Sunday, 6 March 2011

എന്റെ സത്യാന്വേഷണ പരീക്ഷ!


എസ് എന്‍ ടാക്കീസില്‍ സിനിമ മാറിയ ദിവസം! മൂന്നു മണിക്കാ മാറ്റിനി. രണ്ടേ കാലിന് റെക്കോഡ്‌ വെച്ചു. 

"സുനേനാ... സുനേനാ ....
ആ....ജ്  ഇന്നസാരോം കോ തും ദേഖോ....." 

ദാസേട്ടന്റെ  എട്ട് ഹിന്ദിപ്പാട്ട് കഴിഞ്ഞാല്‍ "ന്യൂസ് റീല്‍" തുടങ്ങും! പിന്നെ സില്‍മേം. 

സില്‍മക്ക് പോവാനുള്ള അപ്ലിക്കേഷന്‍ ഉമ്മ വഴി വാപ്പാക്ക് സമര്‍പ്പിച്ചു. പരൂഷക്കാലം ആയതുകൊണ്ട് പരുഷമായ ഒരു നോട്ടമായിരുന്നു മറുപടി. ഉമ്മ വാക്കൌട്ട് നടത്തി. 

"ന്തായി മ്മാ??"  

"പോയി ഇരുന്നു പഠിക്കടാ" !

മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം! പതുക്കെ വാപ്പാടെ അടുത്തു കൂടി! ഊണ് കഴിഞ്ഞു ഒരു സിസര്‍ ഫില്‍റ്ററും പിടിപ്പിച്ചു ഇരിക്ക്യാ വാപ്പ. കസേരയുടെ ഒരറ്റത്ത് പതുക്കെ കൂടി. നെഞ്ചിലെ രണ്ടു മൂന്നു നരച്ച രോമങ്ങള്‍ പറിച്ചു തുടങ്ങിയപ്പോഴേ വാപ്പക്ക് സംഗതി പിടുത്തം കിട്ടി! നാലാമത്തെ രോമത്തില്‍ കൈ വെച്ചപ്പോഴേക്കും വാപ്പാടെ ഗൌരവം ഒന്ന് അയഞ്ഞു.

"എന്താ മോനേ? പഠിച്ച് കഴിഞാ?"
"മ്മ്മ്മ്മം..." കമ്പ്ലീറ്റ്‌ പഠിച്ചു വാപ്പാ"

ആദ്യ പരൂഷ മലയാളം ആണ്. എപ്പോ പഠിക്കാന്‍ പറഞ്ഞാലും തുടങ്ങുന്നത് ആദ്യത്തെ പദ്യം ആയത് കൊണ്ട് അത് കണ്ണ് കെട്ടി കിണറ്റില്‍ കൊണ്ടിട്ടാലും പാടും! നല്ല രീതിയില്‍ പാടി കേള്‍പ്പിച്ചു. 

“കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകര്‍ണ്ണാന്തമായ്‌ തെക്ക് വടക്ക് നീളെ 
അന്യോന്ന്യമംബാശിവര്‍ നീട്ടിവിട്ട 
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം!”

“മ്മ്മ്മ്മ്മം! പോക്കറ്റീന്ന്‍ പൈസ എടുത്തോ. വന്നിട്ട് ഇരുന്നു പഠിക്കണം ട്ടാ ..!" 

ഷര്‍ട്ടും ട്രൌസറും മാറ്റി പൈസ എടുക്കാന്‍ വാപ്പാടെ റൂമിലേക്ക്‌. മുറിയിലെ അരണ്ട വെളിച്ചത്തില്‍ ഹാങ്കറില്‍ തൂങ്ങിക്കിടന്ന രണ്ടു പോക്കറ്റ്‌ ഉള്ള ട്രൌസര്‍ കണ്ടു. ഫ്രൂട്സ് മൊത്തക്കച്ചവടക്കാരനായ വാപ്പ ഓരോ ദിവസത്തെയും കളക്ഷന്‍ രണ്ടു പോക്കറ്റിലുമായി കുത്തി നിറച്ചിട്ടുണ്ടാവും.

