Tuesday, 9 September 2014

അമ്മമഴക്കാറ്....!

തൊടിയിലേക്ക്‌ തുറന്ന ജാലക വാതിലിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റിനൊപ്പം അമ്പലത്തിലേക്ക് പോകുന്ന അയ്യപ്പന്മാരുടെ മന്ത്രധ്വനി മുഴങ്ങി! കൂട്ടത്തിലുള്ള കുഞ്ഞയ്യപ്പന്മാര്‍ തണുത്ത് വിറച്ച് ഉറക്കെ ശരണം വിളിക്കുന്നുണ്ടായിരുന്നു. ഭക്തിഗാനവും ചന്ദനത്തിരിയുടെ പരിമളവുമായി ആറുമണിയുടെ "കിഴക്കെപ്പറമ്പില്‍" നീണ്ട ഹോണടിച്ച് കടന്നുപോയി.

"
അയ്യോ! ഇന്യൂം കെടന്നാ ശെര്യാവില്ല്യ!" അവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച സതീശന്റെ കൈ പതുക്കെ പിടിച്ചുമാറ്റി മായ കിടക്കയില്‍ എണീറ്റിരുന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

കുളി കഴിഞ്ഞ് ഈറനായി കണ്ണന്‍റെ മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ഥിച്ചു. തലേന്നത്തെ പാത്രങ്ങള്‍ കിണറ്റിന്‍ കരയിലേക്ക് വെച്ച് ചായക്കുള്ള വെള്ളവുമായി എത്തിയ മായയെക്കണ്ട് അടുപ്പിനിരകില്‍ സുഖനിദ്രയിലായിരുന്ന അപ്പുപ്പൂച്ച അനിഷ്ടം മറച്ചുവെക്കാതെ ഒന്ന് വളഞ്ഞ് നിവര്‍ന്ന് ചാടിയിറങ്ങി!

"മാഷേ.....കിഴക്കെപ്പറമ്പില്‍" പോയീ ട്ടോ! ണീറ്റോളൂ! ദാ .. ചായ റെഡി" ആവി പറക്കുന്ന ചായ ടേബിളില്‍ വെച്ച് ചുരുണ്ടുകൂടി കിടന്നിരുന്ന സതീശനെ കുലുക്കി വിളിച്ചു.

"അമ്മടെ അടുത്തൊന്നു പോണം! നിയ്യ്‌ പോരുന്നോ?" പുതപ്പ് തലയില്‍ നിന്നും മാറ്റി സതീശന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.

"അപ്പ മാഷ്‌ ന്ന് ഇസ്കൂളീ പോണില്ല്യെ?"

"ഇല്ല്യാ. ശങ്കരമേനോന്‍ മാഷെ വിളിച്ച് പറയാം."

"മ്മ്മം...നട്ടപ്പാതിരക്ക് ഉറക്കത്തീന്ന് എണീറ്റ് വെള്ളം കുടിക്കണ കണ്ടപ്പ നിരീച്ചു. നിയ്ക്കും വരാര്ന്നൂ! ഇന്ന് മോള് ഹോസ്റ്റലീന്ന് വരൂലെ?"

'അത് ശര്യാലോഞാന്തന്നെ പോയ്‌ വരാം"

അഴിഞ്ഞുപോയ കൈലി മുറുക്കി കുത്തി സതീശന്‍ എണീറ്റു. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് കൊല്‍ക്കുഴിഞ്ഞു ജനലിലൂടെ തുപ്പി. ചായഗ്ലാസ്‌ എടുത്ത്‌ ചുണ്ടോടു ചേര്‍ത്തുവെച്ചു.

"ബ്രഷില്‍ പേസ്റ്റ് തേച്ച് വടക്കിനീല് വെച്ചട്ട്ണ്ട്. തോര്‍ത്തും സോപ്പും!" അടുക്കളയിലേക്ക് പോകും വഴി മായ വിളിച്ചുപറഞ്ഞു.

മുറ്റത്ത്‌ കാല്‍പ്പെരുമാറ്റം കേട്ട് മായ ജനലിലൂടെ എത്തിനോക്കി. അമ്പിയമ്മയാണ്!

