Thursday, 13 February 2014

വികൃതിക്കണ്ണന്‍ (തുടര്‍ച്ച)

"ആഹാ... ന്താ കുട്ട്യേ കപ്പല് മുങ്ങ്യോ?" 


ഓറഞ്ചു ബക്കറ്റില്‍ ചത്ത് പൊങ്ങിക്കിടക്കുന്ന മീന്‍ഞ്ഞുങ്ങളെ നോക്കി കുഞ്ഞിത്താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയായിരുന്ന കണ്ണനെ അമ്മ്വേച്ചി കളിയാക്കി! മീങ്കുട്ടികളെ കുത്തി ജീവന്‍ വെപ്പിക്കാന്‍ എടുത്ത ഈര്‍ക്കിലി എടുത്ത് ഒന്ന് കൊടുത്താലോ എന്ന് ചിന്തിക്കാതിരുന്നില്ല കണ്ണന്‍! പക്ഷെ അമ്മ കണ്ടാ മൂത്തവരെ തല്ലാന്‍ കയ്യോങ്ങിയതിന് ചുട്ട പെട കിട്ടും! കുഞ്ഞിക്കണ്ണുകള്‍ പരമാവധി തുറിപ്പിച്ച് ദേഷ്യത്തോടെ അമ്മ്വേച്ചിയെ നോക്കി കൊഞ്ഞനം കുത്തി ...

"അമ്മ്വേച്ചി പോയേ..!"

ഊതിയും ഈര്‍ക്കില്‍ കൊണ്ടു തട്ടിയും ജീവന്‍ വെപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട കണ്ണന്‍ കരയണോ വേണ്ടയോ എന്ന കണ്ഫ്യൂഷനില്‍ ഇരുന്നു. കരഞ്ഞിട്ട് കാര്യമില്ല, അമ്മയുടെ അടിയല്ലാതെ വേറെ മീന്‍ കിട്ടില്ല! വല്ല മിഠായിയോ മറ്റോ ആയിരുന്നെങ്കില്‍ അമ്മയുടെ അലമാരിയില്‍ ഉണ്ടാവും! പതുക്കെ എണീറ്റ് അമ്മ്വേച്ചീടെ കൂടെ നടന്നു. പൂവാലീനെ കുളിപ്പിക്കാന്‍ പോകുകയാണ്. വെള്ളത്തില് കളിക്കാലോ?

"അമ്മപ്പശൂനെ അമ്മ്വേച്ചി കുളിപ്പിച്ചോ, മാലൂനെ ഉണ്ണി കുളിപ്പിക്ക്യാ ട്ടോ" നിബന്ധന വെച്ചു കണ്ണന്‍.

"വേണ്ട വേണ്ട...അമ്മ വഴക്ക് പറയും ട്ടാ .. മേല് വെള്ളാക്കാണ്ടേ അകത്ത്ക്ക് പോക്കോ കുട്ടി! ദേ ചേച്ച്യേ.. കണ്ണനെ അങ്ക്ട് വിളിച്ചോ"

നേരത്തെ കരയാന്‍ വിചാരിച്ചത് ഇപ്പൊ കരഞ്ഞാലോ? കണ്ണന്‍ ചിന്തിച്ചു. ആവശ്യം നേരത്ത് കണ്ണീരും വരില്ല! ചുണ്ട് ചുളിച്ച് വലിയ വായില്‍ ഒന്ന് ട്രൈ ചെയ്തുനോക്കി.

"ആഹാ...... കള്ളക്കരച്ചിലൊന്നും വേണ്ടാ ന്‍റെ കുട്ട്യേ! ആദ്യം അമ്മ്വേച്ചി ഈ ചാണോക്കെ വാരി ഒന്ന് വൃത്ത്യാക്കട്ടെ ട്ടോ. ന്ന്ട്ട് കണ്ണനെ വിളിക്കാട്ടോ".

കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. ചേര്‍ന്ന് നില്‍ക്കുന്ന മാലുവിന്‍റെ മുഖത്തും കഴുത്തിലും നക്കിത്തോര്‍ത്തുന്ന പൂവാലി! അമ്മപ്പശുവിന്റെയും കുഞ്ഞിന്‍റെയും കഴുത്തിലുള്ള മണികള്‍ കിലുങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ തറവാട്ടില്‍ അമ്മൂമ്മയുടെ പൂജാമുറി ഓര്‍മ്മ വന്നു കണ്ണന്. മാലുവിന്‍റെ കാലുകള്‍ക്കരികെ എന്തോ കിടക്കുന്നത് കണ്ട് എളിക്ക് കയ്യും കുത്തി ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരു ബീഡിക്കുറ്റി പിന്നെ ജമീലാന്റി ഇടുന്ന മൈലാഞ്ചി പോലെ ഒരു സാധനവും! ബീഡിക്കുറ്റി പൂവാലീനെ കറക്കാന്‍ വരുന്ന അണ്ണാച്ചി വലിച്ചെറിഞ്ഞതാണ്. കണ്ണന് ഇഷ്ടമല്ല ആ മണം! അത് വലിച്ചാ ചുമക്കുകയും ചെയ്യും! നല്ലത് സിഗ്രെറ്റ്‌ ആണെന്ന് അണ്ണാച്ചിയോട് പറയണം. അച്ഛന്‍ ചുമക്കാറില്ലല്ലോ? ആകാംഷയോടെ ഒന്ന് തൊട്ടുനോക്കാന്‍ കുനിഞ്ഞപ്പോഴേക്കും അമ്മ്വേച്ചി വിളിച്ചുപറഞ്ഞു.!

"അയ്യേ.. തൊടല്ലേ കണ്ണാ.....! അതിപ്പോ നാശാക്കൂലോ! അത് മാലൂന്റെ അപ്പ്യാ കുട്ട്യേ!"

ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവത്തില്‍ പതുക്കെ തൊഴുത്തിന് പുറത്തു കടന്നപ്പോഴാണ് ഉമ്മറത്തിരുന്ന അച്ഛന്‍റെ ശബ്ദം കേട്ടത്.

"കണ്ണാ.. ഓടി വാ! ദേ .. ആന പോണൂ!!" ഹായ്‌! ബ്രൂം..ബ്രൂം..കീ..കീ.. കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി ഫസ്റ്റ് ഗീറില്‍ ഇട്ട് നേരെ ഉമ്മറത്തേക്ക് വിട്ടു.

ഗേറ്റിന്മേല്‍ കേറി നിന്ന് അഴികള്‍ക്കിടയിലൂടെ തല പുറത്തെക്കിട്ട് നോക്കി! നീണ്ടു വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കൈയില്‍ ഒരു കെട്ടു തെങ്ങോലയുമായി ആടിയാടി വരുന്നു കൊമ്പന്‍! യ്യോ! എന്തൊരു വലിപ്പം. നടക്കുമ്പോള്‍ ആടുന്ന വാലും കഴുത്തിലെ വലിയ മണിയും! വീടിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ കുഞ്ഞിക്കൈകള്‍ അറിയാതെ ഗേറ്റിലെ ഇരുമ്പുകമ്പിയില്‍ ബലത്തില്‍ പിടിച്ചിരുന്നു. തുറന്ന വായ അടക്കാന്‍ മറന്നുപോയ കണ്ണനെ കടന്ന് ചങ്ങലക്കിലുക്കം അകന്നകന്നു പോയി! കണ്ണന്‍ തിരിഞ്ഞു വീട്ടിലേക്ക്‌ നടന്നു.

"അമ്മാ.. തായേ... വല്ലതും തരണേ......!" അപ്രതീക്ഷിതമായി കേട്ട ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കണ്ണന്‍ ശരിക്കും പേടിച്ചുപോയി! താടീം മുടീം നീട്ടി കീറിയ ബനിയനും ചാക്ക് പോലുള്ള പാന്‍റും തോളില്‍ വലിയ സഞ്ചിയുമായി ഒരു പിച്ചക്കാരന്‍! കണ്ണനെ കണ്ട് വൃത്തിയില്ലാത്ത മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ കാട്ടി അയാളൊന്നു ചിരിച്ചു! വണ്ടി സ്റ്റാര്‍ട്ട് ആക്കാനോന്നും നിന്നില്ല കണ്ണന്‍! അകത്തിരിക്കുന്ന അച്ഛന്‍റെ അടുത്തേക്ക് വാണം വിട്ട പോലെ ഓടി! കയ്യില്‍ ചില്ലറയുമായി അകത്തുനിന്നും വന്ന അമ്മ കണ്ണന്‍റെ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് പിച്ചക്കാരനോടെന്ന പോലെ ചോദിച്ചു. കുറുമ്പ് കാട്ടണോരെ പിടിക്ക്യാനാ? ഇവ്ടാരൂല്ല്യാട്ടോ!"

"അച്ഛാ.. ഉണ്ണിക്ക് ടോമേഞ്ചെറി വെച്ചെര്വോ?"

രവിമാമന്‍ ഗള്‍ഫീന്ന് വന്നപ്പോ തന്ന കണ്ണന്‍റെ സ്വന്തം വീഡിയോ കാസറ്റ് എടുത്ത് ടീവിയില്‍ ന്യൂസ് കാണുകയായിരുന്ന അച്ഛന്റെ മടിയിലേക്ക് ചാടിക്കയറി കണ്ണന്‍ ചോദിച്ചു.

"ന്യൂസ് ഇപ്പൊ കഴീം കണ്ണാ..! പിന്നെ..... വയറൊക്കെ മാറ്റി കുത്തണം! പോയി മാമു തിന്ന്ട്ടു വാ!"

"ദിത്‌ ന്യൂസേല്ലാല്ലോ? വാഷിംഗ് പൌഡര്‍ നിര്‍മ്മ്യെല്ലേ? പ്ലീച് അച്ഛാ...!"

"ഹഹഹ ..അത് പരസ്യാടാ.. ന്യൂസ് ദിപ്പോ കഴീം ...! അത് കഴിഞ്ഞാ വെച്ച് തരാട്ടോ. അപ്പഴ്ക്കും ഓടിപ്പോയി മാമുണ്ട് വാ!" ചേര്‍ത്തുനിര്‍ത്തി കവിളില്‍ ഒരുമ്മ കൊടുത്ത് അച്ഛന്‍ പറഞ്ഞു. എന്തോ ഈ ഉമ്മ കണ്ണന് അത്ര ഇഷ്ടായില്ല! കുഞ്ഞിക്കൈ കൊണ്ട് കവിളൊന്നു തൂത്ത് മനസ്സില്ലാമനസ്സോടെ അച്ഛന്‍റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങി.

ചലോ അടുക്കള! കണ്ണന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി! നടത്തം പതിവില്ലല്ലോ? അടുപ്പിനരികിലെക്ക് വണ്ടി നീക്കി നിര്‍ത്തി ഒന്നെത്തി നോക്കി! മണ്‍ചട്ടിയില്‍ ഗുളുഗുളു ശബ്ദത്തോടെ ഇളകി മറിയുന്ന മീങ്കറി! കറിയില്‍ കിടന്ന കുടമ്പുളി കണ്ടപ്പോള്‍ രവിമാമന്‍റെ കഴിഞ്ഞ ലീവിന് എല്ലാരും കൂടി കായല് കാണാന്‍ പോയത്‌ ഓര്‍മ്മ വന്നു കണ്ണന്! കണ്ണന് ഇഷ്ടാ മീനും കുടമ്പുളീം. വണ്ടി അടുക്കളയില്‍ വാതിലിന് പിറകില്‍ പാര്‍ക്ക്‌ ചെയ്ത് തിരിഞ്ഞുനോക്കിയ കണ്ണന്‍ ഞെട്ടിപ്പോയി! കണ്ണന്‍റെ കുഞ്ഞിപ്പലകേമേ ഞെളിഞ്ഞിരുന്ന് ഊണ് കഴിക്കുന്ന ഏട്ടന്‍!

"ഏട്ട..എണ്റ്റെ ... എണ്റ്റെ! അത് ഉണ്ണീടെ പലക്യാ!" ഒരു അനക്കവും ഇല്ല!

"നാണല്ല്യെ ഏട്ടന് കുട്ട്യോള്‍ടെ പലകേമ്മേ ഇരിക്ക്യാന്‍? അയ്യേ..പൂയ്‌..പൂയ്‌! ഷേം..ഷേം..പപ്പി ഷേം..!" കണ്ണന്‍ ഒരു നമ്പറിട്ടു നോക്കി!

എവടെ? സ്കൂളിലും ട്യൂഷനും ഒക്കെ പോകല്‍ തുടങ്ങ്യെപ്പിന്നെ വല്ല്യേ പവറ! പെന്‍സിലും ബുക്കും ഒന്നും കണ്ണന് കളിക്ക്യാന്‍ കൊടുക്കില്ല!! ഒരു മൈന്റൂല്ല്യ. വെല്ല്യേ ആളായീന്നാ വിചാരം! ഏട്ടന്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

"ഞാ ണീക്കില്ല്യ! നിയ്യ്‌ വേണെങ്കി ആ ചെരെമേ ഇരുന്നോ!"

"ന്യിക്ക് പേട്യാ..! അമ്മെ..ദിത്‌ കണ്ടാ ഈ ഏട്ടന്‍....! എണീക്ക്യാന്‍ പറഞ്ഞെ.." ഒന്ന് രണ്ടു വട്ടം പണി കിട്ടിയിട്ടുള്ളത് കൊണ്ട് ചിരവയുടെ മൂര്‍ച്ചയുള്ള "നാക്ക്" കണ്ണന് പേടിയാണ്. അപ്രത്തെ വീട്ടിലെ അമ്മ്ണ്യമ്മടെ നാക്ക് പോല്യാന്നാ അച്ഛന്‍ പറയ്വാ! പക്ഷെ ആയമ്മക്ക് കണ്ണനോട് നല്ല ഇഷ്ടാട്ടോ! കണ്ണനെപ്പോലെ അവര്‍ക്കും ഇല്ല്യ വായേല് മുഴുവന്‍ പല്ലും!

"അമ്മടെ കുട്ടിനേ ആദ്യം കുളിപ്പിച്ച് തരാട്ടോ, ന്നട്ട് മാമുണ്ണാം വാ.....! അപ്പഴ്ക്കും ഏട്ടന്റെ കഴീം!" മീങ്കറി ചോറില്‍ ഒഴിച്ച് വെളിച്ചെണ്ണ ചേര്‍ത്ത്‌ നല്ലോണം കൂട്ടിക്കുഴച്ച് കുഞ്ഞ്യേ ഉര്ളകളാക്കി, ഒരുളക്ക് മുകളില്‍ ഓരോ കഷണം മീനും വെച്ച് കണ്ണനുള്ള ശാപ്പാട് റെഡിയാക്കി കൊണ്ടിരുന്ന അമ്മ പറഞ്ഞു.

"അയിന് ന്‍റെ മേല് ചെള്യോന്നും ഇല്ല്യാലോ? ദേ..അമ്മ നോക്ക്യേ.."| കണ്ണന്‍ കുഞ്ഞു ബോഡി അങ്ങോട്ടുമിങ്ങോട്ടും വളച്ചു കാട്ടി!!

