Friday 24 April 2015

ഓപ്പറേഷന്‍ അല്‍ തൊരപ്പ

"പണ്ടാറടങ്ങാന്‍ ഈ തൊരപ്പനെക്കൊണ്ട് തോറ്റൂലോ റബ്ബേ?"
ചിരകിക്കഴിഞ്ഞ നാളികേരത്തിന്റെ ചിരട്ട പറക്കുംതളിക പോലെ ചെവിക്കരികിലൂടെ പാഞ്ഞുപോയി!
പഞ്ചായത്തിന്റെ "ജലനിധി"ലൂടെ വരുന്ന വെള്ളം എക്സ്റ്റന്‍ഷന്‍ ഹോസിട്ട് കിണറ്റിലേക്ക് പൂഴ്ത്തി വെള്ളം ചോര്‍ത്തുകയായിരുന്ന ഞാന്‍ ആ അശരീരി കേട്ട് ഒന്ന് ഞെട്ടി! "തൊരപ്പാ" ന്നോ? ഹേയ്! എന്നെ ആവാന്‍ സാദ്ധ്യതയില്ല! ഞാന്‍ തിരക്കില്‍ ആണെന്ന് അറിയാലോ?
"ന്താ പ്പോ പ്രശനം?"
"ഒന്ന് നോക്ക്യേ ന്നൂം നിങ്ങള്! തറെടെ നാല് ഭാഗോം മാന്തി വെച്ചേക്ക്ണൂ. എപ്ലാണാവോ പെര്യൊക്കെ കൂടി ഇടിഞ്ഞ് പൊളിഞ്ഞ് താഴേക്ക് വീഴാ?"
പിന്നേ... ഒരു തൊരപ്പന്‍ നാല് കുഴി കുത്ത്യാ വീടിപ്പോ വീഴാമ്പോവല്ലേ? തെങ്ങിന്റെ കടയ്ക്കല്‍ നിന്നും ഇച്ചിരെ മണ്ണെടുത്ത് ആ കുഴി മൂട്യാ പോരെ? അവള്‍ക്ക് നല്ല ഉന്നം ആണെന്ന് അറിയാവുന്നത് കൊണ്ട് കയ്യകലത്തില്‍ നിന്ന് എന്നോട് തന്നെ പറഞ്ഞു.
തുരപ്പ നിന്തിരുവടികള്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച സ്ഥലത്തേക്ക് കൈക്കോട്ടും എടുത്ത് നടന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കാണാന്‍ ഹാപ്പിയായി പോണ മന്ത്രിടെ കൂടെ തിക്കിത്തിരക്കി നടക്കുന്ന ചോട്ടാ നേതാക്കളെ പോലെ വില്ലേജ് ഓഫീസില്‍ നിന്നും മതില് ചാടിവന്ന പൂച്ചകള്‍ നെലോളിച്ചുകൊണ്ട് കൂടെക്കൂടി. തമിഴ് സിനിമയിലെ മരണ സീനില്‍ നെഞ്ചത്തടിച്ചു കരയണ അമ്മാള്മാരെപ്പോലെണ്ടാരുന്നു ആ കരച്ചില്‍. മീന്‍ നന്നാക്കിയ വേസ്റ്റും വെള്ളവും കൊണ്ട് കളയാന്‍ ആണെന്ന് വിചാരിച്ചിട്ടുണ്ടാവും!
തരക്കേടില്ലാത്ത കുഴികള്‍! പള്ളിപ്പെരുന്നാളിന് ട്യൂബ് ലൈറ്റ് കുഴിച്ചിടാന്‍ പാകത്തില്‍ കൃത്യമായ വലിപ്പത്തിലും അകലത്തിലും. മതിലിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ഫ്യൂസായ സിഎഫെലും കുപ്പികളും തല്ലിപ്പൊട്ടിച്ചു കുഴിക്കുള്ളില്‍ ഇട്ട് മതില് പണിക്കായി മാറ്റി വെച്ച പാറപ്പൊടിയും സിമന്റും ഇട്ട് നല്ലൊരു തേമ്പും തേമ്പി കുറച്ചകലെ നിന്നും വീക്ഷിച്ച് "ആല്‍മസംതൃപ്തി" വരുത്തി!
