Thursday, 13 February 2014

വികൃതിക്കണ്ണന്‍ (തുടര്‍ച്ച)

"ആഹാ... ന്താ കുട്ട്യേ കപ്പല് മുങ്ങ്യോ?" 


ഓറഞ്ചു ബക്കറ്റില്‍ ചത്ത് പൊങ്ങിക്കിടക്കുന്ന മീന്‍ഞ്ഞുങ്ങളെ നോക്കി കുഞ്ഞിത്താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയായിരുന്ന കണ്ണനെ അമ്മ്വേച്ചി കളിയാക്കി! മീങ്കുട്ടികളെ കുത്തി ജീവന്‍ വെപ്പിക്കാന്‍ എടുത്ത ഈര്‍ക്കിലി എടുത്ത് ഒന്ന് കൊടുത്താലോ എന്ന് ചിന്തിക്കാതിരുന്നില്ല കണ്ണന്‍! പക്ഷെ അമ്മ കണ്ടാ മൂത്തവരെ തല്ലാന്‍ കയ്യോങ്ങിയതിന് ചുട്ട പെട കിട്ടും! കുഞ്ഞിക്കണ്ണുകള്‍ പരമാവധി തുറിപ്പിച്ച് ദേഷ്യത്തോടെ അമ്മ്വേച്ചിയെ നോക്കി കൊഞ്ഞനം കുത്തി ...

"അമ്മ്വേച്ചി പോയേ..!"

ഊതിയും ഈര്‍ക്കില്‍ കൊണ്ടു തട്ടിയും ജീവന്‍ വെപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട കണ്ണന്‍ കരയണോ വേണ്ടയോ എന്ന കണ്ഫ്യൂഷനില്‍ ഇരുന്നു. കരഞ്ഞിട്ട് കാര്യമില്ല, അമ്മയുടെ അടിയല്ലാതെ വേറെ മീന്‍ കിട്ടില്ല! വല്ല മിഠായിയോ മറ്റോ ആയിരുന്നെങ്കില്‍ അമ്മയുടെ അലമാരിയില്‍ ഉണ്ടാവും! പതുക്കെ എണീറ്റ് അമ്മ്വേച്ചീടെ കൂടെ നടന്നു. പൂവാലീനെ കുളിപ്പിക്കാന്‍ പോകുകയാണ്. വെള്ളത്തില് കളിക്കാലോ?

"അമ്മപ്പശൂനെ അമ്മ്വേച്ചി കുളിപ്പിച്ചോ, മാലൂനെ ഉണ്ണി കുളിപ്പിക്ക്യാ ട്ടോ" നിബന്ധന വെച്ചു കണ്ണന്‍.

"വേണ്ട വേണ്ട...അമ്മ വഴക്ക് പറയും ട്ടാ .. മേല് വെള്ളാക്കാണ്ടേ അകത്ത്ക്ക് പോക്കോ കുട്ടി! ദേ ചേച്ച്യേ.. കണ്ണനെ അങ്ക്ട് വിളിച്ചോ"

നേരത്തെ കരയാന്‍ വിചാരിച്ചത് ഇപ്പൊ കരഞ്ഞാലോ? കണ്ണന്‍ ചിന്തിച്ചു. ആവശ്യം നേരത്ത് കണ്ണീരും വരില്ല! ചുണ്ട് ചുളിച്ച് വലിയ വായില്‍ ഒന്ന് ട്രൈ ചെയ്തുനോക്കി.

"ആഹാ...... കള്ളക്കരച്ചിലൊന്നും വേണ്ടാ ന്‍റെ കുട്ട്യേ! ആദ്യം അമ്മ്വേച്ചി ഈ ചാണോക്കെ വാരി ഒന്ന് വൃത്ത്യാക്കട്ടെ ട്ടോ. ന്ന്ട്ട് കണ്ണനെ വിളിക്കാട്ടോ".

കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. ചേര്‍ന്ന് നില്‍ക്കുന്ന മാലുവിന്‍റെ മുഖത്തും കഴുത്തിലും നക്കിത്തോര്‍ത്തുന്ന പൂവാലി! അമ്മപ്പശുവിന്റെയും കുഞ്ഞിന്‍റെയും കഴുത്തിലുള്ള മണികള്‍ കിലുങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ തറവാട്ടില്‍ അമ്മൂമ്മയുടെ പൂജാമുറി ഓര്‍മ്മ വന്നു കണ്ണന്. മാലുവിന്‍റെ കാലുകള്‍ക്കരികെ എന്തോ കിടക്കുന്നത് കണ്ട് എളിക്ക് കയ്യും കുത്തി ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരു ബീഡിക്കുറ്റി പിന്നെ ജമീലാന്റി ഇടുന്ന മൈലാഞ്ചി പോലെ ഒരു സാധനവും! ബീഡിക്കുറ്റി പൂവാലീനെ കറക്കാന്‍ വരുന്ന അണ്ണാച്ചി വലിച്ചെറിഞ്ഞതാണ്. കണ്ണന് ഇഷ്ടമല്ല ആ മണം! അത് വലിച്ചാ ചുമക്കുകയും ചെയ്യും! നല്ലത് സിഗ്രെറ്റ്‌ ആണെന്ന് അണ്ണാച്ചിയോട് പറയണം. അച്ഛന്‍ ചുമക്കാറില്ലല്ലോ? ആകാംഷയോടെ ഒന്ന് തൊട്ടുനോക്കാന്‍ കുനിഞ്ഞപ്പോഴേക്കും അമ്മ്വേച്ചി വിളിച്ചുപറഞ്ഞു.!

"അയ്യേ.. തൊടല്ലേ കണ്ണാ.....! അതിപ്പോ നാശാക്കൂലോ! അത് മാലൂന്റെ അപ്പ്യാ കുട്ട്യേ!"

ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവത്തില്‍ പതുക്കെ തൊഴുത്തിന് പുറത്തു കടന്നപ്പോഴാണ് ഉമ്മറത്തിരുന്ന അച്ഛന്‍റെ ശബ്ദം കേട്ടത്.

"കണ്ണാ.. ഓടി വാ! ദേ .. ആന പോണൂ!!" ഹായ്‌! ബ്രൂം..ബ്രൂം..കീ..കീ.. കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി ഫസ്റ്റ് ഗീറില്‍ ഇട്ട് നേരെ ഉമ്മറത്തേക്ക് വിട്ടു.

ഗേറ്റിന്മേല്‍ കേറി നിന്ന് അഴികള്‍ക്കിടയിലൂടെ തല പുറത്തെക്കിട്ട് നോക്കി! നീണ്ടു വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കൈയില്‍ ഒരു കെട്ടു തെങ്ങോലയുമായി ആടിയാടി വരുന്നു കൊമ്പന്‍! യ്യോ! എന്തൊരു വലിപ്പം. നടക്കുമ്പോള്‍ ആടുന്ന വാലും കഴുത്തിലെ വലിയ മണിയും! വീടിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ കുഞ്ഞിക്കൈകള്‍ അറിയാതെ ഗേറ്റിലെ ഇരുമ്പുകമ്പിയില്‍ ബലത്തില്‍ പിടിച്ചിരുന്നു. തുറന്ന വായ അടക്കാന്‍ മറന്നുപോയ കണ്ണനെ കടന്ന് ചങ്ങലക്കിലുക്കം അകന്നകന്നു പോയി! കണ്ണന്‍ തിരിഞ്ഞു വീട്ടിലേക്ക്‌ നടന്നു.

"അമ്മാ.. തായേ... വല്ലതും തരണേ......!" അപ്രതീക്ഷിതമായി കേട്ട ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കണ്ണന്‍ ശരിക്കും പേടിച്ചുപോയി! താടീം മുടീം നീട്ടി കീറിയ ബനിയനും ചാക്ക് പോലുള്ള പാന്‍റും തോളില്‍ വലിയ സഞ്ചിയുമായി ഒരു പിച്ചക്കാരന്‍! കണ്ണനെ കണ്ട് വൃത്തിയില്ലാത്ത മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ കാട്ടി അയാളൊന്നു ചിരിച്ചു! വണ്ടി സ്റ്റാര്‍ട്ട് ആക്കാനോന്നും നിന്നില്ല കണ്ണന്‍! അകത്തിരിക്കുന്ന അച്ഛന്‍റെ അടുത്തേക്ക് വാണം വിട്ട പോലെ ഓടി! കയ്യില്‍ ചില്ലറയുമായി അകത്തുനിന്നും വന്ന അമ്മ കണ്ണന്‍റെ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് പിച്ചക്കാരനോടെന്ന പോലെ ചോദിച്ചു. കുറുമ്പ് കാട്ടണോരെ പിടിക്ക്യാനാ? ഇവ്ടാരൂല്ല്യാട്ടോ!"