ടിക്കറ്റ്‌ ചാര്‍ജ്‌ രണ്ടു രൂപ & അമ്പത് പൈസ കപ്പലണ്ടിക്ക്! അതാണ്‌ കണക്ക്. ലൈറ്റിടാതെ പോക്കറ്റില്‍ കയ്യിട്ട എന്‍റെ കൈകളില്‍ തടഞ്ഞത് അമ്പതിന്റെ ഒറ്റ നോട്ട്! ഇരുട്ടത്ത് എവിടെയോ ഒളിച്ചു നിന്ന "ശൈത്താന്‍" എന്‍റെ ദേഹത്ത് കൂടി! വിറയ്ക്കുന്ന കൈകളോടെ അമ്പതിന്റെ കൂടെ മൂന്നു രൂപ വേറെയും എടുത്തു. അമ്പതു രൂപ ട്രൌസറിന്റെ പോക്കറ്റിലെക്ക് താഴ്ത്തി കയ്യിലുള്ള മൂന്നു രൂപ വാപ്പാക്ക് കാണിച്ചു കൊടുത്തു. 

വൈകീട്ടത്തെക്കുള്ള പലഹാരപ്പണിയില്‍ ആയിരുന്ന ഉമ്മാടെ അഴുക്ക് പുരണ്ട സാരിത്തുമ്പില്‍ മുഖം ഒന്ന് തുടച്ചു. 

സൈക്കിളിന്റെ സ്റ്റാന്റ്‌ തട്ടുമ്പോ വിളിച്ചു പറഞ്ഞു.  "മ്മാ .. പൂവാട്ടാ!" 

ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി. ഈ അമ്പതു രൂപയും കൊണ്ട് നാളെ സ്കൂളില്‍ എത്തുമ്പോള്‍ ഞാന്‍ രാജാവാ. പ്രിന്‍സും ഷാനുവും ജോയിയും തോമാസും... ഒക്കെറ്റിനും വയറു വേദന എടുത്തു പണ്ടാരമടങ്ങും!  അക്കാളിന്റെ കയ്യില്‍ നിന്നും തേന്‍കുഴമ്പും ചുക്കുണ്ടയും, ഐസ്പ്രൂട്ട് വിക്കണ സായ്‌വിന്റെ കയ്യീന്ന് വയറ്  നിറയെ സേമിയ ഐസും. ഹോ! ആലോചിക്കാന്‍ കൂടി വയ്യ!

സിനിമാ ടാക്കീസിലെ പാട്ട് അടുത്ത് കേട്ട് തുടങ്ങി. 

"കാ കരൂം ... സജ്.... നീ...
ആയേ ന ബാലമ്..!

വളവു തിരിഞ്ഞാല്‍ ടാക്കീസായി. കളിക്കൂട്ടുകാരനായ ജോയ്സനെ വിളിച്ചാലോ സിനിമക്ക്? പണക്കാരനായ വിവരം പറയണ്ട! സൈക്കിള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു തിരിച്ചു. വീടിനു തൊട്ടടുത്താണ് ജോയ്സന്റെ വീട്.

സൈക്കിളില്‍ എന്‍റെ സ്പീഡ്‌ പ്രസിദ്ധമാണ്. റോഡില്‍ പിരണ്ടു വീണു ഒരു കൂട്ടുകാരന്‍റെ കയ്യൊടിച്ചതും മറ്റൊരു ആത്മാര്‍ത്ഥന്‍റെ പകുതി മീശ റോഡില്‍ ഉരഞ്ഞു കാണാതായി പോയതും (നന്ദന്‍... അവന്‍ ഇന്നില്ല! സ്വര്‍ഗത്തില്‍ ഇരുന്നു ചിരിക്കുന്നുണ്ടാവും!) നാട്ടില്‍ പ്രസിദ്ധമാണ്!

ജോയ്സനെ വിളിക്കാന്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അര മണിക്കൂര്‍ കൂടിയേ ഉള്ളോ സിനിമ തുടങ്ങാന്‍. ഇച്ചിരി നേരം വൈകിയാലും നോ കുഴപ്പം. ഇന്ത്യന്‍ ന്യൂസ്‌ റീല്‍ ഉണ്ടാവ്വോലോ!

