പടച്ചോനെ..സമയം എത്ര ആയിട്ടുണ്ടാവും? കോളേജിലേക്കുള്ള ബസ് പോയിട്ടുണ്ടാവുമോ? ചാടി എഴുന്നേറ്റു. പല്ല് തേച്ചു വേഗം കുളിച്ചു റെഡി ആയി. ചായ കുടിക്കാനുള്ള ഉമ്മാടെ വിളി “ഇപ്പൊ വരാ ഉമ്മാ” എന്നാ മറുപടിയോടെ കാന്‍സല്‍ ചെയ്തു ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു!
നിങ്ങളുടെ ആകാംഷയോടെ ഉള്ള നോട്ടം എനിക്ക് മനസ്സിലായി! ഒന്നാമത് കോളേജില്‍ പോവുന്ന ഈ ചങ്ങായി എങ്ങനെ “ഇപ്പൊ വരും” എന്നല്ലേ! രണ്ടാമത് ബസില്‍ പോവുന്നതിനു ഇവന് എന്തിനാ വണ്ടി സ്റ്റാര്‍ട്ട് ആക്കണേ എന്നും!
ഉത്തരം പറയാം. കോളജില്‍ പോവുന്നത് ഞാനല്ല! ഏകദേശം അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഒരു പെങ്കൊച്ച് ആണ്. സ്റ്റാര്‍ട്ട് ചെയ്ത വണ്ടി എന്റെ പ്രിയപ്പെട്ട റാലി സൈക്കിളും! ദിവസേന ബസ് സ്റ്റോപ്പ് വരെ കൊണ്ടാക്കി കൊടുക്കാന്‍ അവളുടെ വാപ്പ എല്പ്പിച്ചതൊന്നുമല്ല എന്നെ..പിന്നെ? അതാണ് ഉരുമീസ്!
തലേദിവസം മനസ്സില്‍ ആലോചിച്ചു അവളോട് പറയാന്‍ ഉറപ്പിച്ച കാര്യങ്ങള്‍ ഒന്നു കൂടി ഉരുവിട്ട് പഠിച്ചു! ഈ പഠിത്തം ഡിഗ്രിക്ക് പഠിച്ചിരുന്നെങ്കില്‍ പാസ്സാവാന്‍ നാല് കൊല്ലം വേണ്ടി വരില്ലായിരുന്നു!
സൈക്കിള്‍ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു! വളവു തിരിഞ്ഞപ്പോള്‍ ഫുട്ബോള്‍ പ്രാക്ട്ടീസും കഴിഞ്ഞു സെന്ററില്‍ നിന്നിരുന്ന അനിയന്റെ വക റണ്ണിങ്ങ് കമന്ററി..പതുക്കെ പോയാ മതി..ഉരുണ്ടു പിരണ്ടു വീഴണ്ടാ.. ആ വളവു തിരഞ്ഞെ ഉള്ളൂ...
കണ്ടു ഞാന്‍....... ആരെയോ പ്രതീക്ഷിച്ച് എന്ന പോലെ ഇച്ചിരി പതുക്കെയാണ് നടത്തം. തുടങ്ങി തായമ്പക! പരീക്ഷക്ക് പറയാനുള്ളതൊക്കെ ഒരാവര്‍ത്തി കൂടി മനസ്സില്‍ ഒരുവിട്ടു! അടുത്തെത്തി....കണ്ണുകള്‍ തമ്മില്‍ ഒരു ആക്സിടന്റ്റ് നടന്നു. ഒരു മിന്നല്പിണര്! ബലൂണിന്റെ കാറ്റ് പോയ പോലെ ശൂ.....ഒക്കെ പോയി. കാണാപാഠം പഠിച്ചു വെച്ചതൊക്കെ പമ്പേം എരുമേലീം കടന്നു കാട്ടിലോളിച്ചു!
അങ്കത്തില്‍ തോറ്റ ചേകവരെ പോലെ സൈക്കിളിന്റെ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു. അടുത്തയിനം ബസിനു മുന്നില്‍ വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു അടുത്ത സ്റ്റോപ്പില്‍ ചെന്ന് നിന്ന് മുകളിലേക്ക് നോക്കി നില്ക്കുക എന്നതാണ്! സ്കൂള്‍ കുട്ടികള്‍ കയരാനുള്ളത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ഇചിരീശേ നേരം ഉണ്ടാവും. ആ ഗാപ്പില് അടുത്ത സ്റൊപ്പിലേക്ക്.
