Sunday 17 January 2016

ഒരു യാത്ര!


കുളി കഴിഞ്ഞു. ഒരുങ്ങി അത്തറും പൂശി അയാള്‍ യാത്രക്ക് തയ്യാറായി. നെഞ്ചു തകരുമാറ് ഉയര്‍ന്ന നിലവിളികള്‍ അയാള്‍ക്ക് പിന്നില്‍ അകന്നുപോയി.

ജനക്കൂട്ടത്തിന് മുകളിലൂടെ ഒരു അപ്പൂപ്പന്‍താടി കണക്കെ ഒഴുകി നീങ്ങി. ആകെ മൂടി കെട്ടിയിരുന്നത് കൊണ്ട് ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെങ്കിലും റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളുടെയും ആളുകളുടെയും ബഹളം കേള്‍ക്കാമായിരുന്നു. എല്ലാറ്റിലുമുപരി ആരോ ചൊല്ലിക്കൊടുക്കുന്ന, ബാക്കിയെല്ലാവരും ഏറ്റു ചൊല്ലുന്ന ദിഖ്റും! ഏറ്റു ചൊല്ലുന്ന പല ശബ്ദങ്ങളിലെയും ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു.

ദിഖ്‌ര്‍ നിശബ്ധമായത്തോടെ പള്ളിയിലെത്തിയെന്നു അയാളറിഞ്ഞു. ഇനി അധിക സമയം ഇല്ല. പള്ളിക്കാട്ടിലെവിടെയോ കൈക്കോട്ടുകള്‍ മണ്ണില്‍ ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടുവോ? കഴിഞ്ഞ മാസം മൂത്താപ്പാടെ മയ്യിത്തിന്റെ കൂടെ അയാളും വന്നിരുന്നു ആ പള്ളിക്കാട്ടില്‍.

എല്ലാവരും നിസ്ക്കാരത്തിന് മുന്നോടിയായി അംഗ ശുദ്ധി വരുത്തുന്ന തിരക്കിലാണ്. ആരൊക്കെയോ തിരക്ക്‌ കൂട്ടുന്നുണ്ട്.

"എല്ലാവരും എത്തിയോ?" ഇമാം ആയിരിക്കണം.

"ഒന്ന് രണ്ടാളും കൂടി ഉസ്താദേ.." ആരോ വിളിച്ചു പറഞ്ഞു.

ഉസ്താദ് മയ്യിത്തിനു വേണ്ടി നമസ്ക്കരിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. നിസ്കാരം കഴിഞ്ഞതോടെ മയ്യിത്ത് കട്ടില്‍ പള്ളിക്കാട്ടിലെക്ക് ഒഴുകി നീങ്ങി. നിതാന്തമായ ഉറക്കത്തിനുള്ള ഇടം തയ്യാറായിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കി ഖബര്‍ വെട്ടുന്ന ഗഫൂറിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.

"നേരം വൈകിവന്ന ആരെങ്കിലും കാണാത്തതായുണ്ടോ? ഇനി വൈകിക്കണ്ട."

മുഖത്തെ തുണി നീങ്ങിയതോടെ അയാള്‍ ആര്‍ത്തിയോടെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. സൂക്തങ്ങള്‍ ചൊല്ലുന്നത്തിനിടെ ഉയര്‍ന്നു കേട്ട തേങ്ങലുകള്‍ അയാളുടെ കാതില്‍ വന്നലച്ചു! മുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അയാളുടെ കണ്‍ തടങ്ങളില്‍ വീണു പൊട്ടിച്ചിതറി. മുഖം പിന്നെയും മറച്ചു.

"ഒരാള്‍ ഇറങ്ങി നിന്നേ... ആ തോര്‍ത്ത് ഇട്ട് വട്ടം പിടിച്ചോ! പതുക്കെ ..പതുക്കെ!"

വെള്ളത്തുണിയില്‍ പൊതിഞ്ഞ ആ ശരീരം ഖബറില്‍ പതുക്കെ ഇറക്കി വെച്ചു. അറബി സൂക്തങ്ങളുടെ മുഴക്കം ഉച്ചത്തിലായി. പലക നിരത്തി വിടവില്‍ മണ്ണ് തേച്ചു പിടിപ്പിക്കയയിരിക്കണം.