"അച്ഛാ.. ഉണ്ണിക്ക് ടോമേഞ്ചെറി വെച്ചെര്വോ?"

രവിമാമന്‍ ഗള്‍ഫീന്ന് വന്നപ്പോ തന്ന കണ്ണന്‍റെ സ്വന്തം വീഡിയോ കാസറ്റ് എടുത്ത് ടീവിയില്‍ ന്യൂസ് കാണുകയായിരുന്ന അച്ഛന്റെ മടിയിലേക്ക് ചാടിക്കയറി കണ്ണന്‍ ചോദിച്ചു.

"ന്യൂസ് ഇപ്പൊ കഴീം കണ്ണാ..! പിന്നെ..... വയറൊക്കെ മാറ്റി കുത്തണം! പോയി മാമു തിന്ന്ട്ടു വാ!"

"ദിത്‌ ന്യൂസേല്ലാല്ലോ? വാഷിംഗ് പൌഡര്‍ നിര്‍മ്മ്യെല്ലേ? പ്ലീച് അച്ഛാ...!"

"ഹഹഹ ..അത് പരസ്യാടാ.. ന്യൂസ് ദിപ്പോ കഴീം ...! അത് കഴിഞ്ഞാ വെച്ച് തരാട്ടോ. അപ്പഴ്ക്കും ഓടിപ്പോയി മാമുണ്ട് വാ!" ചേര്‍ത്തുനിര്‍ത്തി കവിളില്‍ ഒരുമ്മ കൊടുത്ത് അച്ഛന്‍ പറഞ്ഞു. എന്തോ ഈ ഉമ്മ കണ്ണന് അത്ര ഇഷ്ടായില്ല! കുഞ്ഞിക്കൈ കൊണ്ട് കവിളൊന്നു തൂത്ത് മനസ്സില്ലാമനസ്സോടെ അച്ഛന്‍റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങി.

ചലോ അടുക്കള! കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി! നടത്തം പതിവില്ലല്ലോ? അടുപ്പിനരികിലെക്ക് വണ്ടി നീക്കി നിര്‍ത്തി ഒന്നെത്തി നോക്കി! മണ്‍ചട്ടിയില്‍ ഗുളുഗുളു ശബ്ദത്തോടെ ഇളകി മറിയുന്ന മീങ്കറി! കറിയില്‍ കിടന്ന കുടമ്പുളി കണ്ടപ്പോള്‍ രവിമാമന്‍റെ കഴിഞ്ഞ ലീവിന് എല്ലാരും കൂടി കായല് കാണാന്‍ പോയത്‌ ഓര്‍മ്മ വന്നു കണ്ണന്! കണ്ണന് ഇഷ്ടാ മീനും കുടമ്പുളീം. വണ്ടി അടുക്കളയില്‍ വാതിലിന് പിറകില്‍ പാര്‍ക്ക്‌ ചെയ്ത് തിരിഞ്ഞുനോക്കിയ കണ്ണന്‍ ഞെട്ടിപ്പോയി! കണ്ണന്‍റെ കുഞ്ഞിപ്പലകേമേ ഞെളിഞ്ഞിരുന്ന് ഊണ് കഴിക്കുന്ന ഏട്ടന്‍!

"ഏട്ട..എണ്റ്റെ ... എണ്റ്റെ! അത് ഉണ്ണീടെ പലക്യാ!" ഒരു അനക്കവും ഇല്ല!

"നാണല്ല്യെ ഏട്ടന് കുട്ട്യോള്‍ടെ പലകേമ്മേ ഇരിക്ക്യാന്‍? അയ്യേ..പൂയ്‌..പൂയ്‌! ഷേം..ഷേം..പപ്പി ഷേം..!" കണ്ണന്‍ ഒരു നമ്പറിട്ടു നോക്കി!