മൂന്നു കിലോമീറ്റര്‍ ദൂരത്തിലെ കഠിനാധ്വാനവും കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വീട്ടിലെത്തിയപ്പോള്‍ പലഹാരത്തിന് പകരം ഉമ്മാടെ വായീന്നു വയര്‍ നിറച്ചും കിട്ടി! എവിടെ പോയിരുന്നെടാ എന്ന ചോദ്യത്തിന് അനിയന്റെ ഹൃദയംഗമമായ സപ്പോര്‍ട്ടും കിട്ടി. അധ്വാനിക്കാന്‍ പോയതാ ഉമ്മാ...ആരോഗ്യം കൂടുതല്‍ അവനായത് കൊണ്ട്..നമ്മള് ക്ഷമിച്ചു. നമ്മളാരാ മ്യാന്!
ഈ കലാപരിപാടികള്‍ ഈ ചാനലില്‍ തന്നെ പുനസംപ്രേഷണം ഉണ്ടാകും. വൈകുന്നേരം കോളേജ് വിടുന്ന സമയത്ത്.
ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും എന്തെങ്കിലും സംസാരിക്കാനുള്ള തന്റേടവും അത്ര തന്നെ വലിപ്പത്തില്‍ രണ്ടു കാലിലും തഴമ്പും ഉണ്ടായി സൈക്കിള്‍ ചവുട്ടിയിട്ടു!
ഹായ്..ഹോയ്..സുഖം..അതെ..ഇതായിരുന്നു പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങള്‍! കറക്ട് സമയം ആണെന്ന് രണ്ടു പേര്‍ക്കും അറിയാമായിരുന്നു എങ്കിലും ഏറ്റവും നീളമുള്ള ചോദ്യം..”ഇന്ന് നേരം വൈകിയോ” എന്നായിരുന്നു. എല്ലാ ദിവസവും രാത്രി മിനക്കെട്ടിരുന്ന് പഠിച്ചിരുന്നു എങ്കിലും...എന്റെ നിര്‍ഭാഗ്യമോ ആ കൊച്ചിന്റെ ഭാഗ്യമോ ഒന്നും വെളിച്ചം കണ്ടില്ല.
മൂന്നു വര്‍ഷം...ഒന്നുമൊന്നും മിണ്ടാതെ അങ്ങനെ തന്നെ - ഹായ്..ഹോയ്..സുഖം – കടന്നു പോയി!
സൌദിയിലേക്ക് പോകാന്‍ വിസ വന്നു! ബന്ധുക്കളോട് യാത്ര പറയാന്‍ എന്ന കണ്‍സെഷനില്‍ വീട്ടില്‍ നിന്നിറങ്ങി..പ്രിയപ്പെട്ട സൈക്കിള്‍ എടുത്തു. ഒന്ന്...രണ്ടു...മൂന്നു...നാല്..എത്ര റൌണ്ട് ആ വീടിനു മുന്നിലൂടെ പോയി എന്ന് ഇന്നും എണ്ണാന്‍ പറ്റിയിട്ടില്ല. ചിലപ്പോള്‍ ഈ മൂന്നു വര്‍ഷം ഞാന്‍ ചവുട്ടി ഉണ്ടാക്കിയ അത്രയും ആ രാത്രി അതിലെ കറങ്ങിയിട്ടുണ്ടാവും.
അപ്പോഴും ജയന്റെ സിനിമയിലെ പാട്ടിലൂടെ തന്നെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. “കണ്ണും കണ്ണും...തമ്മില്‍ തമ്മില്‍..കഥകള്‍ കൈമാറും അനുരാഗമേ”..
സൌദിയിലേയും ജീവിതത്തിന്റെയും കഷ്ട്ടപ്പാടുകള്‍ക്കിടയില്‍ ഈ ഇഷ്ട്ടം താലോലിക്കാനും നട്ടു വളര്‍ത്താനും സമയം ഉണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു വരുമ്പോഴേക്കും വാപ്പയും ഉമ്മയും ഒരു പെണ്‍കുട്ടിയെ കണ്ടു എല്ലാം ഉറപ്പിച്ചു വെച്ചിരുന്നു.
ഇതേ വരെ പറഞ്ഞിട്ടില്ലാത്ത ആ ഇഷ്ട്ടത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നു.
