Sunday 12 July 2015

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ..

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ..
ഇത്തിരി നേരം ഇരിക്കണേ ..."

ചില ഗാനങ്ങളുടെ ഈരടികള്‍ റിവൈന്റ് ചെയ്യാതെ തന്നെ മനസ്സില്‍ തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരിക്കും. അന്ന് ആ ഗാനമായിരുന്നു.

മനസ്സിലെന്നോ മുള പൊട്ടി പടര്‍ന്ന ഒരു ഭയം അകാരണമായി അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. എല്ലാറ്റിനും മുകളില്‍ നേരിയ ഒരാവരണം പോലെ! അതുകൊണ്ട് തന്നെ ഇപ്പോള്‍ അയാള്‍ക്ക് ഭയമാണ്! ഇരുട്ടിനെ, ഹൃദയമിടിപ്പിനെ, ഉറക്കത്തെ....

യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ഇടക്കിടെയുള്ള ടെലെഫോണ്‍ വിളികളിലും അവള്‍ ഓര്‍മ്മിപ്പിച്ചിരുന്നു. മുറിയില്‍ ഒറ്റക്ക് കിടക്കരുത്! ആരെയെങ്കിലും കൂട്ടിന് വിളിക്കണം. നിസ്സാരമായി തള്ളിയെങ്കിലും ഇടയ്ക്കിടെ അയാളും ഓര്‍ത്തിരുന്നു. ഒന്ന് കുഴഞ്ഞു വീണാല്‍ .. വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ആരുമില്ല. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് അയാളും ഒരു ശുഭാപ്തി വിശ്വാസിയായി.

പ്രാര്‍ഥനയില്‍ മുഴുകി. അല്ലെങ്കിലും മരണ ഭയമോ ബുദ്ധിമുട്ടോ മറ്റു കഷ്ടപ്പാടുകളോ വരുമ്പോഴല്ലേ ഒരാള്‍ ദൈവത്തിലേക്ക് കൂടുതലായി അടുക്കുന്നത്. ഒരാപത്തില്‍ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞാല്‍ മനപ്പൂര്‍വം മറക്കുകയും ചെയ്യും. ഇരുട്ടിനെ ഭയമായിരുന്നത് കൊണ്ട് മുറിയില്‍ വെളിച്ചം ഉണ്ടായിരുന്നു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് എപ്പോഴോ അയാള്‍ ഉറങ്ങി.

പൊടുന്നനെ മുറിയിലെ വിളക്കണഞ്ഞു. കട്ട പിടിച്ച ഇരുട്ടില്‍ ആരുടെയോ കാലടി ശബ്ദം അടുത്തു വരുന്നത് പോലെ തോന്നി. ശക്തമായ ഒരു വെളിച്ചം എങ്ങു നിന്നോ മുറിയില്‍ കടന്ന് വന്നു. ഞെട്ടിയെണീറ്റ്‌ തുറന്ന കണ്ണുകള്‍ വെളിച്ചത്തിന്‍റെ ശക്തിയില്‍ മഞ്ഞളിച്ചു. കണ്ണുകളില്‍ പിന്നെയും ഇരുട്ട് കയറി. മരവിച്ച ശരീരവുമായി കണ്ണുകള്‍ ഇറുകെ അടച്ചു. ശ്വാസഗതികള്‍ നിയന്ത്രണാതീതമായി. ഹൃദയമിടിപ്പ് പെരുമ്പറ പോലെ മുഴങ്ങി.

വരണ്ടുണങ്ങിയ ചുണ്ടുകളും തൊണ്ടയും ഒന്ന് നനയ്ക്കാന്‍ കയ്യെത്തും ദൂരത്തുള്ള വെള്ളം നിറച്ച കുപ്പി കിട്ടിയെങ്കില്‍ എന്നാശിച്ചു. പക്ഷെ അയാള്‍ക്ക് അനങ്ങാന്‍ വയ്യായിരുന്നു. ശരീരം തണുത്തുറഞ്ഞിരുന്നു എങ്കിലും അയാള്‍ വിയര്‍ത്ത് കുളിച്ചിരുന്നു.