എവടെ? സ്കൂളിലും ട്യൂഷനും ഒക്കെ പോകല്‍ തുടങ്ങ്യെപ്പിന്നെ വല്ല്യേ പവറ! പെന്‍സിലും ബുക്കും ഒന്നും കണ്ണന് കളിക്ക്യാന്‍ കൊടുക്കില്ല!! ഒരു മൈന്റൂല്ല്യ. വെല്ല്യേ ആളായീന്നാ വിചാരം! ഏട്ടന്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

"ഞാ ണീക്കില്ല്യ! നിയ്യ്‌ വേണെങ്കി ആ ചെരെമേ ഇരുന്നോ!"

"ന്യിക്ക് പേട്യാ..! അമ്മെ..ദിത്‌ കണ്ടാ ഈ ഏട്ടന്‍....! എണീക്ക്യാന്‍ പറഞ്ഞെ.." ഒന്ന് രണ്ടു വട്ടം പണി കിട്ടിയിട്ടുള്ളത് കൊണ്ട് ചിരവയുടെ മൂര്‍ച്ചയുള്ള "നാക്ക്" കണ്ണന് പേടിയാണ്. അപ്രത്തെ വീട്ടിലെ അമ്മ്ണ്യമ്മടെ നാക്ക് പോല്യാന്നാ അച്ഛന്‍ പറയ്വാ! പക്ഷെ ആയമ്മക്ക് കണ്ണനോട് നല്ല ഇഷ്ടാട്ടോ! കണ്ണനെപ്പോലെ അവര്‍ക്കും ഇല്ല്യ വായേല് മുഴുവന്‍ പല്ലും!

"അമ്മടെ കുട്ടിനേ ആദ്യം കുളിപ്പിച്ച് തരാട്ടോ, ന്നട്ട് മാമുണ്ണാം വാ.....! അപ്പഴ്ക്കും ഏട്ടന്റെ കഴീം!" മീങ്കറി ചോറില്‍ ഒഴിച്ച് വെളിച്ചെണ്ണ ചേര്‍ത്ത്‌ നല്ലോണം കൂട്ടിക്കുഴച്ച് കുഞ്ഞ്യേ ഉര്ളകളാക്കി, ഒരുളക്ക് മുകളില്‍ ഓരോ കഷണം മീനും വെച്ച് കണ്ണനുള്ള ശാപ്പാട് റെഡിയാക്കി കൊണ്ടിരുന്ന അമ്മ പറഞ്ഞു.

"അയിന് ന്‍റെ മേല് ചെള്യോന്നും ഇല്ല്യാലോ? ദേ..അമ്മ നോക്ക്യേ.."| കണ്ണന്‍ കുഞ്ഞു ബോഡി അങ്ങോട്ടുമിങ്ങോട്ടും വളച്ചു കാട്ടി!!

"നീയിങ്ക്ട് വാ...! പറമ്പിലൊക്കെ ഓടി നടന്നതല്ലേ? അമ്മ കഴ്കി തരാം."

"ഉണ്ണിക്കിപ്പോ കുളിക്കണ്ട! മാമുണ്ടാ മതി!" അമ്മയുടെ കയ്യില്‍ നിന്നും കുതറി മാറി മുഖം ബലൂണ്‍ പോലെ വീര്‍പ്പിച്ച് കയ്യ് രണ്ടും ഊരിത്തെറിച്ചു പോകുമാറ് വീശി ഉമ്മറത്തേക്ക് നടന്നു.

"മക്കളെപ്പോറ്റി...സബോള..തക്കാളി..വെണ്ടയ്ക്കേയ്......"!!! കപ്പയും പച്ചക്കറിയും വില്‍ക്കുന്ന രാജേട്ടന്റെ ഉന്തുവണ്ടിയാണ്. കപ്പക്ക്‌ രാജേട്ടന്‍ ഇട്ടിരിക്കുന്ന പേരാണ് "മക്കളെപ്പോറ്റി"! വല്ല്യേ സൌണ്ട് ഉള്ള രാജേട്ടനെ കണ്ണന് പേടിയാണ്, ഇഷ്ടവും!

