തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരണ്ടേ? എങ്ങനെ വരും? നാളെയാണ് ആ ദിവസം. ഈയുള്ളവന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന സുന്ദരിയെ കാണാന്‍ പോകുന്ന ദിവസം. മുകളില്‍ മുറി കിട്ടിയത് നന്നായി. ടെന്‍ഷന്‍ മാറ്റാന്‍ ഇടക്കൊരോ പുക വിടാന്‍ എളുപ്പമായി!
എഴുന്നേറ്റ് കുറച്ചു നേരം ടീവിയുടെ മുന്നില്‍ പോയിരുന്നു. പകല്‍ സമയത്ത് കാണിച്ച ഏതോ ഒരു സിനിമ രണ്ടാമതും കാണിക്കുന്നു. നല്ല സിനിമ.....വേഗം ഉറക്കം വന്നു!
തൊട്ടടുത്ത കാളത്തോട് ജുമാ മസ്ജിദില്‍ നിന്നും സുബഹി ബാങ്ക് മുഴങ്ങി. എഴുന്നേല്‍ക്കാന്‍ മടി തോന്നി. ഗള്‍ഫിലുള്ളപ്പോള്‍ ഒറ്റ ദിവസം പോലും മുടങ്ങാതെ നിസ്ക്കരിച്ചിരുന്നതാ! ഞാനടക്കം ചില മനുഷ്യരുടെ കാര്യം ഇത്രയേ ഉള്ളൂ. സന്തോഷവും സൌകര്യവും വരുമ്പോള്‍ ദൈവത്തെ മനപ്പൂര്‍വ്വം മറക്കുന്നു. ആ...നാളെ മുതല്‍ തുടങ്ങാം!
ഗള്‍ഫിലുള്ളപ്പോള്‍ ഞാന്‍ മാത്രമല്ല ഒട്ടു മിക്ക പ്രവാസികളും മനസ്സില്‍ ആഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് നാട്ടില്‍ എത്തിയാല്‍ മതിയാകുവോളം കിടന്നുറങ്ങണം എന്ന്! പക്ഷെ ഇത്രേം കാലത്തെ ഒഴിവു ദിവസങ്ങളിലും ഇതേ വരെ സാധിക്കാത്ത ഒരു കാര്യം. സൌദിയില്‍ ആണെങ്കില്‍ ദിവസം ആരംഭിക്കുന്നത് പ്രാകലിലൂടെയാണ്!
സുബഹി നിസ്കാരം കഴിഞ്ഞ് ഉമ്മ നല്ല ഈണത്തില്‍ ഖുര്‍ആന്‍ ഓതുന്നതു കേട്ട് കണ്ണ് തുറന്നു കുറച്ചു നേരം കിടന്നു.
മോനെ ചായ... ഗോവണിക്ക് താഴെ നിന്നും ഉമ്മയാണ്. വേഗം പല്ല് തേച്ച് ചായയും കൊണ്ട് ഉമ്മറത്ത് വന്നിരുന്നു. ഗള്‍ഫില്‍ ഉണ്ടാക്കി കുടിച്ചിരുന്ന വാട്ട വെള്ളം പോലത്തെ ചായ അല്ല! നല്ലോണം പശുവിന്‍ പാല് ഒഴിച്ച് സ്ട്രോങ്ങ് ചായ! മൊത്തി മൊത്തി കുടിച്ചു. ഉമ്മ പറയാറുണ്ട്.... ഞാന്‍ ചെറുപ്പത്തിലും അങ്ങനെയാണത്രേ! ചായ് കുടിക്കുമ്പോള്‍ നമ്മള്‍ പൂച്ചയെ വിളിക്കുന്നത് പോലെ ച്ച്..ച്ച്..ച്ച്..എന്നൊരു ശബ്ദം ഉണ്ടാകും! ഇപ്പോഴും ശബ്ദത്തിന് ഒരു കുറവും വരുത്തിയില്ല. ഉമ്മാ പേപ്പര്‍ വന്നില്ലേന്നൂ? സൈക്കിള്‍ ബെല്ലടി കേട്ടല്ലോ മോനെ..അവിടെ ഉണ്ടാവും. മഴ പെയ്യുന്നത് കൊണ്ട് ദിനപത്രം ഗേറ്റിന്മേല്‍ കെട്ടിയിട്ടിട്ടുള്ള പി വി സി പൈപ്പിനുള്ളില്‍ ആണ്.