"നീയിങ്ക്ട് വാ...! പറമ്പിലൊക്കെ ഓടി നടന്നതല്ലേ? അമ്മ കഴ്കി തരാം."

"ഉണ്ണിക്കിപ്പോ കുളിക്കണ്ട! മാമുണ്ടാ മതി!" അമ്മയുടെ കയ്യില്‍ നിന്നും കുതറി മാറി മുഖം ബലൂണ്‍ പോലെ വീര്‍പ്പിച്ച് കയ്യ് രണ്ടും ഊരിത്തെറിച്ചു പോകുമാറ് വീശി ഉമ്മറത്തേക്ക് നടന്നു.

"മക്കളെപ്പോറ്റി...സബോള..തക്കാളി..വെണ്ടയ്ക്കേയ്......"!!! കപ്പയും പച്ചക്കറിയും വില്‍ക്കുന്ന രാജേട്ടന്റെ ഉന്തുവണ്ടിയാണ്. കപ്പക്ക്‌ രാജേട്ടന്‍ ഇട്ടിരിക്കുന്ന പേരാണ് "മക്കളെപ്പോറ്റി"! വല്ല്യേ സൌണ്ട് ഉള്ള രാജേട്ടനെ കണ്ണന് പേടിയാണ്, ഇഷ്ടവും!

കണ്ണന്റെ തലയില്‍ പുരട്ടാനുള്ള എണ്ണക്കുപ്പി ഉമ്മറത്ത് വെച്ച് ഗേറ്റിലേക്ക് നടന്ന അമ്മയുടെ കൂടെ കണ്ണനും കൂടി! എണ്ണ പുരട്ടലില്‍ നിന്നും തല്‍ക്കാലത്തേക്ക് കണ്ണന്‍ രക്ഷപെട്ടു!

"ആഹാ! കുഞ്ഞമ്പ്രാനും ണ്ടല്ലോ കൂടെ?" ചൂരല്‍ക്കൊട്ടയില്‍ നിന്നും ഒരു മാമ്പഴം എടുത്ത് കണ്ണന് നീട്ടി രാജേട്ടന്‍ പറഞ്ഞു.

കണ്ണന്‍ അമ്മയെ ഒന്ന് പാളിനോക്കി! ആര് തന്നാലും ഒന്നും വാങ്ങരുത് എന്നാണു അച്ഛന്‍ പറഞ്ഞിരിക്കുന്നത്!

അമ്മ ചിരിച്ചുകൊണ്ട് തലയാട്ടി. മാമ്പഴവുമായി അകത്തേക്കോടിയ കണ്ണനോട് അമ്മ വിളിച്ചു പറഞ്ഞു! "കണ്ണാ.. അമ്മ്വേച്യോട് പറ നല്ലോണം കഴുകിത്തരാന്‍...! "തക്കാള്യോക്കെ ചീഞ്ഞല്ലോ രാജെട്ടോ?"

മാങ്ങേടെ മണം മൂക്കിലേക്ക് വലിച്ച് കേറ്റി വരാന്തയില്‍ കുന്തിച്ചിരുന്നു ഓല മെടയുകയായിരുന്ന അമ്മ്വേച്ചിയുടെ കയ്യില്‍ കൊടുത്തു. എന്ത് സ്പീഡ ഈ അമ്മ്വേചിക്ക്..ഓല മെടയാന്‍..!!

"ഹായ്! ഇത് മുട്ടിക്കുടിയന്‍ മാമ്പഴാ ട്ടോ!" അമ്മ്വേച്ചി മാമ്പഴം കൈകൊണ്ടു നന്നായി ഞെക്കി പതം വരുത്തി, കഴുകിക്കൊടുത്തു.

ആദ്യത്തെ കടിയില്‍ തന്നെ മാമ്പഴച്ചാറ് കണ്ണന്റെ ചിറിയിലൂടെ, കഴുത്തിലൂടെ കുഞ്ഞിക്കുമ്പയിലേക്ക് ഒലിച്ചിറങ്ങി. മാങ്ങ പിടിച്ച കൈത്തണ്ട കൊണ്ട് തന്നെ അമ്മ ദോശ ഉണ്ടാക്കണ പോലെ ഒന്ന് തൂത്തു പരത്തിക്കൊടുത്തു കണ്ണന്‍! കയ്യും കൈത്തണ്ടയിലെക്ക് ഒലിച്ചിറങ്ങിയ ചാറ് നക്കിയെടുക്കാനായിരുന്നു പണി കൂടുതല്‍! മാങ്ങണ്ടിയിലെ അവസാന നീരും ഊറ്റിയെടുത്ത് കണ്ണന്‍ വിളിച്ചു!

"ഏട്ടാ..ഏട്ടാ...!"

"യെന്താ..? ഞാനിവ്ടെ പഠിക്ക്യാ!"

ഏട്ടന്‍ വിളി കേട്ട് എന്ന് മനസ്സിലായപ്പോ മാങ്ങണ്ടി ദൂരേക്കെറിഞ്ഞു കണ്ണന്‍ വിളിച്ചു പറഞ്ഞു.. "അണ്ടിയിതാ പോണേ.. കൂടെ ഏട്ടനും പൊക്കോ!"

ഫോട്ടോ - ഗൂഗിള്‍ 

Tuesday, 4 February 2014

വികൃതിക്കണ്ണന്‍

യ്യോ! ഉണ്ണീനെ ഉറുമ്പ് കടിച്ചെ..! 


കണ്ണന്‍ ഉറക്കത്തില്‍ നിന്നും ചാടി എണീറ്റു! ഇല്ലാത്ത ദേഷ്യം മുഖത്ത് വരുത്തി അമ്മ അരികെ....! അമ്മേടെ കുളിയൊക്കെ കഴിഞ്ഞിരിക്ക്ണൂ.. കാച്ചെണ്ണടെ മണവും മുടിയിലെ തുളസിക്കതിരും കണ്ടാല്‍ അറിയാം. 

യെന്താമ്മേ? കൊറച്ച് നേരം കൂടി....! ഇന്ന് ഈസ്‌കൂള്‍ ഇല്ല്യല്ലോ? കണ്ണന്‍ മുഖം വീര്‍പ്പിച്ചു.

മ്മ്മ്മ്മ്മം.. അമ്മ ഒന്ന് ഇരുത്തി മൂളി! സംഗതി മനസ്സിലായി കണ്ണന്. കുറ്റബോധത്തോടെ ട്രൌസര്‍ തപ്പിനോക്കി! കിടക്കവിരിയിലും നനവുണ്ട്! അപ്പൊ ഉറുമ്പ് കടിച്ചതല്ല!

അമ്മ പിച്ച്യെതാ ല്ലേ! അമ്മ്യോട് എത്രാശ്യം പറഞ്ഞ്ണ്ട്, ഉണ്ണീനെ രാത്രി മൂത്രോഴിക്ക്യാന്‍ വിളിക്കാണ്ട്യെല്ലേ?

ഹഹഹ.... അമ്പടാ കള്ളക്കണ്ണാ.... ഇപ്പൊ കുറ്റം അമ്മയ്ക്കായോ?

തണുത്ത കൈകള്‍ കൊണ്ട് രണ്ടു കവിളുകളും ചേര്‍ത്ത്‌ പിടിച്ച് നെറ്റിയില്‍ ഒരു മുത്തം കൊടുത്തു. ട്രൌസര്‍ താഴെക്കൂര്‍ത്തി അലാസ്റ്റിക് പോയ കുഞ്ഞു ജെട്ടി കുഞ്ഞിക്കുമ്പെടെ മോളിലെക്ക് കേറ്റി അരയിലെ കറുത്ത ചരടില്‍ അറ്റം ഒന്ന് മടക്കി ഇട്ടുകൊടുത്തു.

ഹും! തൊള്ള നാറീട്ട് വയ്യ! വേം പോയി പല്ല്വേച്ചേ..! ദേ.. ബ്രഷുമ്മേ കോള്‍ഗേറ്റ് ആക്കി വെച്ചിട്ടുണ്ട്. വാ..! അമ്മ വാരിയെടുത്ത് വാഷ്ബേസിനരികെ കസേരയില്‍ കയറ്റി നിറുത്തി.

അയ്യോ! ദോശ കരിഞ്ഞിണ്ടാവും! വെള്ളത്തീ കളിക്ക്യാണ്ടേ വേം പല്ല്വേച്ചു വാ ട്ടോ.. അമ്മ അടുക്കളയിലേക്കൊടി.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം വെച്ചിട്ടുണ്ട്. ഊരിപ്പോയ ജെട്ടി ഒരു കൈ കൊണ്ട് വലിച്ച് കേറ്റി കണ്ണാടിയില്‍ ഒന്ന് എത്തിനോക്കി. കണ്ണന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുടിയുടെ കുറച്ചേ കാണാമായിരുന്നുള്ളൂ. ഇപ്പൊ കഴുത്ത് വരെ കാണാം. അമ്മ ഇടക്ക് പറേണ പോലെ പോത്ത് പോലെ വലുതായോ? കുറച്ച് അഹങ്കരമോക്കെ തോന്നി. പൈപ്പ്‌ തുറക്കാതിരിക്കാനാണ് ബക്കറ്റില്‍ വെള്ളം. കണ്ണന്‍ തുറന്നാല്‍ പിന്നെ നാലാള്‍ക്ക് കുളിക്കാനുള്ള വെള്ളം പൂവും എന്നാണ് അമ്മേടെ പറച്ചില്‍.

അമ്മ വരുന്നുണ്ടോയെന്ന് ഇടങ്കണ്ണിട്ട് നോക്കി പൈപ്പ്‌ മെല്ലെ തുറന്നു കൊല്‍ക്കുഴിഞ്ഞു. ബ്രഷ് ഒന്ന് നനച്ചപ്പോഴേക്കും പേസ്റ്റ് ഊര്‍ന്ന് വാഷ്ബേസിനില്‍ വീണു. ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി തോണ്ടി വീണ്ടും ബ്രഷില്‍ തന്നെ തേച്ചു.

വായില് അലിഞ്ഞു വന്ന കോള്‍ഗേറ്റിന്റെ മധുരം മെല്ലെ നുണഞ്ഞിറക്കി! അമ്മ കണ്ടാ അപ്പ കിട്ടും ചന്തിക്ക്! കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും തേച്ച് ബ്രഷിലൂടെ ഒലിച്ചുവരുന്ന പേസ്റ്റ് വാഷ്ബേസിനില്‍ ഇറ്റ് വീഴുന്നത് നോക്കി നിന്നു കണ്ണന്‍. ഏട്ടനാണ് പറഞ്ഞത് കോള്‍ഗേറ്റിന്റെ പത ഇറക്ക്യാല്‍ നല്ല കളറ് വെക്കുംന്ന്‍!

കണ്ണാ...മതി വേം വാ....! അമ്മക്കറിയാം കണ്ണന്‍ വെള്ളത്തില് കളിക്ക്യാന്ന്‍. അച്ഛന്‍ പല്ലുതെക്കുമ്പോ ശബ്ധമുണ്ടാക്കുന്നത് പോലെ അഞ്ചാറ് വട്ടം കാര്‍ക്കിച്ച് തുപ്പി പല്ലുതേപ്പ് അവസാനിപ്പിച്ചു!

ദോശ ചുടുന്ന തിരക്കിലാണമ്മ. അമ്മേടെ സാരിത്തുമ്പില്‍ മുഖം തുടച്ച് താടിക്ക് കയ്യും കൊടുത്ത് സ്വന്തം കുഞ്ഞിപ്പലകമേല്‍ ഇരുന്നു. എന്തോ വെട്ടി വിഴുങ്ങി അടുക്കളത്തിണ്ണമേല്‍ കേറി ഇരുന്നു മുഖം മിനുക്കുന്ന അപ്പുപ്പൂച്ച കണ്ണനെ കണ്ട് ചാടിയിറങ്ങി കാലില്‍ മുഖമുരുമ്മി. അമ്മ കൊടുക്കുന്ന പാലില്‍ കുറച്ച് തനിക്ക്‌ ഉള്ളതാണെന്ന് അപ്പുപ്പൂച്ചക്ക് അറിയാം.

പാലുകുടി കഴിഞ്ഞ് അമ്മ കാണാതെ നേരെ സ്റ്റോര്‍ റൂമിലേക്ക്‌ നടന്നു. വലിയ ഭരണിയില്‍ നിന്നും കുറച്ച് പഞ്ചാരയെടുത്ത്‌ കയ്യില്‍ ചുരുട്ടിപ്പിടിച്ചു. മറ്റേ കയ്യില്‍ ഒരു പിടി ഗോതമ്പും.

കണ്ണനെ കണ്ടതും അലക്കുകല്ലിനരികിലെ വാഴക്കരികില്‍ ചിക്കിപ്പരത്തിക്കൊണ്ടിരുന്ന ചക്കിക്കോഴീം കുഞ്ഞുങ്ങളും ഓടിവന്നു. കയ്യില്‍ കരുതിയിരുന്ന ഗോതമ്പ് ആവുന്നത്ര ബലം പ്രയോഗിച്ച് വീശിയെറിഞ്ഞു. ഓടിവന്ന പൂവനെ കൊത്തിയാട്ടി ആറു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒരു സംരക്ഷണ വലയം തീര്‍ത്തു ചക്കി! ഏഴെണ്ണം ഉണ്ടായിരുന്നു. ഒന്നിനെ ഇന്നലെയാണ് കള്ളക്കാക്ക കൊത്തിക്കൊണ്ട് പോയത്! കണ്ണന്‍റെ വിഷമം ഇതേവരെ മാറിയില്ലെങ്കിലും ചക്കി അതൊക്കെ മറന്നൂന്ന്‍ തോന്നുന്നു.

നേരെ ചെമ്പകമരച്ചുവട്ടിലെക്ക് നടന്നു. കണ്ണന്‍റെ കയ്യിലെ മധുരം കാത്തിട്ടെന്നപോലെ ചോണനുറുമ്പും സംഘവും ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. കയ്യില്‍ ഒട്ടിപ്പിടിച്ച പഞ്ചാര കുഞ്ഞിക്കൈ കൊണ്ട് തൂത്ത് മണ്‍പുറ്റിനടുത്തെക്ക്‌ ഇട്ടുകൊടുത്തു കൈ ഒന്ന് നക്കിത്തുടച്ചു.

അമ്മുച്ചേച്ചി ഇന്നും വൈകിയെന്ന് അമ്മയുടെ പിറുപിറുക്കല്‍ കേട്ടപ്പോള്‍ മനസ്സിലായി. അമ്മിക്കല്ലിനടുത്തു ചാരി വെച്ചിരുന്ന ചൂലില്‍ നിന്നും ബലമുള്ള രണ്ടീര്‍ക്കിലി ഊരിയെടുത്ത് തൊടിയിലെക്ക് നടന്നു.