അമ്പ്യമ്മ എത്ത്യോഈ നാള്യെരം ഒന്ന് ചിരകി തന്നിട്ട് മുറ്റം അടിച്ചാ മതിട്ടോ! വേഗായ്ക്കോട്ടേ. മാഷ്ടെ കുളി കഴ്യാറായി."

കുളിമുറിയില്‍ നിന്നും ഉയര്‍ന്ന ശബ്ദ കോലാഹലങ്ങള്‍ നേര്‍ത്തിരുന്നു. മാഷ്‌ പല്ല് തേക്കുമ്പോള്‍ അങ്ങനെയാണ്! ബഹളം കേട്ടാല്‍ ആരൊക്കെയോ ചേര്‍ന്ന് വഴക്കുണ്ടാക്കുന്ന പോലെ തോന്നും!

കുളിമുറിയുടെ തകരവാതില്‍ വെള്ളം വീണു തുരുമ്പ് പിടിച്ച വിജാഗിരിയുടെ ശബ്ദത്തിനൊപ്പം തുറന്നു.

"അമ്പ്യമ്മേ! മ്മ്ടെ ഗോപാലനോട് വരാമ്പറഞ്ഞിട്ട് ആളെ കാണാല്ല്യാല്ലോആ വാതില് എപ്ലാണാവോ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാ?"

"അവനിപ്പ ഒന്നിനും നേരല്ല്യ ന്‍റെ മായക്കുഞ്ഞേ! ആ പെണ്ണിന്‍റ പിന്നാല്യെന്ന്യാ എപ്ലും. പുതുമോട്യേല്ലെഎത്രെമ്പോരം ആള്‍ക്കാരാ വീട്ടില് അന്വേഷിച്ച് വരണെ. അയ്നെങ്ങന്യാഒരു പണി കിട്ട്യാ മുഴോനാക്കാണ്ടേ പോര്വേല്ലേ?"

"ന്നാലും അമ്പ്യമ്മ അവനോട് ഒന്ന് ഇത്രടം വരെ വരാന്‍ പറയ്‌!" അല്ലെങ്കി മാഷ്‌ അങ്ക്ട് വരുംന്ന് പറഞ്ഞാ മതി"

"ഞാ പറഞ്വോക്കാം! ചിരകിയ നാളികേരം അടുപ്പിന്‍ തിണ്ണയില്‍ വെച്ച് ആയമ്മ കിണറ്റിന്‍ കരയിലേക്ക് നടന്നു.

"മായേ... ഷര്‍ട്ട്?"

"ഷര്‍ട്ടും മുണ്ടും കര്‍ച്ചീഫും കട്ടിലുമ്മേണ്ട് മാഷേ..." കുറ്റിയില്‍ നിന്നും ആവി പറക്കുന്ന പുട്ട് കുത്തി പാത്രത്തിലേക്കിടുന്നതിനിടയില്‍ മായ അടുക്കളയില്‍ നിന്നും വിളിച്ച് പറഞ്ഞു.

കാപ്പികുടി കഴിഞ്ഞ് വസ്ത്രം മാറി ഉമ്മറത്ത് വന്നിരുന്ന സതീശന്‍ അകലെ നിന്നും ബസിന്‍റെ ഹോണടി കേട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. “ഞാന്‍ ഇറങ്ങി ട്ടോ!”.  

"ആആആ .. വേം കേറ് .. വേം കേറ്..

ഡാ.. വാസ്വോ! ധൃതി പിടിക്കണ്ട. കുട്ട്യോള് കേറട്ടെ!

ഓഓ... ആയ്ക്കോട്ടെ ശ്രീരേട്ടാ..! പോട്ടെ റൈറ്റ്‌!" ഡബിള്‍ ബെല്ലടിച്ച് കിളി മുന്നിലെ വാതിലില്‍ തൂങ്ങിക്കിടന്നു.

സ്കൂള്‍ സമയം ആയതുകൊണ്ട് ബസ്സില്‍ നല്ല തിരക്കാണ്. തമാശകള്‍ പറഞ്ഞ്നിറഞ്ഞ ചിരിയുമായി മദ്ധ്യവയസ്കനായ കണ്ടക്ടര്‍ അവര്‍ക്കിടയിലൂടെ ഊളിയിടുന്നു. കുട്ടികളാണ് കൂടുതലും. ശ്രീധരന്‍ വളരെക്കാലമായി ആ ബസ്സില്‍ കണ്ടക്ടര്‍ ആണ്.