നേരം വെളുത്തു തുടങ്ങി.. പാലക്കാട് നിന്നും തൃശ്ശൂര്‍ ടൌണിലേക്ക് പോകുന്ന വഴി ആണ്. ബസുകള്‍ മിനിറ്റിനു മിനിറ്റിനു മത്സരിച്ചു ചീറിപ്പാഞ്ഞു പോകുന്നു.
പേപ്പര്‍ വായിച്ചു കഴിഞ്ഞ് പതുക്കെ പുറത്തിറങ്ങി. ഇപ്പോഴാണ് പരിസരമോക്കെ ഒന്ന് കാണുന്നത്. ആദ്യം താമസിചിരുന്നത് കണ്ണാംകുളങ്ങര എന്ന ഗ്രാമത്തില്‍ ആയിരുന്നു. ഇത് ടൌണ്‍ ഏരിയ ആണ്. തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലും കാര്യമായി അടുപ്പം ഇല്ല.
പതുക്കെ നടന്നു. രണ്ടു വീട് അപ്പുറം താമസിക്കുന്ന വാപ്പാടെ എളീമാടെ വീട്ടിലേക്ക്. മുടി മുഴുവന്‍ പഞ്ഞി പോലെ നരച്ച എളീമ. ഇതിനു മുന്നേ ഒന്നോ രണ്ടോ പ്രാവശ്യമേ അവരെ കണ്ടിട്ടുള്ളൂ. കുറച്ചു നേരം വിശേഷങ്ങളും പറഞ്ഞ് അവിടെ ഇരുന്നു. ഒരു ചായയും കുടിച്ചു.
തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴേക്കും നേരം നല്ലോണം വെളുത്തിരുന്നു. തൊട്ടടുത്ത സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത് കാണാം.
വീട്ടിലെത്തിയപ്പോഴേക്കും ഇക്ക ഡ്യൂട്ടിക്ക് പോവാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ട്ടര്‍ ആണ്. പോവുമ്പോള്‍ പറഞ്ഞു. മൂന്നു മണിക്ക് വരും നമുക്ക് സീനാനെ (സീന...അതാണ് ഹൂറിയുടെ പേര്!) കാണാന്‍ പോണം! റെഡി ആയി ഇരുന്നോ! പോണല്ലോ. അതിനല്ലേ കാത്തു ഇരിക്കുന്നത്.
പ്രാതലിന് പത്തിരിയും ബീഫും. ഉമ്മ മറന്നിട്ടില്ല. പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെച്ചിട്ടുണ്ട്. പക്ഷെ... വിശപ്പ് തോന്നിയില്ല. മൂന്നു കൊല്ലമായി പതിവില്ലാത്ത ഒരു കാര്യമാണല്ലോ ഈ ബ്രേക്ക്ഫാസ്റ്റ്! ഉമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ കഴിച്ചെന്നു വരുത്തി. ഉമ്മയും ഇത്തയും ഉച്ചക്കലെക്കുള്ള പ്രോഗ്രാം ചാര്‍ട്ട് ചെയ്യുന്നു. ചോറ്, പച്ചക്കറി, മീന്‍ വറുത്തത് പിന്നെ ഏറെ ഇഷ്ട്ടമുള്ള കൂര്‍ക്ക ഉപ്പേരിയും!
ഊണ് കഴിഞ്ഞു. എല്ലാവരുടെയും കഴിഞ്ഞ ശേഷമാണ് ഉമ്മ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത്. പതുക്കെ ഉമ്മാടെ അടുത്ത് പോയിരുന്നു. ഉമ്മാക്ക് കാര്യം പിടികിട്ടി! ചോറും കറിയും ഉപ്പേരിയും കൂട്ടിക്കുഴച്ച് വല്യെ രണ്ടു ഉരുള! ഗള്‍ഫില്‍ ഉള്ളപ്പോള്‍ പല പ്രാവശ്യവും മനസ്സ് കൊണ്ട് കണ്ടിട്ടുള്ള രംഗം! രണ്ടാമത്തെ ഉരുള കഴിക്കുമ്പോള്‍ കണ്ണില്‍ ഒരു മൂടല്‍! കുബ്ബൂസ് വെള്ളം പോലെയുള്ള ചിക്കന്‍ കറിയില്‍ മുക്കിത്തിന്നുന്നത് ഓര്മ വന്നു!