കണ്ണനാണ് മാഷ്‌! തൊടിയിലെ കൊക്കോത്തയ്യും ചെറിയ പുളിമരവും നേന്ത്രവാഴക്കന്നും കറിവേപ്പിലത്തയ്യും കുട്ടികള്‍! പഠിക്കാത്ത കുട്ടികളെ അടിക്കാനുള്ള ചൂരലാണ് ഈര്‍ക്കിലി! പുളിമരത്തിന്റെയും കറിവേപ്പിലത്തയ്യുടെയും കുറെ ഇലകള്‍ പൊഴിഞ്ഞ് താഴെ വീണു. വാഴയിലകള്‍ വിണ്ടുകീറി! വാഴത്തണ്ടുകള്‍ കണ്ണീര്‍ പൊഴിച്ചു. കൊക്കോത്തയ്യ്‌ മാത്രം പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടിയെപ്പോലെ കണ്ണന്‍ മാഷിനെ ധിക്കരിച്ചപ്പോള്‍ രണ്ടു ഈര്‍ക്കിലും പെട്ടെന്ന് തന്നെ പൊട്ടിത്തീര്‍ന്നു! അമ്മുച്ചേച്ചി മുറ്റമടിക്കാന്‍ തുടങ്ങിയിരുന്നു!! ഇനീം ഈര്‍ക്കില് എടുക്കാന്‍ ചെന്നാ ചെവിക്ക് പിടിക്കും!

ചില്‍..ചില്‍..ചില്‍..! കുട്ടികളോട് മല്ലടിച്ച് തളര്‍ന്ന മാഷ്‌ തൊടിയിലെ ആന്തച്ചക്ക മരത്തിന്റെ മുകളിലേക്ക് നോക്കി! പഴുത്ത ആന്തച്ചക്ക തിന്നാന്‍ വന്ന പൂവാലനണ്ണാന്‍ കണ്ണനെ കളിയാക്കിചിരിച്ചു. ചമ്മല്‍ മറച്ച് ച്ചുച്ചുച്ചുച്ചു... ച്ചുച്ചുച്ചുച്ചു..എന്ന് പൂവാലനെ മാടിവിളിച്ച കണ്ണനെ മൈന്‍ഡ് ചെയ്യാതെ വാലുപൊക്കി എന്തോ അശ്ലീലം കാണിച്ച് ആ അഹങ്കാരി തൊട്ടടുത്ത പേരമരത്തിലെക്ക് ചാടി!

കണ്ണാ..കാപ്പി കുടിക്കാന്‍ വാ....! കുഞ്ഞ്യേ ദോശണ്ടാക്കീണ്ട്!!! അടുക്കള ജനലിലൂടെ അമ്മ വിളിച്ചുപറഞ്ഞു. കയ്യില്‍ കിട്ടിയ ഒരു കുഞ്ഞിക്കല്ലെടുത്ത് അഹങ്കാരിയായ പൂവാലന്റെ നേര്‍ക്ക് എറിഞ്ഞ് ഊരിപ്പൂവാറായ ജെട്ടിയും താങ്ങി കുഞ്ഞിക്കുമ്പ ഫുള്ളാക്കാനായി അടുക്കളയിലേക്ക് ഓടി.!!


ആഹാ....! അമ്മേടെ ഗുഡ്‌ ബോയ്‌! അപ്പടി കഴിച്ചൂലോ! ഒരു ദോശേം കൂടി തരട്ടെ? കള്ളച്ചിരിയോടെ അമ്മ! നാലെണ്ണം കൊടുത്താല്‍ പകുതിയേ കുഞ്ഞിക്കുമ്പയില്‍ എത്തൂ എന്ന് അമ്മയ്ക്കും അറിയാം!

വാതിലിന്റെ മറവില്‍ പഞ്ചസാര പറ്റിയ ദോശ നക്കുകയായിരുന്ന അപ്പുപ്പൂച്ചയെ ഇടങ്കണ്ണിട്ട് നോക്കി നിഷ്ക്കളങ്കതയോടെ കണ്ണന്‍ പറഞ്ഞു. 

വേണ്ടാമ്മേ..! ഇന്യൂം കഴിച്ചാ ഉണ്ണീടെ കുമ്പ പൊട്ടിപ്പോവും! ദേ.. നോക്ക്യേ...

ബനിയന്‍ പൊക്കി കുഞ്ഞിക്കുമ്പ ഒന്നുകൂടി വീര്‍പ്പിച്ച് കാണിച്ചു. വീര്‍പ്പിച്ച കാറ്റ്‌ റിലീസ്‌ ചെയ്തതും അലാസ്റ്റിക് പോയ ജെട്ടി അതിന്റെ പാട്ടിന് പോയി! പഞ്ചാരക്കൈ കൊണ്ട് നാണം മറച്ച കണ്ണനെ നോക്കി പൊട്ടിച്ചിരിച്ച അമ്മ പറഞ്ഞു..

വേം പോയി കഴുകിക്കോ! ഉര്‍മ്പ് കടിക്കണ്ട!!

കീ..കീ...മീങ്കാരന്‍ അയമുക്കാന്റെ മീന്‍ - ഐറ്റിയുടെ ഹോണ്‍ ചമ്മലില്‍ നിന്നും കണ്ണന്‍റെ രക്ഷയ്ക്കെത്തി.

ഓയ്‌, അതേയ്...! അയ്മുട്ട്യാക്കാനോട് പോവല്ലെന്ന് പറയോ... മീമ്മേണം ട്ടാ! ഉമ്മറത്തിരുന്ന അച്ഛന് സിഗ്നല്‍ കൊടുത്ത് അമ്മ പാത്രവുമെടുത്ത് ഗേറ്റിനരികിലെക്ക് നടന്നു.

കീ..കീം ബ്രൂം..ബ്രൂം.. കണ്ണനും വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റി സ്റ്റിയറിങ്ങില്‍ വട്ടം തിരിച്ച് കട്ടിളപ്പടിയുടെ ഹമ്പും ചാടിച്ച് അമ്മയെ ഓവര്‍ട്ടെക്ക് ചെയ്ത് പാഞ്ഞു!

ഓടീട്ടു വീഴണ്ട നിയ്യ്‌!

ഗീര്‍ മാറ്റി സ്പീഡ്‌ ഒന്ന് കുറച്ച് കാപ്പികുടി കഴിഞ്ഞ് സിഗ്രെറ്റ്‌ വലിക്ക്യാരുന്ന അച്ഛന്റെ അടുത്ത് ബ്രേക്കിട്ടു! റിവേഴ്സ് എടുത്ത് വണ്ടി പാര്‍ക്ക്‌ ചെയ്ത് ന്യൂസ്‌പേപ്പര്‍ വകഞ്ഞുമാറ്റി മടിയില്‍ കയറി ഇരുന്നു. അച്ഛന്‍ പേപ്പര്‍ മറുകയ്യില്‍ മാറ്റി പിടിച്ച് കുഞ്ഞിക്കുമ്പയടക്കം ചേര്‍ത്തുപിടിച്ചു കണ്ണനെ. ഊതിവിട്ട നീല വളയങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു എങ്കിലും കണ്ണന്‍ മടിയില്‍ കയറിയപ്പോള്‍ വലിച്ചെറിഞ്ഞ സിഗ്രെറ്റ്‌ കുറ്റി മുസാണ്ടയുടെ കടയ്ക്കല്‍ പുകയുന്നുണ്ടായിരുന്നു!

പതിവുപോലെ അച്ഛന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്‌ വെച്ച് നരച്ച രോമങ്ങള്‍ക്കായി പരതിനോക്കി. കിട്ടിയ ഒരെണ്ണം കുഞ്ഞുവിരല്‍ കൊണ്ട് വലിച്ചപ്പോള്‍ വഴുതിപ്പോയി. ഏട്ടന്‍ വലിക്കുമ്പോ കിട്ടാറുണ്ടല്ലോ എന്നോര്‍ത്ത്‌ രണ്ടുമൂന്ന് ശ്രമം കൂടി നടത്തി പരാജിതനായി ഊര്‍ന്നിറങ്ങി ഗേറ്റിലേക്ക് നടന്നു. അയലോക്കത്തെ പെണ്ണുങ്ങളൊക്കെ കൂടീട്ട്ണ്ട്..

കണ്ണനെക്കാള്‍ മുന്നേ എത്തിയ അപ്പുപ്പൂച്ച തന്റെ ഷെയറും വാങ്ങി അയല്‍വീട്ടിലെ സുന്ദരിക്കോതകളെ മൈന്‍ഡ് ചെയ്യാതെ മുരണ്ടുകൊണ്ട് മത്തിയുടെ തല കടിച്ചു വലിച്ചു.

അയ്മുപ്പാപ്പാ.. ഒരു കഷ്ണം ഐസ് തര്വോ?

അയ്യേ...ഇത് നല്ല ഐസല്ല കുട്ട്യേ, മീന്നാറും! അമ്മ്യോട് ബ്രിഡ്ജീന്ന് എടുത്തു തരാന്‍ പറ! ഇന്ന പകരം വേറൊരു സാനം ഇപ്പാപ്പാന്റെ കുട്ടിക്ക്‌.. വെള്ളം നിറച്ച് കെട്ടിവെച്ചിരുന്ന പ്ലാസ്റ്റിക്‌ കവറില്‍ തിളങ്ങുന്ന രണ്ട് കുഞ്ഞ്യേ മീങ്കുട്ടികള്‍!

കണ്ണന്റെ കണ്ണുകള്‍ വിടര്‍ന്നു. ഒരു കയ്യില്‍ ജെട്ടിയും മറുകയ്യില്‍ കവറുമായി അകത്തേക്കോടി!

അവനൊരു ട്രൌസര്‍ ഇട്ടുകൊടുത്തൂടെ മാളൂ...! ഉമ്മറത്തിരുന്ന അച്ഛന്‍ അമ്മയോട്..

അതില് കെടന്ന് മുള്ളീതാ, കുളിപ്പിച്ച് കഴിഞ്ഞ് മാറ്റി കൊടുത്തോളാം.

കുഞ്ഞ്യേ ഓറഞ്ചു ബക്കറ്റില്‍ വെള്ളം എടുത്ത് മീന്‍ കുഞ്ഞുങ്ങളെ അതില്‍ ഇട്ടു. സ്വാതന്ത്യ്രം ലഭിച്ച അവര്‍ ആ ഓറഞ്ചു സാമ്രാജ്യത്തില്‍ നീന്തിത്തുടിച്ചു. മീങ്കുട്ടികള്‍ രാവിലെ എന്തേലും കഴിച്ചിട്ടുണ്ടാവ്വോ? കണ്ണന്‍ അടുക്കളയിലേക്ക് നടന്നു.

അയ്യോ! ദോശ ഇട്ടുകൊടുക്കല്ലേ കണ്ണാ.. ഉപ്പിട്ടത് കഴിച്ചാ അവറ്റ്വോള് ചാവുംത്രേ! അമ്മ റവ തരാം! പുഴേല് കെടന്ന മീനല്ലേ? നമ്മടെ ക്ലോറിന്‍ വെള്ളം അവറ്റൊള്‍ക്ക് പറ്റില്ല്യ. എത്രെ നേരം ണ്ടാവ്വ്വോ ആവോ?

രണ്ടുമൂന്നു തരികള്‍ തിന്ന് തീറ്റ നിറുത്തിയ മീങ്കുട്ടികളില്‍ ഒരെണ്ണം പെട്ടെന്ന് തന്നെ ചത്തു മലച്ചു. മറ്റേത് ഗതി കിട്ടാതെ അലഞ്ഞ് നടന്ന് ബാക്കി വന്ന റവക്കും കറുത്ത് നീണ്ട മീന്‍ കാഷ്ടങ്ങള്‍ക്കുമൊപ്പം ബക്കറ്റിനടിയില്‍ വിശ്രമിച്ചു. കണ്ണനും ഉഷാറൊക്കെ പോയി!

പതുക്കെ കിണറ്റിന്‍കരയിലേക്ക് നടന്നു. എന്ത്യേ കണ്ണാ? മീന്‍ ചത്തുപോയോ? മ്മ്മ്മ്മ്മ്മം...കണ്ണില്‍ വെള്ളം നിറച്ച് കണ്ണന്‍ മൂളി..!

അമ്മ്വേച്ച്യേയ്...ഇന്നലെ ഉണ്ണിക്ക് പീപ്ലീം, വാച്ചും, പമ്പരോം തോപ്പീം ണ്ടാക്കിത്തരാന്ന് പറഞ്ഞിട്ട്??

ഇതൊന്ന് തീര്‍ന്നോട്ടെ ട്ടോ! അമ്മ്വേച്ചി ണ്ടാക്കി തരാലോ!

കുഞ്ഞുമുഖത്തെ കാര്‍മേഘം മഴയായ്‌ പെയ്തിറങ്ങിയപ്പോള്‍ പാത്രം കഴുകല്‍ മതിയാക്കി അമ്മ്വേച്ചി എണീറ്റു കണ്ണനേം കൊണ്ട് തൊടിയിലെക്ക് നടന്നു. ഉയരംകുറഞ്ഞ പ്ലാവിലെ കൊമ്പിന്ന്‍ പ്ലാവിലയും നിലം മുട്ടിക്കിടക്കുന്ന ചെന്തങ്ങിന്റെ ഓലമേല്‍ നിന്ന് ഓലയും ഈര്ക്കിലിയും പൊട്ടിച്ച് വരാന്തയില്‍ വന്നിരുന്നു.

അമ്മ്വേച്ചിടെ കരവിരുതില്‍ കണ്ണന്‍ വാച്ച്, മോതിരം, പമ്പരം ഒക്കെ സ്വന്തമായുള്ള ഒരു മുതലാളീം കൂടെ പീപ്ലീം തൊപ്പീം വെച്ച "പോലീസ്‌കാരമ്മാരും" ആയി!!

അടുക്കളയില്‍ കയറി അമ്മ ചപ്പാത്തി വേഗത്തില്‍ പരത്താനുപയോഗിക്കുന്ന "പീവീസി" പൈപ്പിന്റെ കഷണോം (ലാത്ത്യാ..!) എടുത്ത്‌ പതുക്കെ മുറിയില്‍ കടന്നു. ഡ്രസ്സിംഗ് ടേബിളില്‍, പണ്ട് രവിമാമന്‍ ഗള്‍ഫീന്ന് വരുമ്പോ കൊണ്ടന്ന കുക്കീസ്‌ ബിസ്ക്കറ്റ്ന്‍റെ പാത്രം തുറന്നു. അതിലാണ് അമ്മ കണ്മഷി വെച്ചിരിക്കുന്നത്. പ്ലാ

വിലത്തൊപ്പി തലയില്‍ തിരുകി കണ്മഷിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഒന്ന് തോണ്ടി വിചാരിച്ചപോലെ വന്നില്ലെങ്കിലും മൂക്കിന് താഴെ മീശ പോലത്തെ ഒരു സാധനം വരച്ചു! ബാക്കി വന്ന കണ്മഷി അമ്മ ചെയ്യുന്നത് പോലെ മുടിയില്‍ തേച്ചു.