"എന്താണ്ടാ ചെക്കാ നെന്‍റെ ബാഗില്ചക്ക്യോ?" നീട്ടിപ്പിടിച്ച കുഞ്ഞിക്കയ്യിലെ ചില്ലറ പെറുക്കിയെടുത്ത് ശ്രീധരന്‍ അവനോട് ചോദിച്ചു. പുഴുപ്പല്ലും കാണിച്ച് നാണത്തോടെ അവന്‍ ചിരിച്ചു.

"സതീശന്‍ മാഷേ.. ഈ കുട്ടിക്കൊരങ്ങനെ ആ ഗ്യാപ്പില്‍ക്ക് നിര്‍ത്തിക്കോഎപ്ലും മോന്തേം കുത്തി വീഴ്ച്ച്യാ!" കേട്ടതും വളരെക്കാലമായി പരിചയമുള്ള പോലെ ആ കൊച്ചുമിടുക്കന്‍ സീറ്റിനിടയില്‍ കടന്ന് മടിയില്‍ ഇരിപ്പുറപ്പിച്ചു.

നീല റിബ്ബണുകള്‍ കൊണ്ട് മുടിയുടെ രണ്ട് വശത്തും "ബട്ടര്‍ഫ്ലൈ" കെട്ടിയ സുന്ദരിക്കുട്ടി മാഷെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ആ ഹെയര്‍സ്റ്റൈലിന് "കൊമ്പ് കുലുക്കും പശൂമ്പ" ന്നാണ് അമ്മു മോള് പറഞ്ഞിരുന്നത് ... സതീശന്‍ ഓര്‍ത്തു.

"മോളുടെ ബാഗിങ്ങ് താ! മാഷ്‌ പിടിച്ചോളാം.

നാണത്തോടെ നിന്ന അവളുടെ മുതുകില്‍ നിന്നും ബാഗെടുത്ത് സീറ്റിനോട് ചേര്‍ന്ന് വെച്ചു. നല്ല ഭാരമുണ്ട്!

"നോക്കണ്ട മാഷേ! ഒരു പൈനഞ്ചു കിലോ ങ്കിലും ണ്ടാവും. ഇപ്പ ഈ കുഞ്ഞുമക്കക്ക് പഠിക്കണെന്റൊപ്പം ജീവിത ഭാരം താങ്ങാള്ള ട്രൈനിങ്ങും കൂട്യാ കിട്ടണേ.. നമ്മട്യെക്കെ കാലത്ത്‌ രണ്ട് നോട്ടുബുക്ക്‌ നടു മടക്കി പിടിച്ചാ കഴിഞ്ഞു!" ഞാ നടു മടക്കിപ്പിടിച്ചുകണ്ടക്ട്രായി. നിങ്ങള് മടക്കാണ്ടേ പിടിച്ചോണ്ട് മാഷും ആയി" ശ്രീധരന്‍ പിന്നെയും ചിരിച്ചു. കൂടെ അയാളും.

ബസ്സ്‌ എല്‍പി സ്കൂളിന് അരികില്‍ പരമാവധി ചേര്‍ത്ത് നിര്‍ത്തി. എല്ലാ കുഞ്ഞുങ്ങളും ഇറങ്ങിയതിന് ശേഷം ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി!

കുറച്ചു നേരത്തിന് ശേഷം ബസ്സ്‌ ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി.

"ഇച്ചിരെ താംസണ്ടാവും ട്ടോ മാഷെ! കൂടെ വന്നാ ഓരോ കാലിച്ചായ അടിക്ക്യാം" ശ്രീധരന്‍ തോളില്‍ കിടന്ന ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ചുകൊണ്ട് പറഞ്ഞു.

"ഞാവ്ടെ ഇരുന്നോള! നിങ്ങള് പോയിവാ..."