ചെറുതായി ഒന്ന് മയങ്ങിയപ്പോഴേക്കും ഇക്കാടെ കാറിന്റെ ഹോണ്‍ കേട്ടു. ചാടി എഴുന്നേറ്റു വേഗം ഒരുങ്ങി. ഇഷ്ട്ടമുള്ള ചുവപ്പ് ടീ ഷര്‍ട്ട് ഇട്ടു.
വാപ്പ, ഉമ്മ, ഇക്ക, ഇത്ത, അനുജന്‍....ഞങ്ങള്‍ പുറപ്പെട്ടു. കഷ്ട്ടിച്ചു ഒരു മണിക്കൂര്‍ യാത്ര. ഷോര്‍ണൂര്‍ വടക്കാഞ്ചേരി. വഴിക്ക് രണ്ടു റെയില്‍വേ ഗേറ്റുണ്ട്. പോകുന്ന വഴിക്കാണ് അകമല ഫോറസ്റ്റ്. റോഡിനു ഇരു വശത്തും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍. പടച്ചോനെ..ഇതെവിടെക്കാ ഇക്കാ നമ്മള്‍ പോണേ? വല്ല കാട്ടുജാതി എങ്ങാനും ആണോ? ഇക്ക ചിരിച്ചു! പക്ഷെ...ഞാന്‍ മറന്നിരുന്നു എങ്കിലും ... കല്യാണത്തിന് ശേഷം എന്റെ ഈ ചോദ്യമൊക്കെ നല്ല ഓര്‍മയുണ്ടായിരുന്നു എന്റെ പെണ്ണിന് (ഇത്താടെ പാര!).
വീടെത്താറായി എന്ന് ഇക്ക പറഞ്ഞു. വായില്‍ വെള്ളം വറ്റി! വരണ്ട ചുണ്ട് ഇടക്കിടെ നാവു കൊണ്ട് നനച്ചു മൊഞ്ച് ആക്കി. റോഡില്‍ കുളവും പുഴയും ഉള്ളതു കൊണ്ട് കാര്‍ വളരെ പതുക്കെയാണ് പോകുന്നത്.
എത്തി! കാറില്‍ നിന്നിറങ്ങി. ആരോക്കെയോ ജനലിലൂടെ എത്തി നോക്കുന്നു. എവിടെയും കണ്ണ് ഉറക്കുന്നില്ല! ആദ്യമായി സ്റ്റേജില്‍ പാടാന്‍ കയറിയ പോലെ. ഒരു പാട് ആളുകള്‍...എന്നാല്‍ ആരെയും നോക്കുന്നുമില്ല!
ഉപ്പ വന്നു ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി. ആരെയൊക്കെയോ പരിചയപ്പെട്ടു. അപ്പിയിടാന്‍ മുട്ടിയ കൊച്ചു കുട്ടിയെ പോലെ ആണ് ഞാന്‍ ഇരിക്കുന്നത്. ഇരിപ്പ് ഉറക്കുന്നില്ല. ഇതിനിടക്ക് സര്‍ബത് രണ്ടു ഗ്ലാസ് കുടിച്ചിരുന്നു.
ന്നാ ചായ കുടിച്ചാലോ? ഉപ്പാടെ ചോദ്യം! സാധാരണ സിനിമയിലും കഥകളിലും ഒക്കെ പെണ്‍കുട്ടി ആണല്ലോ ചായേം കൊണ്ട് വരാ? ഒന്ന് മുരടനക്കി റെഡി ആയി ഇരുന്നു. എവടെ!
എല്ലാവരും ഡൈനിങ്ങ് റൂമിലേക്ക് നടന്നു. ചായേം ബിസ്ക്കറ്റും മധുര പലഹാരങ്ങളും നിരത്തി വെച്ചിട്ടുണ്ട്. നമ്മടെ ആളെ മാത്രം കാണുന്നില്ല!
മോളെ...ഇങ്ങോട്ട് പോരെ...ചായ കുടിക്കാം – ഉപ്പ. ദാ വരുന്നു വനമാല! ഒന്ന് പാളി നോക്കി! നല്ല ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടാമത് നോക്കിയില്ല.!
കുറച്ചു കഴിഞ്ഞു ഇക്ക തന്നെ സഹായിച്ചു. നമുക്ക് അങ്ങോട്ട് ഇരിക്കാം. ഇവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കിലോ? ഹേയ്! ഒന്നൂല്ല്യാ.. എണീക്കാനാഞ്ഞ എന്നെ അവിടെ തന്നെ പിടിച്ചിരുത്തി അവര്‍ അപ്പുറത്തേക്ക് നടന്നു.