ഇപ്പൊ രാവിലെ തന്നെ അയലോക്കത്തെ സുക്വേട്ടന്റെ വീട്ടില്‍ പലിശ പിരിക്കാന്‍ വരുന്ന അണ്ണാച്ചിടെ മോന്ത പോലെ ആയി! സില്‍മേല് കണ്ട പോലെ വലത്തെ കയ്യില്‍ "പീവീസി ലാത്തി" പിടിച്ച് ഇടത്തെ കൈവെള്ളയില്‍ അടിച്ച് രണ്ടുപ്രാവശ്യം റൂമിനുള്ളില്‍ ഉലാത്തി! കുഞ്ഞിക്കുമ്പ മുന്നിലേക്കും കുഞ്ഞിച്ചന്തി പിന്നിലേക്കും മാക്സിമം തള്ളി കണ്ണാടിയുടെ മുന്നില്‍ ഒന്ന് ഞെളിഞ്ഞു നിന്നു. ഇടയ്ക്കിടെ അപ്പൂപ്പന് ഗ്യാസ്‌ വരുമ്പോ ഉള്ള സൌണ്ട് പോലെ ഗംഭീര മൂളലും!

ഉള്ള മീശയില്‍ തൃപ്തനാവാതെ ഉരുട്ടിപ്പിരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛനും അമ്മേം പിന്നില്‍ വന്നു നിന്നത് ശ്രദ്ധിച്ചില്ല! അടക്കിനിര്‍ത്താനാവാതെ രണ്ടാളും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കൈ തട്ടി മീശ മുഖമാകെ പരന്നു! നാണവും സങ്കടവും ദേഷ്യവും ഒക്കെക്കൂടി കരച്ചിലിന്റെ വക്കോളം എത്തിയ കണ്ണനേ അച്ഛന്‍ പൊക്കിയെടുത്ത് തോളിലേറ്റി! കള്ളപ്പിണക്കം കാണിച്ച് കുതറി എങ്കിലും അച്ഛന്‍റെ മുടിയില്‍ മുറുകെപ്പിടിച്ച് തോളില്‍ ഇരുന്ന് കണ്ണനും അവര്‍ക്കൊപ്പം ചിരിച്ചു!

അയ്യോ ന്റെ മീന്‍കറി!!!! അമ്മ അടുക്കളയിലേക്ക് ഓടി!

(Photo Courtesy - Google)

Saturday, 1 February 2014

ചോറുരുളയും ചട്ടുകവും!


കുഞ്ഞിനിക്കറും ഇട്ട് അടുക്കളയിലെ ചെറിയ മരപ്പലകയുടെ മുകളില്‍ വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ഒരു കുട്ടി! കൂടെ നാല് സഹോദരങ്ങളും! എല്ലാവര്‍ക്കുമുണ്ട് സ്വന്തമായി കുഞ്ഞിപ്പലകയും സ്റ്റീല്‍ ഗ്ലാസും പിന്നെ മൂന്ന് കള്ളിയുള്ള സ്റ്റീല്‍ പാത്രവും! പക്ഷെ നേരത്തെ പറഞ്ഞ കുട്ടിയുടെ മുന്നില്‍ മാത്രം ഇരിക്കുന്നു .......ഈര്‍ക്കിലിയും ഭീഷണിയുമായി ഉമ്മ! ഈര്‍ക്കിലി കണ്ടപ്പോ എല്ലാവരും ചോറ് തിന്നലിന്റെ സ്പീഡ് കൂട്ടി നല്ല കുട്ടികളായി!! അതേ...ആ ചെറിയ കുട്ടി ഞാനാണ്!

പശുവിനെ കുളിപ്പിക്കല്‍, ചാണകം വാരല്‍, കോഴിക്ക് തീറ്റ കൊടുക്കല്‍, കടയില്‍ പോകല്‍, നിലം തൂത്തുവാരല്‍, നാളികേരം ചിരകല്‍ ... ഇത്യാദി കര്‍മ്മങ്ങളിലെല്ലാം ഉമ്മയെ സഹായിക്കുന്ന പൊന്നുമോന്‍ ആണെങ്കിലും ആ പരിഗണനയൊന്നും ഈ കലാപരിപാടിക്ക് തടസ്സം ആയിരുന്നില്ല!

ഉമ്മാ കൊറച്ചും കൂടെ വെള്ളം താ.....ന്ന്!!

കയ്യിലിരുന്ന ഈര്‍ക്കിലി ഓങ്ങി ഉമ്മ പറഞ്ഞു.

ദിപ്പോ കിട്ടും ന്റെന്ന്... ഇല്ല്യ ഇനി തരില്ല്യ!

വെള്ളം പകുതി കുടിച്ച സ്റ്റീല്‍ ഗ്ലാസ് എന്റെ കയ്യെത്താ ദൂരത്തേക്ക് നീക്കി വെച്ച്, ചോറുരുളകള്‍ പിന്നെയും ഉരുട്ടി പാത്രത്തിന്റെ അരികില്‍ കൂട്ടിവെച്ചു. ചോറും കറിയും നന്നായി കുഴച്ച് കറി വെച്ച മീനിന്റെ കഷണങ്ങള്‍ ഓരോ ഉരുളയിലും വെക്കുന്ന തിരക്കിനിടയിലും ഉമ്മ പറഞ്ഞുകൊണ്ടിരുന്നു.

ഒരുര്ലക്ക് ഒരു ഗ്ലാസ് വെള്ളം വേണം ചെക്കന്! ഇനീം വെള്ളം ചോദിച്ചാ ചട്ടകം പഴുപ്പിച്ചു വെക്കും ഞാ... ങ്ങ്ഹ്ഹ്ഹാാാ ..! വായേല് പിടിച്ച് ഇരിക്കാണ്ടേ അതങ്ക്ട് എറക്കടാ വേം!

നമ്മടെ സ്ഥിരം കലാപരിപാടിയാണ്! ഒരു ഉരുളക്ക് അര ഗ്ലാസ് വെള്ളം എന്നാണു കണക്ക്. ഉമ്മ ചീത്ത പറയുന്ന വരെ ചോറുരുള വായില് പിടിച്ചിരിക്കും. വെള്ളം കിട്ടിയാല്‍ ചോറും വെള്ളവും കൂട്ടി ഒറ്റ വിഴുങ്ങല്‍. ചവക്കുന്ന പരിപാടിയെ ഇല്ലാ..! ഇടക്ക് ഊണ് കഴിക്കുന്നതിന് മുന്നേ പലകക്കരികില്‍ ഒളിപ്പിച്ചു വെച്ച ബാലരമയോ പൂമ്പാറ്റയോ ഒന്ന് നോക്കും! മിക്കവാറും ദിവസം ഓക്കാനവും തുടര്‍ന്നുള്ള ചര്‍ദ്ദിയിലും കലാശിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ ആ ബാലരമ കൊണ്ട് തന്നെ കിട്ടും മണ്ടക്ക് അടി!

പത്തൊമ്പതാമത്തെ അടവായ ഓക്കാനിക്കല്‍ പരിപാടിക്കായി ഇടക്ക് വായ തുറന്നതും ഉമ്മ ഈര്‍ക്കിലി കയ്യിലെടുത്തു വായുവില്‍ ഒന്ന് ചുഴറ്റി!

ഇപ്പ കിട്ടും, ഇപ്പ കിട്ടും അടി! മര്യാദേക്ക് ഇറക്കിക്കോ! ന്നാ വെള്ളം! കൊറച്ച് കുട്ച്ചാ മതി, മുഴോനും കുടിക്കണ്ട!

ആ ഉരുളേം വെള്ളം കുടിച്ച് വിഴുങ്ങി ! ഇനീം ഇരിക്കുന്നു അഞ്ചാറു എമണ്ടന്‍ ഉരുളകള്‍!

ഉമ്മാ..ഇനി കുഞ്ഞ്യേ ഉര്ല മതീട്ടാ.....!

അത് മുഴുവനാക്കും മുന്നേ അടുത്ത ഉരുള വായിലേക്ക് ഇടിച്ചു കേറി!

ഇതും കൂദീം ബതീത്താ....!

വാ നിറയെ ചോറുമായി ഇതും കൂടി മതി എന്ന് പറഞ്ഞ ആ അപൂര്‍വ്വ ഭാഷ ഉമ്മാക്ക് മനസ്സിലായി! കൈ ഈര്‍ക്കിലിക്കടുത്തേക്ക് നീണ്ടു!

കണ്ടാ.. എല്ലാര്‍ടേം ചോറ് തീറ്റ കഴിഞ്ഞ്! അവനിപ്ലും ഇരിക്ക്യാ രണ്ടുര്ലേം വെച്ച്. വേം തിന്ന്..വേം തിന്ന്..!

നെന്നെ ഇന്ന് ശര്യാക്കി തരാ! ഉമ്മ അടുത്തിരുന്ന ചട്ടുകം എടുത്ത് അടുപ്പിലെ ചാരത്തില്‍ പൂഴ്ത്തിവെച്ചു. അതില് തീക്കനല്‍ ഇല്ലാന്നും പേടിപ്പിക്കാനായി ഉമ്മ ചെയ്തതാണെന്നും അറിയാമായിരുന്നത് കൊണ്ട് പേടിയൊന്നും തോന്നിയില്ല. പിന്നെയും ഓക്കാനിച്ചു. ഈര്‍ക്കിലിന് പകരം ഉമ്മാടെ കയ്യില്‍ കിട്ടിയത് ചട്ടുകം ആയിരുന്നു!! സാധാരണ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാല്‍ അടുപ്പില്‍ വെള്ളം ഒഴിച്ച് തീ കെടുത്താറുണ്ടായിരുന്ന ഉമ്മ അന്ന് വെള്ളം ഒഴിക്കാന്‍ മറന്നിരുന്നു. ചാരത്തിനടിയില്‍ ഇരുന്ന കനലില്‍ ചെറുതായി ചൂട് പിടിച്ച ചട്ടുകം തുടയില്‍ അമര്‍ന്നപ്പോള്‍ ഉമ്മാ ... എന്നുറക്കെ വിളിച്ചു കരഞ്ഞുപോയി!

പൊള്ളിയില്ല എങ്കിലും പേടിച്ചുപോയി. പക്ഷെ അതിലേറെ വിഷമം ആയത് ഉമ്മാടെ ചോര വറ്റിയ മുഖം കണ്ടപ്പോള്‍ ആയിരുന്നു. വെപ്രാളത്തില്‍ താരിത്തലപ്പ് കൊണ്ട് കരി തുടച്ച് "ബെറ്റാഡിന്‍" പുരട്ടി തരുമ്പോള്‍ ചെറുതായി ചുവന്നു തിണര്‍ത്ത പാടില്‍ വീണ രണ്ടു തുള്ളി കണ്ണുനീര്‍ വേദനക്ക് മുകളിലൂടെ മഞ്ഞിന്റെ കുളിര് പകര്‍ന്നു. ചേര്‍ത്തുപിടിച്ച് തന്ന കവിളിലെ മുത്തം ഇന്നും മധുരമായ് ഓര്‍മ്മയില്‍! പക്ഷെ പിന്നെ ചോറ് തിന്നാന്‍ മടിയും ഉണ്ടായിട്ടില്ല!

ചോറും കറിയും കൂട്ടിക്കുഴച്ചു കഴിഞ്ഞ് കൈ പാത്രത്തിന്റെ വക്കില്‍ തേച്ച്, നടുവിരല്‍ കൊണ്ട് തോണ്ടി വായില്‍ വെച്ച് തരുന്ന ആ ലാസ്റ്റ് "പിടി" യുടെ സ്വാദ് പിന്നീട് സമൃദ്ധമായ ഒരു സദ്യക്കും കിട്ടിയില്ല. കിട്ടുകയുമില്ല!!!! ഇപ്പോഴും ഉണ്ട് നാട്ടിലെത്തിയാല്‍ ഒരുരുള ഉമ്മാടെ കയ്യീന്ന്! 


Pic Courtesy - Google

Monday, 15 April 2013

വാടാമല്ലികള്‍


ഇരുള്‍ മൂടിയ വരാന്തയില്‍ ആര്ക്കോവേണ്ടിയെന്നോണം മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനടുത്ത് ചിറക് കരിഞ്ഞുകിടക്കുന്ന ഈയാമ്പാറ്റകളെ നോക്കി അവളിരുന്നു.  മക്കള്‍ രണ്ടുപേരും അയല്‍പ്പക്കത്തെ വീടുകളിലെ വിഷു ആഘോഷങ്ങള്‍ കാണുന്നു. കൈവിരലുകള്‍ ചെവിക്കുള്ളില്‍ തിരുകിയാണ്‌ കാ‍ന്താരിയുടെ ഇരിപ്പ്!  പടക്കം പൊട്ടുന്ന ശബ്ദം പേടിയാണ് എങ്കിലും എല്ലാം കാണണം. 

അയല്‍പ്പക്കത്തെ  കുഞ്ഞിപ്പടക്കങ്ങളുംവല്ല്യേ പടക്കങ്ങളും പൊട്ടിയമരുന്നതും  നോക്കിമക്കളുടെ കൂടെ അവളുമിരുന്നു.   അരണ്ടവെളിച്ചത്തില്‍ അമ്മുമോള്ടെ കണ്ണുകളില്‍ കണ്ട കമ്പിത്തിരിയുടെയും മൂളിയുടെയും തിളക്കംകണ്ടില്ലെന്നു നടിച്ചു.  എങ്കിലുംപ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാണിക്കുന്ന അമ്മുമോളും ഒരാവശ്യവും പറഞ്ഞു അമ്മയെ
ബുദ്ധിമുട്ടിക്കാറില്ല.

പൊട്ടല്‍ മുറുകിയപ്പോള്‍ അമ്മയോട്ചേര്‍ന്ന് നിന്ന കാന്താരിയെ   ഒന്നുകൂടെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു. ചെറിയ ചൂടുണ്ട്. പനി തീര്‍ത്തും മാറിയിട്ടില്ല.

 പവര്കട്ടാണ്.കറന്റു വരാന്‍ ഇനിയും സമയമുണ്ട്. വന്നിട്ട് വേണം മക്കള്‍ക്ക് കഞ്ഞി കൊടുക്കാന്‍. നാളെ ബാക്കി ഉള്ള പച്ചക്കറികള്‍ വെട്ടിക്കൂട്ടി  ഒരുസാമ്പാറും ചോറും വെക്കാം. 

അമ്മെ.. നാളെ ഉണ്ണിക്ക് മോരുകറിവെച്ച്വേരോ? അമ്മയുടെമൊബൈലില്‍ ഗെയിം കളിക്കുന്നതിനിടയില്‍ അമ്മു ചോദിച്ചു

വെക്കാട്ടോ! മതി മോളെ കളിച്ചത്.അതില് ചാർജ് ഇല്ല.  അയ്യോ! നമ്മടെമിക്സീടെ വാഷ് കേടല്ലേ? ങും.. സാരല്ല്യ.ഭാരത്യേച്ചീടെ വീട്ടില്‍ പോയി അവരടെ മിക്സീല്  അരക്കാട്ടോ. 

