകേട്ടു കണ്ണുനിരഞ്ഞുപോയ ബാല്യത്തില്‍ ഒരു പ്രതിജ്ഞ ചെയ്തു, വലുതായാല്‍ ഗള്‍ഫിലേക്ക് പോകില്ലെന്ന്..! എന്നിട്ടും ഒടുവില്‍, ഒരു ഗള്‍ഫുകാരനായി വീടിന്റെ പടിയിറങ്ങുമ്പോള്‍ ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്തുപിടിച്ച ഉപ്പയുടെ നെഞ്ഞിടിപ്പ്‌ ഞാന്‍ അറിയുന്നുണ്ടായിരുന്നു...

സിറാജ്'ക്ക,
പാവം കാക്കു, ഇനിയും കണ്ടെത്താത്ത ഇടവഴികളില്‍ പിന്നെടെപ്പോഴെങ്കിലും കണ്ടിരുന്നോ, ആ സുഹൃത്തിനെ...?

നെല്ലിക്ക )0( said...

പോസ്റ്റ്‌ നന്നായിട്ടോ..!

anupama said...

പ്രിയപ്പെട്ട സിറാജ്,
ഞെട്ടിപ്പിക്കുന്ന സത്യം! ഇങ്ങിനെയും സുഹൃത്തുക്കള്‍ ഉണ്ടാകുമോ?
നന്നയി എഴുതിയ അനുഭവങ്ങള്‍!
എന്തേ,ഇപ്പോള്‍ ഒന്നും എഴുതുന്നില്ല?എഴുതുന്നത്‌ ഒരു ആശ്വാസമല്ലേ?
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

പ്രഭന്‍ ക്യഷ്ണന്‍ said...

ഇത്തരം അനുഭവങ്ങളാണ് കാലങ്ങള്‍ക്കു ശേഷവും പ്രവാസിക്ക് ആകെ സമ്പാദ്യമായുണ്ടാവുക..!
എഴുത്ത് നന്നായി മാഷേ..!

ആശംസകളോടെ..പുലരി

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

anubhavangal.. ezhuthiya reethiyum ishtapettu