അങ്ങനെ ഞാനും എന്റെ ഹൂറിയും മാത്രം. എനിക്ക് എന്റെ തന്നെ നെഞ്ചിടിപ്പ് അല്ലാതെ വേറൊന്നും കേള്‍ക്കാനില്ല. അങ്ങനെ കുറച്ചു സമയം.....ഏകാന്തതയുടെ അപാര തീരം..ആ പാട്ടാണ് അപ്പൊ ഓര്മ വന്നത്! അവസാനം ഞാന്‍ തന്നെ മുണ്ടി! ചായ കുടിചില്ലല്ലോ? രണ്ടു തോളും പൊക്കി ഒരു ആക്ഷന്‍ ആയിരുന്നു മറുപടി!
ഇരുട്ടി തുടങ്ങിയിരുന്നു. കയ്യിലും കാലിലും ഒക്കെ കുറെ നേരമായി എന്തോ കടിക്കുന്നു. പതുക്കെ കാലില്‍ തപ്പി നോക്കി. ചോര കുടിച്ചു അനങ്ങാന്‍ പറ്റാതെ ഒന്ന് രണ്ടു കൊതുകുകള്‍! കൊന്നില്ല! പതുക്കെ കൈ അനക്കിയപ്പോള്‍ വയ്യാത്ത വയറും വെച്ച് കണ്ണിന്‍ മുന്നിലൂടെ ഹെലിക്കോപ്റ്റര്‍ പോലെ പറന്നു നടന്നു.
ഇതെന്തൂട്ട് കൊതു ആണിഷ്ട്ടാ? ഇവിടെ നിങ്ങള്‍ വളര്‍ത്തുന്നതാണോ? എന്റെ രണ്ടാമത്തെ മുണ്ടല്‍! ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ഹാവൂ! സദാമാനമായി! ഊമയല്ല!
ചായ തണുത്തിരുന്നു. ഒരു ഗ്ലാസ് എടുത്തു പതുക്കെ ചുണ്ടോടു ചേര്‍ത്ത്. വിറകടുപ്പില്‍ വെച്ചത് കൊണ്ടാണോ ചെറിയ ഒരു പുക മണം ഉണ്ടായിരുന്നു. ആ ചായയുടെ ആവേശം ഉള്‍ക്കൊണ്ടു രണ്ടും കല്‍പ്പിച്ചു അടുത്ത ചോദ്യം! എന്നെ.... എന്നെ.. ഇഷ്ട്ടായോ ആവോ? ഊം... ആ മൂളല്‍ അവസാനിക്കുന്നതിനു മുന്നേ അടുത്ത ചായയും ഞാന്‍ തന്നെ അകത്താക്കി. നമ്മുടെ കൊതുകുകളും ആ മൂളല്‍ ഏറ്റുപാടുന്ന പോലെ മൂളിക്കൊണ്ടിരുന്നു!
യാത്ര പറഞ്ഞു ഇറങ്ങി! ഇപ്രാവശ്യം ജനലിനുള്ളിലൂടെ ആ തിളങ്ങുന്ന കണ്ണുകള്‍ വ്യക്തമായി കാണാമായിരുന്നു.
യാത്രാമധ്യേ ഇത്ത ചോദിച്ചു.. എങ്ങനെയുണ്ട് സിറൂ കുട്ടി? കുട്ടി ഓക്കേ. പക്ഷെ മുഖത്ത് കുരു ഒക്കെ ഉണ്ടല്ലോ? ന്നാലും ഇഷ്ട്ടായി! (ഈ ഉത്തരവും പിന്നീട് സീനാക്ക് നല്ല ഓര്മ ഉണ്ടായിരുന്നു. ഇത്ത തന്നെ പാര!)
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്നു കാര്യങ്ങള്‍ ഉറപ്പിച്ചു. കുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. ഒരു കൊല്ലം കൂടി ബാക്കി ഉണ്ട്. പഠിപ്പ് കഴിഞ്ഞു കല്യാണം.
പിന്നെ ഞാന്‍ നാട്ടില്‍ എത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം! പക്ഷെ ആ ഒന്നര വര്‍ഷം! അതൊരു ഒന്നൊന്നര വര്‍ഷം തന്നെ ആയിരുന്നൂട്ടോ!