അശരീരി പോലെ അയാളാ ശബ്ദം കേട്ടു. "ഹേ മനുഷ്യാ .. ഞാന്‍ മരണത്തിന്റെ മാലാഖ. ഭൂമിയിലെ നിന്റെ സമയം കഴിഞ്ഞിരിക്കുന്നു. എല്ലാം ഇട്ടെറിഞ്ഞ്‌ വെറും കയ്യോടെ പോകാന്‍ തയ്യാറായിക്കോളൂ!"

പുതുമണ്ണിന്റെ ഗന്ധം അയാളുടെ നാസാരന്ദ്രങ്ങളിലേക്ക് അരിച്ചു കയറി. പള്ളിപ്പറമ്പിലെ നനഞ്ഞ മണ്ണില്‍ കൈക്കോട്ടുകള്‍ ആഞ്ഞുപതിച്ചു. മറ്റു ഖബറുകള്‍ക്കരികെ നിന്നിരുന്ന മൈലാഞ്ചിക്കൊമ്പുകള്‍ കാറ്റില്‍ ആടിക്കളിച്ചു. ചെവിയില്‍ ചാട്ടവാറടികള്‍ മുഴങ്ങി. പാമ്പുകളും പഴുതാരയും മറ്റു ഇഴജന്തുക്കളും അയാളുടെ വരവിനായി അക്ഷമയോടെ നിന്നു.

"കൊതി തീര്‍ന്നില്ല! കുറച്ചു സമയം കൂടി....?"

"ഇല്ല! എനിക്കതിന് അധികാരമില്ല. ഇതിനു മുന്നൊരു തവണ ഞാന്‍ വന്നിരുന്നു. പക്ഷെ നീ ഭാഗ്യവാനായിരുന്നു. ഞാന്‍ തിരിച്ചുപോയി. ഇത്തവണ തെറ്റ് പറ്റില്ല. പോകാം!"

തലയിണ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. അപ്പോഴേക്കും ഹൃദയത്തെ വരിഞ്ഞുകെട്ടി തൊണ്ടയില്‍ എന്തോ മുറുകാന്‍ തുടങ്ങി. നെഞ്ച് വളച്ചു ശക്തിയായി ശ്വാസം ആഞ്ഞുവലിച്ചു എങ്കിലും പരാജയപ്പെട്ടു. കണ്ണുകള്‍ പതുക്കെ മേലോട്ട് മറിഞ്ഞു. ചുരുട്ടിപ്പിടിച്ച കൈകാല്‍ വിരലുകള്‍ പതുക്കെ നിവര്‍ന്നു ... പിന്നെ നിശ്ചലമായി!

ശരീരത്തില്‍ നിന്നെന്തോ അപ്പൂപ്പന്‍ താടി പോലെ പറന്ന് കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ പാറി നടന്നു.

ഞാന്‍ മരിച്ചു! 

7 comments:

Unknown said...

നിത്യ ജീവിതത്തില്‍ നാമൊരിക്കലും പറയാത്ത വാചകം. "ഞാന്‍ മരിച്ചു". പക്ഷെ മരണത്തിനു ശേഷം ഒരു ജീവിതമുണ്ടെങ്കില്‍ നമ്മള്‍ അവിടെ ജനിക്കുന്നത് ഈ വാക്ക് ഇവിടെ പറഞ്ഞിട്ടായിരിക്കും അല്ലെ.

കൊള്ളാം സിരൂസ് ഇക്ക. കഥ കലക്കി.

Unknown said...

ഡബിൾ ക്ലൈമാക്സ് ആയിരുന്നു കുട്ടാ ;) സ്വപ്നം കണ്ടു ഞെട്ടി എഴുന്നേൽക്കുന്ന പഴയ ക്ലൈമാക്സ് ഒന്ന് മാറ്റിപ്പിടിച്ചതാ :)

സുധി അറയ്ക്കൽ said...

കൊള്ളാം.നന്നായിരിയ്ക്കുന്നു.



എന്തേ എഴുതുന്നില്ല.?

Unknown said...

നാട്ടിലായിരുന്നു സുധീ.. ചില ആരോഗ്യ പ്രശ്നങ്ങള്‍.. തുടരും ! നന്ദി വായനക്ക് ..

സുധി അറയ്ക്കൽ said...

ആരോഗ്യമൊക്കെ എങ്ങനെ?സുഖായോ??

Unknown said...

സുഖംമ്മ്മ്മ്മ്മം :)

Anonymous said...

വീണ്ടും മരണം......!