ഗെയിം ഓഫ് ചെയ്ത് മോള് ഒന്ന് വെളുക്കെചിരിച്ചു . മോള്‍ക്ക് നാള്യേരം അരച്ച് വെച്ച മോരുകറി നല്ല ഇഷ്ടമാണ്. 

മോളെ എഴുന്നേക്ക് . കണികാണണ്ടേ? അമ്മയുടെ ശബ്ദം! കാച്ചെണ്ണയുടെ മണവും.അമ്മയുടെ നിഴലില്‍ തന്നെയായിരുന്നു ജീവിതം എട്ടാം വയസ്സില്‍ തന്നെ തനിച്ചാക്കിസ്വര്‍ഗത്തിലേക്ക് പോകും വരെ!  കണ്ണുകള്‍ നിറഞ്ഞു. 

അമ്പലത്തിലെ പാട്ട്കേക്കുന്നുണ്ട്. കണ്ണ് തുറക്കാതെ തന്നെ തലേ ദിവസം അരികത്തു വെച്ചിരുന്നതീപ്പെട്ടിയുമായി പൂജാമുറിയിലേക്ക് നടന്നു. ശുഷ്കമായ കണി എങ്കിലുംമക്കള്‍ക്കെങ്കിലും  നല്ലത് വരുത്തണേ... കണ്ണനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. തന്റെ ജീവിതത്തില്‍ ഇനിയെന്ത് നല്ലത് ഉണ്ടാകാന്‍??

അമ്മുട്ട്യെ..എണീക്ക്ടാ...കണ്ണ് തുറക്കല്ലേ.. അമ്മ പറേമ്പോതൊറന്ന മതീട്ടോ! 

ആദ്യത്തെവിളിക്ക് തന്നെ  അമ്മുമോള്‍ എഴുന്നേറ്റു. കാന്താരി പിന്നെയും ചിണുങ്ങിക്കൊണ്ടിരുന്നു.രണ്ടുപേരെയും കൊണ്ട് പൂജാമുറിയിലേക്ക് നടന്നു. കാന്താരിയുടെ കണ്ണുകൾ പൊത്തിപ്പിടിക്കേണ്ടിവന്നില്ല, ഉറക്കത്തിൽ തന്നെയായിരുന്നു.   

അമ്മൂ..ഇവിടിരുന്നു കളിച്ചാൽ മതീട്ടോ! പുറത്തൊന്നും പോകല്ലേ.. ഉണ്ണിയെ നോക്കണേ.. 

കറിക്ക്അരക്കാനുള്ളതും എടുത്ത് ഭാരതി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. വീട്പൂട്ടിയിരിക്കുന്നല്ലോ ദൈവമേ? അമ്പലത്തിൽപോയതാവുമോ? കുറച്ചു നേരം കാത്തിരിക്കാം. 

അമ്മാ..നമ്മ മല്ലിയെ പാത്താ?? 

കറവക്കാരൻഅണ്ണാച്ചീടെ പെണ്ണ് ചെമ്പകമാണ്. 

കണ്ടില്ലല്ലോ..ഞാനിപ്പോ വന്നേയുള്ളൂ. അവള് അവിടെ കുട്ടികൾടെ കൂടെ കളിക്കുന്നുണ്ടാകും. 

ഇല്ലമ്മാ..പക്കത്ത് ഫ്ലാറ്റില് പാൽ കൊടുക്കര്ത്ക്ക് അര മണി നേരം മുന്നാടി  ശൊല്ലി വിട്ടത്!തിരുപ്പി വരലെ! കൊളന്ത  എങ്കെപ്പോച്ച് കടവുളേ.. നാൻവരേൻ.. മല്ലീ... മല്ലീ....!  

അമ്മുവിൻറെപ്രായമാണ് മല്ലിക്കും. അമ്മുവിനെക്കാൾ സ്മാർട്ട് ആണ്. ഇടക്ക് വീട്ടിൽ വന്നുമക്കളുടെ കൂടെ കളിക്കാറുണ്ട് മിടുക്കി. 

ഭാരതിചേച്ചി വന്നില്ലല്ലോ? ഉച്ചആവുമ്പോഴേക്കും ഉള്ളത് കൊണ്ട് ഓണം പോലെ വല്ലതും വെച്ചുണ്ടാക്കണ്ടേ?? 

തൊട്ടടുത്ത്‌കനകേച്ചിടെ വീട്ടിൽ ഉറക്കെ പാട്ട് കേൾക്കുന്നുണ്ട്. റെയിൽവേയിൽ ജോലിയുള്ള ഭർത്താവ്മാരിയപ്പൻ വന്നാലേ അങ്ങനെ ബഹളമൊക്കെ ഉണ്ടാകൂ.  വീടിനുപിറകിലേക്ക് നടന്നു.  അടുക്കള വാതിൽ അകത്തു നിന്നും അടച്ചിരിക്കുന്നു.  തട്ടി വിളിച്ചുനോക്കി. അനക്കമൊന്നുമില്ല. ഉച്ചത്തിൽ പാട്ട് വെച്ചതുകൊണ്ട് കേൾക്കാത്തതാവും.വീടിനു മുൻ വശത്തേക്ക് നടന്നു. വിരുന്നുകാരൊക്കെ ഉണ്ടെന്നു തോന്നുന്നു. രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടപ്പുണ്ട്.  കോളിങ്ങ് ബെല്ലിൽ വിരലമർത്തി. 

ഹാവൂ.അനക്കം കേൾക്കുന്നുണ്ട്. സമാധാനമായി ആളുണ്ട് അകത്ത്. ഒന്നുകൂടി വിരൽ അമർത്തി! 

മുഖപരിചയമില്ലാത്തഒരു മദ്ധ്യവയസ്കൻ നീരസത്തോടെ വാതിൽ തുറന്നു. വിരുന്നുകാരിൽ ആരെങ്കിലും ആവും. 

കനകേച്ചിഇല്ലേ? അവൾ  എന്തോചോദിക്കുന്നതിനു മുന്നേ തന്നെ ഒന്നും മിണ്ടാതെ അയാൾ  വാതിൽ അടച്ചു.എന്തോ വല്ലാതെ തോന്നി. 

മടങ്ങിപ്പോയാലോ? ഒന്നുകൂടെ   ബെല്ലടിച്ചുനോക്കാം. നാളികേരം അരച്ച കറി   അമ്മുവിനോട്ഏറ്റതല്ലേ?  

ഇപ്രാവശ്യംവാതിൽ തുറന്നത് മാരിയപ്പൻ തന്നെ! ചുവന്ന കണ്ണുകളും കപ്പടാ മീശയും! എന്ന വേണം? ഇങ്കെ ആരും ഇല്ലൈ! പോ..പോ.!

അപമാനംകൊണ്ട് തല കുനിഞ്ഞുപോയി! താനെന്താ പിച്ചക്കെങ്ങാൻ വന്നതാണോ? ഇനി ആളെ മനസ്സിലാവാത്തത് കൊണ്ടാണോ? കനകേച്ചി ഉള്ളപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുള്ളതാണല്ലോ? 

പോവാം!പിന്നാമ്പുറത്തു കിടക്കുന്ന പഴയ അമ്മീം കല്ലും കഴുകാം. ഒരു ചിരിയോടെ തിരിഞ്ഞു നടന്നു! 

അമ്മാ...!ആരോ വിളിച്ചല്ലോ? തിരിഞ്ഞുനോക്കി.ഇടനാഴിയിലും കോണിപ്പടിയിലും ആരും ഇല്ല! ചിലപ്പോ തോന്നിയതാവും. 

അമ്മാ....!അമ്മാ....!  

ശരീരത്തിലൂടെവൈദ്യുതി കയറി ഇറങ്ങിയ പോലെ!! മല്ലി! മല്ലിയുടെ ശബ്ദം അല്ലെ ഇത്??  ഈശ്വരാ.എവിടെയാ ഈ കുട്ടി? അര മണിക്കൂറിനു മേലെ ആയല്ലോ ചെമ്പകം മല്ലിയെ അന്വേഷിച്ചുനടക്കുന്നു??

മല്ലീ..മല്ലീ..! നീ എവിടെ ഇരിക്ക്??  ചോദ്യം ഒരു നിലവിളി പോലെ ആയോ?? 

ആരൊക്കെയോചേർന്ന് വാ പൊത്തിപ്പിടിക്കുന്നതിനിടയിലും അവൾ മല്ലിയുടെ ശബ്ദം വ്യക്തമായി കേട്ടൂ. ആ.....! ആന്റീ...! 

മാരിയപ്പന്റെവീട്ടിലെ അടഞ്ഞു കിടക്കുന്ന വാതിലിനു പിന്നിൽ നിന്ന് തന്നെ! കോളിങ്ങ് ബെല്ലിൽ വിരൽ അമർത്തിപ്പിടിച്ച്മറ്റേ കൈ കൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ട് അലറി!  മല്ലീ.. മല്ലീ..! 

എന്നമ്മാ..എന്നെ പ്രച്നം? ഇങ്കെ മല്ലിയുമില്ലെ  വെങ്കായവുംഇല്ലെ! ചുവന്ന കണ്ണുകളും കപ്പടാ മീശയുമായി പിന്നേം മാരിയപ്പൻ. പിന്നിൽ വേറൊരുകുടവയറനും!!!    

കനകേച്ചിഎവിടെ? എനിക്ക് വീടിന്റെ ഉള്ളിൽ ഒന്ന്നോക്കണം. ഇവിടെ ആരോ ഉണ്ട്. മല്ലീ.. മല്ലീ.. അവൾ പിന്നെയും ഉറക്കെ വിളിച്ചു.

കനകംഊരുക്ക് പോയിരുക്ക്! ഇങ്കെ വേറെ ആരും ഇല്ലൈ! നീ പോമ്മാ..! 

വാതിൽ തുറക്കാൻസമ്മതിക്കാതെ മറഞ്ഞു നിന്ന രണ്ടു തടിമാടൻമാരെയും തള്ളി മാറ്റാൻഅവൾക്കാവുമായിരുന്നില്ല. ഒരു സഹായത്തിനായി അവൾ തിരിഞ്ഞു നോക്കി. ആരുമില്ല!

അതിന്നിടയിലാണ്അവൾ ആ കാഴ്ച കണ്ടത്. സിംഹത്തിന്‍റെ വായില്‍ നിന്നുംരക്ഷപെട്ട് ഓടി വരുന്ന മാന്‍പേടയെ പോലെ കരഞ്ഞുകൊണ്ട്‌ മല്ലി! കുപ്പായം അവിടവിടെകീറിയിരിക്കുന്നു. പിന്നാലെ ഓടിവരുന്ന മറ്റൊരു തടിയനും! ദൈവമേ.. മൂന്നുപേരും കൂടിഈ പിഞ്ചുകുഞ്ഞിനെ......! എങ്ങോ നിന്നും ലഭിച്ച ശക്തിയില്‍ രണ്ടു തടിയന്മാരെയും തള്ളിമാറ്റിഅവള്‍ അകത്തു കടന്നു.

മല്ലിയെ തന്‍റെപിറകിലേക്ക് മാറ്റി നിറുത്തി കയ്യിലിരുന്ന മൊബൈലില്‍ നേരെ 100 ലേക്ക് വിളിച്ചു. ആദ്യത്തെ റിങ്ങില്‍ തന്നേ അപ്പുറത്ത് എടുത്തു.കാര്യം പറയുന്നതിനിടക്ക് ഒരടി വീണു. മൊബൈല്‍ അടക്കം അവള്‍ തെറിച്ച് ചുമരില്‍ഇടിച്ചു വീണു.

ഈബഹളത്തിനിടയില്‍ മല്ലി ഓടി താഴെ എത്തിയിരുന്നു. വീണിടത്ത് നിന്നും ചാടി എണീറ്റ്‌  മുന്നില്‍ നിന്ന മാരിയപ്പനെ ഒറ്റ ചവിട്ട്!അപ്രതീക്ഷിതമായ നീക്കത്തില്‍ അടി തെറ്റി മാരിയപ്പനും കൂട്ടാളികളും താഴെവീണു. ആതക്കത്തിന് പുറത്തുകടന്ന് വാതില്‍ പുറമേ നിന്നും കുറ്റിയിട്ട്‌ ചുമരില്‍ ചാരിനിന്ന് അവള്‍ കിതച്ചു!

പുറത്ത്ആളുകൂടിയിരുന്നു. ചെമ്പകവും അണ്ണാച്ചിയും കൂടെ അമ്മുവും കാന്താരിയും ഓടി വരുന്നുണ്ടായിരുന്നു.വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈലിലേക്ക് കോള്‍ വന്നു, പോലീസ്സ്റ്റേഷനില്‍ നിന്നും.

എവിടെയൊക്കെയോപൊട്ടി ചോര ഒലിക്കുന്നുണ്ട്. എങ്കിലും അവള്‍ക്ക് വേദന തോന്നിയില്ല.

പോലീസ്പാഞ്ഞെത്തി! തൂക്കിക്കൊണ്ട്‌ പോകുന്ന പോക്കില്‍ മാരിയപ്പന്‍ അവളെ നോക്കി അലറി! 

എനക്ക് ഇങ്കെയും ആളിരുക്ക്! നാന്‍ തിരുപ്പി വന്ത് ഉന്നെ റെഡി പണ്ണ്‍വേ..! 

കൈ നീര്‍ത്തിഒരെണ്ണം അവന്റെ കവിളത്ത് പൊട്ടിച്ച് കരഞ്ഞുകൊണ്ട്‌ അമ്മയുടെ അടുത്ത് നിന്നിരുന്ന അമ്മുവിനേയുംകാന്താരിയെയും ചേര്‍ത്തുപിടിച്ച് അവള്‍ പതുക്കെ നടന്നു. 

Thursday, 14 March 2013

വെള്ളിയാഴ്ച നല്ല ദിവസം!

ആആആആആ.. സലെത്തി..സലെത്തി... ആരാ എറങ്ങാള്ളെ? വേഗെറങ്ങ്യെ .. വേഗെറങ്ങ്യെ.....

പള്ളി എത്തീക്ക്ണാ മോനെ? 

ചെവീല് കുത്തിക്കേറ്റി വെച്ചിരുന്ന ഇയര്ഫോണ്‍ വലിച്ചെടുത്ത് വായിലെ ബബിള്‍ഗം ചവക്കുന്നതിനോടൊപ്പം ചെക്കന്‍ ചോദിച്ചു. വാട്ട്??

വേഗം എറങ്ങ് വല്ല്യപ്പാ! സലൊക്കെ എത്തി. നേരത്തെ എണീറ്റ് ഇവ്ടെ വന്ന് നിന്നൂടെ ങ്ങക്ക്? മറ്റേ ബസ്സ്‌ വരാറായി! ബസ്സിലെ വാതില്ക്കതല്‍ അപ്പിയിടാന്‍ മുട്ടി നില്ക്കുറന്ന കിളിയുടെ രോദനം! 