വാപ്പാടെ ചിരിക്കുന്ന മുഖം മനസ്സിലെ സ്ക്രീനില്‍ തെളിഞ്ഞു. അതും 70 എം എം സ്ക്രീന്‍! പെട്ടെന്നൊരു നിമിഷം....!  സൈക്കിള്‍ നീങ്ങുന്നില്ല! ഞാന്‍ സകല ശക്തിയാര്‍ജിച്ചു ചവുട്ടിയിട്ടും ഒരിഞ്ചു പോലും! ആകെ വിയര്‍ത്തിരിക്കുന്നു. വായിലെ വെള്ളം വറ്റി വരണ്ടു. ഇത്ര ചെറുപ്പത്തിലെ ഹാര്‍ട്ട് അറ്റാക്ക് ഒക്കെ വരോ? 

നെഞ്ചില്‍ ഇടതു വശത്തായി ആണ് പ്രശനം. വല്ലാത്ത ഭാരം. സൈക്കിളില്‍ നിന്നിറങ്ങി നെഞ്ചിലൊന്ന് തലോടി. പോക്കറ്റില്‍ എന്തോ തടഞ്ഞു. അത് തന്നെ... ആ പുത്തന്‍ അമ്പതു രൂപ! ഭാരം അതിന്റെ തന്നെ! 

പടച്ചോനെ ...! എന്താണ് ഞാനീ ചെയ്തത്? കുറുമ്പ് കാണിച്ചാലും ദേഷ്യം വരാത്ത, തല്ലാത്ത, എന്തും വാങ്ങിത്തരുന്ന എന്‍റെ പൊന്നു വാപ്പാട്....! നുണ പറഞ്ഞു, കളവ്‌ കാണിച്ചു. ഇനീപ്പോ എന്ത് ചെയ്യും? 

വീടിന്‍റെ പുറകു വശത്തെ വഴിയിലൂടെ സൈക്കിള്‍ ഉന്തി മെല്ലെ നടന്നു. ജബ്ബാറിന്റെ വീട്ടില്‍ സൈക്കിള്‍ വെച്ച്‌ വീടിനു പിന്നിലെ പൊളിഞ്ഞു കിടക്കുന്ന മതില്‍ ചാടി അടുക്കള വഴി അകത്തേക്ക് കയറി. വാപ്പ ഉമ്മറത്ത്‌ തന്നെ ഉണ്ട്. ഉമ്മ അടുക്കളയിലും.

വാപ്പാടെ മുറിയില്‍ കയറി ആ "നശിച്ച" അമ്പതു രൂപ പോക്കറ്റിനകത്തെക്ക് തന്നെ തിരുകി വെച്ചു. ആരും കാണാതെ പിന്‍വശത്ത് കൂടി സൈക്കിള്‍ എടുത്തു ടാക്കീസിലേക്ക്.

സൈക്കിളിനും എനിക്കും ഭാരം കുറവ്! പറക്കുകയായിരുന്നു ഞാന്‍! ജോയ്സനെ വിളിക്കാന്‍ നിന്നില്ല. വിളിച്ചിട്ട് കാര്യമില്ലല്ലോ. മൂന്നു രൂപയെ ഉള്ളൂ കയ്യില്‍.

ടാക്കീസില്‍ അവസാനത്തെ റെക്കോഡ്‌ വെച്ചിരുന്നു!

"ദില്‍ കെ തുക്ക്ടെ.. തുക്ക്ടെ  കര്‍ക്കെ .
മുസ്കുരാക്കെ ചല്‍ ദിയെ..!"

തുക്ക്ടെ തുക്ക്ടെ ആയിപ്പോയെനേ! ദൈവം കാത്തു!!!

22 comments:

ഗുല്‍മോഹര്‍ said...

Congrats ikka

സ്വപ്നകൂട് said...

congrats ikka

maya said...

sirajettaaaaaaaaa..............superrrrrr

Sameer Thikkodi said...