വാൽകക്ഷണം: കല്യാണം കഴിയുന്ന സമയത്ത് ഞങ്ങള്‍ അവിടെയുള്ള സ്ഥലം വിട്ടു വേറെ ഒരു ഗ്രാമത്തിലേക്ക് ചേക്കേറിയിരുന്നു. ഈ ഇഷ്ട്ടത്തിന്റെ കാര്യവും ബീവിയോടു പറഞ്ഞിരുന്നു. പഴയ അയല്‍വാസികളെ സന്ദര്‍ശിക്കാന്‍ പോയ കൂട്ടത്തില്‍ പുതുമണവാട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു പഴയ ലിവറിനെ കാണാന്‍ പോയിരുന്നു. അറിഞ്ഞു..കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ ആണെന്ന്!
14 comments:
ഞാനാണെന്ന് തോന്നുന്നു ഇവിടേയ്ക്ക് ആദ്യമെത്തിയത്...
ഇക്ക,
ഉഗ്രന്‍, അത്യുഗ്രന്‍...!
:) galla gaamukan....hahaha..kollam...nannayittundu...pakshe aadya post il ezhuthiya aa shyly aanu enikkishtapettathu...sirajikkayude oru prathyeka shyly aanu...adutha post inaaayi kaathirikkunnu
സിറൂസ്... നല്ല വിവരണം പഴയ കാലത്തേക്ക് തിരിച്ചു പോകാന്‍ എന്നെ പ്രേരിപ്പിച്ച ആഖ്യാനം ..ഞാനൊന്നു പോയിട്ട് വരട്ടെ .....
നര്‍മ്മത്തിനു ഒരു നേര്‍ത്ത നോവായി ഹൃദയത്തില്‍ തറഞ്ഞു കയറാനും പറ്റുമല്ലേ ?
നന്നായി എന്നൊന്നും പറഞ്ഞ് ഇക്കാനെ സുഖിപ്പിക്കുന്നില്ല -അങ്ങനെയിപ്പം അത് കേട്ട് സുഖിക്കേണ്ട........(കുശുമ്പന്‍ ഞാന്‍)
nannayittundu - edavazhikalkku ethu pole peruvazhi theertha kathakal ethra ethra parayaanundu. nalla avatharanam.
“കണ്ണും കണ്ണും...തമ്മില്‍ തമ്മില്‍..
കഥകള്‍ കേട്ട് പെരുമാറിയില്ലല്ലോ ഫാര്യ.. ഭാഗ്യം!
നോസ്റ്റാൾജ്യ… :)
hai siroos valare nannayi, beautiful template...
എല്ലാവര്ക്കും നന്ദി :)
നന്നായിട്ടുണ്ട്.
അസത്തിയിട്ടാരയ്യാ.... അസത്തിയിട്ടേന്.. ( അങ്ങനെ തന്നെ അല്ലെ പറയാ..?? ) ആ എന്തൂട്ടെങ്കിലുമാകട്ടെ.. സംഭവം ഡബിള്‍ കലക്കന്‍.. എനിക്കുമുണ്ടായിരുന്നു പണ്ടൊരു ബീയെസ്സെ എസ്സെല്ലാര്‍.. പക്ഷെ.. വെച്ചു പിടിപ്പിക്കാന്‍ ബസ്സൊന്നും ഉണ്ടായിരുന്നില്ല.. അതോണ്ടു കാലിലു തഴമ്പും വന്നില്ല സിറൂ.. പിന്നെ സത്യം പറ.. അമ്മായീടെ മോളെ കെട്ടിച്ചു വിട്ട വീടാന്നും പറഞ്ഞിട്ടല്ലെ കള്ളാ കാമുകിയുടെ വീട്ടിലേക്കു ഇങ്ങടെ ബീവീയേം കൊണ്ടു പോയത്..??
ഇത് കലക്കി
അന്ന് ആ ചവുട്ടിയ സൈക്കിള്‍ നേരെ സൌദിയിലേക്ക് ചവുട്ടിയിരുനെങ്കില് ടിക്കറ്റ് ലാഭമായെനെ....
അയ്യോ !!! പാവം ..സങ്കടം ആയി
ഉഗ്രന്‍!! ഓരോവരിയിലും നര്‍മ്മം തുളുമ്പി നില്ക്കുന്നു. നര്‍മ്മത്തിലൂടെയും ഒരു നൊമ്പരം തൂകിച്ചു.
ഡാ ഇതിൽ ഞാൻ എവിടെ?
Post a Comment