അദ്രുക്ക സീറ്റില്‍ നിന്നും പതുക്കെ എഴ്ന്നെറ്റ്‌ മോളിലെ കമ്പീമ്മേ പിടിക്കാനാഞ്ഞു. രാവിലെ വയ്യാണ്ടേ കിടക്കുന്ന പാത്തുമ്മു ണ്ടാക്കി തന്ന ഒരു സുലൈമാനി കുടിച്ചേന്റെ‌ എനര്‍ജ്യെ ള്ളൂ...! കയ്യിലെ കാലന്‍ കുടയും പ്ലാസ്റ്റിക്‌ സഞ്ചിയുമായി ദാ കെട്ക്ക്ണൂ ചെറുക്കന്റെ മേലേക്ക്‌..!

#@#@###! ബ്ലഡി ഓള്‍ഡ്‌ മാന്‍!!!!

മൂത്ത മോള് സുബൈദാന്റെഓ ചെക്കന്റെ പ്രായേ ണ്ടാവൂ... ചെക്കനെ ഒന്ന് ദയനീയമായി നോക്കി തിരക്കിലൂടെ ആരുട്യോക്ക്യോ കാലുമ്മേ ചവ്ട്ടി പള്ളക്ക് കൊട്യോണ്ട് കുത്തി അദ്രുക്ക വാതില്ക്കലെത്തി.

എറങ്ങാള്ള ആള്വോളെക്കാളും തെരക്ക്‌ കേറാന്‍ ഉള്ലോര്ക്ക്ക. അവര്ടെ എടെക്കൂടെ കൊടക്കമ്പി പോലെള്ള അദ്രുക്കാക്ക് എയറിലൂടെ താഴെ ഇറങ്ങാന്‍ വല്ലാണ്ടേ ബുദ്ധിമുട്ടണ്ടി വന്നില്ല!

ജുമുഅക്കുള്ള ഒന്നാം ബാങ്ക് കേള്ക്കുചന്നുണ്ട്. സെന്റോറില്‍ നിന്ന് രണ്ട് മിനിറ്റ്‌ നടന്നാ പള്ളില് എത്താം.

തലയില്‍ കെട്ടിയിരുന്ന പിഞ്ഞിത്തുടങ്ങിയ കര്ച്ചീഫ് ഒന്നൂടെ മുറുക്കിക്കെട്ടി വുളു എടുത്ത് അകത്ത് കയറി മുക്രിക്കാനെ കണ്ടു സലാം പറഞ്ഞു.

മ്മ്മം..വേറേം രണ്ടുമൂന്നാളോള് ണ്ട്! ഞാന്‍ ഉസ്താദിനോട് പറയാം.

സുന്നത്ത് രണ്ട് റക്കഅത്ത് നിസ്കരിച്ച് മണ്ണിന്റെ കൂജേന്ന്‍ രണ്ട് ഗ്ലാസ് വെള്ളോം കുടിച്ച് വാതിലിനടുത്ത് തന്നെ ഇരുന്നു അദ്രുക്ക. പാത്തുമ്മൂന് തീരെ സുഖല്ല്യ! കൊര തൊടങ്ങീട്ട് കൊറേ നാളായി. ന്നാലും ഇനീം വെറുതെ ഇരിക്കാന്‍ സമേം ഇല്ല്യാലോ? ഓളോട് കഴിഞ്ഞ പ്രാവശ്യം പോകാത്ത ഒരു പള്ളീല് പോവാമ്പറഞ്ഞിരുന്നു.

രണ്ടാമത്തെ മോള് മൈമൂനാന്റെ കല്യാണം ഉറപ്പിച്ചു. അവള് എട്ടാം ക്ലാസ്‌ വരെ പഠിച്ചിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ്‌ എടുക്കുന്ന കടെലാണ് ഓള്‍ക്ക് ജോലി. ചെക്കന് പലചരക്ക്‌ കടെലും. ഓര് തമ്മില് ഇഷ്ടാണത്രേ. ന്നാലും ഇരുപത് പവനും അമ്പതിനായിരം രൂപയും ഓന്ക്ക് വേണം. ഗള്ഫിംല് പോവാനാത്രേ പൈസ! സുബൈദാന്റെണ കല്യാണം കഴിപ്പിച്ച് അയച്ചപ്പോ തന്നെ ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ്‌ സ്ഥലത്തിന്റെല ആധാരം ബാങ്കിലായി. ജപ്തി നോട്ടീസ്‌ വരാരായിണ്ട് ന്നാണ് ബാങ്കിലെ രാമഷ്ണന്‍ കഴിഞ്ഞാഴ്ച കണ്ടപ്പോ പറഞ്ഞത്. സുബൈദാന്റെജ കെട്ട്യോന്‍ ജബ്ബാറ് വണ്ടി ഇടിച്ച് മരിച്ചിട്ട് അധികം ആയിട്ടില്ല. പിന്നെ ഓളും മോനും അങ്ക്ട് പോയിട്ടൂല്ല്യ!

പാത്തുമ്മൂം സുബൈദേം ജോലിക്ക് നിക്കുന്ന വീട്ടുകാര് കൊറച്ച് പൈസ കൊടുക്കാന്നു പറഞ്ഞിട്ട്ണ്ട്. ബുധിമുട്ടാണെങ്കിലും അബോക്കരും യൂസ്പ്പും വല്ലതും തരാണ്ടിരിക്കില്ല. ഫോട്ടോസ്റ്റാറ്റ് കടെടെ ഹൈദ്രോസും ചെറിയൊരു സംഖ്യാ തരാന്ന് പറഞ്. പിന്നേം കെടക്ക്ന്നു ഒരുപാട് ആവശ്യങ്ങള്. നാഥാ.. നീ തന്നെ തുണ!

മാഅശറല്‍ മുസ്ലിമീന രഹ്മക്ക്മുല്ലാഹ്.... അല്‍ ജുമുഅത്തു ഹജ്ജുല്‍ ഫുഖറാഇ വല്‍ മസാകീന്‍; വ ഈദുല്‍ മുഅ്മിനീന്‍-...........,...... ഖുതുബ തുടങ്ങാറായി. എങ്കിലും വാതില്ക്കെ് തന്നെ ഇരുന്നു അദ്രുക്ക. നിസ്കാരം കഴിഞ്ഞാ ആളുകള് പോവുന്നതിന് മുന്നേ വാതിലിന്റെ അട്ത്ത് എത്തിയില്ലെങ്കിലോ?

ദാനധര്മ്മങ്ങളെക്കുറിച്ചായിരുന്നു ഇമാമിന്റെ അന്നത്തെ പ്രഭാഷണം. "ദാനധര്മ്മ്ങ്ങള്‍ വര്ദ്ധിപ്പിക്കുക. അത്‌ നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കുകയും സമ്പത്തിനെ ഒട്ടും കുറക്കാതെ ഇരട്ടിയായി വര്ദ്ധി പ്പിക്കുകയും ചെയ്യും. വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്മ്മങ്ങള്‍ ഉപകരിക്കും."

പള്ളിയില്‍ പതിവുപോലെ നിറച്ച് ആളുകളുണ്ടായിരുന്നു. ഖുതുബയും പ്രാര്ഥനയും കഴിഞ്ഞ് നിസ്കാരം തുടങ്ങുന്നതിന് മുന്നേ ഉസ്താദ്‌ പള്ളി പുതുക്കി പണിയുന്നതിലെക്ക് വിശ്വാസികളുടെ ആത്മാര്ഥമായ സഹകരണം, അദ്രുക്കാടെ മോള്ടെു കല്യാണക്കാര്യം, സുഖമില്ലാതെ കിടക്കുന്ന മകള്ക്ക് വേണ്ടിയുള്ള സഹായധനത്തിനായി പുറത്തു കാത്തു നില്ക്കു്ന്ന മാതാവിന്റെ നിസ്സഹായത എല്ലാം ഉണര്ത്തി സഹായത്തിനായി കഴിവുള്ള എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ് .... അസ്സലാമുഅലൈക്കും വ രഹമത്തുല്ലാഹ്! നിസ്കാരം കഴിഞ്ഞു. അദ്രുക്ക വേഗം വാതിലിനടുത്തെക്ക് നീങ്ങി നിന്നു.

അഞ്ച് നാള്യെരം പത്തുര്പ്പ്യ ... അഞ്ച് നാള്യെരം പത്തുര്പ്പ്യ ... തിരക്കിട്ട ലേലം വിളിക്കിടയിലും റെക്കോര്ഡ്ൈ ചെയ്തു വെച്ചപോലെ മുക്രിക്ക അദ്രുക്കാടേം ഗേറ്റിനപ്പുറത്ത്‌ കാത്തുനിന്നിരുന്ന സുഖമില്ലാത്ത മോളുടെ ഉമ്മയെപ്പറ്റിയും പറയുന്നുണ്ടായിരുന്നു.

തന്റെ അടുത്തേക്ക്‌ വരുന്ന വിശ്വാസികളെ തിളങ്ങുന്ന കണ്ണുകളോടെ പ്രതീക്ഷയോടെ അദ്രുക്ക നോക്കിനിന്നു. തൊട്ടടുത്ത്‌ വരെ വന്ന പലരും പെട്ടെന്ന് ഇന്ഡിക്കേറ്റര്‍ ഇട്ട് വഴിമാറിപ്പോയി. ചിലര്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ അദ്രുക്കാടെ കയ്യിലേക്ക്‌ വെച്ചുകൊടുത്തു. ചില കുട്ടികള്‍ ആകാംഷയോടെ അദ്രുക്കാടെ കയ്യിലെക്കും നോക്കി അടുത്തുതന്നെ നിന്നു.

തിരക്കൊഴിഞ്ഞു. ഉസ്താദിന് എവിടെയോ വിരുന്നുണ്ട്. കൂടെ മുക്രിക്കാക്കും. ചെറിയ മേശക്കരികില്‍ അന്നത്തെ വരിസംഖ്യയുടെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി രണ്ട് മൂന്ന് പള്ളിക്കമ്മിറ്റിക്കാരും അദ്രുക്കയും ബാക്കിയായി.

ആളിക്കത്തുന്ന മനസ്സും വയറുമായി പൊരിവെയിലില്‍ അദ്രുക്ക അടുത്ത് കണ്ട ഒരു ഹോട്ടലിലെക്ക് കയറി. ഒഴിഞ്ഞ ഒരു മൂലക്കിരുന്ന്‍ കര്ച്ചീഫില്‍ പൊതിഞ്ഞ മുഷിഞ്ഞതും ചുരുണ്ടതുമായ നോട്ടുകള്‍ നിവര്ത്തി ത്തുടങ്ങി. ഇത്രെങ്കിലും കിട്ട്യല്ലോ..ദൈവത്തിന് സ്തുതി!

എന്താ വല്ല്യാപ്പാ കഴിക്ക്യാന്‍? ചോറ് എടുക്കട്ടെ, മീന്‍ പൊരിച്ചത് സ്പെഷല് ണ്ട്! സപ്ലൈര്‍ ചെക്കന്‍.

ഒരു ഗ്ലാസ്‌ വെള്ളം തര്വോ മോനെ?

കര്ച്ചീഫ് എട്ത്ത് തലയില്‍ കെട്ടി അദ്രുക്ക ഇറങ്ങി.... റെയില്‍ പാളത്തിനടുത്തൂടെ കുറെ ദൂരം നടന്നാല്‍ വീടെത്താം. ബസ്സുകൂലിയും ലാഭിക്കാം.

അറ്റം കാണാതെ നീണ്ടു നിവര്ന്നു കിടക്കുന്ന ആവി പൊങ്ങുന്ന റെയില്‍ പാളത്തിനരികിലൂടെ ആ വൃദ്ധന്‍ നടന്നുനീങ്ങി.......! മറ്റൊരു വെള്ളിയാഴ്‌ച്ചയിലേക്ക്‌....!,...................!


Photo Courtesy - Google

Wednesday, 5 September 2012

ഉപ്പുമാവും കല്യാണി ടീച്ചറും....!


ബുള്ളറ്റ്‌ പാതയോരത്ത് ഒതുക്കി നിര്‍ത്തി. ആര്‍ത്തിയോടെ ഞാന്‍ പിന്നെയും  തിരിച്ചു നടന്നു, ടാറിട്ട ആ വഴിയിലൂടെ. മുപ്പത്തിയെട്ട് – നാല്‍പ്പത് കൊല്ലം മുന്നേ ട്രൌസറും, പാന്‍റും പിന്നെ മുണ്ടും വഴിമാറിയ വര്‍ഷങ്ങളില്‍ തന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ അതെ വഴി. ആദ്യത്തെ കുഞ്ഞു വഴിയല്ല ഇപ്പോള്‍, വീതി നല്ലോണം കൂട്ടിയിരിക്കുന്നു. റോഡിന്‍റെ ഒരറ്റത്താണ് മുന്നിലത്തെ മുറി പീടികയാക്കിയ മേര്യെച്ചീടെ വീട്.

രണ്ടാമത്തെ പ്രാവശ്യോം കണ്ടപ്പോ മേര്യേച്ചി സൂക്ഷിച്ചു നോക്കി! ഈ ചെക്കന് പ്രാന്തായോന്നാവും!


എന്ത്യേരാ? വല്ലോം കാണാണ്ടായാ? ഒന്നൂടെ സൂക്ഷിച്ചു നോക്കി നിറഞ്ഞ ചിരിയോടെ ചോദിച്ചു ആ.. നീയ്യ .. എപ്ലേ വന്നേഡാ?

കൊര്‍ച്ചീസായി! സുഖല്ലേ മേര്യെച്ചീ??

എന്തൂട്ട് സുഖം? അച്ചായന്‍ പോയ വിവരം അറിഞ്ഞില്ല്യെ നിയ്യ്‌? നെനെക്കെത്രേ പിള്ളേരട പ്പൊ?

പ്രായമായി മേര്യെച്ചിക്ക്, തലമുടിയെല്ലാം വെളുത്തിരിക്കുന്നു. കുറഞ്ഞ നേരം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കള്ടെം മരുമക്കള്‍ടേം വിശേഷങ്ങള്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി നടന്നു.