പലകയുടെ മുകളില്‍ മണ്ണ് വാരിയിടുന്ന ശബ്ദം. കൂടി നിന്നവര്‍ കണ്ണീരോടെ വിട ചൊല്ലുകയായിരിക്കണം.

"ആ മണ്ണ് വെട്ടി എടുത്തേ.. രണ്ടു മൈലാഞ്ചി കൊമ്പും പൊട്ടിച്ചോ.." ഗഫൂറിന്റെ ശബ്ദം ദിഖ്‌റിനും മുകളിലായി മുഴങ്ങി. ശക്തിയില്‍ മണ്ണ് വീഴുന്ന ശബ്ദം.
എല്ലാം കഴിഞ്ഞു. കാലടി ശബ്ദങ്ങള്‍ അകന്നകന്നുപോയി. ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. ചീവിടിന്റെയും അന്തിമയങ്ങും നേരം ചേക്കേറുന്ന പക്ഷികളുടെയും അല്ലാതെ. അവസാനം അതും നിലച്ചു.

തന്റെ ചുറ്റിലും എന്തോ ശബ്ദം കേള്‍ക്കുന്നുവോ? ആരുടെയോ കാല്‍പ്പെരുമാറ്റം, നീളമേറിയ വസ്ത്രങ്ങള്‍ കാറ്റില്‍ ഉലയുന്ന ശബ്ദം. ചാട്ടവാറടി മുഴക്കം. പാമ്പുകളുടെ സീല്‍ക്കാരം ..........!

തോന്നലല്ല! ആരൊക്കെയോ ഉണ്ട് തന്റെ ചുറ്റിലും! അനിവാര്യമായ വിധിയെ കാത്ത് ... കാതോര്‍ത്ത് ....അയാള്‍ കിടന്നു.

9 comments:

© Mubi said...

മരണമെന്ന നിത്യ സത്യം... ഓര്‍ത്താലും ഓര്‍ത്തില്ലെങ്കിലും അവന്‍ കൂടെയുണ്ട്.

ഫൈസല്‍ ബാബു said...

മരണമെന്ന സത്യം !! അതൊന്നു ഓര്‍ത്തിരുന്നു എങ്കില്‍ മനുഷ്യാ നിന്റെ അഹങ്കാരം എന്നേ കുറഞ്ഞു പോയേനെ :(

Unknown said...

മുബീ..
ഫൈസ് ..
നന്ദി .. സ്നേഹം .. ഈ വായനക്ക്! വിലയേറിയ അഭിപ്രായങ്ങൾക്ക് ..

റോസാപ്പൂക്കള്‍ said...

ആളെ പേടിപ്പിക്യാ...?

എഴുത്ത് നന്നായി കേട്ടോ

Unknown said...

നന്ദി റോസാപ്പൂവേ..നല്ല വാക്കുകള്‍ക്ക്...!
രണ്ടു പ്രാവശ്യം ഐ സി യൂ ല് പോയി വന്നതോടെ ന്റെ പേട്യോക്കെ പോയി! :)

സുധി അറയ്ക്കൽ said...

ഹോ.വായിക്കേണ്ടായിരുന്നു.



നന്നായിട്ടുണ്ട്‌ ട്ടോ!!!!

Unknown said...

നന്ദി സുധീ <3

pravaahiny said...

മരണമെന്നത് ഒരു സത്യമാണ് ഇക്കാ
പ്രവാഹിനി

Anonymous said...

ഇന്നു നീ, നാളെ ഞാൻ..... പ്രകൃതിയുടെ നിഗൂഢതയിലേക്ക് മടങ്ങി പോകേണ്ടവർ. എന്നിട്ടും മനുഷ്യൻ എന്നും എപ്പോഴും അഹങ്കരിക്കുന്നു..... അവനാണ് ഭൂമിയിലെ ശ്രെഷ്ഠമായ സൃഷ്ടി എന്ന്.