സൈക്കിള്‍ നീങ്ങുന്നില്ല! ഞാന്‍ സകല ശക്തിയാര്‍ജിച്ചു ചവുട്ടിയിട്ടും ഒരിഞ്ചു പോലും...ആകെ വിയര്‍ത്തിരിക്കുന്നു. വായിലെ വെള്ളം വറ്റി വരണ്ടു.


നന്നായി .. വിശ്വസ്തനായ സൈക്കിള്‍ .. ബാപ്പയുടെ അല്ലെ അത് വാങ്ങിയ കാശും .. അതിനറിയാം എന്താ വേണ്ടേന്നു ...

തിരിച്ചറിവിനെ പാഠം ജീവിതാവസാനം നില നില്‍ക്കട്ടെ ..

Unknown said...

ഹായ് സിറാജ്....നന്നായിരിക്കുന്നു. തുടക്കം മോശമായില്ല.... ആശംസകള്‍

Jefu Jailaf said...

ആശംസകള്‍ ഇക്ക .. ഇനിയും യാത്ര തുടരട്ടെ ആ സൈക്കിളിന്റെ ... ഞങ്ങള്‍ കാത്തിരിക്കുന്നു..

Unknown said...

ഗുലു, ജാക്ക്, ഉണ്ണിമോള്‍, സമീര്‍ ഭായ്, റെജി ഭായ്,ജെഫൂ - നന്ദി..നന്ദി..നന്ദി!

itsme.anoop said...

sirajikka....kalakki...kollam....aashamsakal....nandanu endu patty?? aa kadha parayumo?

ADV.SHIYAS KUNJHIBAVA said...

Mabrookkkkkkkkkkk.....

suku said...

എന്റെ പടച്ചോനെ ഇനി ഞമ്മളെ പിടിച്ചാല്‍ കിട്ടൂല ......ഇനി നമുക്ക് ഇവിടെ കിടന്നു കറങ്ങാലോ അല്ലെ ..നന്ദി ഇക്ക

ADV.SHIYAS KUNJHIBAVA said...

sirajka....congrats...

HAMEED PATTASSERI said...

thudakkam nannaaayittundu veendum ezhuthuka nalla anubhavangal panku vekkuka

Palavattam said...

കുഞ്ഞിക്ക -തുടക്കം പിഴച്ചില്ല. ഇനിയും ഇത് പോലെ പിഴവുകള്‍ ഇല്ലാത്ത രസാനുഭാവങ്ങല്‍ക്കായി കാത്തിരിക്കുന്നു...............

$.....jAfAr.....$ said...

ഇക്കാ ആശംസകള്‍..ഇനിയും എഴുതുക.നന്നായിരിക്കുന്നു...

അനന്തു said...

എന്നാലും ഇക്കാ... ജ്ജ് ബല്ലാത്ത പഹയന്‍ ആയിപോയെല്ല....

ബെഞ്ചാലി said...

നന്നായിരിക്കുന്നു. ആശംസകള്‍.

ഈറന്‍ നിലാവ് said...

തുടക്കം ഗംഭീരം ....ഇനിയും എഴുതുക വായിക്കാന്‍ ഞങ്ങള്‍ ഉണ്ട് ...എല്ലാവിധ ആശംസകളും ....

Unknown said...

Ikkaaze superb, enikkishttaayi...interesting...iniyumexpect cheyyunnooo.

ഷമീര്‍ തളിക്കുളം said...

സിറാജ്'ക്ക...
ഇക്കയുടെ വരവ് ഞാന്‍ കാത്തിരിക്കുകയായിരുന്നു.. തുടക്കം ഗംഭീരമായി...! ഈ അനിയന്റെ എല്ലാവിധ ആശംസകളും...

Unknown said...

നന്ദിയോടെ........ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം..നന്നായിട്ടുണ്ട്.
ഇതിനു സമാനമായൊരനുഭവം മറ്റൊരു ബ്ളോഗിലും വായിച്ചിരുന്നു..

----------------------
ഞാനുമൊരു ഖത്തറുകാരനാ...?

joyson said...

ഇന്നാണ് ഇതു കണ്ടതട്ടാ. അടി പൊളി. അതൊരു കാലം അല്ലെ. ഒരു ദിവസം അതുപോലെ ഒന്നു കൂടണം. നടക്കോ ആവോ