"അതേയ്! രണ്ട് കറി വേപ്പിന്റില ങ്ക്ട് പൊട്ടിച്ചോ! ആഹാ.. സിമന്റൊക്കെ ഇട്ടാ? അപ്പൊ ഈ പണിയൊക്കെ അറിയാലെ?"
ഒന്ന് മേപ്പാട്ട് പൊങ്ങി! വല്ലാണ്ടെ അഹങ്കരിച്ചാല്‍ ഇനി ലീവ് കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് പോകണ്ട! ഇവിടെ ഈ സിമന്റിടുന്ന പണി എടുത്താല്‍ ഡൈലി 750 രൂപേം ചെലവും കിട്ടും എന്നായിരിക്കും അവള്‍ടെ അടുത്ത ഡയലോഗ്! "ഓ.. ഇതൊക്കെ എന്ത്" എന്നുള്ള ഒരു സ്മൈലി ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത് കറി വേപ്പില പൊട്ടിക്കാനായി നീങ്ങി!
പിറ്റേ ദിവസം മക്കള്‍ക്ക് സ്കൂള്‍ ഇല്ലാത്തത് കൊണ്ട് നേരം വൈകിയാണ് എണീറ്റത്. തൊട്ടടുത്ത അമ്പലത്തില്‍ നിന്നും "കൌസല്യ സുപ്രജാ.." കേള്‍ക്കുന്നു! ഇതെന്തത്ഭുതം? പ്രഭാത വന്ദനം പത്തുമണിക്കോ? ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി പ്രിയതമയുടെ സ്വന്തം കൃതിയായ "തുരപ്പസ്തുതി"യുടെ റെക്കോര്ഡ് ആണ്.
അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റി നേരെ ഓടി! ഭംഗിയില്‍ സിമന്റും ചാന്തും ഇട്ട സ്ഥലം തലേ ദിവസത്തെക്കാള്‍ ഭംഗിയിലും വലിപ്പത്തിലും പുനര്‍നിര്‍മ്മാണം നടത്തി വെച്ചിരിക്കുന്നു "നായിന്റെ മോന്‍ തുരപ്പന്‍"! കുഴിയില്‍ കുത്തിനിറച്ച കുപ്പിച്ചില്ലുകള്‍ കൊണ്ട് ഒന്നാന്തരം ഒരു പൂക്കളവും നടുവില്‍ തൃക്കാരപ്പന് പകരം ഒരു കിസ്സാന്‍ ജാം കുപ്പിയുടെ മൂടും!
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല! "സീനാ.. കുറച്ചു ഒണക്ക മൊളക് എട്ത്തോ. ഇച്ചിരെ ചകിരീം" ചകിരിയില്‍ വെള്ളം കുടഞ്ഞ്‌ ഉണക്കമുളക് ഫില്‍ ചെയ്ത് മാളത്തിനകത്തേക്ക് കുത്തിക്കേറ്റി. പ്രകാശേട്ടന്റെ കയ്യും കാലും പിടിച്ച് മാസത്തിലൊരിക്കല്‍ കിട്ടുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ കാല്‍ ലിറ്ററോളം ഒഴിച്ച് തീ കൊടുത്തു. തീ പതുക്കെ നീറിപ്പുകഞ്ഞു തുടങ്ങി!
ഒന്ന് .. രണ്ട് .. മൂന്ന് .. നാല്!
ആകാംഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ തുമ്മല്‍! തൊരപ്പനല്ലാ.. സീന! അല്ലെങ്കില്‍ തന്നെ പുലര്‍ച്ചെ അയല്‍പക്കക്കാരെ മൊത്തം വിളിച്ചുണര്‍ത്തുന്നത് അലര്‍ജിയുടെ അസുഖമുള്ള പുള്ളിക്കാരിയാണ്. "അകത്തേക്ക് പൊക്കോ".. ചമ്മല് മറച്ച് അവളോട്‌ പറഞ്ഞു. ചങ്ക് പൊള്ളുന്ന ഒരു നോട്ടം നോക്കി അവള്‍ വേണാട് എക്സ്പ്രസ് പോലെ അകത്തേക്ക് പാഞ്ഞുപോയി! പൊകക്കല് കഴിഞ്ഞ് അകത്തേക്ക് വാ! ശരിയാക്കിതരാം എന്നൊരു ധ്വനി ആ നോട്ടത്തില്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല!
കുറച്ചു സമയത്തിനുള്ളിള്‍ എന്റെ തുമ്മലിന്റെ എക്കോ അയല്‍പ്പക്കത്ത് നിന്നും വില്ലേജാപ്പീസില്‍ നിന്നും ഉയര്‍ന്ന് തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട് വെള്ളമെടുത്ത് പുകയുന്ന തീ കെടുത്തി പ്ലിംഗനായി പതുക്കെ അകത്തേക്ക് മണ്ടി ഞാനും!
"ഓപ്പറേഷന്‍ തൊരപ്പ" മൂന്നാം ദിവസം! വടക്കാഞ്ചേരി ടൌണില്‍ പോയി ഒരു കൂട് വാങ്ങി. രാത്രി ഒരു കാല്‍ പൂള് നാളികേരം ചുട്ടതും രണ്ടു വലിയ ഉണക്ക മാന്തളും വെച്ച് നാളികേരത്തില്‍ ഒരു പാക്കറ്റ് മൊത്തം "റാറ്റ് കില്ലര്‍" തേമ്പി തൊരപ്പ ഗൃഹത്തിന് മുമ്പാകെ പൂജക്ക്‌ വെച്ചു.
രാത്രി ജനലിന്നപ്പുറത്ത് നിന്നും കന്നഡ ഇടിപ്പടത്തിലെ പോലെ സൌണ്ട് കേട്ട് ഞാന്‍ ആനന്ദ സാഗരത്തില്‍ ആറാടി! അപ്പോള്‍ തന്നെ നോക്കി ആനന്ദ നിര്‍വൃതി അടയാന്‍ എണീറ്റ എന്നെ "ചെലപ്പോ കള്ളനാവും" എന്ന് പറഞ്ഞ് പ്രിയതമ പേടിപ്പിച്ചു.
കാക്കകളുടെ കരച്ചിലാണ് അന്നത്തെ അലാറമായത്! പുറത്തേക്ക് ചെന്ന എന്നെയും കാത്ത് ശത്രുവിന്റെ ശവം കിടന്നിരുന്നു. കുറച്ചകലെ മരണ വെപ്രാളത്തില്‍ പൊളിഞ്ഞ കൂടും ... ട്രെയിന്‍ തട്ടിയ നാനോ കാറ് പോലെ!
പക്ഷെ അപ്പോഴും ചത്തുകിടന്നതിന് കുറച്ചകലെയായി വേറെ മൂന്നു കുഴികള്‍ രൂപം പൂണ്ടിരുന്നു. അതില്‍ ഏതിലോ ഒന്നില്‍ എന്നെയും നോക്കി ചിരിക്കുന്ന മറ്റൊരു തൊരപ്പനും!!!

3 comments:

പട്ടേപ്പാടം റാംജി said...

തൊരപ്പനോടാ കളി.ഹും.
സരമായി പറഞ്ഞു.

AfzThaThi said...

🤣🤣🤣👌👌 പൊളി...ഇനി ങ്ങടെ മൊത്തം ബ്ലോഗ്‌സും വായിച്ചിട്ട് തന്നേ ബാക്കി കാര്യം...

Anonymous said...

ആഹാ.... തൊരപ്പ വധം ആട്ടകഥ 🤣