തൃശൂര്‍ ജില്ലയിലെ കുര്‍ക്കഞ്ചേരി പഞ്ചായത്തിലെ മങ്ങാട്ട് ലൈന്‍! ജനിച്ചു കളിച്ച് വളര്‍ന്ന ദേശം! ഒരുപാട് കൂട്ടുകാര്‍, കുഞ്ഞു കുഞ്ഞു വഴക്കുകള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും അങ്ങേയറ്റം സ്നേഹത്തോടെ, സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന അയല്‍വീടുകള്‍! റോഡിന്‍റെ ഒരറ്റം മുതല്‍ ഒരേ നിരയില്‍ തുടങ്ങുന്ന ഒരേപോലെയുള്ള പത്തു കുഞ്ഞ്യേ വീടുകള്‍. ആത്തുത്തെം, പാത്തുത്തെം, മേരിചെച്ചീം (വേറെ) കിടക്കക്കാരനും......! ഇപ്രത്തെ സൈഡിലും ഉണ്ട് ഒരു അഞ്ചുമുറി. അത് കഴിഞ്ഞാ തട്ടാമ്മാരുടെ, പിന്നെ രാജേട്ടന്റെ വീട്. അതിന് ശേഷമാണ് ചെറിയ ഗേറ്റും മതിലും ഉള്ള ഇളംനീല പെയിന്‍റ് അടിച്ച, ഓടിട്ട, ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട്!

ശരിക്കും ഒരു തീവണ്ടിയുടെ ബോഗി പോലെ ആയിരുന്നു ആ വീട്! കമ്പി അഴികളും നാലുപൊളി വാതിലും കടന്നാല്‍ ഉമ്മറം. ഒരു ഹാള്‍, ഹാളില്‍ നിന്നുള്ള വാതില്‍ ഒരു കുഞ്ഞ്യേ മുറിയിലേക്ക്‌, ആ വാതില്‍ അടുക്കളയിലേക്ക്‌! അവിടന്ന് നോക്കിയാല്‍ കണ്ണെത്തും ദൂരത്ത് കക്കൂസ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പിയിടാന്‍ മുട്ടുമ്പോ കല്ലെടുത്ത് കക്ഷത്ത്‌ വെച്ച് മാക്സിമം ഡിലെ ആക്കി ഓടിവന്ന് ലോകത്തെവിടേയും കിട്ടാത്ത ആശ്വാസത്തോടെ ഇതേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അനുഭൂതിയോടെ ഇരിക്കുന്ന സ്ഥലം!   മാസത്തിലൊരിക്കല്‍ ഉള്ള ബാലസുധ പ്രയോഗത്തിന്‍റെ രക്തസാക്ഷി!!! പിന്നെയും നീണ്ടുതന്നെ കിടക്കുന്നു പറമ്പ്‌!.

അപ്പുറത്താണ് ജാന്വേച്ചീടെ വീട്. നാരായണേട്ടന്‍ കരുവാന്‍ (ഇരുമ്പുപണിക്കാരൻ) ആയിരുന്നു. ഇടക്കെപ്പോഴോ ഗള്‍ഫില് പോയി ജോലിക്കിടയില്‍ വിരല്‍ മുറിഞ്ഞ് മടങ്ങി വന്നത് ഓര്‍ക്കുന്നു. ഓണമായാലും വിഷു ആയാലും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ആ ഒരു വീട് തന്നെ! വിഷുക്കട്ടയുടെയും ഓണസദ്യയുടെയും അതേ സ്വാദ് പിന്നീടൊരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം!

അത് കഴിഞ്ഞാ ഒപ്പനേടെം മുക്കന്റെം വീട്! ഒപ്പനേടെ പേര് ഗഫൂര്‍ എന്നാണെന്ന് വലുതായപ്പോ മനസ്സിലായെങ്കിലും മുക്കന്റെ ഒറിജിനല്‍ പേര് എന്തോ മനസ്സിലാക്കാന്‍ മുതിര്‍ന്നില്ല ഇത് വരെ!!!!

നാലുംകൂടിയ വഴിക്കപ്പുറമാണ് സ്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രിന്‍സിന്റെ വീട്. മെലിഞ്ഞുണങ്ങിയ ഭാരതിചേച്ചിയും പ്രിന്‍സിന്റെ ജ്യേഷ്ഠന്‍ ജയപ്രകാശും ഒരു സഹോദരിയും. പിന്നെ മാഷ്ടെ വീട്. മാഷ്ടെ വീട്ടില്‍ നിന്നാണ് കുര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ബാലസമാജത്തിന്റെ കാവടികള്‍ പുറപ്പെടുന്നത്. മാഷുടെ വീടിനെതിര്‍വശം കേശവേട്ടന്റെ വീട്. മങ്ങാട്ട് ലൈനില്‍ ഉള്ള കുട്ടികള്‍ എല്ലാം മക്കളില്ലാത്ത കേശവേട്ടന്റെ വളര്‍ത്തുമക്കള്‍! അന്നുണ്ടായിരുന്ന അപൂര്‍വം ടാക്സിക്കാറുകളില്‍ ഒന്ന് കേശവേട്ടന്റെ ആയിരുന്നു. ഇടയ്ക്കിടെ കിട്ടുന്ന മിഠായിയുടെ സ്വാദും, പമ്പരം കൊത്തിനിടയില്‍ ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കടന്നു പോയ കേശവേട്ടന്റെ കാറിന്‍റെ ടയര്‍ രണ്ടു പമ്പരം ഞങ്ങള്‍ അറിയാതെ കൊണ്ടുപോയതും, സാവധാനം പോകുന്ന കാറിന്‍റെ പിന്നിലെ ബമ്പറില്‍ അള്ളിപ്പിടിച്ച് ഓസിയില്‍ യാത്ര ചെയ്യുന്ന സമദിനെയും എങ്ങനെ മറക്കാന്‍?

റോഡ്‌ ചെന്ന് അവസാനിക്കുന്നത് പടിപ്പുരയുള്ള വീട്ടിലേക്കാണ്. തൊട്ടടുത്ത്‌ പോമറേനിയന്‍ നായും പുളിമരങ്ങളും ഉള്ള മങ്ങാട്ടെ വീടായി! ഗേറ്റ് കഴിഞ്ഞ് കുറച്ചു ദൂരം നടക്കണം മങ്ങാട്ടെ സുശീലെച്ചീടെ വീട്ടില്‍ എത്താന്‍! പാല് വാങ്ങാന്‍  പോകുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടെ അകത്ത്‌ കടക്കാറുള്ളൂ! പോമറേനിയന്‍ വന്നാല്‍ കിട്ടാവുന്ന സ്പീഡില്‍ തിരിഞ്ഞോടണ്ടേ?  

ആ പടിപ്പുരക്കുള്ളിലൂടെ ഒരെളുപ്പവഴിയുണ്ട് ഞങ്ങള്‍ പോയിരുന്ന നേഴ്സറിയിലേക്ക്‌. ഞങ്ങള്‍ അഞ്ചു സഹോദരങ്ങളെയും പഠിപ്പിച്ച ബഹുമതിക്ക്‌ രണ്ടേ രണ്ടു ടീച്ചര്‍മാര്‍ മാത്രം സ്വന്തം! നഴ്സറിയിലെ കല്യാണി ടീച്ചറും രാമാനന്ദ ലോവര്‍ പ്രൈമറി സ്കൂളിലെ അറബി അധ്യാപിക സുഹറാബി ടീച്ചറും.

കല്യാണി ടീച്ചറുടെ കൂടെ ഒരു കമലം ടീച്ചറും ഉണ്ടായിരുന്നു. ആയമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെ വാനമ്പാടി എസ്‌ ജാനകിയമ്മയാണ് മനസ്സില്‍ കടന്നു വരിക. നെറ്റിയിലെ വലിയ പൊട്ടും കോളര്‍ ഉള്ള ജാക്കറ്റും! മൂടിപ്പൊതിഞ്ഞ വെള്ള സാരിയും. എങ്കിലും കൂടുതല്‍ അടുപ്പം എല്ലാവര്‍ക്കും കല്യാണി ടീച്ചറുമായി തന്നെ!

പിന്നീട് ആ വീട് വിറ്റ് കണ്ണംകുളങ്ങരയിലെ വീട്ടില്‍ താമസിക്കുമ്പോഴും കിട്ടുമായിരുന്നു ഇടയ്ക്കിടെ ഒരു പാത്രം ഉപ്പുമാവ്‌, ടീച്ചര്‍ കുരിയച്ചിറ ഉള്ള വീട്ടിലേക്ക്‌ പോകുന്ന വഴി...!!

രാവിലെ കുട്ടികള്‍ക്ക് പാല് കുടിച്ച് ഉറങ്ങാനുള്ള സമയം ആയിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്. ബുള്ളറ്റിന്റെ കുടുകുടു ശബ്ദം കുട്ടികളെ ശല്യപ്പെടുത്താതിരിക്കാന്‍ നഴ്സറിക്ക് മുന്നിലെ ഇടവഴിയില്‍ എത്തിയപ്പോള്‍ ഓഫ് ചെയ്തു. ഇറക്കത്തിലൂടെ പതുക്കെ ഒഴുകി നീങ്ങി അവള്‍! എലൈറ്റ്‌ ആശുപത്രിക്ക് മുന്നിലെ ബേക്കറിയില്‍ നിന്നും രണ്ടു പാക്കറ്റ്‌ മിഠായി വാങ്ങിയിരുന്നു.

ശബ്ദം കേട്ട് വാര്‍ദ്ധക്യത്തിന്‍റെ അകമ്പടിയോടെ ടീച്ചര്‍ ഇറങ്ങി വന്നു! മുഖത്ത് ക്ഷീണം ഉണ്ടെങ്കിലും പണ്ടത്തെ അതേ ചിരി! ടീച്ചര്‍ മറന്നിട്ടില്ല! കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് നിന്നു കുറച്ചുനേരം ... ഒന്നും മിണ്ടാതെ!

നിലത്ത് പായില്‍ നാലഞ്ചു കുട്ടികള്‍ കിടന്നുറങ്ങുന്നു! പണ്ടൊക്കെ ഒരു കുഞ്ഞ്യേ സ്കൂള്‍ പോലെ തന്നെയായിരുന്നു.

ഇപ്പൊ പഴെപോലെ ഒന്നൂല്ല്യാ മോനെ! ആരോഗ്യവും ഇല്ല. കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ നമ്മുടെ ഈ നഴ്സറിയൊന്നും വേണ്ട! കെയര്‍ടേക്കറും പ്ലേ സ്കൂളും മതി!

പോക്കറ്റില്‍ നിന്നും കുറച്ചു രൂപ എടുത്ത് ടീച്ചറുടെയും ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മായിയുടെയും കയ്യില്‍ നിര്‍ബന്ധിച്ച് വെച്ചുകൊടുത്തു യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ നാവില്‍ മഞ്ഞക്കളറില്‍ ഉള്ള റവ ഉപ്പുമാവിന്റെയും കടുക് പൊട്ടിച്ച് വേപ്പിലയിട്ട നുറുക്ക് ഗോതമ്പ്‌ ഉപ്പുമാവിന്റെയും രുചി!!!!

ഇനി വരുമ്പോ മക്കളേം കൊണ്ടരണം ട്ടോ.. ടീച്ചര്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു!

വലത്ത് നിന്നും നാലാമത് നിലത്ത് പുല്‍പ്പായില്‍ കിടന്നുറങ്ങിയിരുന്ന കുട്ടി ഞാനായിരുന്നു! 


സ്നേഹത്തോടെ... സിറൂസ്!

Wednesday, 13 June 2012

ഒരിക്കല്‍ക്കൂടി പ്രവാസച്ചൂടിലേക്ക് ...........!!!!


ഒന്ന് മയക്കം പിടിച്ചതെയുള്ളൂ. അലാറം അടിച്ചു. ചുറ്റിപ്പിടിച്ച കൈ പതുക്കെ എടുത്തുമാറ്റി എണീറ്റു ബാത്ത്‌റൂമിലേക്ക് നടന്നു. പിന്നില്‍ നിന്നും വിതുമ്പല്‍. അവള്‍ ഉറങ്ങിയില്ലായിരുന്നു!

കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും മക്കളും എഴുന്നേറ്റിരുന്നു. ഹായ്‌! ചക്കരക്കുട്ടികള്‍ എണീറ്റോടാ? പത്തുമണി ആയില്ലല്ലോ? തമാശ ഏറ്റില്ല! സാധാരണ പപ്പ എന്തേലും പറഞ്ഞാ മതി മക്കള്‍ കുടുകുടെ ചിരിക്കാന്‍. രണ്ടാളും അടുത്ത് വന്ന് തോളിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് പറഞ്ഞു. പപ്പ പോവണ്ട പപ്പാ....! ഹൃദയത്തില്‍ കൂര്‍ത്ത മുനയുള്ള കത്തി കുത്തിയിറക്കിയ പോലെ..............! രണ്ടാളെയും നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍ ഓരോ മുത്തം കൊടുത്ത് അയാള്‍ എണീറ്റു.

വാപ്പയും ഉമ്മയും നിസ്കാരം കഴിഞ്ഞ് ഉമ്മറത്തെ സെറ്റിയില്‍ ഇരിക്കുന്നു. എപ്പോഴും ചിരിയുള്ള വാപ്പാടെ മുഖത്ത് ദുഖത്തിന്റെ കാര്‍മേഘങ്ങള്‍! ഉമ്മ എന്തൊക്കെയോ ചൊല്ലുന്നുണ്ട്. സൂറത്ത് യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ആവാനാണ് സാധ്യത. ഉമ്മ ഒരു മാതിരിപ്പെട്ട എല്ലാ കാര്യങ്ങളും കോമ്പ്രമൈസ് ചെയ്യുന്നത് യാസീനിലൂടെ ആണ്!

ഇഷ്ടമുള്ള ചപ്പാത്തിയും ഇഷ്റ്റൂവും.. പക്ഷെ തൊണ്ടയില്‍ സിമന്‍റ് ഇട്ട് അടച്ചപോലെ. സുലൈമാനി പോലും ഇറങ്ങുന്നില്ല. മക്കളും പ്ലേറ്റില്‍ ചിത്രം വരച്ച് ഇരിക്കുന്നു. എണീറ്റ്‌ കൈ കഴുകി.   

നെഞ്ചില്‍ ഇറ്റുവീണ കണ്ണീരിന്റെ കൊടിയ ചൂടില്‍ മാറിലെ രോമങ്ങള്‍ തളര്‍ന്നു മയങ്ങി. അയാളുടെ ഓറഞ്ചു നിറമുള്ള ടീ ഷര്‍ട്ടില്‍ അവളുടെ കണ്ണീര്‍പ്പാടുകള്‍ ഭൂപടങ്ങള്‍ വരച്ചു. താടിയില്‍ പിടിച്ച് മുഖം പതുക്കെ ഉയര്‍ത്തി. മൂക്കും കവിളുകളും ചുവന്ന് തുടുത്തിരിക്കുന്നു കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ദയനീയമായി നോക്കി. പോവാതിരുന്നുകൂടെ എന്നാണോ അതിന്‍റെ അര്‍ഥം? പക്ഷെ തിരിച്ചുപോക്ക് അനിവാര്യം ആണെന്ന് അവള്‍ക്കറിയാം. ജീവിതം ഒന്ന് പച്ചപിടിച്ച് വരുന്നതേയുള്ളൂ.