കാന്റീനില്‍ നിന്നും എണ്ണ പലഹാരങ്ങളുടെ മണത്തോടൊപ്പം ഒരു പഴയ മലയാള ഗാനത്തിന്റെ ശീലുകള്‍ കാറ്റില്‍ ഒഴുകിയെത്തി.

കണ്ണുമടച്ച് സീറ്റിലേക്ക്‌ ചാരിയിരുന്ന സതീശന്റെ മനസ്സ് ത്രായിക്കര തറവാട്ടിലെത്തി! സിംഹപ്രതിമയുള്ള പടിപ്പുര കടന്നാല്‍ നിരനിരയായി നില്‍ക്കുന്ന പുളിമരങ്ങളാണ്. കാറ്റില്‍ പൊഴിഞ്ഞുവീഴുന്ന കുഞ്ഞു ഇലകള്‍ കട്ടിയുള്ള ഒരു പച്ച പരവതാനി പോലെ കാണാം. കൊഴിഞ്ഞുവീണ കുഞ്ഞുപുളികള്‍ പെറുക്കാന്‍ കുട്ടികള്‍ എത്തും. മധുരം കലര്‍ന്ന പുളിയാണതിന്!

ജോലികിട്ടി പട്ടണത്തിലേക്ക്‌ പോകുമ്പോള്‍ അമ്മയെയും കൂടെ കൊണ്ടുപോകാന്‍ തുനിഞ്ഞതാണ്. എത്രയും നിര്‍ബന്ധിച്ചിട്ടും അച്ഛന്റെ അസ്ഥിത്തറയുള്ള ആ വീട് വിട്ടു എങ്ങോട്ടും പോകാന്‍ അമ്മ തയ്യാറായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും അമ്മക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട്. പശുവും കോഴികളും തൊടിയിലെ നാനാജാതി മരങ്ങളെയും വിട്ട് അമ്മ എങ്ങോട്ടെക്കും ഇല്ലത്രേ. അമ്മക്ക് എല്ലാറ്റിനും വിലാസിനിക്കുഞ്ഞമ്മ മാത്രം മതി. ചെറിയച്ചന്‍ പണ്ടെങ്ങോ അവരെ ഉപേക്ഷിച്ച് നാടുവിട്ടതാണ്.

തനിക്കേറെ ഇഷ്ടമുള്ളതേങ്ങ അരച്ച് വെച്ച കുമ്പളങ്ങക്കറിയും കടുമാങ്ങാ അച്ചാറും കൂട്ടിയുള്ള ഊണ്. വടക്കിനിയിലെ തണുത്ത തറയില്‍ അമ്മയുടെ മടിയില്‍ തലവെച്ചുള്ള ഉച്ചമയക്കം. ഇടതൂര്‍ന്ന മുടിയിലൂടെ അമ്മയുടെ കൈവിരലുകള്‍ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കും. നെറ്റിയിലെ ചന്ദനക്കുറിയും ചിരിമായാത്ത മുഖവും മനസ്സില്‍ കുളിര് പടര്‍ത്തിയപ്പോള്‍ സ്വപ്നത്തിലെന്ന പോലെ അമ്മയുടെ ഗന്ധം അയാളെ തഴുകി കടന്നുപോയി. അമ്മയിപ്പോള്‍ എന്ത് ചെയ്യുകയാവും?

"ആഹാ! ഒറങ്ങ്വന്നാ പൂവല്ലേ മാഷേ?" ശ്രീധരന്‍റെ ശബ്ദം മാഷെ ത്രായിക്കരയില്‍ നിന്നും തൃശൂരിലെക്ക് എത്തിച്ചു. സീറ്റില്‍ കിടന്ന തോര്‍ത്തെടുത്ത് ചില്ലുകള്‍ തുടച്ചു വൃത്തിയാക്കി ഡ്രൈവര്‍. ടയറിന്നടിയില്‍ വെച്ച മരക്കട്ട എടുത്ത് ഫ്രണ്ട്‌ സീറ്റിനടിയിലേക്ക് തള്ളിവെച്ചു കിളിച്ചെക്കന്‍.