കണ്ണന്റെ തലയില്‍ പുരട്ടാനുള്ള എണ്ണക്കുപ്പി ഉമ്മറത്ത് വെച്ച് ഗേറ്റിലേക്ക് നടന്ന അമ്മയുടെ കൂടെ കണ്ണനും കൂടി! എണ്ണ പുരട്ടലില്‍ നിന്നും തല്‍ക്കാലത്തേക്ക് കണ്ണന്‍ രക്ഷപെട്ടു!

"ആഹാ! കുഞ്ഞമ്പ്രാനും ണ്ടല്ലോ കൂടെ?" ചൂരല്‍ക്കൊട്ടയില്‍ നിന്നും ഒരു മാമ്പഴം എടുത്ത് കണ്ണന് നീട്ടി രാജേട്ടന്‍ പറഞ്ഞു.

കണ്ണന്‍ അമ്മയെ ഒന്ന് പാളിനോക്കി! ആര് തന്നാലും ഒന്നും വാങ്ങരുത് എന്നാണു അച്ഛന്‍ പറഞ്ഞിരിക്കുന്നത്!

അമ്മ ചിരിച്ചുകൊണ്ട് തലയാട്ടി. മാമ്പഴവുമായി അകത്തേക്കോടിയ കണ്ണനോട് അമ്മ വിളിച്ചു പറഞ്ഞു! "കണ്ണാ.. അമ്മ്വേച്യോട് പറ നല്ലോണം കഴുകിത്തരാന്‍...! "തക്കാള്യോക്കെ ചീഞ്ഞല്ലോ രാജെട്ടോ?"

മാങ്ങേടെ മണം മൂക്കിലേക്ക് വലിച്ച് കേറ്റി വരാന്തയില്‍ കുന്തിച്ചിരുന്നു ഓല മെടയുകയായിരുന്ന അമ്മ്വേച്ചിയുടെ കയ്യില്‍ കൊടുത്തു. എന്ത് സ്പീഡ ഈ അമ്മ്വേചിക്ക്..ഓല മെടയാന്‍..!!

"ഹായ്! ഇത് മുട്ടിക്കുടിയന്‍ മാമ്പഴാ ട്ടോ!" അമ്മ്വേച്ചി മാമ്പഴം കൈകൊണ്ടു നന്നായി ഞെക്കി പതം വരുത്തി, കഴുകിക്കൊടുത്തു.

ആദ്യത്തെ കടിയില്‍ തന്നെ മാമ്പഴച്ചാറ് കണ്ണന്റെ ചിറിയിലൂടെ, കഴുത്തിലൂടെ കുഞ്ഞിക്കുമ്പയിലേക്ക് ഒലിച്ചിറങ്ങി. മാങ്ങ പിടിച്ച കൈത്തണ്ട കൊണ്ട് തന്നെ അമ്മ ദോശ ഉണ്ടാക്കണ പോലെ ഒന്ന് തൂത്തു പരത്തിക്കൊടുത്തു കണ്ണന്‍! കയ്യും കൈത്തണ്ടയിലെക്ക് ഒലിച്ചിറങ്ങിയ ചാറ് നക്കിയെടുക്കാനായിരുന്നു പണി കൂടുതല്‍! മാങ്ങണ്ടിയിലെ അവസാന നീരും ഊറ്റിയെടുത്ത് കണ്ണന്‍ വിളിച്ചു!

"ഏട്ടാ..ഏട്ടാ...!"

"യെന്താ..? ഞാനിവ്ടെ പഠിക്ക്യാ!"

ഏട്ടന്‍ വിളി കേട്ട് എന്ന് മനസ്സിലായപ്പോ മാങ്ങണ്ടി ദൂരേക്കെറിഞ്ഞു കണ്ണന്‍ വിളിച്ചു പറഞ്ഞു.. "അണ്ടിയിതാ പോണേ.. കൂടെ ഏട്ടനും പൊക്കോ!"

ഫോട്ടോ - ഗൂഗിള്‍ 

4 comments:

smitha adharsh said...

Again...gone to my nostalgic childhood..
100 likes

Siroos Thrissoor said...

നന്ദി ണ്ട് ടീച്ചറേ... :)

ഷംസ്-കിഴാടയില്‍ said...

മങ്ങണ്ടിക്കൊരു തുണ

Siroos Thrissoor said...

ഹഹഹ..സംസ്വോ.. :*