ഇടറിയ ശബ്ദത്തില്‍ പതിവുപോലെ ഉപദേശങ്ങള്‍ തുടങ്ങി. എന്നും ഫോണ്‍ ചെയ്യണം. കൊളസ്ട്രോളിന്റെ ഗുളിക മുടങ്ങാതെ കഴിക്കണം. ഉപ്പും മുളകും വറുത്തതും പലഹാരങ്ങളും ഒഴിവാക്കണം. എന്നും വൈകീട്ട് നടക്കാന്‍ പോകണം. തിരിച്ചുള്ള ഉപദേശങ്ങളും.. മക്കളെ നന്നായി നോക്കണം. വാപ്പാക്കും ഉമ്മാക്കും ബുദ്ധിമുട്ടൊന്നും ഇല്ലാതെ നോക്കണം. അവരെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കണം........! മറുപടിയെല്ലാം മൂളലിലും ശക്തമായ ഒരു ആലിന്ഗനത്തിലും ഒതുക്കി നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി യാത്രാമൊഴി നല്‍കി.

ചന്നം പിന്നം ചാറുന്ന മഴയിലും വിയര്‍ത്തിരുന്നു. മനസ്സിനെ കല്ലാക്കി, ചെവികള്‍ രണ്ടും കൊട്ടിയടച്ച് പിന്നില്‍ നിന്നുയരുന്ന തേങ്ങലുകള്‍ കേട്ടില്ലെന്ന് നടിച്ച് നിറകണ്ണുകളോടെ അനുജനോടൊപ്പം കാറില്‍ കയറി. അകലുന്ന കാറിനൊപ്പം തേങ്ങലുകളും നേര്‍ത്തു. പിന്നില്‍ ഓടി മറയുന്ന വലിയ കല്‍മതിലും മരങ്ങളും.  എന്തോ എടുക്കാന്‍ മറന്നിരിക്കുന്നു. എന്തായിരിക്കും? എന്തോ ഉണ്ട്! തീര്‍ച്ച.............!

മഴ ശക്തിയാര്‍ജ്ജിച്ചു. നിശബ്ദത. അനുജന്‍റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. വൈപ്പറിന്റെ താളാത്മകമായ ശബ്ദം. അയാളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു! ഇക്കാ.. നമ്മള്  എത്തീട്ടാ..! രണ്ടു മണിക്കൂറോളം ഉറങ്ങിയോ?? മൊബൈലില്‍ അവളുടെ മൂന്ന് നാല് മിസ്സ്ഡ്‌ കോളുകള്‍ ഉണ്ടായിരുന്നു. ഇനി ഈ മിസ്സ്ഡ്‌ കോളുകള്‍ അവസാനിക്കണമെങ്കില്‍ അടുത്ത ലീവ് ആവണം.

യാന്ത്രീകമായ ചലനങ്ങളോടെ ക്യൂവില്‍. എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ ഇരുന്നു. പല ഭാവങ്ങളോടെ പല മുഖങ്ങള്‍! ആദ്യമായി ഗള്‍ഫില്‍ പോകുന്നതിന്‍റെ പകപ്പ്! ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിലര്‍! നേരെ മുന്നില്‍ ഇരുന്നിരുന്ന ചെറുപ്പക്കാരന്‍ ചെവിയില്‍ തിരുകിയ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുയാണോ അതോ ആരോടെങ്കിലും സംസാരിക്കുന്നോ? കരഞ്ഞു തളര്‍ന്ന് ഉറങ്ങുന്ന കുഞ്ഞിനെ മാറോടണച്ചു ഒരമ്മ! പരിചയമുള്ള മുഖം. ആ .. ആരാണാവോ?

അയാള്‍ മൊബൈല്‍ എടുത്ത് “മൈ ഹാര്‍ട്ട് ബീറ്റ്‌സ്” കുത്തി! ഹലോ! അപ്പുറത്ത് തേങ്ങല്‍ മാത്രം! മക്കള്‍ പിന്നെയും കിടന്നിരുന്നു. എത്തിയിട്ട് വിളിക്കാട്ടോ. എല്ലാരോടും പറഞ്ഞോ! മറുപടി മൂളല്‍ മാത്രം!

ഫ്ലൈറ്റിനുള്ളില്‍ കയറി. ഇപ്രാവശ്യം ജനലിനരികെയുള്ള സീറ്റ്‌ കിട്ടിയില്ല. ബാക്കിയുള്ള രണ്ടു സീറ്റിലും ആളെത്തി! ചെറുപ്പക്കാര്‍ തന്നെ! ഒരാള്‍ ടിപ് ടോപ്‌! പക്ഷെ ആദ്യമായി കടലിന്നക്കരെ പോകുന്നു എന്ന് കണ്ടാലെ അറിയാം. മറ്റേത് കുറച്ചു കൂടി പ്രായമുണ്ട്. കോട്ടും ടൈയും ഒക്കെ ഉണ്ടെങ്കിലും കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു. ഇനീപ്പോ കല്യാണം കഴിഞ്ഞ് പുതുമോടി വല്ലതും ആണോ?? കയ്യിലെ വി ഐ പി ബാഗ്‌ മുകളില്‍ തിരുകി വെക്കുന്നതിനിടയില്‍ ഒന്ന് നോക്കി! കുറച്ചു പുച്ഛം ഉണ്ടോ ആ നോട്ടത്തില്‍?? ആആആആആആ...! ഒതുങ്ങിയിരുന്നു കടക്കാനുള്ള വഴി തരപ്പെടുത്തിക്കൊടുക്കുന്നതിനിടയില്‍ യാത്രാമധ്യേ കൊച്ചിയില്‍ എത്തിയ മണം! ചുവന്നു കലങ്ങിയ കണ്ണുകളുടെ അര്‍ഥം പിടികിട്ടി! ഭാഗ്യത്തിന് വിന്‍ഡോ സീറ്റ്‌ ആയിരുന്നു അദേഹത്തിന്റെ! അല്ലെങ്കി ആ സ്മെല്‍ അടിച്ച് അയാള്‍ വാള് വെച്ചേനെ!!  

മുന്നേ ലോഞ്ചില്‍ കണ്ട ആ ഉമ്മയും കുഞ്ഞും അടുത്ത നിരയില്‍. വാപ്പയുടെ അടുത്തേക്ക് പോവുന്ന സന്തോഷത്തില്‍ ആയിരുന്ന അവന്‍ ഉറക്കത്തില്‍നിന്നു എണീറ്റ്‌ വലിയ വായിലെ കരച്ചില്‍ തുടങ്ങിയിരുന്നു. മിട്ടായിക്കും കളിപ്പാട്ടങ്ങള്‍ക്കും ആ കരച്ചില്‍ നിറുത്താനായില്ല! വല്ലാത്ത കരച്ചില്‍ തന്നെയായിരുന്നു. അതിനിടയില്‍ ഒരു എയര്‍ഹോസ്റ്റസ് എന്തോ സ്പ്രേ രണ്ടു കയ്യിലും പിടിച്ച് മേപ്പട്ടു തൂറ്റിച്ചു നടന്നു പോയി! ഇത് കൂടി ആയപ്പോള്‍ ആ കുഞ്ഞിന്‍റെ അസ്വസ്ഥത വര്‍ദ്ധിച്ചു എന്ന് തോന്നുന്നു. കരച്ചിലിന്റെ കൂടെ ചുമയും!

എയര്‍ഹോസ്റ്റസ്സിന്റെ കയ്യീന്ന് കിട്ടിയ ആട്ടുംകാട്ടം പോലയുള്ള രണ്ടു മിട്ടായി കൊടുത്ത് നോക്കി! എവിടെ? രണ്ടു കൈകളും ഒന്ന് വെറുതെ നീട്ടിയപ്പോള്‍ അവന്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി! ഒരു ആശ്വാസം കിട്ടിയപോലെ ആ കുഞ്ഞിക്കൈകള്‍ അയാളുടെ നേര്‍ക്ക്‌ നീണ്ടു! ഒരു നിമിഷം സംശയിച്ച ഉമ്മയുടെ കയ്യില്‍ നിന്നും അയാളുടെ കയ്യിലേക്ക് ചാടി!

മക്കളെ കുഞ്ഞുന്നാളുകളില്‍ ഇരുത്തിയിരുന്നത് പോലെ കുഞ്ഞിക്കാലുകള്‍ കുമ്പയുടെ വശങ്ങളിലെക്കിട്ട് നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി. ഒന്നുകൂടെ സുഖവും സുരക്ഷിതത്വവും തോന്നിയത് കൊണ്ടോ എന്തോ വേഗം കുഞ്ഞിക്കണ്ണുകള്‍ പൂട്ടി അവന്‍ ഉറക്കമായി! അയാളുടെ കണ്ണുകളും മെല്ലെ അടഞ്ഞു....!

മനസ്സ് വീണ്ടും നാട്ടിലെത്തി. മക്കളുടെ മുഖം തെളിഞ്ഞുവന്നു. രാത്രി ഏറെ വൈകിയാലും ഇളയമകള്‍ അയാളെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. വളര്‍ന്ന് വലുതായെങ്കിലും കെട്ടിപ്പിടിച്ച് കൂടെ കിടക്കാന്‍ തന്നെ!! ചെറുതായുള്ള “സ്വാര്‍ഥത” മൂലം അയാളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ നീക്കം കാണാതെ ആ മുഖം കടന്നല്‍ കുത്തിയത് പോലെ ആകുമെങ്കിലും പതിവുള്ള മുത്തവും ഗുഡ് നൈറ്റും പറഞ്ഞ് മനസില്ലാമനസ്സോടെ പോകും മോള്‍! പക്ഷെ പിറ്റേ ദിവസം ഉറക്കമെഴുന്നെല്‍ക്കുമ്പോ രണ്ട് മക്കളുടെയും തലയിണകള്‍ക്ക് പകരം അയാളുടെ കൈത്തണ്ടകകള്‍ കാണുമെന്ന് അവര്‍ക്കറിയാം!

തൊട്ടപ്പുറത്ത്‌ ഇരുന്ന ചെറുപ്പക്കാരനെ “കോട്ടിട്ട കള്ളുകുടിയന്‍” ഇംഗ്ലീഷ് പറഞ്ഞ് കൊല്ലുന്നു! കെണിയില്‍ പെട്ട എലിയെപ്പോലെ ചെക്കന്‍ ഞെരിപിരി കൊള്ളുന്നു!! ഇടയ്ക്കിടെ ദയനീയമായി അയാളെ നോക്കുന്നുണ്ട് പാവം! കണ്ടില്ലെന്നു നടിച്ചു! എക്സ്പീരിയന്‍സ് ആയിക്കോട്ടെ!!!

“ഇനി ഞാന്‍ എടുത്തോളാം”! ഉമ്മയുടെ ശബ്ദം കേട്ട് അവനും കണ്ണു തുറന്നിരുന്നു. വാശിയെല്ലാം മാറി നല്ല കുട്ടിയായി എയര്‍ഹോസ്റ്റസ് കൊടുത്ത പാവയുമായി ഉമ്മയുടെ മടിയില്‍ കളിച്ചിരിപ്പായി.

കള്ളുകുടിയന്‍ ഇടയ്ക്കിടെ തലക്ക് മുകളില്‍ ഉള്ള ബട്ടണ്‍ അമര്‍ത്തി എയര്‍ഹോസ്റ്റസിനെ വിളിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് വിവരങ്ങള്‍ ആരാഞ്ഞ അവരോട് വല്ലാത്ത മതിപ്പ് തോന്നി!

ഭക്ഷണം കഴിക്കുമ്പോഴും ഇംഗ്ലീഷ് പ്രഭാഷണം നിറുത്തിയിരുന്നില്ല തൊട്ടപ്പുറത്ത്, മാത്രമല്ല കത്തിയും മുള്ളും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള “കത്തിയും” നടക്കുന്നുണ്ടായിരുന്നു. ഫോര്‍ക്ക് കുത്തി ഒരു പരീക്ഷണം നടത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന രണ്ടു ചെറിയ ചിക്കന്‍ കഷണം എങ്ങോട്ടോ തെറിച്ച് പോയത് ആരെങ്കിലും കണ്ടോ എന്ന് ഒറ്റക്കണ്ണ്‍ ഇട്ടു നോക്കുന്നുണ്ടായിരുന്നു പാവം! അതും ഒരു എക്സ്പീരിയന്‍സ്!!!!!

ഇടക്ക് തല നീട്ടി അയാളോടും എന്തോ ചോദിച്ചിരുന്നു ഇന്ഗ്ലിഷില്‍! കേള്‍ക്കാത്ത പോലെ സീറ്റ്‌ ഒന്ന് കൂടി പുറകിലേക്കാക്കി ചാരിക്കിടന്ന് കണ്ണുകള്‍ അടച്ചു!

എത്താറായി എന്ന അറിയിപ്പ് കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. എയര്‍ഹോസ്റ്റസ് ഇടക്കെപ്പോഴോ കൊണ്ട് തന്ന എമ്ബാര്‍ക്കെഷന്‍ കാര്‍ഡ് വേഗം പൂരിപ്പിച്ച് പാസ്പ്പോര്ട്ടിനുള്ളില്‍ വെച്ചു. തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ പാസ്പോര്‍ട്ടും കാര്‍ഡും നീട്ടി. ചേട്ടാ ഇതുകൂടി ഒന്ന് ഫില്‍ ചെയ്ത് തരാമോ? ആദ്യായിട്ടാണെയ്! ആയ്ക്കോട്ടെ...! എഴുതി തരാലോ! താങ്ക്യൂ ചേട്ടാ!

സാറേ... പ്ലീസ്‌... ഇതും കൂടി ഒന്ന് എഴുതി തര്വോ? ചെക്കന്‍ പിന്നേം! തനിക്ക് എത്ര പാസ്പോര്‍ട്ട് ഉണ്ടെടോ?? അയ്യോ! ചേട്ടാ. ഇത് എന്റെയല്ല!! അപ്പുറത്ത് ഇരിക്കുന്ന ആ ചേട്ടന്റ്യാ. ചെറുക്കന് ചിരി അടക്കാന്‍ കഴിയുന്നില്ല. ഒന്ന് പാളി നോക്കി അയാള്‍. യ്യോ! ഇതാര്?? നമ്മടെ കോട്ടിട്ട കള്ളുകുടിയന്‍ ഇന്ഗ്ലിഷ് ചേട്ടന്‍! നമ്രമുഖനായി ഷൂവിട്ട കാലുകൊണ്ട് പ്ലെയിനിന്റെ തറയില്‍ കോലം വരക്കുന്നു!!!!! നന്ദി ചേട്ടാ...!

വെറുതെ ഒന്ന് പരതിനോക്കി ഉമ്മയെയും കുഞ്ഞിനേയും ചെറുപ്പക്കാരെയും പിന്നെ കണ്ടില്ല! വൈറ്റിംഗ് ഏരിയയില്‍ അയാളെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ച ഫിറോസിനെ നോക്കി ചിരിച്ച് പുറത്തെ ചുട്ടുപൊള്ളുന്ന പ്രവാസത്തിന്‍റെ ചൂടിലേക്ക് നടന്നു.