ഡബിള്‍ ബെല്ലടിച്ച് ബസ്സ്‌ നീങ്ങി. തിരക്ക്‌ കുറവായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. വീശിയ തണുത്ത കാറ്റില്‍ സതീശന്റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു. പിറകില്‍ നീട്ടി വളര്‍ത്തിയ മുടിയില്‍ തലോടിയ കാറ്റിന്റെ കൈകള്‍ അമ്മയുടെ മൃദുവായ വിരലുകള്‍ പോലെ തോന്നിച്ചു.

"സ്ഥലെത്തീട്ടോ മാഷേ..!" ശ്രീധരന്‍ പതുക്കെ സതീശന്റെ മുതുകില്‍ തട്ടിക്കൊണ്ട് പറഞ്ഞു. "മാഷ്‌ റിട്ടേണ്‍ ട്രിപ്പില് ണ്ടാവ്വോലോ ല്ലേ?" സതീശന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.


ബസ്സിറങ്ങി മുക്കിലെ പലചരക്ക് കടയിലേക്ക് നടന്നു. കടക്കാരന്‍ പതിവ് മുറുക്കാന്‍ പൊതി തയ്യാറാക്കി വെച്ചിരുന്നു. പൈസയെടുത്ത് കൊടുത്ത് ബാക്കി വാങ്ങിക്കാതെ ഇറങ്ങി നടന്നു.

ചാരിയിട്ടിരുന്ന പടിപ്പുര വാതില്‍ മെല്ലെ തള്ളി നീക്കി സതീശന്‍ അകത്തേക്ക്‌ നടന്നു. ഉണങ്ങിക്കരിഞ്ഞ പുളിയിലകളില്‍ അമര്‍ന്ന കാല്‍പ്പെരുമാറ്റം കേട്ട് വീടിനടുത്തുള്ള ചായ്പ്പില്‍ നിന്നും കുഞ്ഞമ്മ ഇറങ്ങിവന്നു.

"ആരാത്കുട്ടനാ?" പുരികത്തിന് മുകളില്‍ കൈ വെച്ച് അവര്‍ ചോദിച്ചു. പ്രായമേറെ ആയിരിക്കുന്നു.

"മ്മ്മ്മ്മ്മ്മം.." അയാള്‍ ഒന്ന് മൂളി. മുറുക്കാന്‍ പൊതി കുഞ്ഞമ്മയുടെ കയ്യിലേക്ക്‌ കൊടുത്തു. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് വിറയ്ക്കുന്ന കൈകളോടെ അവര്‍ നീട്ടിയ തീപ്പെട്ടി വാങ്ങി പതുക്കെ തെക്കിനിയിലെക്ക് നടന്നു.

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് കത്തിച്ച് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.

"കുട്ടാ... അമ്മടെ മോന്‍ എത്ത്യോ? ന്യിക്ക് തോന്നി നിയ്യ് ഇന്ന് വരുംന്ന്!" അമ്മയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നെങ്കിലും ഈറനായ കണ്ണുകള്‍ മുന്നിലെ കാഴ്ച്ചയെ മറച്ചിരുന്നു.

"ദാ വരുന്നമ്മേ...” കണ്ണുനീരില്‍ കുതിര്‍ന്ന കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തിത്തുടച്ച്‌ അമ്മയുടെ അസ്ഥിത്തറയ്ക്കരികിലെക്ക് സതീശന്‍ മെല്ലെ നടന്നു!

വീശിയ കാറ്റില്‍ അച്ഛനുമമ്മയ്ക്കും തണലായി നിന്ന ആ വലിയ മാവില്‍ നിന്നും ഒരില അടര്‍ന്ന് അമ്മയുടെ അസ്ഥിത്തറയിന്മേല്‍ വീണു. നനുനനെ ചാറിയ മഴക്കൊപ്പം ആ ഇലക്ക് മുകളില്‍ അയാളുടെ കണ്ണുനീരും!

1 comment:

I am Anamika said...

ലളിതം... മനോഹരം... കഥാന്ത്യം പ്രതീക്ഷിച്ചതുതന്നെ... എന്നിരുന്നാലും എവിടെയോ നഷ്ടമാകുന്ന എന്തെല്ലാമോ അല്പനേരത്തേയ്ക്ക് കിട്ടിയതുപോലെ...
ആശംസകള്‍...