Tuesday, 12 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം രണ്ട്)


സുബ്ഹി ബാങ്ക് കൊടുത്തു. പക്ഷെ നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. ഗള്‍ഫ്‌ നാട്ടിലെ ആദ്യത്തെ ദിവസം. ഐശ്വര്യമായി തന്നെ ആയിക്കോട്ടെ. മസ്ജിദ്‌ തൊട്ടടുത്ത്‌ തന്നെ. നമ്മുടെ നാട്ടിലെ പോലെ അല്ല. സാമാന്യം നല്ല ആളുകള്‍ ഉണ്ട് നിസ്ക്കരിക്കാന്‍. നിസ്കാരം കഴിഞ്ഞു റൂമില്‍ എത്തി. എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു.

ഒരു ചായ കിട്ടിയിരുന്നെങ്കില്‍......വീട്ടില്‍ മക്കള്‍ എണീറ്റത് മണത്തറിഞ്ഞു ചായ കൊണ്ട് വന്നു തന്നിരുന്ന പ്രിയപ്പെട്ട ഉമ്മായെ ഓര്മ വന്നു! രക്ഷയില്ല. കിച്ചനിലേക്ക് നടന്നു. പൊടിയും പഞ്ചസാരയും കണ്ടു ഭാഗ്യം! ചായ കുടിക്കുമ്പോള്‍ തോന്നി ഒരു ന്യൂസ്‌ പേപ്പറും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്...

ഏഴു മണിക്ക് ജോലി തുടങ്ങണം. ഒരു വലിയ ലാണ്ടറി (ഡ്രൈ ക്ലീനിംഗ് ഷോപ്പ്) ആണ്. പക്ഷെ അത് ഒരു ഒന്നൊന്നര ലാണ്ടറി തന്നെ ആയിരുന്നു. പത്തു പതിനഞ്ച് വാഷിംഗ് മഷീനുകള്‍ നിരന്നിരിക്കുന്നു. സ്റ്റാര്‍ വാര്‍സ് സിനിമയിലെ പോലെയുള്ള റോബോട്ടുകളെ പോലെ മൂന്നു കാല്‍ ഉള്ളവ. ഉണ്ണിയേട്ടന്‍റെ കൊപ്രമില്ലിലെ മിഷ്യന്‍ ഓര്മ വന്നു. വേറെയും വലിയ മഷീനുകള്‍ അടുത്തടുത്തായി.. വാഷിങ്ങിനു ഷാജിയും കുഞാവയും. ലത്തി ഡ്രൈവര്‍ ആണ്. ബീക്കോം ഫസ്റ്റ് ക്ലാസ്സില്‍ പാസാവാത്ത നമ്മള് സൂപ്പര്‍വൈസറും!

ഒരു മല പോലെ വെള്ള തുണികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിലെ മൊത്തം ബെഡ്, പില്ലോ, ടേബിള്‍ ഷീറ്റുകളും മറ്റും ആണ്. അത് കൂടാതെ കമ്പനിയുടെ സ്വന്തം കൌണ്ടറില്‍ വരുന്നത് വേറെ. പഴയ സ്റ്റാഫുകള്‍ അത് സോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ പുതിയ ആളുകള്‍ക്ക് മൂന്നു ദിവസം ഒക്കെ നോക്കി പഠിക്കാനുള്ള പ്രോബെഷനരി പിരീഡ്. അത് കഴിഞ്ഞാല്‍ കമ്പനിയുടെ സ്വന്തം ആളുകള്‍ അല്ലാത്ത, ഞങ്ങളെക്കാള്‍ രണ്ടിരട്ടി ശമ്പളം കൊടുക്കുന്ന  പഴയ സ്റ്റാഫിനെ പിരിച്ചു വിടും (ശമ്പളത്തെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ!). ഒക്കെ തൂത്ത് നിലം പരിശാക്കാനല്ലേ ഞങ്ങള്‍ എത്തിയിരിക്കണേ...

ബാവക്ക കടയുടെ ഷട്ടര്‍ പൊക്കുന്ന ശബ്ദം കേട്ട് അകത്തു കൂടി തന്നെ അങ്ങോട്ട്‌ നടന്നു. അതിനുള്ളിലും രണ്ടു മൂന്നു മഷീനുകള്‍. ഒരോന്നിന്റെ മുകളിലും ചെറിയ വള്ളം തല തിരിച്ചു വെച്ചപോലെ എന്തോ ഉണ്ട്. വസ്ത്രങ്ങള്‍ ഇസ്തിരി ഇടാനുള്ള സ്റ്റീം മഷീന്നുകള്‍ ആണത്. ഒക്കെ കൂടി നേരത്തെ പറഞ്ഞ സ്റ്റാര്‍ വാര്‍സ് സ്റ്റൈല്‍ തന്നെ!

കസ്റ്റമേഴ്സ് വന്നു തുടങ്ങി. തലേ ദിവസം ക്ലീന്‍ ചെയ്യാന്‍ കൊടുത്ത ഡ്രെസ്സുകള്‍ വാങ്ങാനുള്ള വരവാണ്. ഭാഷ ഒരു പ്രശ്നം തന്നെ. ആകെകൂടി അറിയാവുന്നത് മാമുക്കോയയുടെ “അസ്സലാമുഅലൈക്കും...വ അലൈക്കുമുസ്സലാം” ആണ്. ഇതിനിടക്ക്‌ കാലത്തെ പ്രാതല്‍.. പട്ടാണി റൊട്ടിയും ഫൂലും. ആ വലിയ റൊട്ടിയുടെ ചുറ്റും എല്ലാവരും വട്ടമിട്ടിരുന്നു യുദ്ധത്തിലേര്‍പ്പെട്ടു.

ളുഹര്‍ ബാങ്ക് കൊടുത്തു. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി ബാവയ്ക്ക കടയില്‍ ഇരുന്നു. ബാവക്ക വകയിലെ ഒരു അമ്മായിയുടെ മകനാണ്. അന്നത്തെ രണ്ടായിരം റിയാല്‍ ആണ് വിസക്കായി അറബി ആവശ്യപ്പെട്ടത് എന്നാണു ബാവക്ക പറഞ്ഞറിഞ്ഞത്! പള്ളിയില്‍ പോണ്ടേ ഇക്കാ? ഇക്ക ഒന് തലയാട്ടി. പോണം എന്നോ പോണ്ട എന്നും അര്‍ത്ഥമാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടെ പുറത്തു നിന്നും ഒരു ശബ്ദം. “അസ്സലാഹ്..അസ്സലാഹ്”. ഒന്ന് കൂടി താഴ്ന്നു ഇരുന്നു ബാവക്ക മിണ്ടരുത് എന്ന് ആംഗ്യം കാട്ടി! കര്‍ട്ടന്റെ മറവിലൂടെ പതുക്കെ വെളിയിലേക്ക് നോക്കി ഒരു ചുവപ്പ് ജി എം സി വണ്ടി. മുത്ത്വവയുടെ വണ്ടി ആണ്. ഒന്ന് രണ്ടു പ്രാവശ്യം കൂടി സലയുടെ കാര്യം ഓര്‍മിപ്പിച്ചു വണ്ടി അകന്നു പോയി. എന്തിനാ ഈ കള്ളത്തരം കാണിക്കണേ..പള്ളിയില്‍ പോയാ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു...ചോദിച്ചില്ല! മനസ്സ്  വായിച്ചറിഞ്ഞ പോലെ ബാവക്ക പിറുപിറുത്തു. പുറത്തധികം കറങ്ങി നടക്കണ്ട. അക്കാമ ഇല്ലാത്തതാ. ഐ ഡി കാര്‍ഡിന്റെ പേരാണ് അക്കാമ. റൂമില്‍ നിസ്ക്കരിച്ചു.

ഉച്ച ഭക്ഷണത്തിനായി രണ്ടു മണിക്ക് കട അടച്ചു. ഇനി അസര്‍ കഴിഞ്ഞേ തുറക്കൂ. ഉച്ചക്ക് പച്ചരി പോലെയുള്ള അരി കൊണ്ട് ചോറും ചിക്കന്‍ കറിയും. കറി ആരാണാവോ വെച്ചത്? ചിക്കന്റെ അഞ്ചാറ് പീസുകള്‍ വെള്ളത്തില്‍ തെളിഞ്ഞു കാണാം. പനി പിടിച്ചു ക്ഷീണിച്ച കോഴി ആണെന്ന് തോന്നുന്നു. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ പാറകള്‍ തെളിഞ്ഞു കാണുന്നതു ഓര്മ വന്നു ആ കറിയും കഷണങ്ങളും കണ്ടപ്പോള്‍.

അസറിന് ശേഷം ബാവക്ക താക്കോല്‍ എടുത്തു തന്നു കട തുറക്കാന്‍. പത്തു പതിനഞ്ച് താക്കോലുകള്‍ തൂങ്ങിക്കിടക്കുന്ന ആ താക്കോല്‍ കൂട്ടം കയ്യില്‍ കിട്ടിയപ്പോള്‍ ഒരു അഹങ്കാരം തോന്നിയോ? കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു കാലത്തേക്കെങ്കിലും ഈ താക്കോല്‍ കൂട്ടം സ്വന്തമാകുമെന്നു അന്ന് വിചാരിച്ചിരുന്നുവോ?

ഇപ്പോഴാണ് കടയിലെ തിരക്ക് കണ്ടറിഞ്ഞത്. നില്‍ക്കാനോ ഇരിക്കാനോ നേരം കിട്ടിയില്ല. പാക്ക്‌ ചെയ്യാനും ബില്ല് വാങ്ങി സാധനങ്ങള്‍ എടുത്തു കൊടുക്കാനും തുടങ്ങി ഈ സൂപ്പര്‍വൈസര്‍!
മഗരിബ് ബാങ്ക്. അസറിന് കാണാതിരുന്ന മുത്തവമാരുടെ പേടകം പൂര്‍വാധികം ശക്തിയോടു കൂടി തുടര്‍ച്ചയായി ചുറ്റുന്നുണ്ടായിരുന്നു. നിസ്കാരത്തിനു ശേഷം കടയില്‍ തിരക്കോട് തിരക്കായി. ഇശാ ബാങ്ക് കൊടുത്തപ്പോള്‍ ആണ് ഒന്ന് കുറഞ്ഞത്.

ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ എത്തിയിട്ട്. നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോയി. നിസക്കരിക്കാന്‍ കുറച്ചു നേരം ബാക്കിയുണ്ടായിരുന്നു. മലയാളികള്‍ ഒന്ന് രണ്ടു പേരെ കണ്ടു. തൊട്ടടുത്ത്‌ ബൂഫിയ നടത്തുന്ന ഹംസക്ക. “ഫ്രീലാന്‍സ് പ്ലംബര്‍മാരായ” സലാംക്ക, കീരിക്കാടന്‍ അബ്ദുള്ളക്ക, ഇരുമ്പ് സൈതു. നിസ്കാരം കഴിഞ്ഞു കടയിലെത്തി. പിന്നെ കാര്യമായ തിരക്കൊന്നും ഉണ്ടായില്ല.

പിന്നെയും രസം പോലത്തെ കോഴിക്കറിയും കുബ്ബൂസും. അപ്പോള്‍ ഇതാണ് കുബ്ബൂസ്! ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ പറഞ്ഞു മാത്രം കേട്ടിട്ടുള്ള സാധനം. വാട്ടവെള്ളക്കറിയും കൂട്ടി കഴിക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു രുചിയും തോന്നിയില്ല.

രാത്രിയായി! കുളി കഴിഞ്ഞു. എല്ലാവരും സിനിമ കാണാന്‍ ഇരുന്നു. ബാവക്കാടെ ആണ് ടീവി. ആള്‍ ബത്ത എന്നാ സ്ഥലത്ത് പോയി ഒരാഴക്കലെക്കുള്ള സീഡിയുമായി വരും. സിനിമ കാണാന്‍ എന്തോ ഒരു ഉഷാര് തോന്നിയില്ല. കട്ടിലിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറി! വെറുതെ കണ്ണടച്ച് കിടന്നു.

പകലിന്റെ തിരക്കില്‍ നാടും വീടും മറന്നുപോയിരുന്നു. വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞു വാപ്പയും ഉമ്മയും മക്കളും കുറച്ചു നേരം ഒരുമിച്ചു ഇരുന്നു അന്നത്തെ വിശേഷങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. ഒരു വിങ്ങല്‍ നെഞ്ചിനുള്ളില്‍ നിന്നും വന്നു ചങ്കില്‍ തടഞ്ഞിരുന്നു. കണ്ണുനീര്‍ അടക്കി നിറുത്താനായില്ല. ഏങ്ങിയെങ്ങിക്കരഞ്ഞു. മനസ്സിനോരാശ്വാസം!

ഒരു ദിവസം കൂടി എരിഞ്ഞടങ്ങി.

(തുടരും.....സഹിച്ചേ പറ്റൂ!)

സ്നേഹത്തോടെ സ്വന്തം സിറൂസ്!

4 comments:

Unknown said...

സഹിക്കാം ....

ഷമീര്‍ തളിക്കുളം said...

ഖുബ്ബൂസും ഇറച്ചിക്കറിയും മൂന്നു നിലയുള്ള കട്ടിലും പ്രവാസ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. വേണ്ടപെട്ടവ നഷ്ട്ടപെട്ടപ്പോള്‍ അപ്രിയമായി നമ്മിലേക്ക്‌ കടന്നുവന്നവരാനിവയൊക്കെ. കുടുംബത്തെയോര്‍ത്ത് ഇറ്റിവീഴുന്ന രണ്ടിറ്റു കണ്ണീരുകൊണ്ട് സ്വയം ആര്‍ജ്ജിച്ച ജീവിതം ഇവിടെ ജീവിച്ചുത്തീര്‍ത്തല്ലേ പറ്റൂ...!

സിറാജ്'ക്ക,
തീക്ഷ്ണമായ അനുഭങ്ങള്‍ ഹാസ്യത്തില്‍ കലര്‍ത്തി വായനക്ക് നല്‍കുമ്പോഴും ഒട്ടും തിളക്കം കുറക്കുന്നില്ല...! അക്ഷരങ്ങളിലൂടെ കടന്നുപോകുന്പോള്‍ മനസ്സില്‍ ഏതോ ഒരു ലാണ്ട്രിയിലും പരിസരത്തും ചുറ്റിക്കറങ്ങുന്നു....!

പഞ്ചാരകുട്ടന്‍ -malarvadiclub said...

അതെ സഹിച്ചേ പറ്റൂ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സഹിച്ചല്ലേ പറ്റൂ...
എന്തു ചെയ്യാം..
താങ്കളുടെ എഴുത്ത് ഇഷ്ടായി പോയില്ലേ...?